Monday, June 11, 2018 Last Updated 29 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.31 PM

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സെവാഗിന് 21 വയസ്സ് ; ലോകകപ്പ് ഫൈനല്‍ ജന്മദിന സമ്മാനമാകുമോ?

uploads/news/2017/07/128660/smruthi-mandhana.jpg

ഇംഗ്‌ളണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് ഒരു വനിതാ വീരേന്ദ്ര സെവാഗുണ്ട്. എതിര്‍ ബൗളര്‍മാരെ അടിച്ചു പരത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദന. അല്ലെങ്കില്‍ പിന്നെ ഒരു ഏകദിന മത്സരത്തില്‍ 150 പന്തുകളില്‍ ഇരട്ടശതകം പൂര്‍ത്തിയാക്കിയ താരത്തെ വനിതാക്രിക്കറ്റിലെ ക്രിസ് ഗെയ്ല്‍ എന്നോ ബ്രണ്ടന്‍ മക്കലമെന്നോ ഒക്കെ വിശേഷിപ്പിക്കുകയാകും നല്ലത്.

കുറഞ്ഞ പന്തുകളില്‍ നിന്നും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന സെവാഗിന്റെ ബാറ്റിംഗ് ശൈലിയോടാണ് മന്ദനയെ വിദഗ്ദ്ധര്‍ ഉപമിക്കുന്നത്. സാധാരണഗതിയില്‍ കരിയറിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന താരം ഏകദിനത്തില്‍ ഇതുവരെ ആറ് അര്‍ദ്ധശതകവും രണ്ടു സെഞ്ച്വറികളും നേടിക്കഴിഞ്ഞു. ഇന്ന് 21 വയസ്സ് തികയുന്ന താരത്തിന് ജന്മദിന സമ്മാനമായി ലോകകപ്പ് നേടാനാകുമോ എന്നാണ് ഇംഗ്‌ളണ്ടില്‍ കരുത്തരായ ഓസ്‌ട്രേലിയയ്ക്ക് എതിരേ നാളെ സെമി കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം ആലോചിക്കുന്നത്.

ലോകകപ്പില്‍ ലണ്ടനില്‍ ആതിഥേയര്‍ക്കെതിരേ 72 പന്തുകളില്‍ 90 റണ്‍സ് അടിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു വെസ്റ്റിന്‍ഡീസിനെതിരേ മന്ദന പുറത്താകാതെ 106 റണ്‍സ് നേടിയത്. ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന മന്ദനയ്ക്ക് വലിയ ക്രിക്കറ്റ് താരമാകാന്‍ പ്രചോദനമായത് സഹോദരന്‍ ശ്രാവണ്‍ മന്ദനയായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന സ്വപ്നവുമായിട്ടാണ് മന്ദനയും സഹോദരനും ക്രിക്കറ്റ് പരിശീലിച്ചത് എങ്കിലും ഇടയ്ക്ക് വെച്ച് സഹോദരന്‍ ക്രിക്കറ്റ് വിട്ടു. എന്നിരുന്നാലും പിതാവിന്റെ സ്വപ്നം താന്‍ പൂര്‍ത്തിയാക്കിയെന്ന് മന്ദന പറഞ്ഞു.

മുംബൈയില്‍ ജനിച്ച മന്ദനയുമായി സാംഗ്‌ളിയിലേക്ക് മാതാപിതാക്കള്‍ കുടിയേറുമ്പോള്‍ താരത്തിന് പ്രായം രണ്ടു വയസ്സായിരുന്നു. ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ മികവ് കാട്ടിയിരുന്ന മന്ദനയ്ക്ക് ഒമ്പതു വയസ്സുള്ളപ്പോള്‍ മഹാരാഷ്ട്രയുടെ അണ്ടര്‍ 15 ടീമിന്റെ ഭാഗമായി. 11 വയസ്സുള്ളപ്പോള്‍ അണ്ടര്‍ 19 ടീമിലെത്തിയ മന്ദന അന്നുമുതല്‍ മഹാരാഷ്ട്ര അണ്ടര്‍ 19 ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വെസ്റ്റ് സോണ്‍ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരേ മന്ദന 150 പന്തില്‍ നേടിയ 224 റണ്‍സ് ഇപ്പോഴും വലിയ വാര്‍ത്തയായി നില നില്‍ക്കുകയാണ്.

എല്ലാ ടീമിലും ബേബിയായി എത്താറുള്ള മന്ദന അങ്ങിനെ തന്നെയാണ് 2013 ല്‍ ഇന്ത്യന്‍ ടീമിലും എത്തിയത്. 16 വയസ്സുള്ളപ്പോള്‍ അഹമ്മദാബാദില്‍ ബംഗ്‌ളാദേശിന് എതിരേ ഇന്ത്യന്‍ കുപ്പായമണിഞ്ഞു് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ടെസ്റ്റിലും അരങ്ങേറ്റം നടത്തി. ഇംഗ്‌ളണ്ടായിരുന്നു ആദ്യ എതിരാളികള്‍. വെടിക്കെട്ട് ബാറ്റിംഗിന്റെ പേരില്‍ അറിയപ്പെടുന്ന മന്ദന ഇതുവരെ വെറും രണ്ടു ടെസ്റ്റുകളാണ് കളിച്ചത്. പക്ഷേ 30 ഏകദിനങ്ങളും 27 ട്വന്റി20 യും കളിച്ചു. പൊട്ടിത്തെറി ബാറ്റിംഗ് കൊണ്ട് വുമണ്‍സ് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടുള്ള താരം ലീഗ് ടീമായ ബ്രിസ്‌ബേന്‍ ഹീറ്റുമായിട്ടാണ് കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളില്‍ മന്ദന കഴിഞ്ഞാല്‍ പിന്നെ ഈ ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടുള്ളത് ഹര്‍മാന്‍പ്രീത് കൗറിന് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടീമില്‍ പേര് നേടിയ ഏകതാരവും മന്ദനയായിരുന്നു. സ്‌കൂള്‍ കാലത്ത് രാവിലെയും വൈകിട്ടും പരിശീലനം നടത്തിയിരുന്ന മന്ദന കഠിനാദ്ധ്വാനിയാണെന്ന് പരിശീലകന്‍ ആനന്ദ് ടാമ്പ്വേക്കര്‍ പറയുന്നു. രാവിലെ പരിശീലനത്തിന് ശേഷം മാത്രം സ്‌കൂളില്‍ പോയിരുന്ന മന്ദന സ്‌കൂള്‍വിട്ടു വരുമ്പോള്‍ നെറ്റ്‌സിലും പരിശീലിക്കുമായിരുന്നു. താരത്തിന്റെ പരിശീലനം മുന്നില്‍ കണ്ട് ചിലപ്പോള്‍ അദ്ധ്യാപകര്‍ നേരത്തേ വിടും.

ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും തന്റെ പരിശീലകനെ മന്ദന മറന്നില്ല. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ സെഞ്ച്വറി നേടിയ ശേഷം ലണ്ടനില്‍ നിന്നും തന്റെ പരിശീലകനെ വിളിച്ച മന്ദന ബാറ്റിംഗിലുള്ള തന്റെ പോരായ്മ കാണിച്ചുതരാമോ എന്ന് ചോദിച്ചു. ലണ്ടനില്‍ നിന്നും അങ്ങിനെ ഒരു ഫോണ്‍കോള്‍ താന്‍ പ്രതീക്ഷിച്ചതേ ഇല്ലെന്നായിരുന്നു ആനന്ദ് ടാമ്പ്വേക്കര്‍ ഒരു പത്രത്തോട് പറഞ്ഞത്.

Ads by Google
Ads by Google
Loading...
TRENDING NOW