Tuesday, December 11, 2018 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
ഇ.പി.  ഷാജുദ്ദീന്‍
ഇ.പി. ഷാജുദ്ദീന്‍
Wednesday 19 Jul 2017 12.48 PM

കയറ്റം, വീണ്ടും കയറ്റം

ഒരു തട്ടു കൂടി കടന്ന് മുകളിലേക്ക് ചെന്നപ്പോള്‍ അതിവിശാലമായി കാഴ്ച. അങ്ങു ദൂരെ ചുറ്റും മഞ്ഞുമൂടിയ മലകള്‍ ആകാശത്ത് ഒഴുകി നടക്കുമ്പോലെ മുകള്‍പ്പരപ്പു മാത്രം ദൃശ്യമാക്കി ഉയര്‍ന്നു നില്‍കുന്നു. പഞ്ചൂലി, നന്ദാദേവി, നീലകണ്ഡ്, കേദാര്‍നാഥ്, ചൗഖംബ, തൃശൂല്‍ കൊടുമുടികള്‍ ഈ യാത്രയ്ക്കിടയില്‍ കാണാം. ഇടയ്ക്ക് പുല്‍മേട്ടില്‍ ചില കൂടാരങ്ങള്‍ കണ്ടു. ഇവിടെ ക്യാമ്പ് ചെയ്യാന്‍ വരുന്നവരുടേതാണ്.പാതയ്ക്കരികില്‍ വളരെ പഴക്കമുള്ള ചില ഒറ്റമുറിക്കെട്ടിടങ്ങളും കണ്ടു. അതില്‍ പലതും ഇപ്പോള്‍ കഴുതകളുടെ വിശ്രമ കേന്ദ്രങ്ങളാണ്.
Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ചന്ദ്രശിലയുടെ മേലേ 5

ചോപ്തയിലെ കഠിന തണുപ്പിലേക്ക് രാവിലെ ഉണരുമ്പോഴും ശരീര ക്ഷീണം വിട്ടുമാറിയിട്ടില്ല. വിക്രമിന്റെ ചായക്കടയില്‍ പ്രഭാത ഭക്ഷണത്തിനിരുന്നു.
നൂഡില്‍സാണ് ഇവിടുത്തെ ദേശീയഭക്ഷണമെന്നു തോന്നി. കടനിറയെ മാഗി നൂഡില്‍സിന്റെ പായ്കറ്റുകള്‍ തൂങ്ങിക്കിടക്കുന്നു. വരുന്നവരില്‍ നല്ലൊരു പങ്കും കഴിക്കുന്നത് നൂഡില്‍സ് തന്നെ. ഞാന്‍ ചപ്പാത്തിയും സബ്ജിയും തെരഞ്ഞെടുത്തു. കടുകെണ്ണയുടെ മണമടിക്കുമ്പോള്‍ അകത്തേക്കു പോയതിലധികം തിരിച്ചു വരുമെന്നു തോന്നിച്ചു.

ഇനി തുംഗനാഥിലേക്കുള്ള കയറ്റമാണ്. തുംഗനാഥ്, ഈ സ്ഥലമാണ് ഞങ്ങളെ ഈ യാത്രയിലേക്കെത്തിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജന്‍ കാക്കനാടന്‍ എഴുതിയ ''ഹിമവാന്റെ മുകള്‍ത്തട്ടില്‍'' എന്ന പുസ്തകം വായിച്ചുണ്ടായ ആവേശം. അത് സാക്ഷാത്കരിക്കാന്‍ ഇത്രനാളെടുത്തുവെന്നു മാത്രം.

Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രമാണിത്. പഞ്ചകേദാരങ്ങളിലൊന്ന്. ചോപ്തയില്‍ നിന്ന് നാലുകിലോമീറ്റര്‍ മലകയറണം ഇവിടേക്ക്. 12073 അടി (3680 മീറ്റര്‍) ഉയരത്തിലേക്ക് കുത്തനെ കയറ്റമാണ്. ഇത്ര കുറഞ്ഞ ദൂരം കൊണ്ട് ഇത്രയും ഉയരത്തിലെത്തണമെന്നതിന്റെ അര്‍ഥം, കുത്തു കയറ്റമാണെന്നാണ്. ചോപ്ത മുതല്‍ ക്ഷേത്രം വരെ കോണ്‍ക്രീറ്റ് പാതയുണ്ട്. സാധാരണ ആരോഗ്യമുള്ളവര്‍ക്ക് നാലു മണിക്കൂര്‍ കൊണ്ടൊക്കെ കയറാം. ഓള്‍ട്ടിട്യൂഡ് സിക്ക്‌നെസ് ബാധിച്ചവരാണെങ്കില്‍ കുഴഞ്ഞു പോവുകയേയുള്ളു. ഞാന്‍ ആ ഗണത്തിലായിരുന്നു.

