Wednesday, June 27, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 01.55 PM

കര്‍ക്കടക വാവുബലി; കര്‍ക്കടകവാവിന്റെ പ്രാധാന്യമെന്താണ് ?

uploads/news/2017/07/129777/jyothi220717a.jpg

സാധാരണയായി നമ്മുടെയൊക്കെ ജീവിതത്തില്‍ അനുഭവ തടസ്സങ്ങളും കഷ്ടപ്പാടുകളും രോഗദുരിതങ്ങളുമായി അനുഭവപ്പെടുന്നത് പിതൃക്കളുടെ ദോഷം തന്നെയാണ്.

അതിനാല്‍ പിതൃപരമ്പരയുടെ ശാന്തിക്കായി വേണ്ടതു ചെയ്തു കഴിഞ്ഞാല്‍ സര്‍പ്പദോഷങ്ങളും തീര്‍ത്ത് ആഗ്രഹങ്ങളുടെ സഫലീകരണം ഉണ്ടാകുന്നതാണ്.

കര്‍ക്കടക വാവ് , ബലിതര്‍പ്പണങ്ങള്‍ക്കായി തീര്‍ത്ഥ കേന്ദ്രങ്ങള്‍ ഒരുങ്ങുകയാണ്. കേരളത്തിലുടനീളം ക്ഷേത്രപരിസരങ്ങളും നദീതീരങ്ങളും വാവുബലിക്കായി തയ്യാറെടുത്തു കഴിഞ്ഞു. ക്ഷേത്രക്കുളങ്ങളുടെ കരകളിലും നദിയുടെ തീരങ്ങളിലുമെല്ലാം ബലിത്തറകള്‍ ഒരുങ്ങുന്നു.

കര്‍ക്കടകവാവിന്റെ പ്രാധാന്യമെന്താണെന്ന് നോക്കാം. രാശിചക്രത്തിലെ ആദ്യരാശി മേടമാണ്. മേടം, ഇടവം, മിഥുനം, കര്‍ക്കടകം... ഇങ്ങനെയാണ് ക്രമം. അതായത് നാലാമിടമാണ് കര്‍ക്കടകം. ഭാവാധിഷ്ഠിതമായി പറഞ്ഞാല്‍ നാലാംഭാവം മാതൃസ്ഥാനമാകുന്നു. രാശിചക്രത്തിലെ മാതൃഭാവമാണ് കര്‍ക്കടകരാശി.

പ്രപഞ്ചപൂര്‍വ്വികതയെ, ജഗന്മാതൃഭാവത്തെ പ്രതിനിധീകരിക്കുന്ന രാശിയാണ് കര്‍ക്കടകം. ഒരു വ്യക്തിയുടെ പൂര്‍വ്വികതയെ മുഴുവന്‍ സ്വാധീനിക്കുന്നത് കര്‍ക്കടകം രാശിയാണ്. അങ്ങനെയുള്ള കര്‍ക്കടകം രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്ന കാലമാണ് കര്‍ക്കടകമാസം.

ഈ കര്‍ക്കടകമാസക്കാലം നമ്മുടെ പൂര്‍വ്വ പരമ്പരയ്ക്കുവേണ്ടി തര്‍പ്പണം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണ്. കറുത്തവാവ് എന്നു പറയുന്നത് അപരപക്ഷത്തെ പതിനഞ്ചാം തിഥിയാകുന്നു. ഒരു വെളുത്ത വാവു കഴിഞ്ഞുവരുന്ന കാലമാണ് അപരപക്ഷം.

അതില്‍ ചന്ദ്രന്റെ അപ്രത്യക്ഷമാകല്‍ പൂര്‍ണ്ണമാകുന്നത്, അഥവാ ചന്ദ്രന്റെ കലകള്‍ പൂര്‍ണ്ണമായും മറയുന്നത് പതിനഞ്ചാം തിഥിയിലാണ്. അതാണ് അമാവാസി അഥവാ കറുത്തവാവ്.

