Friday, June 29, 2018 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jul 2017 03.11 PM

ആവേശം കത്തിനിന്ന ദിനം

uploads/news/2017/07/128970/weeklyaamanasu190917a.jpg

ലെതര്‍ ഷൂസുമായി ഞാന്‍ റോഡിന്റെ സൈഡിലൂടെ നടന്നു. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഒരു ഓടയിലേക്കു വീണു.

വീട്ടില്‍നിന്നു സ്‌കൂളിലേക്ക് ഏകദേശം അഞ്ചുകിലോമീറ്ററുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ പോകാനായി വീട്ടില്‍ നിന്ന് 25 പൈസ തരും. കൂടെയുള്ള കൂട്ടുകാര്‍ക്ക് അതും ഉണ്ടാവില്ല. അവര്‍ നടന്നാണു പോകുന്നത്.

അതുകൊണ്ട് കൈയി ലുള്ള 25 പൈസയ്ക്ക് നാരങ്ങാമിഠായി വാങ്ങി എല്ലാവര്‍ക്കും കൊടുത്ത്, കഴിഞ്ഞ ദിവസത്തെ കളിവിശേഷങ്ങളും പറഞ്ഞ് ഞാനും അവരുടെകൂടെ നടന്നുപോകും.

പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് 'സായി'യില്‍ സെലക്ഷന്‍ കിട്ടിയത്. ആദ്യമായി കോച്ചിങ്ങിനു പോയത് ബാംഗ്ലൂര്‍ ആയിരുന്നു. നാട്ടിന്‍പുറത്ത് പന്തുതട്ടി നടന്ന എനിക്ക് അവിടെ കൂട്ടുകാരായി കിട്ടിയത് പട്ടണത്തില്‍നിന്നു വന്ന പരിഷ്‌ക്കാരികളെയാണ്.

എനിക്കാണെങ്കില്‍ സ്ലിപ്പറൊക്കെ ഇട്ട് കളിച്ചാണു ശീലം. അവര്‍ക്കൊക്കെ ഷൂസും ജാക്കറ്റുമുണ്ട്. ചേട്ടന്‍ തന്ന ഒരു ബനിയന്‍ മാത്രമാണ് എന്റെ സമ്പാദ്യം. ഷൂസ് നിര്‍ബന്ധമെന്ന് പറഞ്ഞപ്പോള്‍ അപ്പനെ വിളിച്ച് പണം ഒപ്പിച്ചു.

കൂട്ടുകാരൊക്കെയായി വലിയ പരിചയം ആകാത്തതിനാല്‍ തനിയെ ഷൂസ് വാങ്ങാനായി ടൗണില്‍ പോയി കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നടന്നു. ആ കാഴ്ചകളൊക്കെ എനിക്ക് പുതുമകളായിരുന്നു.

കടയില്‍ ചെന്നപ്പോള്‍ ഏതു ഷൂസ് വേണമെന്ന് കടക്കാരന്‍ ചോദിച്ചു. ആദ്യം കണ്ട ഷൂസിലേക്കുതന്നെ ഞാന്‍ വിരല്‍ ചൂണ്ടി. അതൊരു എക്‌സിക്യൂട്ടീവ് ലെതര്‍ ഷൂസ് ആയിരുന്നു. കളിക്കാന്‍ ഇതല്ല, വേറെ സ്‌പോര്‍ട്‌സ് ഷൂസ് ആണ് ഇടുന്നതെന്ന് എനിക്കറിയില്ലല്ലോ.

ഞാന്‍ ലെതര്‍ ഷൂസുമായി റോഡിന്റെ സൈഡിലൂടെ നടന്നു. അന്നാണെങ്കില്‍ വലിയ ഒരു മഴപെയ്ത് പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഞാനൊരു ഓടയിലേക്കു വീണു.

വെള്ളം കെട്ടിക്കിടന്നതിനാല്‍ ഓട കാണാന്‍ പറ്റില്ലായിരുന്നു. മുങ്ങി എണീറ്റപ്പോള്‍ ദേഹം മുഴുവന്‍ നല്ല കറുത്തചെളി. കഴുകാനാണെങ്കില്‍ അവിടെങ്ങും പൈപ്പുമില്ല.

അതേ വേഷത്തില്‍ നാട്ടുകാര്‍ക്ക് ഒരു കാഴ്ചവസ്തുവായിട്ട് കോച്ചിംഗ് ക്യാമ്പുവരെ ഞാനങ്ങനെ നടന്നു. പിറ്റേന്ന് ഗ്രൗണ്ടില്‍ ചെന്നപ്പോള്‍ എല്ലാവരും നല്ല സ്‌പോര്‍ട്‌സ് ഷൂസൊക്കെ ഇട്ടു നില്‍ക്കുന്നു.

ഞാനാണെങ്കില്‍ എക്‌സിക്യൂട്ടീവ് ഷൂസും. ഓരോരോ ചാട്ടത്തിനും ഷൂസ് ഊരി തെറിച്ചുപോകും. ഒടുവില്‍ കോച്ച് മറ്റൊരാളെ വിട്ട് എനിക്ക് വേറെ ഷൂസ് വാങ്ങിച്ചു തന്നു.

ഓര്‍മയിലെ മറ്റൊരു ദിനം 1999 ലെ സാഫ് ഗെയിംസ് ആണ്. വേദി പാകിസ്താന്‍. വോളിബോള്‍ ആണെങ്കില്‍ നമുക്ക് പ്രതീക്ഷയുള്ള ഇനമാണ്. പാകിസ്താനിലായതിനാലും മിക്കയിനങ്ങളിലും നമുക്ക് എതിരാളികള്‍ അവരായതിനാലും ആ വര്‍ഷം വലിയ പ്രാധാന്യമായിരുന്നു സാഫ് ഗെയിംസിന്.

ലീഗ് മാച്ചില്‍ അവര്‍ നമ്മളെ അട്ടിമറിച്ചു. നമ്മുടെ ടീമിന് അതു വലിയ ഷോക്കായിരുന്നു. അന്ന് എന്റെ ചേട്ടന്‍ റോയ് ജോസഫ് ടീമിലുണ്ട്. ഞാന്‍ റിസര്‍വ് ബഞ്ചിലും. സെമിഫൈനല്‍ ശ്രീലങ്കയുമായിട്ട് ആയിരുന്നു.

മാച്ചിനുമുമ്പ് കോച്ച് ചേട്ടനെ വിളിച്ചിട്ടു ചോദിച്ചു: 'നമുക്ക് ടോമിനെ ഒന്ന് പരീക്ഷിച്ചാലോ' എന്ന്. ചേട്ടന് എന്നില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നതിനാല്‍ 'ചെയ്യാം സാര്‍' എന്നു പറഞ്ഞു.

അങ്ങനെ ശ്രീലങ്കയുമായി ആദ്യമായി ഞാന്‍ രാജ്യത്തിനുവേണ്ടി കളിച്ചു. കളി ജയിച്ചെങ്കിലും അതില്‍ എനിക്കത്ര തിളങ്ങാനായില്ല. പക്ഷേ, കോച്ച് എനിക്ക് ഫൈനലിലും അവസരം തന്നു. പാകിസ്താന്‍ തന്നെയായിരുന്നു എതിരാളികള്‍.

നമ്മള്‍ ഇന്ത്യാക്കാരുടെ ഉള്ളിലുള്ള ആവേശമുണ്ട ല്ലോ, അതങ്ങ് കത്തിപ്പിടിച്ചു. അവര്‍ നമ്മളെ ലീഗില്‍ തോല്‍പ്പിച്ച അതേ സ്‌കോറിന് നമ്മള്‍ അവരെ തോല്‍പ്പിച്ച് കപ്പും എടുത്തു. ഒരുപക്ഷേ അതിനുശേഷം എത്ര കളിച്ചിട്ടും അന്നത്തെ മധുരം ഉണ്ടായിട്ടില്ല എന്നതാണു സത്യം.

തയ്യാറാക്കിയത് :
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW