Saturday, January 20, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jul 2017 04.24 PM

വിഷാദം ഒരു മാനസിക അര്‍ബുദം

മനുഷ്യന്റെ മുഴുവന്‍ കഴിവുകളും ഇല്ലായ്മ ചെയ്യുന്ന ഒരു മാനസിക അര്‍ബുദം എന്ന് വിഷാദരോഗത്തെ വിശേഷിപ്പിക്കാം. ഒരു വ്യക്തി വിഷാദത്തിന് അടിമപ്പെടുമ്പോള്‍ അയാള്‍ക്ക് ജീവിതത്തിലെ എല്ലാ കാര്യങ്ങളോടും ഉള്ള താത്പര്യം നഷ്ടപ്പെടുന്നു.
uploads/news/2017/07/129278/vishadham200717.jpg

സമൂഹത്തില്‍ നിന്ന് അകന്ന് ഉള്‍വലിഞ്ഞ ജീവിതം നയിക്കാന്‍ തുടങ്ങുന്നു. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയില്ലെങ്കില്‍ ഈ മാനസിക അര്‍ബുദം ഒരു വ്യക്തിയുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.

മനീഷ് തിരുവനന്തപുരത്തെ ഒരു സ്വകാര്യബാങ്കില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ വീണ അധ്യാപിക. കോട്ടയം സ്വദേശികളായ ഇരുവരും കുട്ടികള്‍ക്കൊപ്പം ആറു വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. ഇരുവരും തമ്മില്‍ കാര്യമായ വഴക്കുകളോ പ്രശ്‌നങ്ങളോ ഇല്ല.

എങ്കിലും വീണ ഒരു ദിവസം കൗണ്‍സിലറുടെ മുന്നിലെത്തി. മനീഷിന്റെ സ്വാഭാവത്തില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ വന്നു എന്നതായിരുന്നു കാരണം.

സാധാരണനിലയില്‍ വീട്ടിലെത്തിയാല്‍ വീണയോടും കുട്ടികളോടും ഒപ്പം മുഴുവന്‍ സമയവും ചെലവിടാറുള്ള മനീഷ് കൂടുതല്‍ നേരം ഒറ്റയ്ക്കിരിക്കാന്‍ താത്പര്യം കാണിക്കുന്നു.

കാര്യം തിരക്കിയെങ്കിലും അയാള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ദിവസങ്ങളോളം ഇത് തുടര്‍ന്നപ്പോള്‍ മനീഷിന്റെ ഓഫീസിലെ ചില സഹപ്രവര്‍ത്തകരെ വിളിച്ച് വീണ കാര്യം തിരക്കി. എന്നാല്‍ ഓഫീസില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്.

അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്കൊപ്പം പുറത്തു പോകാനോ ബന്ധുവീടുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കാനോ മനീഷ് കൂട്ടാക്കുന്നില്ല. മുഴുവന്‍ സമയവും മടിപിടിച്ചതു പോലെ കിടക്കുന്നു. മിക്കപ്പോഴും ടി.വി ഓണ്‍ ചെയ്ത് അതിനു മുന്നില്‍ ഇരിക്കും. എന്നാല്‍ ടി.വിയിലെ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുന്നതായി തോന്നാറില്ല.

മനീഷിന് എന്താണ് സംഭവിച്ചതെന്നായിരുന്നു വീണയ്ക്ക് അറിയേണ്ടത്. പിന്നീട് മനീഷുമായി സംസാരിച്ചപ്പോള്‍ വീണ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. ആകെ മടുത്തു എന്ന രീതിയിലായിരുന്നു അയാളുടെ സംസാരം.

മനീഷിന് ബാങ്കിങ് മേഖലയില്‍ ജോലിനോക്കാന്‍ തീര്‍ത്തും താത്പര്യമില്ലായിരുന്നു. എന്നാല്‍ പഠനം കഴിഞ്ഞ ഉടനെ കിട്ടിയ ജോലി എന്ന നിലയ്ക്ക് അയാള്‍ ഈ രംഗത്ത് എത്തിപ്പെടുകയായിരുന്നു.

ഓഫീസിലെ ടാര്‍ഗറ്റും ജോലി സമ്മര്‍ദവും പലപ്പോഴും അയാള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

അടുത്തിടെ അയാള്‍ ഒപ്പം പഠിച്ച ഒരു സുഹൃത്തിനെ കണ്ടു. അയാള്‍ ഇപ്പോള്‍ വിദേശത്തെ ഒരു പ്രമുഖ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പഠിക്കുമ്പോള്‍ തന്നേക്കാള്‍ വളരെ പിന്നിലായിരുന്ന കൂട്ടുകാരന്‍ ഇപ്പോള്‍ തന്നേക്കാള്‍ എത്രയോ ഉയരത്തിലെത്തിയെന്ന് മനീഷ് ചിന്തിച്ചു.

അന്നേ ദിവസം അതു മാത്രമായിരുന്നു അയാളുടെ ചിന്ത. ഈ സംഭവത്തോടെ മനീഷ് തന്റെ കരിയറിനെകുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ തുടങ്ങി. കൂടുതല്‍ ആഴത്തില്‍ ആലോചിക്കും തോറും തനിക്ക് എവിടേയും എത്താന്‍ കഴിഞ്ഞില്ലെന്ന ചിന്ത അയാളുടെ ഉള്ളില്‍ ഉറച്ചു.

ജോലിയോട് പതിയെ മടുപ്പ് തോന്നിത്തുടങ്ങി. ഇത് അയാളുടെ കുടുംബജീവിതത്തെയും ബാധിച്ചു. മടുപ്പും നിരാശയും അയാളെ വിഷാദത്തിന്റെ വക്കോളം എത്തിച്ചു. ഈ രീതിയില്‍ കൂടുതല്‍ മുന്നോട്ടു പോയാല്‍ മനീഷിന്റെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു.

എന്നാല്‍ വീണയുടെ യുക്തിപൂര്‍ണമായ ഇടപെടല്‍ ഇവിടെ രക്ഷയായി. കൃത്യമായ ഇടവേളകളില്‍ കൗണ്‍സിലിങ് നല്‍കിയതിലൂടെ അയാളെ ഈ അവസ്ഥയില്‍ നിന്നു മോചി പ്പിക്കാനായി.

Thursday 20 Jul 2017 04.24 PM
YOU MAY BE INTERESTED
TRENDING NOW