ചോപ്തിയില്‍ നിന്ന് പാത തുടങ്ങുന്നതിന്റവിടെ ഒരു കമാനമുണ്ട്. അതില്‍ മൂന്നു വലിയ മണികള്‍ തൂങ്ങിക്കിടക്കുന്നു. മല കയറുന്നവരും ഇറങ്ങി വന്നവരും മണി മുഴക്കും. പാത തുടങ്ങുന്നിടത്തു തന്നെ കോവര്‍ കഴുതകളുമായി ധാരാളം പേര്‍ തമ്പടിച്ചിരിക്കുന്നു. ഇടയ്ക്ക് ചിലര്‍ കുതിരയുമായും കാത്തിരിക്കുന്നു. കഴുതയുമായി നിന്നവരും വന്നു ചോദിക്കുന്നത് ''കുതിരപ്പുറത്തു മലകയറുന്നോ'' എന്നാണ്. അവര്‍ക്ക് അതു ജീവിത മാര്‍ഗമാണെങ്കിലും നടന്നു കയറാന്‍ വന്നവര്‍ അങ്ങനെ തന്നെ കയറണമല്ലോ. അതു കൊണ്ട് ഞങ്ങള്‍ നിരസിച്ചു. നടന്നു കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് 600 രൂപ കൊടുത്താല്‍ കഴുതപ്പുറത്ത് മലകയറാം.

Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ഇന്ന് തുംഗനാഥില്‍ താമസമാണ്. അതിനാല്‍ അത്യാവശ്യം ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും ചെറിയ ബാഗിലാക്കിയാണ് മലകയറ്റം. മുകളില്‍ താമസം ഏര്‍പാടാക്കിയിട്ടുണ്ടെങ്കിലും ചോപ്തയില്‍ വലിയ ഭാണ്ഡം ഒക്കെ ഇറക്കി വച്ച്, ചെറിയ ബാഗുമായേ മലകയറാവൂ. അല്ലെങ്കില്‍ ചുറ്റിപ്പോകും. അങ്ങു മലമേലെ വിക്രമിന്റെ സുഹൃത്ത് റാണയുടെ ഹോട്ടല്‍ ദേവ്‌ലോക് ഉണ്ട്. അവിടെ വിക്രം തന്നെ മുറി ഏര്‍പാടാക്കിയിട്ടുണ്ട്.
മലകയറാന്‍ പുറപ്പെട്ട ഞങ്ങള്‍ക്ക് വിക്രം ഓരോ ഊന്നുവടിയും തന്നു. മുളവടിയാണ്. അതിന്റെ അറ്റത്ത് കൂര്‍ത്ത ഇരുമ്പ് പട്ടയുണ്ട്. ഇതു കുത്തി മലകയറാന്‍ എളുപ്പമാണ്. തിരിച്ചെത്തുമ്പോള്‍ കടയില്‍ ഏല്‍പിച്ചാല്‍ മതി.

തുടക്കത്തില്‍ അല്‍പ ദൂരം വനമാണ്. റോഡോഡെന്‍ഡ്രോണ്‍ ആണ് ഇവിടെ കൂടുതലും. വസന്തകാലത്ത് ചുവന്ന പൂക്കള്‍ കൊണ്ട് റോഡോഡെന്‍ഡ്രോണ്‍ ഇവിടെ പൂവനങ്ങള്‍ തീര്‍ക്കും. പിങ്ക്, വെള്ള പൂക്കളുള്ള ഇത്തരം മരങ്ങള്‍ ഇവിടെയൂണ്ടെന്നും കേട്ടു. പുലിയും ചെന്നായും ഉള്ള കാടാണിത്. മാനുകളും ധാരാളം കാണാമെന്നാണ് അറിവ്. ഞാന്‍ മൊണാലിനു വേണ്ടി ചുറ്റു പാടും തിരയുകയായിരുന്നു. ഉത്തരാഖണ്ഡിന്റെ ദേശീയപക്ഷിയാണ് മൊണാല്‍. ഒന്‍പതു നിറങ്ങളുള്ള മൊണാല്‍ അതിസുന്ദരനാണ്. മയിലിന് ഏഴു നിറമേയുള്ളുവെന്ന് ഓര്‍ക്കുക. മയിലിന്റെ പീലിക്കാണ് അഴകെങ്കില്‍ മൊണാലിന്റെ ഉടലില്‍ തന്നെയാണ് വര്‍ണജാലം. പെണ്‍ മൊണാലാകട്ടെ ചാരനിറക്കാരിയാണ്. ഇടയ്‌ക്കെപ്പൊഴോ ഒരു മൊണാല്‍ ജോര്‍ഡിക്ക് ദര്‍ശനം നല്‍കി പറന്നു പോയി.

Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

മൊണാലിനെ നോക്കി നടക്കുമ്പോഴാണ് പെട്ടെന്ന് ഇടതു വശത്തായി അങ്ങു ദൂരെ ഒരു മഞ്ഞുമല തെളിഞ്ഞൂ വന്നത്. ഇതാ ജീവിതത്തിലാദ്യമായി ഒരു മഞ്ഞുമല കാണുന്നു. അതിന്റെ മുകളിലെ വെണ്‍മയും അടിയിലെ പച്ചയും ചേര്‍ന്ന് വലിയൊരു കോണ്‍ ഐസ്‌ക്രീം പോലെ തോന്നിച്ചു.
മരങ്ങളുടെ തണല്‍ മാറിയത് വളരെ പെട്ടെന്നാണ്. മുന്നില്‍ പച്ചപ്പിന്റെ പാരാവാരം തീര്‍ത്തുകൊണ്ട് ഒരു വിശാലമായ പുല്‍മേട് തെളിഞ്ഞു വന്നു. ചുറ്റും പച്ച നിറം, ഇടയിലൂടെ വളഞ്ഞു പുളഞ്ഞ് മുകളിലേക്ക് കയറുന്ന കോണ്‍ക്രീറ്റ് നടപ്പാത. പുല്‍മേട്ടില്‍ ഇടയ്ക്കിടെ അധികം ഉയരമില്ലാത്ത മരങ്ങള്‍, കൂട്ടിന് ഇളം തണുപ്പും; ഇതെല്ലാം കണ്ട് വെറുതേ നില്‍ക്കാന്‍ തോന്നി. ആ തോന്നല്‍ വെറുതേ ആയിരുന്നില്ല. അല്‍പ ദൂരം മല കയറിയപ്പോഴേക്കും ഞാന്‍ മടുത്തു പോയിരുന്നു, ഓള്‍ട്ടിട്യൂഡ് സിക്ക്‌നെസ്സിന്റെ ആക്രമണം തന്നെ കാരണം. പത്തടി നടക്കുമ്പോഴേക്കും കാല് പിണങ്ങും. നമ്മള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ മുന്നിലതാ ഒരു ഗഡ്‌വാളി പെണ്‍കുട്ടി നിറഞ്ഞ ഒരു ഗ്യാസ് കുറ്റിയുമായി അനായാസം നടന്നു പോകുന്നു.
ഇടയ്ക്ക് ഏതാനും താത്കാലിക കടകളുണ്ട്, ചായയും ശീതളപാനീയവും ബിസ്‌കറ്റുമൊക്കെ കിട്ടുന്നവ. ഞങ്ങള്‍ സാവധാനം നടക്കവേ നടന്നു മടുത്തിരുന്ന ഒരു യുവതി ഒപ്പം കൂടി. അവര്‍ക്കൊപ്പം വന്നവരൊക്കെ വളരെ വേഗത്തില്‍ കയറിപ്പോയി, കൂട്ടിനാളില്ലാത്തതിനാല്‍ ഇരുന്നു പോയതാണെന്ന് പറഞ്ഞ് നടപ്പുതുടങ്ങി ഈ ഡല്‍ഹിക്കാരി. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം - കേരളം ഇതിനേക്കാള്‍ മനോഹരമല്ലേ, പിന്നെ നിങ്ങളെന്തിനാ ഇത്ര ദൂരം പോന്നതെന്നായി യുവതി. ''തുംഗനാഥ് അതുക്കും മേലേ''യെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ബോധിച്ചില്ല. ഞങ്ങള്‍ അന്നു താമസം തുംഗനാഥിലായതുകൊണ്ട് വളരെ സാവധാനം നടക്കുകയായിരുന്നതിനാല്‍, ''എനിക്ക് മുകളില്‍ ചെന്നിട്ട് ഇന്നു തന്നെ തിരിച്ചു വരേണ്ടതാ''ണെന്നു പറഞ്ഞ് അവര്‍ കയറിപ്പോയി.

Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

അപ്പോഴാണ് മുന്നില്‍ ഒരു ബംഗാളി പൊട്ടി വീണത്. ബംഗാളിയും ഭാര്യയും അമ്മയും ഒരു കൈക്കുഞ്ഞും. വലിയ വാചകമടിക്കാരനാണ് അയാള്‍. ബംഗാളികളും കേരളീയരും ഒരമ്മ പെറ്റ മക്കളാണെന്നായിരുന്നു ഞങ്ങളുടെ വിവരം അറിഞ്ഞയുടന്‍ ആളുടെ പ്രതികരണം. പല തീര്‍ഥാടന കേന്ദങ്ങളില്‍ പോയിട്ടുണ്ട് ഈ കുടുംബം. തുംഗനാഥ് കയറണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. ''പക്ഷേ, എന്റെ തടിച്ചിഭാര്യ ഇതു കേറുമോന്നറിയില്ല'' ഒപ്പം നിന്ന ഭാര്യയെ ചൂണ്ടിക്കണിച്ച് അയാള്‍ പൊട്ടിച്ചിരിച്ചു. പാവം, ആ സാധു സ്ത്രീ അതു കേട്ട് ഊറിച്ചിരിച്ചു. പിന്നെ എന്തു പറഞ്ഞാലും ''തടിച്ചി ഭാര്യ''യെ അതില്‍ കൂട്ടിച്ചേര്‍ക്കലായി. ''ഇവിടം തിരിച്ചിറങ്ങും മുന്‍പ് അവള്‍ ഇവനുമായിട്ടു തെറ്റും'' എന്നായി ജീവന്‍. ആ പ്രവചനം ഫലിച്ചത് പക്ഷേ, പിറ്റേന്നായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ബംഗാളിയെക്കൊണ്ട് സ്വസ്ഥതയില്ലാതായി. തറ വളിപ്പുകളും പറഞ്ഞ് ഒപ്പം കൂടിയ അയാളെ ഒഴിവാക്കാന്‍ എനിക്ക് പതിവിലധികം അവശനാകേണ്ടിവന്നു. വഴിയരികില്‍ തളര്‍ന്നിരുന്ന ഞാന്‍ പിന്നെ എഴുന്നേറ്റത്, ബംഗാളി കുറേ ദൂരം പോയിക്കഴിഞ്ഞു എന്നുറപ്പാക്കിയ ശേഷമാണ്.

