Wednesday, February 21, 2018 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 11.57 AM

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ 'പവര്‍ സ്‌റ്റേഷന്‍' ; ഹര്‍മന്‍പ്രീത് കൗറിന് പ്രിയം കൂറ്റന്‍ സിക്‌സറുകള്‍

uploads/news/2017/07/129748/harmanpreeth-kaur.jpg

മരുന്നടിക്ക് പേരുകേട്ട പഞ്ചാബിന്റെ മയക്കുമരുന്ന് തലസ്ഥാനമായ മോഗയില്‍ നിന്നും വെറും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദൗലേവാല ഗ്രാമത്തിലെത്തും. ഇവിടെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ വീടുകളില്‍ ചിലതിന്റെ ജനാലചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നതിന് ഒരു പെണ്‍കുട്ടി പതിവായി വഴക്കു കേട്ടിരുന്നു. അന്ന് ജനാലകള്‍ തകര്‍ത്തിരുന്ന ആ മാരകഷോട്ടുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും ഓസ്‌ട്രേലിയന്‍ ട്വന്റി20 ക്രിക്കറ്റായ ബിഗ്ബാഷ് ലീഗിലെ സിഡ്‌നി തണ്ടറിനും വേണ്ടി ഇടിമിന്നലുകള്‍ തീര്‍ത്തു കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിന് ലോകകിരീടം കേവലം ഒരു മത്സരം മാത്രം കയ്യകലത്തില്‍ നില്‍ക്കമ്പോള്‍ ഏവരും ഉറ്റുനോക്കുന്ന ഹര്‍മന്‍പ്രീത് കൗറെന്ന പഞ്ചാബി തകര്‍പ്പനടിക്കാരിയിലേക്കാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. എട്ടില്‍ ആറുതവണയും ലോകചാമ്പന്മാരായി മാറിയ ഓസ്‌ട്രേലിയന്‍ ടീമിനെ സെമിയില്‍ കീഴടക്കി ഇന്ത്യന്‍ ടീം 2005 ലെ ഫൈനലില്‍ ഏറ്റ പരാജയത്തിന് പ്രതികാരം ചെയ്തപ്പോള്‍ ഹര്‍മന്‍പ്രീതിന്റെ ഒറ്റയാള്‍ പോരാട്ടവും ബാറ്റില്‍ നിന്നും തീ പറക്കുന്നതും ആരാധകര്‍ കണ്ടു കഴിഞ്ഞു. തളരാതെ 115 പന്തി 171 റണ്‍സ് അടിച്ച താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകിയത് 20 ബൗണ്ടറികളും ഏഴു സിക്‌സറുകളും ആയിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ തീരാതെ കേസുകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബിലെ മോഗയിലെ ഏതാനും കുടുംബങ്ങള്‍ ഒഴികെ എല്ലാവരും ലഹരിയുടെ ശാപത്തില്‍ നിന്നും മുക്തി നേടാത്തവരാണ്. ഇത്തരം ഒരിടത്ത് നിന്നും ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ പുതിയ വികാരം ഉയര്‍ന്ന് വരിക എന്നത് ഒരാളും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യവും. എന്നാല്‍ ഹര്‍മന്‍പ്രതീസിംഗ് കൗറിനെ അസാധാരണം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാണ്. മോഗയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള താരാപൂര്‍ ഗ്രാമമാണ് കൗറിന്റെ ക്രിക്കറ്റ് മികവ് തേച്ചു മിനുക്കിയത്. രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള കൗറിന്റെ ദൗലേവാല ഗ്രാമത്തിലെ 400 വീടുകളില്‍ 390 വീടുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റാന്‍സ് ആക്ടിന് കീഴില്‍ ബുക്ക് ചെയ്യപ്പെടവയാണ്.

മനസ്സില്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നുമില്ലാത്ത ഹര്‍മന്‍പ്രീതിന് മാതാപിതാക്കളും സഹോദരിയും അന്തമില്ലാത്ത പ്രചോദനമായിരുന്നു നല്‍കിയിരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രദേശത്ത് അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഹര്‍മന്‍പ്രീത് ഉയര്‍ന്നു വന്നത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ഒറ്റ് പ്രകടനം കൊണ്ടു തന്നെ ഹര്‍മന്‍പ്രീത് നാടിന്റെ മുഴുവന്‍ അഭിമാനമായി മാറി. അസാധാരണ പ്രകടനം കൊണ്ടു തങ്ങളുടെ ചെറിയ പട്ടണത്തെ ദേശീയമാപ്പില്‍ അവള്‍ അടയാളപ്പെടുത്തിയെന്നാണ് ഒരു അഭിഭാഷകന്റെ ഗുമസ്തനായി പണിയെടുക്കുന്ന ഹര്‍മന്‍പ്രീതിന്റെ പിതാവ് ഹര്‍മാന്‍ദാര്‍ ഭുള്ളര്‍ പറഞ്ഞത്. പെണ്‍ഭ്രൂണങ്ങളെ വയറ്റില്‍ വെച്ചു തന്നെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന നാട്ടില്‍ സ്ത്രീകള്‍ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മകളെ വളര്‍ത്തിക്കൊണ്ടു വന്ന് രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റിയതില്‍ മാതാവ് സത്‌വീന്ദര്‍ കൗറും മാതൃകമായി മാറിയിരിക്കുകയാണ്.

വോളിബോളും ബാസ്‌ക്കറ്റ് ബോളും സുന്ദരമായി കളിച്ചിരുന്ന ഭൂള്ളര്‍ക്ക് മക്കള്‍ സ്‌പോര്‍ട്‌സ് താരങ്ങളായി വളരുന്നതില്‍ ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. കുട്ടി ആയിരിക്കുമ്പോള്‍ സമീപത്തെ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു കൗര്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നന്നായി ഹോക്കിയും അത്‌ലറ്റിക്‌സും ചെയ്തിരുന്നതായി സഹോദരന്‍ ഗുര്‍ജീന്ദറും പറയുന്നു. ക്രിക്കറ്റ് പരിശീലകന്‍ കമല്‍ദേഷ് സിംഗ് സോധിയെ പിതാവ് പരിചയപ്പെട്ടതാണ് കൗറിന്റെ ജീവിതം മാറ്റിമറിച്ചത്. താരാപൂരിലെ തന്റെ ജിയാന്‍ ജ്യോതി സ്‌കൂള്‍ അക്കാദമിയിലേക്ക് ഹര്‍മീതിനെ അദ്ദേഹം വിളിച്ചു. എന്നാല്‍ അക്കാദമിയില്‍ ഹര്‍മന്‍പ്രീതിന്റെ യഥാര്‍ത്ഥ പരിശീലകന്‍ സോധിയുടെ മകന്‍ യദ്‌വീന്ദര്‍ സിംഗ് സോധി ആയിരുന്നു. ഹര്‍മന്‍പ്രീത് പന്തടിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മാറി നില്‍ക്കുമായിരുന്നെന്ന് യദ്‌വീന്ദര്‍ സിംഗ് ഓര്‍മ്മിക്കുന്നു. അവളുടെ സിക്‌സര്‍ അടിക്കാനുള്ള ശേഷി പലപ്പോഴും ലോക്കല്‍ ക്‌ളബ്ബ് ടൂര്‍ണമെന്റുകളില്‍ കണ്ടിരുന്നു. ടൂര്‍ണമെന്റില്‍ അവള്‍ കളിക്കുന്ന ക്‌ളബ്ബിന് അനായാസം ജയം കിട്ടും. ഒരിക്കല്‍ ആറ് ഓവര്‍ ടൂര്‍ണമെന്റില്‍ അവള്‍ സിക്‌സറിടിച്ചെന്നും യദ്‌വീന്ദര്‍ പറഞ്ഞു.

2009 ല്‍ ചലഞ്ചര്‍ ട്രോഫിയില്‍ മികവ് കാട്ടിയതോടെയാണ് ഹര്‍മന്‍പ്രീത് ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍ പതിഞ്ഞത്. ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഇത് വഴി തുറന്നു. പാകിസ്താനെതിരേ അരങ്ങേറ്റ മത്സരത്തില്‍ 50 അടിച്ചായിരുന്നു താരം തന്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ചത്. 2009 ല്‍ തന്റെ ആദ്യ പരമ്പരയില്‍ ഓസീസ് ആക്രമണത്തെ നേരിട്ടത് പ്രശസ്തി വര്‍ദ്ധിപ്പിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ ഹര്‍മന്‍പ്രീതിന്റെ ഒരു സിക്‌സര്‍ സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ 91 മീറ്റര്‍ അകലെ സ്റ്റാന്‍ഡില്‍ ചെന്നാണ് വീണത്. അപ്പോള്‍ താരത്തിന് പ്രായം വെറും 19 വയസ്സ് മാത്രമായിരുന്നു. ഓസ്‌ട്രേലിയന്‍ ഒഫീഷ്യലുകളെ വരെ ഈ സിക്‌സര്‍ വിസ്മയിപ്പിച്ചു. സാധാരണ പുരുഷതാരങ്ങള്‍ പോലും വിഷമിക്കുന്ന ഇത്തരം ഒരു സിക്‌സര്‍ ഒരു കൊച്ചു പെണ്‍കുട്ടി എങ്ങിനെ അടിക്കുമെന്ന് സന്ദേഹപ്പെട്ട അവര്‍ ഹര്‍മന്‍പ്രീതിനെതിരേ ഉത്തേജക പരിശോധനയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിയിച്ച് താരം പുറത്തു വന്നു.

2013 ല്‍ കരുത്തരായ ഇംഗ്‌ളണ്ടിനെതിരേ നേടിയ ശതകം താരത്തിന്റെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. തകര്‍പ്പനടികള്‍ കൂടിയതോടെ ഓസ്‌ട്രേലിയന്‍ വനിതാ ബിഗ്ബാഷ് ലീഗിലേക്ക് ക്ഷണം കിട്ടി. ഈ ലീഗില്‍ കളിക്കുന്ന ആദ്യ വനിത എന്ന പദവിയാണ് ഹര്‍മന്‍പ്രീതിനെ തേടി വന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായി ലീഗില്‍ അരങ്ങേറിയപ്പോള്‍ ഹര്‍മന്‍പ്രീത് എക്‌സ്ട്രാ കവറിലൂടെ പറത്തിയ സിക്‌സര്‍ ഓസീസിന്റെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റിനെ വരെയാണ് അമ്പരപ്പിച്ചത്. തന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള മികച്ച സിക്‌സര്‍ എന്നായിരുന്നു ഗില്‍ക്രിസ്റ്റ് ഈ സിക്‌സറിനെ വിശേഷിപ്പിച്ചത്.

Ads by Google
Ads by Google
TRENDING NOW