ഈ തിഥിയെന്നത്, പരേത ലോകത്തേക്കുള്ള ഒരു വാതായനമായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ കര്‍ക്കടക മാസത്തിലെ കറുത്തവാവിന് ചെയ്യുന്ന ബലിതര്‍പ്പണങ്ങള്‍ പൂര്‍ണ്ണമായും പൂര്‍വ്വിത സവിധത്തില്‍ എത്തുകതന്നെ ചെയ്യുന്നതാണ്.

ഒരു ലഘുബലിക്രമം ഇപ്രകാരമാണ്


പാല്‍, തൈര്, നെയ്യ്, തേന്‍, ഒരു വലിയ ഇലയില്‍ എള്ള്, ചെറുപൂള എന്ന ചെറുപുഷ്പം, ചന്ദനം, ഉണക്കലരി, ദര്‍ഭപ്പുല്ല്, കൂര്‍ഛം കെട്ടിയത് ഇവ തയ്യാര്‍ ചെയ്തുവയ്ക്കുക.

ഒരു കിണ്ടിയില്‍ ജലം തയ്യാറാക്കി വയ്ക്കുക. ബലിയിടേണ്ട ആള്‍ കുളിച്ച് ഈറനുടുത്ത് വന്ന് ഇലയുടെ പിന്നില്‍ മുട്ടുകുത്തിയിരിക്കുക. ദര്‍ഭകൊണ്ട് പവിത്രമുണ്ടാക്കി വിരലില്‍ അണിയുക.

''ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം''
എന്നു ഗണപതി വന്ദനം നടത്തുക. തുടര്‍ന്ന് കിണ്ടിയിലെ ജലം ഇരുകൈകള്‍കൊണ്ട് എടുത്തുയര്‍ത്തി

''ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധുകാവേരീ
ജലേസ്മിന്‍ സന്നിധിം കുരു''

എന്ന് ജപിച്ച് പ്രാര്‍ത്ഥിച്ച് കിണ്ടി താഴെവയ്ക്കുക. ഇതിന്റെ അര്‍ത്ഥം:- ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നര്‍മ്മദയും സിന്ധുവും കാവേരിയും അടങ്ങുന്ന സപ്തനദികള്‍ ഈ ജലത്തില്‍ സാന്നിധ്യം ചെയ്ത് ഇതിനെ പവിത്രമാക്കട്ടെ.

ദര്‍ഭകൂര്‍ഛം കെട്ടിയത് ഒരു ഇലയുടെ മധ്യത്തില്‍ വയ്ക്കുക. കിണ്ടിയില്‍ നിന്ന് അല്പ ജലം കൂര്‍ഛത്തില്‍ തളിക്കുക. ഉടുത്തിരിക്കുന്ന തോര്‍ത്തില്‍ നിന്നൊരു നൂല്‍ എടുത്ത് കൂര്‍ഛത്തില്‍ ചുറ്റി ഇലയില്‍ വയ്ക്കുക.

കൂര്‍ഛമെടുത്തുയര്‍ത്തി ആത്മാവിനെ ഉത്തമവൃക്ഷത്തില്‍നിന്നും ഭൂമണ്ഡലത്തിലെ ബലിപീഠത്തിലേക്ക് ആവാഹിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് ഇലയില്‍ വയ്ക്കുക.

(പിതൃലോകത്തെ ഓരോ ആത്മാവിന്റെയും ആവാസ സ്ഥാനം ഉത്തമവൃക്ഷം എന്നറിയപ്പെടുന്നു.)
എള്ളു ചേര്‍ത്ത് ഒരു ജലം തര്‍പ്പിക്കുക. തുടര്‍ന്ന് ഒരു തവണ ജലതര്‍പ്പണം പുഷ്പം ചേര്‍ത്ത് ഒരു ജലതര്‍പ്പണം നടത്തുക.

വീണ്ടുമൊരു ജലതര്‍പ്പണം നടത്തുക. പിന്നെ ചന്ദനം കൂട്ടി ഒരു ജലമര്‍പ്പിക്കുക. പിന്നീട് ഒരു ജലാര്‍പ്പണം നടത്തുക. തുടര്‍ന്ന് ഉണക്കലരികൊണ്ട് ഒരു ജലമര്‍പ്പിക്കുക.

പിന്നീട് ഒരു ജലാര്‍പ്പണം നടത്തുക. പിന്നീട് എള്ളുകൊണ്ട് ഒരു ജലം, പൂവുകൊണ്ട് ഒരു ജലം, ചന്ദനംകൊണ്ട് ഒരു ജലം, അരി ചേര്‍ത്ത് ഒരു ജലം, പിന്നീട് ഒരു ജലം ഇവ തര്‍പ്പണം ചെയ്യുക. തുടര്‍ന്ന് എള്ളും പൂവും ചന്ദനവും അരിയും ഒരുമിച്ച് ജലം കൂട്ടി ഒരു തര്‍പ്പണം നടത്തുക.

uploads/news/2017/07/129777/jyothi220717a1.jpg

തുടര്‍ന്ന് പാല്‍, നെയ്യ്, തൈര്, തേന്‍ ഇവകൊണ്ട് യഥാക്രമം തര്‍പ്പണം കൂര്‍ഛത്തില്‍ നടത്തുക. ദേവകള്‍ക്ക് യജ്ഞഭാഗമര്‍പ്പിക്കുന്നെന്ന് ധ്യാനിച്ചുവേണം പാല്‍ മുതലായവ തര്‍പ്പിക്കാന്‍. പിന്നീട് ഇലയിലെ എള്ള്, പൂവ്, ചന്ദനം, അരി ഇവ മുഴുവന്‍ എടുത്ത് ജലം ചേര്‍ത്ത് കൂര്‍ഛത്തില്‍ അര്‍പ്പിക്കുക.

പിന്നീട് ഇല രണ്ടു കൈകൊണ്ടും ഉയര്‍ത്തി
''അനാദി നിധനാനന്ദ ശംഖചക്ര ഗദാധര
അക്ഷയ പുണ്ഡരീകാക്ഷ പ്രേതമുക്തി പ്രദോഭവ''

എന്ന് പ്രാര്‍ത്ഥിച്ച് മൂന്ന് തവണ ഉയര്‍ത്തി, താഴ്ത്തി താഴെ വയ്ക്കുക. ആത്മാവിനെ ഭൂമണ്ഡലത്തില്‍നിന്നും ഉത്തമവൃക്ഷത്തിലേക്ക് ഉദ്വാസിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് പവിത്രമോതിരമഴിച്ച് ഇലയില്‍വച്ച് ഇല രണ്ടു കൈകൊണ്ടും എടുത്ത് തറമെഴുകിയതില്‍വച്ച് കൈകൊട്ടി പ്രാര്‍ത്ഥിച്ച് മാറിയതിനുശേഷം കുളിച്ചു കയറുക.

സാധാരണ വാവുബലി തര്‍പ്പണം ഓരോ വ്യക്തിക്കും ഇപ്രകാരം അനുഷ്ഠിച്ചു തീര്‍ക്കാവുന്നതേയുളളൂ. മനസ്സിന്റെ ആത്മസമര്‍പ്പണമാണ് പ്രധാനം. തന്റെ വംശ പരമ്പരയുടെ മുഴുവന്‍ അഭ്യുദയം കാംക്ഷിച്ച് പിതൃമോക്ഷപ്രാര്‍ത്ഥനയോടെ വിഷ്ണു സങ്കല്‍പ്പത്തില്‍ ചെയ്യുന്ന ബലിതര്‍പ്പണങ്ങള്‍ പൂര്‍ണ്ണഫലം നല്‍കുന്നതാണ്.

എന്നാല്‍ കുടുംബത്തില്‍ പിതൃദോഷങ്ങള്‍ വളരെ കൂടുതലായി ഉണ്ടായിരിക്കുകയും അകാലമൃതി പ്രേതശാപ ദുരിതങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിന് മറ്റു പരിഹാര കര്‍മ്മങ്ങള്‍ ആവശ്യമായി വരും. ഇതിന് പ്രധാനം സത്യനാരായണപൂജയാണ്.

ഇത് വിധിപ്രകാരം വൈദിക സമ്പ്രദായത്തില്‍ ഗൃഹത്തില്‍വച്ചു നടത്തി, പിതൃക്കളുടെ മുഴുവന്‍ പിതൃവായി സത്യനാരായണ സ്വാമിയെ ആവാഹിച്ച് പൂജ ചെയ്ത് ജന്മാന്തര പിതൃക്കളുടെ സായൂജ്യത്തിലേക്കായി തര്‍പ്പണം നടത്തുന്നതാണ് കര്‍മ്മ രീതി. ഗീതോപദേശ സമയത്ത് അര്‍ജ്ജുന് മുമ്പില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രകടിപ്പിക്കുന്ന വിരാട് പുരുഷ ഭാവമാണ് സത്യനാരായണന്‍.

ഈ സങ്കല്‍പ്പത്തിലാണ് ഇവിടെ ആവാഹിച്ചു പൂജകള്‍ നടത്തുന്നത്. ഒരു കുടുംബത്തിന്റെ സകലവിധ ദോഷങ്ങളും തീര്‍ത്ത് ശാന്തി കൈവരുന്നതിന് സത്യനാരായണ പൂജ ഫലപ്രദമാണ്.

സാധാരണയായി നമ്മുടെയൊക്കെ ജീവിതത്തില്‍ അനുഭവ തടസ്സങ്ങളും കഷ്ടപ്പാടുകളും രോഗദുരിതങ്ങളുമായി അനുഭവപ്പെടുന്നത് പിതൃക്കളുടെ ദോഷം തന്നെയാണ്.

അതിനാല്‍ പിതൃപരമ്പരയുടെ ശാന്തിക്കായി വേണ്ടതു ചെയ്തു കഴിഞ്ഞാല്‍ സര്‍പ്പദോഷങ്ങളും തീര്‍ത്ത് ആഗ്രഹങ്ങളുടെ സഫലീകരണം ഉണ്ടാകുന്നതാണ്.

പിതൃദോഷങ്ങള്‍ നിലനിന്നാല്‍ മറ്റു ക്ഷേത്രവഴിപാടുകളോ, ആരാധനകളോ പോലും ഫലിക്കാതെ വരുന്നതാണ്. പിതൃക്കളുടെ അനുഗ്രഹക്കുറവ് നമ്മുടെ കുടുംബത്തിലുണ്ടെങ്കില്‍ എല്ലാവര്‍ക്കും ദൈവാധീനക്കുറവും ദൗര്‍ഭാഗ്യവുമായി അതു പ്രകടമാകും. അതിനാല്‍ പിതൃശാന്തിക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതാണ്.

പിതൃശുദ്ധിക്കായുള്ള കര്‍മ്മങ്ങളില്‍ പ്രധാനമായിട്ടുള്ളത് കര്‍ക്കടകവാവു തര്‍പ്പണം തന്നെയാണ്. അതിനാല്‍ എല്ലാവരും ഇതു ചെയ്യുവാന്‍ ശ്രമിക്കുക.

കുടുംബത്തില്‍ പൂര്‍വ്വ പരമ്പരയുടെ ദോഷം സംശയമുണ്ടെങ്കില്‍, പരേത കര്‍മ്മങ്ങളുടെ കുറവ് ഉള്ളതായി സംശയിക്കുന്നുവെങ്കില്‍, പൊതുവെ കുടുംബത്തിലെ വ്യത്യസ്ത ശാഖോപശാഖകളിലെ അംഗങ്ങള്‍ക്കെല്ലാം എന്തോ ഒരു ഈശ്വരാധീനക്കുറവു തോന്നുന്നുവെങ്കില്‍, നിശ്ചയമായും പിതൃക്കളുടെ അനുഗ്രഹക്കുറവുതന്നെ കാരണം. ഇതിന് സത്യനാരായണപൂജ തന്നെ നടത്തുക. എല്ലാ ദുരിതങ്ങളും തീര്‍ന്ന് ഐശ്വര്യമുണ്ടാകുന്നതാണ്.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Saturday 22 Jul 2017 01.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW