Tuesday, May 22, 2018 Last Updated 39 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 02.34 PM

സനേഹപൂര്‍വം മാധവിക്കുട്ടിക്ക്

കവയിത്രിയും, കോളമിസ്റ്റും സാഹിത്യ സാംസ്‌ക്കാരിക നിരൂപകയുമായ കോളേജ് മലയാളം അദ്ധ്യാപിക പ്രഫ. മ്യൂസ് മേരിയുടെ സാമൂഹിക നോട്ടങ്ങള്‍.
uploads/news/2017/07/128672/Womencolumn180717.jpg

മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാസുരയ്യ ഈ ലോകം വിട്ടുപോയിട്ട് എട്ടുവര്‍ഷമാകുന്നു. മലയാളികളുടെ വായനാസംസ്‌കാരത്തെ പ്രകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത എഴുത്തുകാരി.

ശരീരത്തിന്റെ ആഗ്രഹങ്ങളും ആശാഭംഗങ്ങളും അവര്‍ പിന്നെയും പിന്നെയും വിഷയമാക്കി. ഭക്തിയായും വിഭക്തിയായും പ്രേമമായും കാമമായും ശരീരം വ്യത്യസ്ത ഉടുപ്പുകളണിഞ്ഞ് അവരുടെ രചനകളില്‍ നിറഞ്ഞു.

അവന്റെ പദവിന്യാസം
നിങ്ങള്‍ കേള്‍ക്കുകയില്ല
പക്ഷേ, കടലില്‍
ഉപ്പെന്നപോലെ
അവന്‍ എന്റെ വീട്ടില്‍
നിറഞ്ഞുനില്‍ക്കുന്നു(എന്റെ സര്‍വസ്വം)

മറ്റൊരാളും കേള്‍ക്കുന്നില്ലെങ്കിലും രുചിയായും സാന്നിധ്യമായും വീട്ടില്‍ നിറഞ്ഞ ഈശ്വരനെ അറിയുന്നതായി കമല എന്റെ സര്‍വസ്വം എന്ന കവിതയില്‍ പറയുന്നു. നീ മാത്രമാണെന്റെ വസന്തംം (കവചം), നിന്റെ ഗന്ധം പേറുന്ന കാറ്റില്‍ ഞാന്‍ പ്രാര്‍ഥനകള്‍ മറക്കുന്നു (ആത്മാവിന്റെ ഭിത്തികള്‍),രുചിയായും ഗന്ധമായും സ്പര്‍ശമായും കാഴ്ചയായും കേള്‍വിയായും ഭൗതികതയുടെ അറിവുപകരണങ്ങളായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അറിയുന്ന ഭക്തിയുടെ പകര്‍ച്ചകള്‍ കമലാദാസിന്റെ കവിതകളിലുണ്ട്.

ശരീരവും ആത്മാവും ഒന്നാകാം, നീ തന്നെയാകാം, നിന്റെ അളവുകോല്‍ നിന്നെ അളന്നുതിട്ടപ്പെടുത്താനുള്ള നാഴിയും നീ തന്നെ, ആധ്യാത്മിക ബോധോദയങ്ങളിലും രോമാഞ്ചം കൊണ്ടിരുന്നത് നിന്റെ പാവം ശരീരമാണല്ലോ. എന്ന് നമോവാകം എന്ന കവിതയില്‍ നമോവാകം അര്‍പ്പിക്കുന്നു.

ശരീരത്തെ ത്യജിച്ചോ ഉച്ചാടനം ചെയ്‌തോ ആത്മസാക്ഷാത്ക്കാരത്തിന്റെ വിശുദ്ധപടവുകള്‍ കയറിപ്പോകുന്നവരില്‍നിന്ന് കമല വ്യത്യസ്തയാണ്. ശരീരമെന്ന പൂജാപാത്രത്തിലൂടെയേ ആത്മസാക്ഷാത്ക്കാരമുള്ളൂ. അതുകൊണ്ടാണ് ശരീരമില്ലാത്ത നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ നിരന്തരം ശ്രമിക്കുന്നു.. എന്ന് ആത്മസാധനയില്‍ അവര്‍ക്ക് തുറന്നുപറയേണ്ടിവന്നത്.

പുരോഹിതന്‍ എന്ന ഇടനിലക്കാരനില്‍നിന്നു മാറി ഈശ്വരനുമായി നേരിട്ട് സംവദിക്കുകയും അനുഭൂതിപരമായ ആഖ്യാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവരുടെ ഗീതങ്ങളും പ്രാര്‍ഥനകളും മീരാബായിയിലും ആണ്ടാളിലും അക്കമഹാദേവിയിലും കുറൂരമ്മയിലും വിശുദ്ധതെരീസയിലും പ്രകടമാണ്. പ്രണയവും വാത്സല്യവും ഇവരുടെ ഭക്തിഗീതങ്ങളില്‍ സന്നിഹിതമാണ്.

സ്ത്രീ ശരീരത്തിലൂടെയും അനുഭവങ്ങളിലൂടെയും വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വികാരഭരിതമായ ഇത്തരം ആഖ്യാനങ്ങള്‍ ആത്മീയതയെ ജീവന്റെ പാഠങ്ങളാക്കുന്നു.

