Monday, February 26, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 04.25 PM

ഏഴരശനിയുടെ വിളയാട്ടം

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/07/129551/lenaclum13a.jpg

ട്രാഫിക്ക് തൂത്തുമായ്ച്ചു കളഞ്ഞ 'ഏഴരശനി'യെക്കുറിച്ച് പറഞ്ഞല്ലോ. ഈ കഥയ്ക്ക് പൂര്‍ണ്ണരൂപം കിട്ടണമെങ്കില്‍ കുറച്ചു ദൂരം പിന്നിലേക്ക് നടക്കണം.

ഏഴരശനിയുടെ എന്‍ട്രി


കഥാപാത്രത്തെക്കുറിച്ച് എല്ലാവരും അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമായിട്ടെടുത്തില്ല. കാരണം 13 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. ഇത്രയും നാളായിട്ട് പ്രേക്ഷകരാരും എന്നെ അത്രകണ്ട് കാര്യമാക്കിയിരുന്നില്ല.

ഒരുപാട് സിനിമകള്‍ ചെയ്തു, പക്ഷേ അതിനു തക്കതായ ഒരു റെക്കഗനീഷനൊന്നും കിട്ടിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ലിസ്റ്റിനടക്കം പലരും ട്രാഫിക്കിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതൊന്നും ഞാന്‍ വലിയ സംഭവമായിയെടുത്തില്ല.

എപ്പോഴും ചെയ്യാറുള്ളതു പോലെ, എനിക്ക് ചെയ്യാവുന്നതൊക്കെ ആ കഥാപാത്രത്തിനു വേണ്ടി ചെയ്തു, സിനിമ കഴിഞ്ഞു അത്രേയുള്ളു.

ഇതിനിടയില്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യം എന്റെ ജീവിതത്തിലും സംഭവിച്ചു.ഏഴരശനിയെക്കുറിച്ചും അതെന്റെ ജീവിതത്തില്‍ വരുത്തിയിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തിരിച്ചറിയുന്നത് അക്കാലത്താണ്.

രാമേട്ടന്റെ പ്രവചനങ്ങള്‍


രാമചന്ദ്രമേനോന്‍ ചേട്ടനെക്കുറിച്ചുള്ള കുറിപ്പ് ഇവിടെ ആവശ്യമാണ്. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിലാണ് ജോലി. ജോതിഷം പാഷനായി, ഹോബിയായി, ഇഷ്ടത്തോടെ കൊണ്ടു നടക്കുന്ന ഒരാളാണ്. വളരെയധികം ദൈവഭക്തിയുള്ള, സിനിമയിലെ പലരുമായി നല്ലയടുപ്പമുള്ള, ബന്ധമുള്ള ആളാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രെയിന്‍ യാത്രയില്‍ യാദൃച്ഛികമായി ഞാന്‍ രാമചന്ദ്രന്‍ ചേട്ടനെ പരിചയപ്പെടാനിടയായി. സംസാരത്തിനിടയില്‍ ഞാന്‍ കുട്ടിയുടെ ജാതകമൊക്കെ നോക്കിയിട്ട് പറയാം.. എന്നദ്ദേഹം പറഞ്ഞു.

അക്കാലത്ത് എനിക്കിത് വലിയ വിശ്വാസമൊന്നുമില്ലായിരുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്ന് ഉറച്ചു വിശ്വസിച്ച സമയമായിരുന്നു അത്. എങ്കിലും അദ്ദേഹത്തെ നിരസിക്കാനൊന്നും പോയില്ല.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യമൊന്നും കൊടുത്തില്ലെങ്കിലും എതിര്‍ക്കാനും പോയില്ല. ആയിക്കോട്ടെ, നോക്കിക്കോളൂ.. എന്ന് പറഞ്ഞ് ഞാനത് വിട്ടു. ഓര്‍മ്മയില്‍ നിന്ന് ആ സംസാരം വിട്ടു പോയിരുന്നു. പിന്നെ അതിനെക്കുറിച്ച് ഞാന്‍ നോക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.

ശനിയെ തുരത്തുന്നു...


ട്രാഫിക്കിന്റെ റിലീസ് 2011 ജനുവരിയിലാണ്. 2010 നവംബര്‍-ഡിസംബര്‍ കാലത്ത് എനിക്ക് അപ്രതീക്ഷിതമായി ഒരു കോള്‍ വന്നു. രാമചന്ദ്രന്‍ മേനോന്‍ ചേട്ടനായിരുന്നു.

സ്ഥിരമായുള്ള വിളിയോ അന്വേഷണങ്ങളോ ഒന്നും അന്ന് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. (ഇപ്പോള്‍ വാട്ട്‌സ് അപ്പ് ഒക്കെയുള്ളതു കൊണ്ട് വിശേഷങ്ങള്‍ തിരക്കാറുണ്ട്.) വല്ലപ്പോഴും വിളിക്കുമെങ്കിലും അന്നത്തെ വിളിയില്‍ അല്‍പ്പം പ്രത്യേകതയുണ്ടായിരുന്നു. അത് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി.

വലിയ മുഖവുരയൊന്നുമില്ലാതെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു. ആഹ്, ഒരു കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്. മോളുടെ ഏഴരശനി തീരുകയാണ്..

ങേ, ഏഴരശനിയോ, അതെന്താ?? എന്നായി ഞാന്‍.

ഏഴരശനി എല്ലാവരുടേയും ജീവിതത്തില്‍ ഉള്ളതാണ്. അതില്‍ ആദ്യത്തെ ഏഴരശനി വലിയ ബുദ്ധിമുട്ടാണ്. നിങ്ങള്‍ എത്ര പ്രയത്‌നിച്ചാലും അതിനു തക്കതായ ഫലം കിട്ടാത്തതു പോലെ തോന്നും. ഭയങ്കര ബുദ്ധിമുട്ടൊക്കെ ഉണ്ടാകും.

കുറച്ചെങ്കിലും മെച്ചം ജീവിതത്തിലുണ്ടാകാന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടി വരും. ഒരു ബുദ്ധിമുട്ടിന്റെ സമയമാണത്.എന്നിങ്ങനെഅതിനെക്കുറിച്ചൊക്കെ കുറച്ചു കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു.

uploads/news/2017/07/129551/lenaclum13.jpg
രാമചന്ദ്രന്‍ മേനോന്‍

എനിക്കങ്ങനെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ഞാന്‍ വളരെ സുഖമായിട്ടാണ് ജീവിക്കുന്നതെതന്നായിരുന്നു എന്റെ മറുപടി.

അപ്പോള്‍ അദ്ദേഹം അത് നിങ്ങള്‍ക്ക് ദൈവാധീനം ഉള്ളതു കൊണ്ട് തോന്നുന്നതാണ്. ഇത് മാറിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകും. നിങ്ങള്‍ ഇത്രയും നാള്‍ എടുത്ത എഫര്‍ട്ടിന്റെയൊക്കെ ഫലം കണ്ടു തുടങ്ങും..എന്നൊക്കെ പറഞ്ഞു.

ശരി.. എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

ഇതിനെക്കുറിച്ചു വലിയ വിവരമൊന്നുമില്ലാത്തതു കൊണ്ട് ആ പറഞ്ഞതൊന്നും എനിക്ക് ശരിക്ക് മനസ്സിലായില്ല, അതുകൊണ്ട് വലിയ കാര്യമാക്കിയതുമില്ല.

സത്യത്തില്‍ ട്രാഫിക് റിലീസായത് എന്റെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റായി. അത്രയും നാള്‍ സിനിമയില്‍ നിന്നതിന്റെയൊക്കെ അംഗീകാരം ഒരുമിച്ച് കിട്ടിത്തുടങ്ങി. ആ വര്‍ഷം ആറോ ഏഴോ അവാര്‍ഡ് ട്രാഫിക്കിന്റെ പേരില്‍ എന്റെ കൈയിലേക്കെത്തി.

അതിനു ശേഷം അധികം താമസിയാതെ നല്ല സിനിമകളില്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനവസരങ്ങള്‍ കിട്ടി. സ്പിരിറ്റ്, ഈ അടുത്ത കാലത്ത് എന്നിവയിലൊക്കെ നല്ല വേഷങ്ങള്‍ ചെയ്തു. പെട്ടെന്ന് ജീവിതം അപ്പാടെ മാറി.

പ്രൊഫഷനിലും കരിയറിലും വ്യക്തിജീവിതത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി, എല്ലാം തികച്ചും മാറിമറിഞ്ഞു. ജീവിതം ശരിക്കും സുഖകരമായി. അത്രയും നാളുണ്ടായിരുന്ന ബുദ്ധിമുട്ട് എന്താണെന്നും പൂര്‍ണ്ണ സംതൃപ്തി കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്നും യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞു.

കിട്ടിത്തുടങ്ങിയ സന്തോഷത്തിലായിരുന്നു പൂര്‍ണ്ണ സംതൃപ്തിയെന്ന് മനസ്സിലാക്കി.

ഞാന്‍ രാമചന്ദ്രന്‍ മേനോന്‍ ചേട്ടനെ വിളിച്ചു. രാമേട്ടാ, നിങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കിപ്പോഴാ മനസ്സിലായത്. ഞാനത് ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..

മോളെ, ഇനിയിപ്പോള്‍ തിരിഞ്ഞു നോക്കണ്ട. പിടിച്ചാല്‍ കിട്ടാത്തത്ര ഉയരത്തിലേക്ക് പോകും. നല്ല സമയമാണിപ്പോള്‍. ശരിക്കും എന്‍ജോയ് ചെയ്‌തോളൂ....എന്നദ്ദേഹം പറഞ്ഞു.

ആ വാക്കുകള്‍ സത്യമാക്കുന്നതു പോലെ ഇപ്പോഴും ജീവിതം സുന്ദരമായി പോകുന്നു. ഈ നിമിഷം വരെയും അത് സംഭവിച്ചു കൊണ്ടിരിക്കുന്നു...

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
TRENDING NOW