Saturday, November 11, 2017 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 03.11 PM

രാമായണത്തിലെ കൈകേകി

uploads/news/2017/07/128677/jyothi180717.jpg

സ്വാര്‍ത്ഥതല്‍പ്പരരായ മനുഷ്യരുടെ ജീവിതം അവരെ നാശത്തിലേക്ക് നയിക്കുന്നു. കൂടെയുള്ള നിരപരാധികളും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നു. രാമായണത്തിലെ ദശരഥ മഹാരാജാവിന്റെ പത്‌നിയായ കൈകേകിയുടെ ദുഷ്പ്രവൃത്തി പ്രസിദ്ധമാണല്ലോ.

കൈകേകി ചെയ്തുകൂട്ടിയ അനര്‍ത്ഥങ്ങള്‍ ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും കാനനവാസികള്‍ ആക്കുകയായിരുന്നു. വാല്‍മീകി മഹര്‍ഷി രാമായണത്തില്‍ കൈകേകിയുടെ ദുഷ്പ്രവൃത്തികള്‍ വിവരിച്ചെഴുതിയിരിക്കുന്നു.

കൈകേകിയുടെ മാതാവിനും ദുശാഠ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കേകേയ രാജാവായ കൈകേകിയുടെ പിതാവിന് പക്ഷി മൃഗാദികളുടെ ഭാഷ വശമായിരുന്നു. ഏതു ജീവിയുടെ സംഭാഷണം രാജാവ് കേട്ടാലും അത് പുറത്ത് പറഞ്ഞാല്‍ ഉടന്‍ രാജാവ് മരിച്ചുവീഴും എന്ന ശാപവും രാജാവിന് കിട്ടിയിരുന്നു.

ഒരു ദിവസം ഉദ്യാനത്തിലിരുന്ന് പക്ഷികളുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ രാജ്ഞി ചോദിച്ചു: ''എന്തിനാണ് നിങ്ങള്‍ പുഞ്ചിരിക്കുന്നത്? ഞാന്‍ കിളികളുടെ സംഭാഷണം കേട്ട് ചിരിച്ചതാണ്.''

ഇത് കേട്ടപ്പോള്‍ രാജ്ഞിക്ക് കിളികള്‍ പറഞ്ഞത് എന്താണെന്നറിയണം. രാജാവ് പറയില്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും രാജ്ഞി നിര്‍ബന്ധം പിടിച്ചു. അത് പറഞ്ഞാല്‍ താന്‍ മരിച്ചുപോകുമെന്ന് പറഞ്ഞിട്ടും രാജ്ഞിക്ക് വാശി കുറഞ്ഞില്ല.

കേട്ടുനിന്ന മന്ത്രി പറഞ്ഞു: ''രാജാവേ മരിക്കുമെന്ന് പറഞ്ഞിട്ടും ശാഠ്യം പിടിക്കുന്ന പത്‌നിയെ സൂക്ഷിക്കണം. സ്ത്രീകളുടെ അനാവശ്യമായ വാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് നല്ലതല്ല.''

രാജാവ് ഒന്നും പറയാതായപ്പോള്‍ രാജ്ഞി പിണങ്ങിപ്പോവുകയും ചെയ്തു. കൊട്ടാരം വിട്ടിറങ്ങിയ ഭാര്യയെ അന്വേഷിക്കാന്‍ രാജാവ് തയ്യാറായില്ല. പത്‌നി പോയ ദുഃഖം തീവ്രമായുണ്ടായിരുന്നിട്ടും അനേക വര്‍ഷം അദ്ദേഹം രാജ്യം ഭരിച്ചു.

സ്വന്തം മാതാവിന്റെ സ്വഭാവമഹിമയാണ് കൈകേകിക്ക് കിട്ടിയിരിക്കുന്നത്. ശ്രീരാമനെ കാട്ടിലേക്ക് അയച്ച് സ്വന്തം പുത്രനായ ഭരതനെ രാജാവാക്കാനുള്ള തിടുക്കമായിരുന്നു അവര്‍ക്ക്. ദശരഥ മഹാരാജാവിനോട് രാമനെ പതിനാല് വര്‍ഷം വനവാസത്തിനയയ്ക്കാന്‍ കൈകേകി ആവശ്യപ്പെട്ടു.

പ്രിയപുത്രനായ രാമനെ പിരിയുന്ന സങ്കടവും മനോദുഃഖവും കൈകേകി ചിന്തിച്ചില്ല. സ്വന്തം പതിയെ ശുശ്രൂഷിച്ചുമില്ല. രാമനെ കാട്ടിലേക്കയയച്ചില്ലെങ്കില്‍ കൈകേകി സ്വയം ജീവന്‍ കളയുമെന്നും ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് രോഗഗ്രസ്തനായാലും തന്റെ വാശി ജയിക്കണമെന്ന നിലപാടായിരുന്നു അവരുടേത്.

അങ്ങനെ അവര്‍ ദശരഥ മഹാരാജാവിനെക്കൊണ്ട് അധര്‍മ്മം ചെയ്യിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് ഓമനപ്പുത്രനായ ശ്രീരാമനെ വിളിച്ച് കരഞ്ഞുകൊണ്ട് രാജാവ് ഇഹലോക
വാസം വെടിഞ്ഞു. ദശരഥ മഹാരാജാവിന്റെ വിയോഗം എല്ലാവരേയും തീരാദുഃഖത്തിലാഴ്ത്തി.

രാജ്യത്തെ പ്രജകള്‍ കൈയേകിയെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഭരതന്‍ മാതാവിനെ കുറ്റപ്പെടുത്തി. പരുഷവാക്കുകള്‍ സംസാരിച്ചു.

ഭരതന്‍ ശ്രീരാമന്റെ അനുഗ്രഹത്തോടെ ശ്രീരാമപാദുകം സിംഹാസനത്തില്‍വച്ച് പൂജിച്ച് രാജ്യകാര്യങ്ങള്‍ ശ്രീരാമന്റെ സേവകനെപ്പോലെ പതിനാല് വര്‍ഷം നോക്കിനടത്തി. ഭരതനെ രാജാവാക്കാന്‍ കൈകേകിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല; അവര്‍ കാരണം ഒരു രാജ്യം മുഴുവന്‍ തീരാദുഃഖത്തില്‍ അമരുകയും ചെയ്തു.

ഉഷാവര്‍മ്മ, പാലക്കാട്,

Ads by Google
TRENDING NOW