മന്ത്രങ്ങളും ഉച്ചാരണങ്ങളും പ്രാര്‍ഥനകളുംകൊണ്ട് സ്വര്‍ഗത്തിന്റെ അമൂര്‍ത്തമന്ദിരങ്ങളില്‍ വസിക്കുന്ന ദൈവങ്ങളെ ഇവര്‍ സമീപസ്ഥരും സഹയാത്രികരുമൊക്കെയായി വ്യാഖ്യാനിക്കുന്നു.

അടുപ്പങ്ങളുടെ അനവധി ഭാഷണങ്ങളായി അവരുടെ പൂജകള്‍ നമ്മെ അനുഭവപ്പെടുത്തുന്നു. കാമുകനും മകനും മണവാളനും ഒക്കെയായി ഈശ്വരന്മാരെ അവര്‍ ആശ്ലേഷിക്കുകയും താലോലിക്കുകയും തലോടുകയും ചെയ്യുന്നു.

അവതാരങ്ങളും ദൈവപുത്രന്മാരും മണ്ണിലേക്ക് വന്നത് അമ്മമാരുടെ ഗര്‍ഭപാത്രത്തിലൂടെയാണ്. അവര്‍ ദൈവങ്ങളെ ഉദരത്തില്‍ ചുമന്നു. വേദനയോടെ പ്രസവിച്ചു. നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഉമ്മവച്ച് താലോലിച്ചു. മുലപ്പാല്‍കൊടുത്ത് വളര്‍ത്തി, വാരിക്കൊടുത്തും കൊഞ്ചിച്ചും കഥപറഞ്ഞും ഊട്ടുകയും ഉറക്കുകയും ചെയ്തു.

കുളിപ്പിച്ചും കളിപ്പിച്ചും താരാട്ടിയും തലോടിയും അവരുടെ ഭൂമിജീവിതകാലങ്ങളില്‍ അമ്മമാര്‍ വളര്‍ത്തി. ഭൂമിയിലെ അച്ഛന്മാരും ഈ ഭാഗധേയങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ഉടലിന്റെ ജൈവബന്ധത്തിന്റെ മൂര്‍ത്താനുഭവങ്ങള്‍ സ്ത്രീകള്‍ക്കുമാത്രം സാധ്യമാകുന്നതായിരുന്നു.

സ്വര്‍ഗത്തിലെ പിതാവും ഭൂമിയിലെ പിതാവും പോലെയുള്ള ദ്വന്ദ്വങ്ങള്‍ക്ക് അവിടെ ഇടമില്ല. ദൈവങ്ങളെയോ ദൈവപുത്രനെയോ മുലയൂട്ടിയവരുടെ കുലത്തില്‍നിന്നുണ്ടാകുന്ന ആത്മീയപാഠങ്ങളില്‍ ശരീരമൂല്യങ്ങള്‍ ഏറിനില്‍ക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ ഈശ്വരന്‍ അവര്‍ക്ക് മകനും കാമുകനും സുഹൃത്തുമൊക്കെയാണ്.

കമലാദാസ് ആയും കമലാസുരയ്യയായും അവര്‍ എഴുതിയ കവിതകളിലൊരു വലിയ വിഭാഗം ഇത്തരത്തിലുള്ളതാണ്. ഭക്തിയും വിഭക്തിയും കമലയുടെ കവിതകളില്‍ വന്നുനിറയുന്നുണ്ട്. നിന്റെ ശരീരം എനിക്കൊരു തടവറയാണ്. അതിന്നപ്പുറം കാണാന്‍ എനിക്ക് കഴിവില്ല.

നിന്റെ കറുപ്പ് എന്നെ അന്ധയാക്കുന്നു (കൃഷ്ണന്‍) എന്ന് തന്റെ പ്രിയ ദൈവത്തെപ്പറ്റി അവരെഴുതി. ശ്രീകൃഷ്ണന്‍ എന്നെ തൊടുമോ?? എന്ന് ബാല്യത്തില്‍ അമ്മയോട് ചോദിച്ച പെണ്‍കുട്ടിയെ പിന്നീട് അനുരാഗിണിയും ഭക്തയുമെന്ന അവസ്ഥകളെ ഒരേസമയം ഉള്‍ക്കൊണ്ടും ചോദ്യംചെയ്തും കൊണ്ട് അവതരിപ്പിക്കുന്നു.

പ്രേമികയ്ക്ക് അവന്റെ ശരീരത്തില്‍നിന്ന് മുക്തിനേടാന്‍ സാധിക്കുന്നില്ല. മറ്റൊന്നും കാണാനാവാത്തവിധം അവന്റെ ശരീരത്താല്‍ അവള്‍ മൂടപ്പെട്ടിരിക്കുന്നുവെന്ന് എഴുതുമ്പോള്‍ ശരീരവും രതിയും ആത്മാവും ഭക്തിയും പരസ്പരം വിഘടിച്ചുനില്‍ക്കാത്തതാകുന്നു.

