Friday, July 20, 2018 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.28 AM

മഹിളാകോണ്‍ഗ്രസ്‌ നേതാവിന്റെ മകള്‍ സയനൈഡ്‌ കഴിച്ചു മരിച്ച കേസില്‍ കാമുകനു കഠിനതടവ്‌

 mahila congress

ആലപ്പുഴ: വിവാഹവാഗ്‌ദാനം നല്‍കി കബളിപ്പിച്ചതിന്റെ മനോവിഷമത്താല്‍ യുവതി സയനൈഡ്‌ കഴിച്ചു ജീവനൊടുക്കിയ കേസില്‍ കാമുകന്‌ അഞ്ചുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരനായ മാരാരിക്കുളം വടക്ക്‌ ആറാട്ടുകുളംവീട്ടില്‍ രാജു തോമസി(44)നെയാണ്‌ ആലപ്പുഴ അസിസ്‌റ്റന്റ്‌ സെഷന്‍സ്‌ ജഡ്‌ജി പി.കെ. മോഹന്‍ദാസ്‌ ശിക്ഷിച്ചത്‌.

മഹിളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.കെ. ശ്യാമളയുടെയും സുദര്‍ശനന്റെയും മകള്‍ ആലപ്പുഴ കനാല്‍ വാര്‍ഡ്‌ ദര്‍ശന ഹൗസില്‍ സീമ(32)യുടെ മരണവുമായി ബന്ധപ്പെട്ടാണു ശിക്ഷ. 2008 ഡിസംബര്‍ 11നായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്യാമെന്ന ധാരണയില്‍, ഉച്ചയ്‌ക്ക്‌ ആലപ്പുഴ കൊട്ടാരപ്പാലത്തിനു സമീപമെത്തി രാജുവിന്റെ കാറില്‍ക്കയറിയ സീമ, രാജു വിവാഹത്തിന്‌ ബുദ്ധിമുട്ടുകള്‍ അറിയിച്ചതോടെ കൈവശമുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ്‌ കഴിക്കുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകാനോ രക്ഷിക്കാനോ തയാറാകാതിരുന്ന പ്രതി ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിന്‌ സമീപം സീമയുടെ മൃതദേഹവുമായി കാര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായാണ്‌ കേസ്‌. രാത്രി ഒരു മണിയോടെ രാജുവിന്റെ രണ്ടാനമ്മയാണ്‌ ആലപ്പുഴ സൗത്ത്‌ പോലീസില്‍ വിവരം അറിയിച്ചത്‌.

1994 മുതല്‍ രാജുവും സീമയും പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ക്കുകയും 2000ല്‍ മുഹമ്മ സ്വദേശിയുമായി സീമയുടെ വിവാഹം നടത്തുകയും ചെയ്‌തു. ഈ സമയം വിദേശത്തായിരുന്ന രാജു പിന്നീട്‌ നാട്ടിലെത്തുകയും സീമയുമായി വീണ്ടും ബന്ധം സ്‌ഥാപിക്കുകയും 2004ല്‍ വിവാഹബന്ധം കോടതി മുഖാന്തിരം വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു. നിയമാനുസൃതം വിവാഹിതരാകണമെന്നു മാതാവും സീമയും പല തവണ നിര്‍ബന്ധിച്ചതോടെയാണ്‌ തൃപ്പൂണിത്തുറയില്‍ രജിസ്‌റ്റര്‍ ചെയ്യാമെന്ന്‌ രാജു വാഗ്‌ദാനം ചെയ്‌തത്‌.

ആത്മഹത്യാ പ്രേരണക്കുറ്റമാണ്‌ കോടതി പ്രതിയുടെ മേല്‍ചുമത്തിയിരിക്കുന്നത്‌. ഇതു തെളിയിക്കുന്ന പ്രതി എഴുതിയ കത്ത്‌ സംഭവദിവസം കാറില്‍നിന്നുതന്നെ കണ്ടെത്തിയിരുന്നു. വിശ്വാസവഞ്ചന കാട്ടിയതിന്റെ മനോവിഷമമാണ്‌ സീമയെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയായിരുന്ന സി.എച്ച്‌. നാഗരാജുവിന്റെ മേല്‍നോട്ടത്തില്‍ സൗത്ത്‌ പോലീസ്‌ അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എ. മുഹമ്മദ്‌ ഹാജരായി.

Ads by Google
Ads by Google
Loading...
TRENDING NOW