യാത്രാ പഥം പതിയെ സജീവമായി. ധാരാളം പേര്‍ താഴെ നിന്ന് കയറിവരാന്‍ തുടങ്ങി. അതില്‍ പലരും അന്നു തന്നെ തിരിച്ചു പോകുന്നവരാണ്. കഴുതപ്പുറത്തു വരുന്നവരും ധാരാളം. കഴുതകള്‍ വരുമ്പോള്‍ വഴിയുടെ ഒരു വശത്ത് തിട്ടയുടെ അരികു ചേര്‍ന്നു പോകുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ ചിലപ്പോള്‍ അവ തട്ടിയിട്ടാല്‍ വലിയ കുഴിയിലേക്കു വീണേക്കാം. മലയുടെ അരികിലൂടെ കല്ലു പാകിയതും കോണ്‍ക്രീറ്റ് ചെയ്തതുമാണ് പാത. ചോപ്തയില്‍ നിന്ന് തുംഗനാഥ് വരെ ഈ ഒറ്റപ്പാതയേയുള്ളൂ. ആര്‍ക്കും വഴിതെറ്റില്ല. ഏറ്റവും കുറഞ്ഞത് നാലടി വീതി പാതയ്ക്കുണ്ട്. ചിലയിടങ്ങളില്‍ അതിലുമധികം. വര്‍ഷങ്ങളായി ജനങ്ങളും കുതിരകളും കഴുതയുമെല്ലാം നടന്നു നടന്ന് അത് നല്ല മിനുസ്സമായിരിക്കുന്നു. നല്ല ഗ്രിപ്പുള്ള ഷൂസ് ഉപയോഗിക്കുന്നതാവും നടക്കാന്‍ എളുപ്പം.
ഒരു തട്ടു കൂടി കടന്ന് മുകളിലേക്ക് ചെന്നപ്പോള്‍ അതിവിശാലമായി കാഴ്ച. അങ്ങു ദൂരെ ചുറ്റും മഞ്ഞുമൂടിയ മലകള്‍ ആകാശത്ത് ഒഴുകി നടക്കുമ്പോലെ മുകള്‍പ്പരപ്പു മാത്രം ദൃശ്യമാക്കി ഉയര്‍ന്നു നില്‍കുന്നു. പഞ്ചൂലി, നന്ദാദേവി, നീലകണ്ഡ്, കേദാര്‍നാഥ്, ചൗഖംബ, തൃശൂല്‍ കൊടുമുടികള്‍ ഈ യാത്രയ്ക്കിടയില്‍ കാണാം. ഇടയ്ക്ക് പുല്‍മേട്ടില്‍ ചില കൂടാരങ്ങള്‍ കണ്ടു. ഇവിടെ ക്യാമ്പ് ചെയ്യാന്‍ വരുന്നവരുടേതാണ്.പാതയ്ക്കരികില്‍ വളരെ പഴക്കമുള്ള ചില ഒറ്റമുറിക്കെട്ടിടങ്ങളും കണ്ടു. അതില്‍ പലതും ഇപ്പോള്‍ കഴുതകളുടെ വിശ്രമ കേന്ദ്രങ്ങളാണ്.

ചെറിയ ദൂരം കൊണ്ട് കുത്തനെയുള്ള കയറ്റം കയറണം, സ്റ്റാമിനയില്ലാത്തവര്‍ ആയാസപ്പെട്ടു പോകും. മഴകാണുമെന്ന് വായിച്ചറിവുള്ളതിനാല്‍ റെയിന്‍കോട്ട് കരുതിയിരുന്നു. വിക്രം ഉറപ്പിച്ചു പറഞ്ഞതാണ് മഴ പെയ്യില്ലെന്ന്. അതു കേട്ടപ്പോഴെങ്കിലും കോട്ട് തിരികെ വലിയ ബാഗില്‍ വച്ചിരുന്നെങ്കില്‍ അത്രയും ഭാരം കുറയ്ക്കാമായിരുന്നു എന്നു തോന്നി. അധികം കനമില്ലാത്ത ചെറിയ ബാഗ് പോലും കഠിനമെന്നു തോന്നിപ്പിച്ചു, ഈ കയറ്റം. കാരണം, ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് നിന്ന് ആയാസം മാറ്റി കയറിയില്ലെങ്കില്‍ കുഴഞ്ഞു പോകും.
ഈ വഴിയിലൂടെയാണ് രാജന്‍ കാക്കനാടന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുംഗനാഥ് കയറിയത്. ''കയറ്റം, വീണ്ടും കയറ്റം'' എന്ന അധ്യായത്തില്‍ അദ്ദേഹം എഴുതി: കയറിയിട്ടും കയറിയിട്ടും തീരുന്നില്ല. കാലുകള്‍ മരവിച്ചു തുടങ്ങിയിരിക്കുന്നു. മുകളില്‍ മേഘപടലങ്ങള്‍ മാത്രം. മേഘങ്ങള്‍ക്കുയരെ മേഘങ്ങള്‍. അവയ്ക്കുമുയരെ മേഘങ്ങള്‍. ഇപ്പോള്‍ തുംഗനാഥ് കൊടുമുടിയോ ക്ഷേത്രമോ ഒന്നും തന്നെ ദൃശ്യമല്ല. മൂടല്‍ മഞ്ഞിന്റെയും മേഘങ്ങളുടെയും കട്ടിയേറിയ പുതപ്പിനുള്ളില്‍ അകപ്പെട്ടതുപോലെ. ശ്വാസം എപ്പോള്‍ വേണമെങ്കിലും നിലച്ചു പോയേക്കാം...
എനിക്കും അതേ അവസ്ഥയായിരുന്നു. അല്‍പം ചുവടുവച്ചു കഴിയുമ്പോഴേക്കും ശ്വാസം നിലയ്ക്കുന്ന തോന്നല്‍. പിന്നെ വിശ്രമിച്ചേ കയറാന്‍ പറ്റൂ. ഇടയ്ക്കിടയ്ക്ക് നീരുറവകള്‍, ചിലപ്പോള്‍ മാത്രം നിരപ്പായ സ്ഥലങ്ങള്‍, പിന്നെ ''കയറ്റം, വീണ്ടും കയറ്റം''. ഇവിടെയെവിടെയോ വച്ചാണ് രാജന്‍ കാക്കനാടന്‍ അയര്‍ലന്‍ഡുകാരനായ സായ്പിനെ കണ്ടത്. ബദരിനാഥില്‍ നിന്ന് കാല്‍നടയായി വന്ന് ചമോളിയില്‍ നിന്ന് മലകയറി, തുംഗനാഥനെ വണങ്ങി ഇറങ്ങി വന്ന ഏകാന്തപഥികന്‍. ഇവിടെയെവിടെയോ നിന്ന് നോക്കിയപ്പോഴാണ് അങ്ങു ദൂരെ താഴ്‌വാരത്തിലൂടെ സായ്പ് ഏകനായി നടന്നു പോകുന്നത് അദ്ദേഹം വീണ്ടും കണ്ടത്.

Thungabath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ആകാശം നല്ല തെളിഞ്ഞതായിരുന്നു. നീലനിറത്തില്‍ അതങ്ങനെ മേല്‍ക്കൂര തീര്‍ക്കുന്നു. ഒടുവില്‍ ഒരു വളവു തിരിഞ്ഞു കയറിയപ്പോള്‍ അങ്ങുയരെ പര്‍വതത്തിന്റെ ചരിവില്‍ തുംഗനാഥ് ക്ഷേത്രം ദൃശ്യമായി. അവിടേക്ക് ഒന്നര കിലോമീറ്ററെങ്കിലും ഉണ്ട്. പക്ഷേ, എന്റെ അവസ്ഥയില്‍ കയറാന്‍ കുറഞ്ഞത് ഒന്നരമണിക്കൂര്‍ എങ്കിലും വേണ്ടിവരുമെന്ന് കണക്കുകൂട്ടി.
പതിയെ നിങ്ങുന്ന എന്നെ നോക്കിയാവണം, അടുത്തുകണ്ട കടയിലെ വല്യമ്മ വിളിച്ചു പറഞ്ഞു, ''എന്തെങ്കിലും കഴിച്ചേച്ച് കയറൂ ഇനി ചായകിട്ടണമെങ്കില്‍ അങ്ങ് മുകളില്‍ ചെല്ലണം.'' ചായ കുടിച്ചാല്‍ അതു പോയതുപോലെ തിരിച്ചു വരുമെന്ന പേടികാരണം, അടുത്തു കണ്ട പൈപ്പിലെ വെള്ളം കുടിച്ച് ക്ഷീണമകറ്റി.

ഇവിടെ നിന്ന് കുത്തനെ കയറ്റമാണ്. പകുതിയോളം ചെല്ലുമ്പോള്‍ ഒരു തട്ട്, അവിടെനിന്ന് അടുത്ത കയറ്റം. അതീവ സാവധാനം നടന്നു കയറി. കയറ്റത്തിനിടയില്‍ വലതു വശത്ത് ഒരു വ്യൂപോയിന്റ് പോലെ തോന്നിച്ചപ്പോള്‍ ആകെ വയ്യെങ്കിലും കയറി നോക്കാതിരിക്കാന്‍ പറ്റിയില്ല. ഒരു മലഞ്ചെരിവാണ്. താഴെ അഗാധ ഗര്‍ത്തമായിരിക്കുമെന്ന് ചുറ്റുമുള്ള മലകളുടെ മുകള്‍ ഭാഗം കണ്ടപ്പോള്‍ മനസ്സിലായി. മഞ്ഞു നിറഞ്ഞ് കിടക്കുന്ന ഒരു ഗര്‍ത്തം.

ലക്ഷ്യസ്ഥാനം ഏറെ അടുത്താണെങ്കിലും ശരീരത്തിനു മൊത്തം വിശ്രമം ആവശ്യമാണെന്നു തോന്നിയത് വഴിയരികിലെ കല്ലുപാകിയുണ്ടാക്കിയ തീരെച്ചെറിയ ഒറ്റമുറി കെട്ടിടം കണ്ടപ്പോഴാണ്. അതിന്റെ ഇരുവശങ്ങളിലും അഴിയില്ലാത്ത ജനാല പോലെ തുറന്നിട്ടിരിക്കുന്നു. ആ കരിങ്കല്ലിന്റെ പുറത്ത് കയറിയിരുന്നതേ ഓര്‍മയുള്ളു. പന്ത്രണ്ടര കഴിഞ്ഞതേയുള്ളുവെങ്കിലും നാലു ചുറ്റും ഉയരുന്ന കനത്ത മഞ്ഞിനിടയില്‍ ശരീരത്തെ പതിയ നുള്ളി നോവിപ്പിക്കുന്ന തണുപ്പിനെ അവഗണിച്ചുള്ള ഉറക്കം മുറിഞ്ഞത് ഒരു സ്ത്രീശബ്ദം കേട്ടാണ്- രാവിലെ കണ്ട ഡല്‍ഹിക്കാരി. അവര്‍ തുംഗനാഥ് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നു.

വീണ്ടും മുന്നോട്ട്. ഇപ്പോള്‍ ക്ഷേത്രം കാണത്തില്ല. പക്ഷേ, ഉയര്‍ന്നുയര്‍ന്ന് പോകുന്ന പര്‍വത നിരകളും അതിനെ പൊതിഞ്ഞു കിടക്കുന്ന പുല്‍മേടും ഇടയില്‍ അരഞ്ഞാണം പോലെ കിടക്കുന്ന പാതയും മാത്രം. അരമണിക്കൂറോളം കിതച്ചു നടന്നപ്പോള്‍ വലതു വശത്ത് റോഡിനു മുകളിലായി അതി പുരാതനമായൊരു കെട്ടിടം കണ്ടു. കരിങ്കല്ലില്‍ തീര്‍ത്ത ചുമരില്‍ കുമ്മായം പൂശി നീല പെയ്ന്റുകൊണ്ട് എഴുതി വച്ചിരിക്കുന്നു-ഹോട്ടല്‍ ദേവ് ലോക്.
റാണ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. എട്ടു മണിക്ക് പുറപ്പെട്ടവര്‍ പന്ത്രണ്ടു മണിയായിട്ടും വരാത്തതിനാല്‍ ഇടയ്ക്ക് ഭക്ഷണം കഴിച്ചിട്ടുണ്ടാവും എന്നു കരുതി അയാള്‍ ഒന്നും ഒരുക്കിയിരുന്നില്ല. ഞങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ലെന്നറിഞ്ഞപ്പോള്‍ ഉടന്‍ ഉണ്ടാക്കിത്തരാമെന്നായി കക്ഷി. ആ ''ഉടന്‍'' കുറഞ്ഞത് ഒരു മണിക്കൂറാണ്. കാരണം, ആ കടുത്ത തണുപ്പിലും കാറ്റിലും അടുപ്പ് പുകയാന്‍ ഏറെ സമയമെടുക്കും.
ഭക്ഷണം തയാറാകും വരെ ഒന്ന് നടുവ് നിവര്‍ത്താം എന്നു കരുതി ഞാന്‍ ഹോട്ടല്‍ ദേവ് ലോകിന്റെ മുറിക്കകത്തേക്ക് നടന്നു. കൂരാക്കൂരിട്ട് നിറഞ്ഞ മുറിയില്‍ കട്ടില്‍ ഉള്ളസ്ഥലം മനക്കണക്കില്‍ കണ്ട് ഞാന്‍ അതിലേക്ക് ചാഞ്ഞു.

(തുടരും)

Ads by Google
Ads by Google
Loading...
TRENDING NOW