തടവറകള്‍ എന്ന കവിതയില്‍ ദൈവം അപാരസ്വാതന്ത്ര്യമാണ്് എന്നുപറയുണ്ട്. മതങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിര്‍വചിക്കപ്പെട്ട് ഞെരുങ്ങിപ്പോകുന്ന ദൈവം സര്‍വശക്തനും സ്വയംഭൂവും ഒക്കെയാണ്.

പക്ഷേ, സ്വാതന്ത്ര്യമായി ദൈവത്തെ വ്യാഖ്യാനിക്കുന്നിടത്ത് സ്ത്രീയുടെ സാമൂഹ്യമായ പാരതന്ത്രാവസ്ഥയില്‍നിന്നുള്ള പ്രത്യാശയായി ദൈവം മാറുന്നു. ഇത്തരം പ്രാര്‍ഥനകള്‍ വിനിമയം ചെയ്യുന്നത് ദൈവാനുഭവത്തിന്റെ സ്ത്രീപക്ഷമുഖമാണ്.

സ്‌നേഹമായിരുന്നു ഞാന്‍, എന്നെ തെരഞ്ഞെടുത്ത മതം നീ. എന്നെ സ്‌നേഹിച്ചപ്പോള്‍ ആ സ്‌നേഹത്തിന് പ്രസക്തികൂടി (കൂലിപ്പട്ടാളം). പ്രേമികയ്ക്ക് പ്രേമം മാത്രം മതം... രക്തധമനികളിലൂടെ നാദമായൊഴുകുന്നു കൃഷ്ണാ നിന്റെ നാമം (പ്രേമം മാത്രം മതം). ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക, നിന്നിലുമധികം ഞാനവനെ സ്‌നേഹിച്ചുപോയി.

അവന്റെ വിയര്‍പ്പിന്‍മണം നുകര്‍ന്നും ഞാന്‍ നിര്‍വൃതികൊണ്ടു (ഈ വരും വെള്ളിയാഴ്ച). കൃഷ്ണാ നീ വെറും കിനാവാണെന്ന് ഈ രാധ വിശ്വസിച്ചില്ല... നീ എന്നില്‍ പ്രവേശിച്ചപ്പോള്‍ ഈ ശരീരം എന്റെ ഗൃഹമായി. ഈ ആത്മാവ് നിന്റെ ശയ്യാഗൃഹം(കിനാവു കണ്ട രാധ). പള്ളിപ്പരിസരത്തും എന്റെ സ്വരം ഒരു പ്രേമികയുടേതുപോലെ കലമ്പിച്ചുപോകുന്നു (ക്ഷമായാചനം).

പരിദേവനങ്ങളും പ്രഖ്യാപനങ്ങളും ക്ഷമായാചനകളുമൊക്കെയായി കമല തന്റെ കവിതകളില്‍ ദൈവാനുഭവത്തിന്റെ വൈദ്യുതതരംഗങ്ങള്‍ പ്രവഹിപ്പിക്കുന്നു. ഈ വരികളില്‍ കാല്‍പ്പനികത കെട്ടുകാഴ്ചയോ ഒളിച്ചോട്ടമോ അല്ല.

അത് സ്ഥാപിത മതത്തിന്റെ പ്രാര്‍ഥനകളില്‍നിന്നും ദേവാലയ സന്ദര്‍ശനത്തില്‍നിന്നും വഴിപാടില്‍നിന്നും വ്യത്യസ്തമാണ്.സ്പര്‍ശനത്തിലൂടെയും പ്രേമമുദ്രകളിലൂടെയുമാണ് അവള്‍ ദൈവത്തെ തിരയുന്നതും കണ്ടെത്തുന്നതും. അവള്‍ക്ക് ദൈവം ബഹുരൂപിയായ 'അവന്‍' ആണ്. കാമുകനായും കൃഷ്ണനായും നാമരൂപങ്ങളായും കാണുകയും അറിയുകയും ചെയ്യുന്നു.

വിദൂരസ്ഥനായ ദൈവത്തെ അവളുടെ പ്രേമാകാംക്ഷ മിടിക്കുന്ന മനസ് രൂപങ്ങളിലൂടെ സമീപസ്ഥനാക്കുന്നു. ദൈവവുമായി കണ്ണില്‍ നോക്കിയിരിക്കാനും സ്പര്‍ശിക്കാനും കഴിയുന്നു.

വിശുദ്ധജലത്തില്‍ അഭിഷേകം ചെയ്യപ്പെട്ട ഒരുവളാണവള്‍. ഈശ്വരന്‍ എന്ന നാമരൂപത്തില്‍ അവള്‍ അന്വേഷിക്കുന്നത് സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജൈവികാവസ്ഥകളാണ്. അവളുടെ പൂജാഗിരികളില്‍ സ്വയം തിരയലിന്റെ ധൂമപാത്രങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു.

ശരീരത്തെ നിഷേധിക്കാത്ത അനുഭൂതിപരമായ ആത്മീയതകളെ എന്റെ സിരാപടലത്തില്‍ നിക്ഷേപിച്ച ആ എഴുത്തുകാരിയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ശിരസ് നമിക്കുന്നു.

പ്രഫ. മ്യൂസ് മേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW