Sunday, December 17, 2017 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 01.57 AM

ദൈവം മരിച്ചിട്ടില്ല, മൗനത്തിലാണ്‌

uploads/news/2017/07/129613/bft1.jpg

കേരളത്തിലെ നഴ്‌സുമാരെ മാധ്യമങ്ങള്‍ മാലാഖമാര്‍ എന്നാണു വിശേഷിപ്പിച്ചു കണ്ടത്‌. അവരുടെ സമരം മുഖ്യമന്ത്രിയുടെ ഇടപെടലില്‍ അവസാനിച്ചു. അവര്‍ ആവശ്യപ്പെട്ട ശമ്പളം കിട്ടുമെന്ന്‌ ഉറപ്പായി. മുഖ്യമന്ത്രിയോടു കടപ്പെട്ടവരാകും അവര്‍.
കേരളത്തിലെ നഴ്‌സുമാര്‍ക്കു മാലാഖമാര്‍ എന്നു പേരുണ്ടായത്‌ അതിന്റെ മഹത്വപൂര്‍ണമായ നിലവാരത്തിന്റെയും രാജ്യാന്തര പ്രശസ്‌തിയുടെയും പേരിലാണ്‌. എന്നാല്‍, ഈ പാരമ്പര്യ മഹത്വത്തിന്റെ പിന്നില്‍ കേരളത്തിലെ ക്രൈസ്‌തവസഭയുണ്ട്‌ എന്നും മറക്കാനാവില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലോ മധ്യത്തിലോ ഇങ്ങനെയുള്ള ഒരു സല്‍പ്പേര്‌ നഴ്‌സിങ്ങിന്‌ ഉണ്ടായിരുന്നോ എന്നു സംശയമാണ്‌. ധാരാളം കന്യാസ്‌ത്രീകള്‍ ഈ രംഗത്തേക്കു കടക്കുകയും അവര്‍ പിന്നീട്‌ നഴ്‌സിങ്‌ കോളജുകളും നഴ്‌സിങ്‌ പരിശീലനവും നടത്തുകയും ചെയ്‌തു. നഴ്‌സിങ്‌ രംഗത്തെ പാരമ്പര്യ മഹത്വത്തിന്റെ പിന്നില്‍ കന്യാസ്‌ത്രീകളുടെ പങ്ക്‌ അവഗണിക്കാനാവില്ല. ഇന്നു കേരളത്തിലെ നഴ്‌സുമാര്‍ രാജ്യാന്തര പ്രശസ്‌തിയുള്ളവരാണ്‌. വിദേശപണത്തിന്റെ കാര്യം അവഗണിച്ചാല്‍ തന്നെ ഇതു വലിയൊരു നേട്ടമാണ്‌.
ഈ മാലാഖമാര്‍ക്കാണു മാന്യമായ ശമ്പളത്തിനു വേണ്ടി തെരുവിലിറങ്ങേണ്ടി വന്നത്‌. അവര്‍ക്കു പ്രഫഷണല്‍ വിദ്യാഭ്യാസമുണ്ട്‌. ജീവന്റെയും മരണത്തിന്റെയും ഇടയിലെ നൂല്‍പ്പാലത്തില്‍ നമ്മുടെ ജീവനു കാവലിരിക്കുന്നവരുമാണ്‌. ഇവര്‍ക്കു ജീവിക്കാനും കുടുംബം പുലര്‍ത്താനും ആവശ്യമായതു കൊടുക്കാന്‍ ഇവിടെ സര്‍ക്കാര്‍ നിയമങ്ങളുണ്ട്‌. അതു നടത്തിക്കൊടുക്കാന്‍ ആശുപത്രികള്‍ക്കു ഉത്തരവാദിത്വവും അതില്‍ സഹകരിക്കാന്‍ പൊതുജനത്തിനു കടമയുമുണ്ട്‌. ഈ സമരത്തിന്റെ ആരംഭത്തില്‍ത്തന്നെ പൊതുജനവികാരവും മാധ്യമ പിന്തുണയും നഴ്‌സുമാരുടെ പക്ഷത്തായിരുന്നു. അതു നീതിക്കുവേണ്ടിയുള്ള നിലവിളിയായി പൊതുജനം മാത്രമല്ല ഭൂരിപക്ഷം ക്രൈസ്‌തവരും കണ്ടു എന്നാണ്‌ തോന്നിയത്‌. പക്ഷേ, ഈ സമരത്തെ രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടിയിരുന്നോ എന്ന്‌ ഇരുവിഭാഗവും ചിന്തിക്കണം.ആരോഗ്യപരിരക്ഷയുടെയും നഴ്‌സിങ്‌ വിദ്യാഭ്യാസത്തിന്റെയും ആശുപത്രികളുടെയും തലത്തില്‍ വലിയ സംഭാവന ചെയ്യുന്ന ക്രൈസ്‌തവ സഭ അതിന്റെ ഉത്തരവാദിത്വത്തില്‍ ഇവിടെ ഉറങ്ങിപ്പോയോ എന്നു സംശയിച്ചു പോകുന്നു. ഇരുന്നൂറ്റമ്പതില്‍പ്പരം ആശുപത്രികള്‍ ക്രൈസ്‌തവസഭകള്‍ക്കെല്ലാം കൂടിയുണ്ട്‌. അവയില്‍ ആയിരത്തിലധികം കിടക്കകളുള്ള വലിയ ആശുപത്രികളും ചെറിയ ആശുപത്രികളുംപെടും. കത്തോലിക്കാ ആശുപത്രികള്‍ക്കും ഒരു സംഘടനയുണ്ട്‌.
ക്രൈസ്‌തവ ആശുപത്രികള്‍ നടത്തുന്നതിന്റെ ലക്ഷ്യം ലാഭമല്ല, അങ്ങനെ ആകുകയും അരുത്‌. ആശുപത്രിയുടെ നടത്തിപ്പും അനിവാര്യമായ പുരോഗതിയും ലക്ഷ്യമാക്കി നടത്തുന്ന ആതുരശുശ്രൂഷയാകണം ലക്ഷ്യം. ഈ സേവനഭാരം ഡോക്‌ടര്‍മാരില്‍നിന്ന്‌ ഒഴിവാക്കി ബാക്കി ജോലിക്കാരുടെമേല്‍ കെട്ടിവയ്‌ക്കാനും പാടില്ല. ജോലിക്കാര്‍ക്കു ന്യായമായ കൂലി കൊടുക്കാതെ ആതുരശുശ്രൂഷ ചെയ്യാന്‍ ക്രിസ്‌തു അനുവദിക്കുമോ?
നഴ്‌സുമാര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ശമ്പളമല്ല ചോദിച്ചത്‌ എന്നതു ക്രൈസ്‌തവ ആശുപത്രികളിലെ സേവനത്തില്‍ പങ്കുചേരാന്‍ സന്നദ്ധരാണ്‌ എന്നതല്ലേ കാണിക്കുക? ഈ സേവന താല്‍പ്പര്യമില്ലാതെ വെറും ലാഭത്തിനുവേണ്ടി മാത്രം സ്വകാര്യ ആശുപത്രികള്‍ നടത്തുന്നവരുണ്ടാകാം. അവരെ കൂട്ടുപിടിച്ചു നഴ്‌സുമാര്‍ക്കു ശമ്പളം കൊടുക്കാതിരിക്കാന്‍ സംഘടനാബലം ഉണ്ടാക്കേണ്ട കാര്യവുമില്ല. മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതിയെ നിയന്ത്രിക്കുന്ന ഒരു സംസ്‌കാരം ക്രൈസ്‌തവ ആശുപത്രികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌.
കേരളത്തിലെ ആരോഗ്യപരിരക്ഷയുടെ തലത്തില്‍ അനാരോഗ്യകരമായ പ്രവണതകളെ തടയാനും കഴിയുന്നു. വിദ്യാഭ്യാസം കഴിഞ്ഞാല്‍ ക്രൈസ്‌തവ സഭകളുടെ ഏറ്റവും പ്രാധാന്യമുള്ള സേവനമണ്‌ഡലമാണ്‌ ആശുപത്രികള്‍. ഇവിടെയുണ്ടായ ഒരു തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെട്ട്‌ ആരോഗ്യകരമായ രീതികളും ചിട്ടകളും ഉണ്ടാക്കാനുള്ള ധര്‍മ്മബോധത്തിന്റെ സന്ദര്‍ഭത്തില്‍ ഉറങ്ങിക്കഴിയുന്ന നിലപാട്‌ വേദനിപ്പിക്കുന്നതും അതിന്റെ പിന്നിലെ സ്‌ഥാപനതാത്‌പര്യം അനാരോഗ്യകരവുമാണ്‌.
സിമോണ്‍ െവെല്‍ (1909-1943) എന്ന യഹൂദ വനിതയെ ടി.എസ്‌. എലിയട്ട്‌ വിശേഷിപ്പിച്ചത്‌ "വിശുദ്ധരെപ്പോലുള്ള വനിതാ പ്രതിഭ" എന്നാണ്‌. അവര്‍ കത്തോലിക്കാ വിശ്വാസം എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊണ്ടവരും യേശുക്രിസ്‌തുവിനെ അഗാധമായി സ്‌നേഹിച്ചവരും കൂദാശകള്‍ സ്വീകരിക്കാന്‍ കാത്തിരുന്നവരുമാണ്‌. പക്ഷെ, അവര്‍ മാമ്മോദീസ സ്വീകരിക്കാന്‍ മടിച്ചു. അതിനെക്കുറിച്ച്‌ തന്റെ ആത്മീയപിതാവായ കത്തോലിക്കാ െവെദികന്‌ എഴുതിയപ്പോള്‍ അവര്‍ ഒരു കാര്യം ചൂണ്ടിക്കാണിച്ചു. ഇവിടെയും അതു പ്രസക്‌തമാണ്‌.
കുരിശുയുദ്ധങ്ങളെയും കുറ്റവിചാരണകളെയും അനുകൂലിച്ച വിശുദ്ധരുണ്ടായിരുന്നു. അവര്‍ ചെയ്‌തതു തെറ്റാണ്‌ എന്നു കരുതുന്ന സിമോണ്‍ പറയുന്നു. "അവരെക്കൊണ്ട്‌ അതു ചെയ്യിച്ചതു സഭയുടെ സാമുദായികതയാണ്‌. എന്നെ ഭയപ്പെടുത്തുന്നത്‌ സഭയുടെ സാമുദായിക ഘടനയാണ്‌. കത്തോലിക്കാ വൃത്തങ്ങളിലെ സഭാ സ്‌നേഹം എന്നെ ഭയപ്പെടുത്തുന്നു. ക്രിസ്‌തുവിനെ മറന്നുള്ള സഭാസ്‌നേഹം ചരിത്രത്തില്‍ സഭയുടെ വീഴ്‌ചകളായി മാറുന്നു. ഇത്തരത്തിലുള്ള സഭാ സ്‌നേഹം നമ്മെ ഭരിക്കുമ്പോള്‍ ധര്‍മ്മബോധം ഉറക്കത്തിലാകും." അതു സൂചിപ്പിക്കാനെന്ന വണ്ണം സിമോണ്‍ എഴുതി, "െദെവം മരിച്ചിട്ടില്ല, മൗനത്തിലാണ്‌. " ആരാണ്‌ െദെവത്തെ മൗനിയാക്കുന്നത്‌? െദെവത്തിന്റെ ശബ്‌ദമാകേണ്ടവര്‍ വായടച്ചോ? അങ്ങനെ മൗനിയാക്കുമ്പോള്‍ സെക്യുലര്‍ സമൂഹവും മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയും മുഖ്യമന്ത്രിയും ധര്‍മ്മബോധത്തിന്റെ സ്വരമാകും. നാളെ കപ്യാര്‍മാരുടെ ശമ്പളം മുഖ്യമന്ത്രി തിരുമാനിക്കട്ടെ എന്നു പ്രാര്‍ഥിക്കേണ്ടി വരല്ലേ എന്നു പ്രാര്‍ഥിക്കുന്നു.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Saturday 22 Jul 2017 01.57 AM
YOU MAY BE INTERESTED
TRENDING NOW