Tuesday, July 18, 2017 Last Updated 25 Min 25 Sec ago English Edition
Todays E paper
Tuesday 18 Jul 2017 01.15 AM

ജയിലില്‍ ശശികലയ്‌ക്ക് സുഖവാസം: റിപ്പോര്‍ട്ട്‌ നല്‍കിയ ഡി.ഐ.ജി. തെറിച്ചു

uploads/news/2017/07/128574/6.jpg

ബംഗളുരു: അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡി.എം.കെ. നേതാവ്‌ വി.കെ. ശശികലയ്‌ക്കു ജയിലില്‍ വി.ഐ.പി. സൗകര്യങ്ങള്‍ ലഭിക്കുന്നു എന്നു റിപ്പോര്‍ട്ട്‌ ചെയ്‌ത ഡി.ഐ.ജി: ഡി. രൂപയെ സ്‌ഥലംമാറ്റി. റിപ്പോര്‍ട്ട്‌ മാധ്യമങ്ങളുമായി പങ്കുവച്ചെന്ന കുറ്റം ചാര്‍ത്തിയാണ്‌ ട്രാഫിക്‌ വിഭാഗത്തിലേക്കുള്ള മാറ്റം.
ശശികലയ്‌ക്ക്‌ ഇഷ്‌ടഭക്ഷണം തയാറാക്കാനായി ജയിലില്‍ പ്രത്യേക അടുക്കള പ്രവര്‍ത്തിപ്പിക്കുന്നെന്നു രൂപയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യം നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും നടപടി സ്വീകരിക്കാതിരുന്ന ജയില്‍ ഡി.ജി.പി: എച്ച്‌.എന്‍. സത്യനാരായണ റാവുവിന്‌ എതിരേയും അവര്‍ വിരല്‍ചൂണ്ടി.
ശശികലയില്‍ നിന്നു രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന സൂചനയുമുള്ള റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ റാവുവിനെ ജയില്‍ ഡി.ജി.പി. സ്‌ഥാനത്തുനിന്നു നീക്കി. രണ്ടു മാസം മാത്രം സര്‍വീസ്‌ ശേഷിക്കുന്ന റാവുവിന്‌ പുതിയ നിയമനം നല്‍കിയിട്ടില്ല.
അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായ ശശികലയ്‌ക്കു പുറമേ, ശതകോടികളുടെ മുദ്രപത്ര കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട അബ്‌ദുള്‍ കരീം തെല്‍ഗിക്കും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഡി.ഐ.ജി. രൂപ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന്‌ ഉത്തരവിട്ടതിനൊപ്പം മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയെന്നാരോപിച്ച്‌ ഡി.ഐ.ജി. രൂപയ്‌ക്കു ഷോകോസ്‌ നോട്ടീസും നല്‍കി.
റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്കു നല്‍കിയതു താനല്ലെന്നും തന്നെ വേട്ടയാടാന്‍ നീക്കം നടക്കുന്നുണ്ടെന്നും അവര്‍ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. അതിനു പിന്നാലെയാണു സ്‌ഥലംമാറ്റ ഉത്തരവ്‌ എത്തിയത്‌. ഇതു ഭരണപരമായ നടപടിയാണെന്നും എല്ലാം മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടതില്ലെന്നും സ്‌ഥലംമാറ്റ ഉത്തരവിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.
ശശികലയ്‌ക്ക്‌ അനുവദനീയമായതിലും കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്നും പല കൂടിക്കാഴ്‌ചകളും വൈകുന്നേരം അഞ്ചു മണി എന്ന സമയപരിധിക്കു ശേഷമാണെന്നും നേരത്തേ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലൂടെ വെളിച്ചത്തുവന്നിരുന്നു. ജയിലിലെ ക്രമക്കേടുകള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തിയ 32 തടവുപുള്ളികളെ അര്‍ധരാത്രിയില്‍ മറ്റു ജയിലുകളിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്‌.

Ads by Google
Tuesday 18 Jul 2017 01.15 AM
YOU MAY BE INTERESTED
TRENDING NOW