Wednesday, May 23, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.12 AM

ബാണാസുര ഡാമില്‍ തോണി മറിഞ്ഞ്‌ നാലുപേരെ കാണാതായി

uploads/news/2017/07/128552/3.jpg

മാനന്തവാടി: വയനാട്‌ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ സാഗര്‍ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ നാലുപേരെ കൊട്ടത്തോണി മറിഞ്ഞ്‌ കാണാതായി. കുടെയുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്‌ച രാത്രി 11.15 ഓടെയാണ്‌ സംഭവം.
കോഴിക്കോട്‌ ജില്ലയിലെ തുഷാരഗിരി നെല്ലിപ്പൊയില്‍ കാട്ടിലത്ത്‌ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(20), ചെമ്പുകടവ്‌ വട്ടച്ചോട്‌ ജോണിന്റെ മകന്‍ ബിനു(42) നെല്ലിപ്പൊയില്‍ മണിത്തൊടി വീട്ടില്‍ മാത്യുവിന്റെ മകന്‍ മെല്‍ബിന്‍(34), വയനാട്‌ തരിയോട്‌ സിങ്കോണ പടിഞ്ഞാറെക്കുടിയില്‍ വില്‍സണ്‍(50)എന്നിവരെയാണ്‌ കാണാതായത്‌. അപകട സമയത്ത്‌ ഇവരോടൊപ്പമുണ്ടായിരുന്ന തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), നൂറാംതോട്‌ കൊടപ്പല്ലിങ്കല്‍ ജോബിന്‍(22), ചെമ്പകടവ്‌ പുലിക്കുടിയില്‍ ലിബിന്‍(19) എന്നിവര്‍ നീന്തിരക്ഷപ്പെട്ടു. ഇന്നലെ പകല്‍ മുഴുവന്‍ അധികൃതര്‍ തെരച്ചില്‍ നടത്തിയെങ്കിലും നാലുപേരെയും കണ്ടെത്താനായില്ല. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ ഇന്ന്‌ നാവികസേന തെരച്ചില്‍ നടത്തും.
ഞായറാഴ്‌ചയാണ്‌ കോഴിക്കോട്‌ നിന്നും ആറംഗസംഘം വയനാട്ടിലെത്തിയത്‌. കാണാതായ വില്‍സന്റെ ബന്ധുവും സുഹൃത്തുക്കളുമാണ്‌ മറ്റുള്ളവര്‍. രാത്രിക്ക്‌ തൊട്ടടുത്ത ഹോം സ്‌റ്റേയില്‍ മുറിയെടുത്ത ഇവര്‍ പതിനൊന്നു മണിയോടെ വില്‍സണോടൊപ്പം മീന്‍ പിടിക്കാനായി രണ്ട്‌ കൊട്ടത്തോണികള്‍ കൂട്ടി ബന്ധിപ്പിച്ച്‌ ഡാം റിസര്‍വോയറിലെ തരിയോട്‌ ഭാഗത്ത്‌ ഭക്ഷണസാധനമുള്‍പ്പെടെയുള്ളവയുമായി ഇറങ്ങുകയായിരുന്നു. കനത്ത മഴയും കാറ്റും കാരണം തോണി നിയന്തിക്കാന്‍ പറ്റാത്ത വിധം ഓളമുയരുകയും നിയന്ത്രണം വിട്ട തോണി വെള്ളത്തിലേക്ക്‌ മറിയുകയുമായിരുന്നുവെന്നുമാണ്‌ രക്ഷപ്പെട്ടവര്‍ നല്‍കുന്ന സൂചന.
തോണി മറിഞ്ഞതോടെ വില്‍സണ്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുകയും മൂന്നുപേര്‍ നീന്തി വിവിധ തുരുത്തിലെത്തിപ്പെടുകയും ചെയ്‌തു. ഇവിടെ നിന്നും ഇവര്‍ പ്രദേശവാസിയെ ഫോണ്‍ വിളിച്ച്‌ അപകടവിവരം അറിയിക്കുകയും ഉച്ചത്തില്‍ ബഹളംവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സമീപത്തെ കോളനിയിലെ ജിഷ്‌ണുവാണ്‌ തുരുത്തുകളിലകപ്പെട്ടവരെ സുരക്ഷിത സ്‌ഥാനത്തെത്തിച്ചത്‌.
പടിഞ്ഞാറെത്തറ പോലീസ്‌ സബ്‌ ഇന്‍പെക്‌ടര്‍ പി.എ.അബൂബക്കറിന്റെ നേതൃത്വത്തില്‍ പോലീസും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും രാത്രിയില്‍ തന്നെ സ്‌ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. രാവിലെയോടെ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യു, തുര്‍ക്കി ജീവന്‍ രക്ഷാസമിതി, ബത്തേരി ഗുഡ്‌വേ ഡയിങ്‌ സര്‍വീസ്‌ തുടങ്ങിയ സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പതിനഞ്ച്‌ മീറ്ററോളം ആഴമുള്ള പ്രദേശത്താണ്‌ അപകടമുണ്ടായത്‌. അതോടൊപ്പം വെള്ളത്തിനടിയിലെ കനത്ത തണുപ്പും വന്‍മരങ്ങളുടെ അവശിഷ്‌ടങ്ങളും മുങ്ങല്‍ വിദഗ്‌ധര്‍ക്ക്‌ തടസമായി. ജില്ലാ കലക്‌ടര്‍ എസ്‌ സുഹാസ്‌, പോലീസ്‌ മേധാവി രാജപോല്‍ മീണ, ജില്ലാ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു ഓഫീസര്‍ ഋതീജ്‌ തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Tuesday 18 Jul 2017 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW