Friday, February 23, 2018 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.15 AM

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി; ഫലം 20ന്‌

uploads/news/2017/07/128570/1.jpg

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14-ാമത്‌ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ പാര്‍ലമെന്റിലും വിവിധ സംസ്‌ഥാന നിയമസഭകളിലുമായി പൂര്‍ത്തിയായി. വോട്ടെടുപ്പിന്‌ മുമ്പ്‌ പ്രതിപക്ഷപ്പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 776 തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും 4120 എം.എല്‍.എമാര്‍ക്കുമായിരുന്നു വോട്ടവകാശം.
20നാണ്‌ വോട്ടെണ്ണല്‍. ഇന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഈ മാസം 25ന്‌ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേല്‍ക്കും. പാര്‍ലമെന്റില്‍ രണ്ട്‌, ഓരോ സംസ്‌ഥാനങ്ങളിലും ഓരോന്ന്‌ വീതം എന്നിങ്ങനെ ആകെ 33 തിരഞ്ഞെടുപ്പ്‌ നിരീക്ഷകരെയാണ്‌ കമ്മീഷന്‍ നിയോഗിച്ചിരുന്നത്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ പാര്‍ലമെന്റില്‍ 62-ാം നമ്പര്‍ മുറിയില്‍ ഏര്‍പ്പെടുത്തിയ പോളിങ്‌ ബൂത്തില്‍ വോട്ടു ചെയ്‌തു. പാര്‍ലമെന്റിലെ ഒരു പോളിങ്‌ ബൂത്ത്‌ ഉള്‍പ്പടെ രാജ്യമെമ്പാടും 32 പോളിങ്‌ ബൂത്തുകളിലാണ്‌ പുതിയ രാഷ്‌ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ്‌ നടന്നത്‌. 10 മണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി അധ്യക്ഷനും എം.എല്‍.എയുമായ അമിത്‌ഷാ തുടങ്ങിയവര്‍ തുടക്കത്തില്‍ തന്നെ വോട്ടു ചെയ്‌തു. അമിത്‌ ഷാ ഉള്‍പ്പടെ അഞ്ചു എം.എല്‍.എമാരാണ്‌ പാര്‍ലമെന്റില്‍ വോട്ടു ചെയ്യാന്‍ അനുമതി നേടിയിരുന്നത്‌. അഞ്ചുമണിവരെയായിരുന്നു വോട്ടു ചെയ്യാനുള്ള സമയം.
ത്രിപുരയില്‍ എന്‍.ഡി.എ. വിരുദ്ധ ക്യാമ്പില്‍ ഭിന്നതയുണ്ടായി. ആറ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ വിമതരും ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയും രാംനാഥ്‌ കോവിന്ദിനു വോട്ട്‌ ചെയ്‌തു. സി.പി.എം. പിന്തുണയ്‌ക്കുന്ന സ്‌ഥാനാര്‍ഥിക്കു വോട്ട്‌ ചെയ്യാനില്ലെന്നു തൃണമുല്‍ വിമത നേതാവ്‌ സുദീപ്‌ ബര്‍മന്‍ പറഞ്ഞു.
708 ആണ്‌ എം.പിയുടെ വോട്ടുമൂല്യം. എം.എല്‍.എമാരുടെ വോട്ടുമൂല്യം സംസ്‌ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്‌ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. എന്‍.ഡി.എയ്‌ക്ക്‌ 527,371 വോട്ട്‌ മൂല്യമുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌ 70 ശതമാനം വോട്ട്‌ ഉറപ്പാക്കിയിട്ടുണ്ട്‌. യു.പി.എയുടെ വോട്ടുമൂല്യം 1,73,849 ആണ്‌. അതേ സമയം, തങ്ങളുടെ അംഗങ്ങള്‍ രാംനാഥ്‌ കോവിന്ദിന്‌ വോട്ടു ചെയ്‌തുവെന്ന അഭ്യൂഹം എന്‍സിപി നിഷേധിച്ചു. തങ്ങളുടെ സ്‌ഥാനാര്‍ത്ഥിയായ മീരാ കുമാറിനാണ്‌ തങ്ങള്‍ വോട്ടു ചെയ്‌തതെന്ന്‌ എന്‍.സിപി വക്‌താവ്‌ നവാബ്‌ മാലിക്‌ പറഞ്ഞു.
പച്ച നിറത്തിലുളള ബാലറ്റ്‌ പേപ്പറാണ്‌ എംപിമാര്‍ക്ക്‌ വിതരണം ചെയ്‌തത്‌. പിങ്കായിരുന്നു. എം.എല്‍.എമാരുടെ ബാലറ്റ്‌ പേപ്പറിന്റെ നിറം. വോട്ടു രേഖപ്പെടുത്താന്‍ വയലറ്റ്‌ നിറത്തിലുള്ള പ്രത്യേക മഷിയുള്ള പേനയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയത്‌.

Ads by Google
Tuesday 18 Jul 2017 01.15 AM
YOU MAY BE INTERESTED
TRENDING NOW