Monday, July 23, 2018 Last Updated 47 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.18 AM

വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ : ഇന്ത്യ-ഇംഗ്ലണ്ട്‌ ഫൈനല്‍ ഇന്ന്‌, മിന്നട്ടെ മിതാലിയും മിടുക്കികളും

uploads/news/2017/07/129886/s1.jpg

ലണ്ടന്‍: ഒരു മാസം മുമ്പ്‌ ലോര്‍ഡ്‌സില്‍ നടന്ന ഒരു ഐ.സി.സി. ഫൈനലില്‍ കണ്ണീര്‍ കുടിച്ച ക്രിക്കറ്റ്‌ ഹീറോകള്‍ ഇന്ന്‌ വെറും ചിയര്‍ലീഡേഴ്‌സായി മാറി; ഒപ്പം കോടിക്കണക്കിന്‌ ആരാധകരും.
ലോര്‍ഡ്‌സ് മൈതാനത്ത്‌ അന്ന്‌ തലകുനിച്ചു നിന്നത്‌ ഇന്ത്യന്‍ പരുഷു ക്രിക്കറ്റ്‌ ടീം. കാരണം ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ പാകിസ്‌താനോടേറ്റ തോല്‍വി. അന്ന്‌ വിഷമിച്ചത്‌ ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍.
ഇന്ന്‌ അവര്‍ക്കെല്ലാം ആഹ്‌ളാദവും പ്രചോദനവും സമ്മാനിക്കുന്നത്‌ കരാര്‍ കാലാവധി ആറുമാസമായിട്ടും പുതുക്കി ലഭിക്കാത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം. ലോര്‍ഡ്‌സ് പുരുഷന്മാര്‍ ചാമ്പ്യന്‍സ്‌ ട്രോഫി കൈവിട്ടപ്പോള്‍ അതേ മണ്ണില്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടി ആരാധകരുടെ കണ്ണീര്‍ മായ്‌ക്കാനൊരുങ്ങുകയാണ്‌ മിതാലി രാജും സംഘവും.
വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ഇന്ന്‌ മിതാലി നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീം ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. 33 വര്‍ഷം മുമ്പ്‌ ലോര്‍ഡ്‌സില്‍ ഇതുപോരെു ഫൈനലില്‍ പുരുഷ ക്രിക്കറ്റില്‍ കന്നി ലോകകിരീടം ചൂടിയ കപിലിന്റെ ചെകുത്താന്മാര്‍ കാഴ്‌ചവച്ച പ്രകടനമാണ്‌ മിതാലിയുടെ സംഘത്തില്‍ നിന്ന്‌ ആരാധകര്‍ പ്രതീക്ഷിക്കുന്നത്‌.
അവിശ്വസനീയമായിരുന്നു ഇന്ത്യയുടെ കുതിപ്പ്‌. ടൂര്‍ണമെന്റിലെ ആദ്യ നാലു മത്സരങ്ങളില്‍ ജയം. പിന്നീട്‌ തുടരെ രണ്ടു തോല്‍വികള്‍ വഴങ്ങി പുറത്താകല്‍ ഭീഷണിയില്‍. നിര്‍ണായകമായ ഏഴാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ കശക്കിയെറിഞ്ഞു സെമിഫൈനലില്‍.
കഴിഞ്ഞ ദിവസം ഡെര്‍ബിയില്‍ നടന്ന സെമിഫൈനലിലായിരുന്നു ടീം ഇന്ത്യയുടെ രൗദ്ര മുഖം ലോകം കണ്ടത്‌. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന്‌ 152. എന്നാല്‍ അവസാന 10 ഓവറില്‍ 129 റണ്‍സ്‌ പിറന്നപ്പോള്‍ 281 എന്ന കൂറ്റന്‍ സ്‌കോറും ഒടുവില്‍ 36 റണ്‍സിന്റെ ജയവും.
ഹര്‍മന്‍പ്രീത്‌ കൗര്‍ എന്ന അറിയപ്പെടാത്ത താരത്തിന്റെ 115 പന്തില്‍ 171 റണ്‍സ്‌ എന്ന പ്രകടനമാണ്‌ ടീം ഇന്ത്യക്ക്‌ കന്നി ഫൈനല്‍ സമ്മാനിച്ചത്‌. ഇതോടെ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു ഈ പെണ്‍പടയെ.
മറുവശത്ത്‌ ഫൈനലിലേക്കുളള ഇംഗ്ലണ്ടിന്റെ വരവും എടുത്തുപറയേണ്ടതാണ്‌. ആറു മാസം മുമ്പ്‌ സ്‌ഥാനമേറ്റ കോച്ച്‌ മാര്‍ക്ക്‌ റോബിന്‍സണിന്റെ കടന്നുവരവും തുടര്‍ന്ന്‌ ചാര്‍ലറ്റ്‌ എഡ്വേര്‍ഡ്‌സ് എന്ന മുന്‍നിര താരത്തിന്റെ വിരമിക്കലും ചേര്‍ന്ന്‌ ഇംഗ്ലണ്ടിനെ പ്രതിസ്‌നധിയിലേക്കു തള്ളിയിട്ടതാണ്‌.
എന്നാല്‍ റോബിന്‍സണിന്റെ കീഴില്‍ പുതിയ നായിക ഹീതര്‍ നൈറ്റും സംഘവും അദ്‌ഭുതങ്ങളാണ്‌ കാട്ടിയത്‌. തുടരെ ഏഴു മത്സരങ്ങള്‍ ജയിച്ചു റെക്കോഡോടെയാണ്‌ അവര്‍ ലോകകപ്പിന്‌ ഇറങ്ങിയത്‌. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തോറ്റു. അത്‌ അവര്‍ക്കൊരു ഉണര്‍ത്തു പാട്ടാകുകയായിരുന്നു.
പിന്നീട്‌ ഇംഗ്ലീഷ്‌ വനിതകള്‍ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഉദ്‌ഘാടന മത്സരത്തിലേറ്റ തോല്‍വിക്ക്‌ സ്വന്തം മണ്ണില്‍ ഫൈനല്‍ ജയത്തോടെ പകരം വീട്ടാന്‍ ഇംഗ്ലണ്ടും കന്നിക്കിരടത്തിനായി ഇന്ത്യയും ഇന്ന്‌ ഏറ്റുമുട്ടുമ്പോള്‍ പേരുകേട്ട ലോര്‍ഡ്‌സ് മൈതാനത്തില്‍ ത്രസിപ്പിക്കുന്ന ഒരു പോരാട്ടമാകും അരങ്ങേറുക.
ഠ ശ്രദ്ധിക്കേണ്ട താരങ്ങള്‍
സ്‌മൃതി മന്ദാന: 90, 106 എന്നിങ്ങനെ തുടരെ രണ്ടു മിന്നും പ്രകടനങ്ങളുമായാണ്‌ ടീം ഇന്ത്യയുടെ പുതിയ സെന്‍സേഷന്‍ സ്‌മൃതി ലോകകപ്പ്‌ ആരംഭിച്ചത്‌. എന്നാല്‍ പിന്നീട്‌ തുടരെ ആറു മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഒരവസരം കൂടി ലഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ പരാജയത്തിന്റെ കയ്‌പ് മായ്‌ക്കാനാകും സ്‌മൃതി ശ്രദ്ധിക്കുക.
ഫ്രാന്‍ വില്‍സണ്‍: ഇന്ത്യക്കെതിരായ രഹസ്യായുധമായാണ്‌ ഫ്രാന്‍ വില്‍സണെ ഇംഗ്ലീഷ്‌ കോച്ച്‌ റോബിന്‍സണ്‍ കാണുന്നത്‌. ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ഫ്രാന്‍ 75 പന്തില്‍ നിന്ന്‌ 81 റണ്‍സ്‌ നേടിയിരുന്നു.
അന്ന്‌ ലോറന്‍ വിന്‍ഫീല്‍ഡിനു പരുക്കേറ്റ കാരണത്താല്‍ മാത്രമാണ്‌ ഫ്രാനിന്‌ അവസരം ലഭിച്ചത്‌. ഇന്ന്‌ അല്ലാതെ തന്നെ ആദ്യ ഇലവനില്‍ ഫ്രാനിനെ കളിപ്പിക്കുമ്പോള്‍ റോബിന്‍സണ്‍ പ്രതീക്ഷിക്കുന്നത്‌ അന്നത്തെ 81നെക്കാള്‍ വലിയ സ്‌കോറാണ്‌.
ടീം വാര്‍ത്തകള്‍:
ഇന്ത്യ:- സെമിഫൈനലിലെ മിന്നും താരം ഹര്‍മന്‍പ്രീതിനേറ്റ പരുക്കിന്റെ ആശങ്കയിലാണ്‌ ഇന്ത്യ. പരിശീലനത്തിനിടെയാണ്‌ കൗറിന്റെ തോളിനു പരുക്കേറ്റത്‌.
എന്നാല്‍ താരം ഇന്നു കളത്തിലിറങ്ങുമെന്നുതന്നെയാണ്‌ നായിക മിതാലി രാജ്‌ ഉറപ്പിച്ചു പറയുന്നത്‌. സെമിയില്‍ പരാജയപ്പെട്ട ബൗളര്‍ പൂനം യാദവിനു പകരം ഏക്‌ത ബിഷ്‌ടിനെ കളിപ്പിക്കുമെന്നത്‌ മാത്രമാണ്‌ സെമിയിലെ ടീമില്‍ നിന്നുള്ള ഏക മാറ്റം.
ഇലവന്‍:- പൂനം റൗത്‌, സ്‌മൃതി മന്ദാന, മിതാലി രാജ്‌, ഹര്‍മന്‍പ്രീത്‌ കൗര്‍, ദീപ്‌തി ശര്‍മ, വേദ കൃഷ്‌ണമൂര്‍ത്തി, ശിഖാ പാണ്ഡെ, സുഷമ വര്‍മ, ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്‌ക്ക്വാദ്‌, പൂനം യാദവ്‌/ഏക്‌ത ബിഷ്‌ട്.
ഇംഗ്ലണ്ട്‌:- സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയ അതേ ടീമിനെത്തന്നെയാകും ഇംഗ്ലണ്ട്‌ അണിനിരത്തുക.
ഇലവന്‍:- ലോറന്‍ വിന്‍ഫീല്‍ഡ്‌, ടാമി ബ്യൂമണ്ട്‌, ഹീതര്‍ നൈറ്റ്‌, സാറാ ടെയ്‌ലര്‍, തഥാലി സ്‌കിവര്‍, കാതറീന്‍ ബ്രന്റ്‌, ജെന്നി ഗണ്‍, ലോറ മാര്‍ഷ്‌, അന്യ ഷ്രൂബ്‌സോള്‍, അലക്‌സ് ഹാര്‍ട്‌ലി.

Ads by Google
Sunday 23 Jul 2017 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW