Thursday, May 24, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 03.43 PM

പനി ഉണ്ടാകുന്നത് എങ്ങനെ ?

പനിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും പനി എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. പനി വരുന്ന വഴികളെക്കുറിച്ച്.
uploads/news/2017/07/128978/feverstarting.jpg

മഴക്കാലം പനിക്കാലമായി മാറിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചപനി പ്രതിരോധത്തില്‍ കേരളം പതറിപ്പോകാറുണ്ട്. ഓരോ പനിക്കാലവും കവര്‍ന്നെടുക്കുന്നത് എത്രയെത്ര ജീവനുകളാണ്. എന്തുകൊണ്ടാണ് മഴക്കാലത്ത് മാത്രം പനിക്കാരുടെ എണ്ണം കൂടിവരുന്നത്.

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വൈറസ് രോഗാണുക്കളുടെ ജീവിതദൈര്‍ഘ്യം കൂടുകയും മനുഷ്യരുടെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഇതാണ് പകര്‍ച്ചപ്പനിയുടെ പ്രധാന കാരണം.

കുത്തിയൊലിക്കുന്ന മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് രോഗാണുക്കളുടെ ഒരു നിരതന്നെയാണ്. വായു, വെള്ളം, കൊതുക്, ഈച്ച എന്നിവ വഴിയാണ് രോഗാണുക്കള്‍ ശരീരത്തില്‍ കയറിക്കൂടുന്നത്.

വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും വരുത്തുന്ന അലംഭാവം രോഗാണുക്കള്‍ക്ക് രോഗം പരത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നു.

പനി ഒരു രോഗമായി കണക്കാക്കാനാവില്ല. ശരീരത്തിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുമ്പോള്‍ ശരീര ഊഷ്മാവ് സാധാരണയില്‍നിന്നും ഉയരും. അങ്ങനെ പനിയായി പരിണമിക്കുന്നു. പകര്‍ച്ചപ്പനി പകരാതിരിക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം.

1. പനിയുള്ള വ്യക്തിയുമായി അടുത്തിടപഴകാതെ സൂക്ഷിക്കുക
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കണം

3. കൊതുകുകള്‍ പെരുകാതിരിക്കാന്‍ പരിസരം ശുചിയായി സൂക്ഷിക്കുക
4. വ്യക്തിശുചിത്വം പാലിക്കുക

വൈറല്‍പ്പനി


വൈറല്‍പ്പനി അപകടകാരിയല്ലെങ്കിലും പ്രായമായവരിലും രോഗപ്രതിരോധശക്തിക്കുറഞ്ഞവരിലും ആഴത്തില്‍ പിടികൂടിയേക്കാം. അതിനാല്‍ പനിപിടികൂടാതെയുള്ള മുന്‍കരുതലുകളാണ് ഏറ്റവും പ്രധാനം.

വൈറസിനെതിരെ മരുന്നുകളോ ഫലപ്രദമായ വാക്‌സിനുകളോ ലഭ്യമല്ല. വൈറസുകള്‍ പലതരം ഉണ്ട്. ഒരു വൈറസിന് എതിരെയുള്ള മരുന്ന് മറ്റൊരു വൈറസിനെതിരെ ഫലപ്രദമാകണമെന്നില്ല. പലതരത്തില്‍പ്പെട്ട വൈറസുകള്‍ക്ക് ഒരേ ലക്ഷണങ്ങളുള്ള അസുഖങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.

ഉദാഹരണത്തിന് ജലദോഷപ്പനിതന്നെ പലരിലും പലസമയത്തും പലതരത്തില്‍പ്പെട്ട വൈറസുകള്‍ ഉണ്ടാക്കുന്നതാണ്. വൈറല്‍പ്പനിക്ക് പ്രത്യേക ചികിത്സകളൊന്നും ആവശ്യമില്ല. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 7 - 8 ദിവസംകൊണ്ട് മാറിക്കൊള്ളും.

വൈറല്‍പ്പനി പിടിപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടത്


1. ധാരാളം വെള്ളം കുടിക്കുക
2. വൈറ്റമിന്‍ സി ഗുളികകള്‍ രോഗപ്രതിരോധശേഷി വീണ്ടെടുക്കുവാന്‍ സഹായിക്കും

3. പനി ശക്തമാകാതെ സൂക്ഷിക്കണം എന്നതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ശരീരം മുഴുവന്‍ നനഞ്ഞതുണികൊണ്ട് ഇടയ്ക്കിടയ്ക്ക് തുടയ്ക്കുന്നത് നല്ലതാണ്
4. നല്ല വിശ്രമമാണ് വൈറല്‍പ്പനിക്കെതിരെയുള്ള പ്രതിവിധി

5. വിശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിക്കും. ഇത് രോഗാണുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ ശരീരത്തിന് കരുത്തു നല്‍കും
6. കാറ്റും വെളിച്ചയും യഥേഷ്ടം ലഭിക്കുന്ന തുറസായ മുറിവേണം പനിബാധിച്ചവര്‍ തെരഞ്ഞെടുക്കാന്‍

7. പനിയുള്ളപ്പോള്‍ യാത്രകള്‍ ഒഴിവാക്കണം. വിശ്രമമില്ലാത്തവരില്‍ ബാക്ടീരിയല്‍ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്
8. പനിക്കുള്ള പാരസെറ്റമോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. അമിത അളവില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കരളിന്
ഹാനികരമാണ്.

9. കരിക്കിന്‍ വെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം തുടങ്ങിയവ രോഗിക്ക് കുടിക്കാന്‍ നല്‍കണം. പനി മാറിയതിനുശേഷം രണ്ടു ആഴ്ചയോളം ഈ ശീലം തുടരുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും.
10. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും.

uploads/news/2017/07/128978/feverstarting1.jpg

സന്ധിവേദനയും ശാരീരിക പ്രശ്‌നങ്ങളും


സന്ധിവേദനയാണ് മിക്ക പനികളുടെയും മുഖ്യ ലക്ഷണം. ചിക്കുന്‍ഗുനിയക്കൊപ്പം ശക്തമായ പനിയും പേശിവേദനയും പ്രത്യക്ഷപ്പെടുന്നു.

കൈവിരലുകളിലെയും കാല്‍വിരലുകളിലെയും ചെറിയ സന്ധികളെയാണ് ബാധിക്കുന്നത്. പാര്‍വോവൈറസുകള്‍, റൂബെല്ല, ഹെപ്പറ്റെറ്റിസ് ബി,സി, എയ്ഡ്‌സ് വൈറസുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം അസഹ്യമായ സന്ധിവേദനയുണ്ടാക്കും.

വൈറസുകള്‍ സന്ധികളുടെ ഘടനയെ ആക്രമിക്കുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണവും സന്ധിവേദനയ്ക്ക് ഉണ്ടാക്കാം.

വൈറസിനെതിരായി ശരീരം പുറപ്പെടുവിക്കുന്ന ആന്റീബോഡികള്‍ സന്ധികളെ ബാധിച്ച് വേദനയ്ക്കും നീര്‍ക്കെട്ടിനും ഇടയാക്കും.

പനി ശരീരത്തിന്റെ ക്രമാനുഗതമായ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നു. ഇത് പലതരത്തിലുള്ള ശാരീരികപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഹൃദയസ്പന്ദന നിരക്കും ശ്വാസഗതിയും വര്‍ധിക്കുന്നു. ഇതുമൂലം ഹൃദയത്തിന് ജോലിഭാരം വര്‍ധിക്കും.

മലേറിയ, ന്യുമോണിയ തുടങ്ങിയ മാരകമായ പനികളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. ടൈഫോയ്ഡ്, എലിപ്പനി തുടങ്ങിയ പനികളില്‍ നാഡീസ്പന്ദന നിരക്ക് കുറയുന്നു.

പനിയുള്ളപ്പോള്‍ ശരീരം അമിതമായി വിയര്‍ക്കുകയോ ഛര്‍ദി, വയറിളക്കം മുതലായ പ്രശ്‌നങ്ങളുണ്ടാകുന്നതും നിര്‍ജലീകരണത്തിനു കാരണമാകാം. ഇത് ശരീരക്ഷീണത്തിനു ഇടയാക്കും. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയാണ് ക്ഷീണം ഒഴിവാക്കാനുള്ള മാര്‍ഗം.

കടപ്പാട്:
ലീന തോമസ്
ഫാര്‍മക്കോളജിസ്റ്റ്

Ads by Google
Ads by Google
Loading...
TRENDING NOW