Friday, June 29, 2018 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.55 PM

ഒന്നു രക്ഷപ്പെട്ടാല്‍ മതിയായിരുന്നു

നെഗറ്റീവ് റോളോ കോമഡിയോ ചെയ്യാനാണ് എനിക്കു കൂടുതല്‍ താല്‍പ്പര്യം. അത്തരം റോളുകളിലാണ് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത്.
uploads/news/2017/07/128667/Weeklyswparanika.jpg

കുട്ടിക്കാലം മുതല്‍ അഭിനയത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്റെ സുഹൃത്ത് തുളസീദാസ് വഴിയാണ് സിനിമയില്‍ അവസരം ലഭിച്ചത്. 'അവന്‍ ചാണ്ടിയുടെ മകന്‍' എന്ന പടത്തില്‍.

ആദ്യ സിനിമതന്നെ ഞാന്‍ ആരാധനയോടെ കണ്ടിരുന്ന പൃഥ്വിരാജിനോടൊപ്പമായത് വളരെ സന്തോഷം തന്നു. അതോടൊപ്പം നല്ല ടെന്‍ഷനുമുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് നന്നായി ചെയ്യാന്‍ സാധിച്ചു.

പിന്നീട് 'തന്മാത്ര'യില്‍ അഭിനയിക്കുമ്പോഴാണ് 'പൊന്നൂഞ്ഞാല്‍' എന്ന സീരിയലില്‍ അവസരം ലഭിച്ചത്. അതിനുശേഷം അറുപതോളം സീരിയലുകളില്‍ വേഷമിടാന്‍ സാധിച്ചു. അപ്പോഴൊക്കെയും സിനിമ എന്ന മോഹം മനസില്‍ മായാതെ കിടന്നു.

പക്ഷേ ഒരുപാട് അവസരമൊന്നും ലഭിച്ചില്ല. എങ്കിലും ചെയ്തതൊക്കെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു. വെറുതെ ഒരു വേഷം ചെയ്യുക എന്നതിനപ്പുറം നമ്മുടേതായ എന്തെങ്കിലും പ്രത്യേകതയുണ്ടാവുക എന്നതിലാണ് എന്റെ സംതൃപ്തി.

അല്ലാതെ അഭിനയിച്ചിട്ടു കാര്യമില്ലല്ലോ. എന്റെ ആഗ്രഹം പോലെ നല്ല അവസരങ്ങള്‍ വന്നുചേരുമെന്നാണു പ്രതീക്ഷ.

uploads/news/2017/07/128667/Weeklyswparanika2.jpg

സീരിയലിലാണെങ്കിലും നെഗറ്റീവ് റോളോ കോമഡിയോ ചെയ്യാനാണ് എനിക്കു കൂടുതല്‍ താല്‍പ്പര്യം. അത്തരം റോളുകളിലാണ് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത്.

സംഗീതവും അഭിനയവും ഒരുപോലെ ഇഷ്ടമാണ്. സംഗീതത്തോടുള്ള മമത ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു. ഞാന്‍ അമ്മാമ്മയെന്നു വിളിക്കുന്ന അമ്മയുടെ അമ്മയാണ് എന്നിലെ സംഗീതവാസന വളര്‍ത്തിയെടുത്തത്.

പാട്ട് പാടിപ്പഠിപ്പിക്കാനും സ്‌കൂളിലെ പദ്യപാരായണ മത്സരത്തിലും ലളിതഗാന മത്സരത്തിലുമൊക്കെ പങ്കെടുപ്പിക്കാനും അമ്മാമ്മ വളരെയധികം ശ്രദ്ധിച്ചു. അങ്ങനെ പാട്ടിനോടുള്ള ഇഷ്ടം കൂടിവന്നു.

സീരിയല്‍ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'താരോത്സവം' എന്ന ടിവി പ്രോഗാമില്‍ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും എനിക്കു ലഭിച്ചു. എന്റെ ഹസ്ബന്‍ഡ് സുഭാഷും നന്നായി പാടും.

അദ്ദേഹവും ഇപ്പോള്‍ അഭിനയരംഗത്തേക്കു വന്നുകഴിഞ്ഞു. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം ഹസ്ബന്‍ഡിന്റെ കൂടെ ഒരു സീരിയലില്‍ അഭിനയിക്കണമെന്നതാണ്.

രണ്ടുവര്‍ഷം മുമ്പ് ഞങ്ങളെ വല്ലാതെ ഞെട്ടിപ്പിച്ച ഒരു സംഭവമുണ്ടായി. ഞാനും ഹസ്ബന്‍ഡും എറണാകുളത്തെ ഒരു ഷോപ്പിംഗ് മാളില്‍ സിനിമ കാണാന്‍ കയറി. സിനിമ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോള്‍ സീറ്റിന് എന്തോ ഒരു കുലുക്കം പോലെ...

uploads/news/2017/07/128667/Weeklyswparanika1.jpg

ആദ്യം തോന്നലാണെന്നു കരുതി. പക്ഷേ ഇരിക്കുന്നിടത്തുനിന്നും ഒരു ചാഞ്ചാട്ടം വീണ്ടുമുണ്ടായി. ഭൂമി കുലുക്കമാണോ എന്ന് പെട്ടെന്ന് തോന്നിപ്പോയി.
നിമിഷങ്ങള്‍ക്കുള്ളില്‍ അവിടിരുന്നവരെല്ലാം ഇറങ്ങിയോടുന്നതു കണ്ടു. ആര്‍ക്കുമറിയില്ല എന്താണു സംഭവിച്ചതെന്ന്.

മാളിന്റെ ഉള്ളില്‍ ചില്ലുകളൊക്കെ തകര്‍ന്ന നിലയില്‍ കിടക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള ഒരു ചേച്ചിയോട് എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍ ഒന്നും പറയാനാവാതെ അവര്‍ നിന്നു കരയുകയായിരുന്നു. ഒന്നുമറിയാതെ എല്ലാവരും നാലുദിക്കും ഭയന്നോടുന്നു!

മാളിന്റെ നാലാം നിലയിലായിരുന്ന ഞങ്ങളും വേഗംതന്നെ പുറത്തേക്കോടി. നോക്കുമ്പോള്‍ മാളിനു വെളിയില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നു.

എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപെടണമെന്നു ഞങ്ങള്‍ക്കു തോന്നി. ഹസ്ബന്‍ഡ് കാറെടുക്കാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു പോയപ്പോള്‍ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. സെക്യൂരിറ്റിക്കാര്‍ പോലും. കുലുക്കമുണ്ടായപ്പോള്‍ അവിടെയുള്ള വാഹനങ്ങളില്‍നിന്നുപോലും ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീടാണ് മാളിന് തൊട്ടടുത്തുള്ള മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചതാണെന്ന് അറിയുന്നത്. ആ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് മാളിന്റെ ചില്ലുകളൊക്കെ തകര്‍ന്നുവീണത്. ഇത്രയും ഭയം തോന്നിയ ഒരനുഭവം ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ആ ദിവസം ഒരിക്കലും മറക്കില്ല.

- ശില്‍പ ഷാജി

Ads by Google
Ads by Google
Loading...
TRENDING NOW