Monday, July 16, 2018 Last Updated 45 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.25 AM

ബാങ്ക്‌ ലയനത്തിന്റെ നേട്ടം പ്രകടമല്ല; കൊമ്പുകോര്‍ത്തു ജീവനക്കാര്‍

uploads/news/2017/07/129887/f1.jpg

തിരുവനന്തപുരം: എസ്‌.ബി.ടി-എസ്‌.ബി.ഐ. ലയനം മാനേജ്‌മെന്റുകള്‍ അംഗീകരിച്ചെങ്കിലും ജീവനക്കാര്‍ പരസ്‌പരം കൊമ്പുകോര്‍ക്കുന്നതിനാല്‍ ഇതിന്റെ ഫലം ഇടപാടുകാര്‍ക്കു കിട്ടുന്നില്ല. ജീവനക്കാര്‍ തമ്മിലുള്ള ആത്മബന്ധം വേണ്ടവിധത്തില്‍ ആകാത്തതിനാല്‍ ഇടപാടുകാര്‍ വട്ടം കറങ്ങുന്നു.
വായ്‌പയുള്‍പ്പെടെയുള്ളവയുടെ വിതരണം അനിശ്‌ചിതത്വത്തിലാണ്‌. നേരത്തേ എടുത്ത വായ്‌പകളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്‌.
കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന എസ്‌.ബി.ടി. ലയിച്ചതോടെ പൊതുസമൂഹത്തിനും ജീവനക്കാര്‍ക്കും ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതായി. ഇത്‌ ഏറെ ബുദ്ധിമുട്ടിക്കുന്നത്‌ സാധാരണക്കാരെയാണ്‌. വിദ്യാഭ്യാസവായ്‌പകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ അനിശ്‌ചിതത്വമുണ്ട്‌. ഈ വായ്‌പയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ എസ്‌.ബി.ടിയായിരുന്നു.
മുമ്പു വളരെ ഉദാരമായ സമീപനമാണുണ്ടായിരുന്നത്‌. ഇതില്‍നിന്നു ബാങ്ക്‌ പിന്നാക്കം പോയിരിക്കുന്നു. വിദേശത്ത്‌ പഠിക്കാനും മറ്റും വായ്‌പയെടുക്കാന്‍ നേരത്തേ എസ്‌.ബി.ടി. നല്‍കിയ സൗകര്യം ഇല്ലാതായി. സെമസ്‌റ്റര്‍ അടിസ്‌ഥാനത്തില്‍ വായ്‌പ നല്‍കാമെന്ന്‌ നല്‍കിയിരുന്ന ഉറപ്പ്‌ പാലിക്കുന്നില്ല. വര്‍ഷംതോറും മാത്രമേ പണം അനുവദിക്കാനാകൂ എന്ന നിലപാടിലാണ്‌ എസ്‌.ബി.ഐ. ഉന്നത ഉദ്യോഗസ്‌ഥര്‍ അനുകൂലമായി പ്രതികരിച്ചാലും താഴേത്തട്ടില്‍ ജീവനക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
എസ്‌.ബി.ടിയായിരുന്നപ്പോള്‍ അനുവദിച്ച പല വായ്‌പകളും ലയനശേഷം നിഷേധിക്കുന്നതായി ആരോപണമുണ്ട്‌.
എസ്‌.ബി.ടി. അനുവദിച്ച ഉദാരവ്യവസ്‌ഥ പാലിക്കാന്‍ ഇപ്പോഴത്തെ മാനേജ്‌ന്റെ്‌ തയാറുമല്ല. ഇതോടെ, വിദ്യാഭ്യാസ, ഭവനവായ്‌പകള്‍ ഉള്‍പ്പെടെ അവതാളത്തിലായി. സേവനവ്യവസ്‌ഥകളിലുണ്ടായ വര്‍ധന മൂലം അക്കൗണ്ടുകള്‍ വല്ലാതെ കുറയുകയാണ്‌. നഗരപ്രദേശങ്ങളില്‍ മിനിമംബാലന്‍സ്‌ 3000 രൂപയാക്കണമെന്ന വ്യവസ്‌ഥയോട്‌ ഇടപാടുകാര്‍ക്കു കടുത്ത എതിര്‍പ്പുണ്ട്‌. എന്നാല്‍, സ്വകാര്യബാങ്കുകളില്‍ മിനിമം ബാലന്‍സ്‌ ഇപ്പോഴും വളരെക്കുറവാണ്‌. അതിനാല്‍, പലരും അക്കൗണ്ട്‌ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ചെറുകിട വായ്‌പകള്‍ നല്‍കുന്നത്‌ പൂര്‍ണമായും നിര്‍ത്തി.
ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്‌. രണ്ടു ബാങ്കുകള്‍ ലയിച്ചെങ്കിലും ജീവനക്കാര്‍ ഒന്നായിട്ടില്ല. ഇതിന്റെ പേരില്‍ വലിയ പ്രക്ഷോഭം നടക്കുകയാണ്‌. പഴയ എസ്‌.ബി.ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കു കടുത്ത അരക്ഷിതാവസ്‌ഥയാണുള്ളത്‌. ഇനി ബാങ്കുകളുടെ ശാഖകള്‍ വെട്ടിക്കുറയ്‌ക്കുമെന്നും അത്‌ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്‌ ഇവര്‍. ലയനശേഷം എ.ടി.എമ്മുകളുടെ എണ്ണം വെട്ടിക്കുറിച്ചത്‌ ഇതിന്‌ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഭരണസംവിധാനം മുഴുവന്‍ എസ്‌.ബി.ഐയാണു കൈയാളുന്നത്‌. ഇതാണു പഴയ ബാങ്കിലെ ജീവനക്കാരെ വിഷമിപ്പിക്കുന്നത്‌.
ശാഖകള്‍ പൂട്ടുന്നതു കൊണ്ട്‌ ജീവനക്കാരുടെ സ്‌ഥലംമാറ്റത്തിന്‌ മാനദണ്ഡവുമില്ലെന്നാണ്‌ അവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്‌ത്രീജീവനക്കാരെയുള്‍പ്പെടെ ദൂരസ്‌ഥലങ്ങളിലേക്ക്‌ സ്‌ഥലംമാറ്റുകയാണ്‌. ഇതോടൊപ്പം എസ്‌.ബി.ടി. ജീവനക്കാരുടെ സംഘടനാപ്രവര്‍ത്തനങ്ങളെയും വളരെ ശക്‌തമായാണ്‌ നേരിടുന്നത്‌. പല പഴയ എസ്‌.ബി.ടി ശാഖകളിലും ആവശ്യത്തിനു ജീവനക്കാരില്ല. ഈ നിലയില്‍ പോയാല്‍ ബാങ്ക്‌ ലയനം കൊണ്ടു ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലമെന്നാണു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. പ്രഖ്യാപിച്ച രീതിയില്‍ സംസ്‌ഥാനസര്‍ക്കാര്‍ രൂപം നല്‍കുന്ന കേരളബാങ്ക്‌ നിലവില്‍വന്നാല്‍ കേരളത്തില്‍ എസ്‌.ബി.ഐയുടെ നാശത്തിന്‌ വഴിവയ്‌ക്കുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ആര്‍. സുരേഷ്‌

Ads by Google
Sunday 23 Jul 2017 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW