Friday, July 20, 2018 Last Updated 19 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 02.24 AM

കോഴ: കുഴഞ്ഞ്‌ ബി.ജെ.പി. , കുമ്മനത്തെ ഡല്‍ഹിക്കു വിളിക്കും

uploads/news/2017/07/129675/d1.jpg

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജിന്‌ അനുമതി നേടിക്കൊടുക്കാന്‍ കേരളത്തിലെ ചില ബി.ജെ.പി. നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാരിനെക്കൂടി പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം കടുത്ത നടപടിക്കൊരുങ്ങുന്നു. സംസ്‌ഥാന ഘടകത്തില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങുന്ന അവര്‍ ചര്‍ച്ചകള്‍ക്കായി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്കു വിളിക്കും.
നിരപരാധിത്വം നേതൃത്വത്തെ ബോധ്യപ്പെടുത്താനും തന്നെ കുരുക്കിയവരെ ചൂണ്ടിക്കാട്ടാനും ലക്ഷ്യമിട്ട്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ ഇന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തും. സംസ്‌ഥാന ഘടകത്തിലെ ഗ്രൂപ്പ്‌ വഴക്കാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു ദേശീയ നേതൃത്വത്തിനു ലഭിച്ച വിവരം. എതിര്‍ചേരിയിലെ നേതാവിന്റെ സ്‌ഥാനാരോഹണം മുടക്കാനായി മറുചേരി ഇടപെട്ട്‌ അന്വേഷണ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്കു ചോര്‍ത്തുകയായിരുന്നെന്നാണ്‌ നേതൃത്വത്തിനു ലഭിച്ച വിവരം. എന്നാല്‍, ഒരാളെ ലക്ഷ്യമിട്ടു നടത്തിയ നീക്കം തിരിച്ചടിയായത്‌ കേന്ദ്ര സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമാണ്‌.
ബി.ജെ.പിയിലെ കോഴ വിവാദം ലോക്‌സഭയില്‍ ഉന്നയിച്ച്‌ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള തീവ്രശ്രമത്തിലാണു സി.പി.എം. ഈ നീക്കത്തോട്‌ കോണ്‍ഗ്രസ്‌ മുഖംതിരിച്ചു നില്‍ക്കുന്നതാണ്‌ ബി.ജെ.പിക്കുള്ള ആശ്വാസം. ലോക്‌സഭാ നടപടികള്‍ തടസപ്പെടുന്ന രീതിയില്‍ വിഷയം ഉന്നയിക്കപ്പെട്ടതോടെയാണു ദേശീയനേതാക്കളും വിഷയത്തില്‍ ഇടപെട്ടത്‌. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിഛായയ്‌ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ്‌ ഇതെന്നതാണ്‌ ബി.ജെ.പി. ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്‌.
പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാതെ ഗ്രൂപ്പ്‌ പോരിനു മാത്രം സമയം കണ്ടെത്തുന്ന നേതാക്കളാണ്‌ കേരളത്തിലെന്നാണു ദേശീയ നേതൃത്വത്തിന്റെ വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ സാധിച്ചത്‌ ഒ. രാജഗോപാലിന്റെ വ്യക്‌തിമികവുകൊണ്ടു കൂടിയാണ്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ത്രിപുരയിലും ബംഗാളിലും പ്രതിപക്ഷ വോട്ടുകള്‍ മറിക്കാന്‍ സാധിച്ച ബി.ജെ.പിക്ക്‌ കേരളത്തില്‍ അത്ഭുതങ്ങള്‍ കാണിക്കാനായില്ല. അമിത്‌ ഷായുടെ കേരള സന്ദര്‍ശനവും നിറംമങ്ങിയതായിരുന്നു. രാജ്യസഭയിലേക്കു കൈപിടിച്ചുയര്‍ത്തിയ സുരേഷ്‌ഗോപി ശോഭിച്ചില്ലെന്നും വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ്‌ പോര്‌ മുറുകുകയും കോഴ വിവാദത്തിലടക്കം കുടുങ്ങി പ്രതിഛായ മങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാന നേതൃത്വം ഉടച്ചുവാര്‍ക്കണമെന്ന നിലപാടിലാണ്‌ ദേശീയ നേതൃത്വം.
ആര്‍.എസ്‌.എസ്‌. സംസ്‌ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാത്രമാകും അമിത്‌ ഷായുടെ നീക്കം. പാര്‍ട്ടിയിലെ എം.ടി. രമേശ്‌ വിഭാഗത്തിനാണ്‌ ആര്‍.എസ്‌.എസിന്റെ പിന്തുണ. അതുകൊണ്ടുതന്നെ കോഴ വാങ്ങിയെന്ന ആരോപണത്തെക്കാള്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തതിനെയാകും വലിയ കുറ്റമായി ആര്‍.എസ്‌.എസ്‌. നേതൃത്വം വ്യാഖ്യാനിക്കുക.
ഗ്രൂപ്പ്‌ പോരില്‍ മനംമടുത്ത കുമ്മനം രാജശേഖരന്‍, സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ തുടരാനില്ലെന്ന നിലപാടിലാണ്‌. മുമ്പ്‌ പലതവണ ഇക്കാര്യം ആര്‍.എസ്‌.എസ്‌. നേതൃത്വത്തെ കുമ്മനം അറിയിച്ചിരുന്നെങ്കിലും, മറ്റാരെയും നിര്‍ദേശിക്കാനില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തോട്‌ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. കോഴ ഇടപാടുമായി ബന്ധപ്പെട്ട്‌ തനിക്കെതിരേയും പരോക്ഷമായി ആരോപണം ഉയര്‍ന്ന സാചര്യത്തില്‍ കുമ്മനം അസ്വസ്‌ഥനാണ്‌. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ കുമ്മനം ഇക്കാര്യം തുറന്നുപറയുമെന്നാണു സൂചന.
നേതൃത്വത്തില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ പല നേതാക്കളും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റെങ്കിലും കേരളത്തില്‍നിന്ന്‌ തരപ്പെടുത്തണമെന്ന്‌ അമിത്‌ ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റ്‌ പോലും ലഭിക്കില്ലെന്നാണ്‌ നേതൃത്വത്തിന്റെ ആശങ്ക. അമിത്‌ ഷാ നിയോഗിച്ച സ്വകാര്യ അന്വേഷണ ഏജന്‍സി സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യത്തെകുറിച്ചും നേതാക്കളുടെ വിജയ-പരാജയ സാധ്യതകളെക്കുറിച്ചും പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

Ads by Google
Saturday 22 Jul 2017 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW