Saturday, May 26, 2018 Last Updated 19 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 01.12 AM

മെമ്മറിക്കാര്‍ഡ്‌ പിടിച്ചെടുത്തു

uploads/news/2017/07/128546/1.jpg

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ്‌ പോലീസ്‌ പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയുടെ ജൂനിയറായ രാജു ജോസഫില്‍ നിന്നാണ്‌ കാര്‍ഡ്‌ പിടിച്ചെടുത്തത്‌. പ്രതീഷ്‌ ചാക്കോയ്‌ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
ആറുവര്‍ഷം മുമ്പ്‌ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. സിനിമാ നിര്‍മാതാവ്‌ ജോണി സാഗരികയുടെ പരാതിയിലാണ്‌ കേസ്‌. 2011 ല്‍ നടിയെ ഷൂട്ടിങ്‌ സ്‌ഥലത്തേക്ക്‌ കൊണ്ടുവരുന്നതിനിടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ്‌ പരാതി. മണിക്കൂറുകളോളം കാറില്‍ വട്ടം ചുറ്റിച്ചെങ്കിലും പദ്ധതി പാളിപ്പോവുകയായിരുന്നു. ഇതുസംബന്ധിച്ച്‌ നടിയുടെ ഭര്‍ത്താവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട്‌ പോലീസ്‌ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
പള്‍സര്‍ സുനിയും തിരിച്ചറിയാത്ത നാലുപേരുമാണ്‌ പ്രതികള്‍. കേസില്‍ ഉടന്‍ തന്നെ നടിയുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തും. കേസന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങും. അടുത്തിടെ വിദേശ സന്ദര്‍ശനം നടത്തിയ ദിലീപിന്റെ സുഹൃത്ത്‌ മൊബൈല്‍ ഫോണിന്റെ സിം മാറ്റിയതായി പോലീസിന്‌ വിവരം ലഭിച്ചു. ദിലീപിന്റെ ഒരു സുഹൃത്ത്‌ വഴി ആക്രമണം ചിത്രീകരിച്ച മൊബൈല്‍ വിദേശത്തേയ്‌ക്ക്‌ കടത്തിയതായും സംശയമുണ്ട്‌. ഇത്‌ പോലീസ്‌ പരിശോധിച്ചു വരികയാണ്‌. ഈ ദൃശ്യങ്ങള്‍ വിദേശത്തുനിന്ന്‌ അപ്‌ലോഡ്‌ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്‌ അത്‌ തടയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്‌.
പോലീസ്‌ അഭിഭാഷകനില്‍ നിന്ന്‌ പിടിച്ചെടുത്ത കാര്‍ഡില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ലെന്നാണ്‌ സൂചന. ഇത്‌ മായ്‌ച്ചതാണെന്ന്‌ പോലീസ്‌ കരുതുന്നു. ഇവ വീണ്ടെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക്‌ ലാബില്‍ അയയ്‌ക്കുമെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. പ്രതീഷ്‌ ചാക്കോ ഒളിവില്‍ പോയതോടെയാണ്‌ രാജു ജോസഫിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തത്‌. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയെ ഏല്‍പ്പിച്ചെന്നാണ്‌ പറഞ്ഞിരുന്നത്‌. പ്രതീഷ്‌ ചാക്കോ ഒളിവിലാണ്‌. പ്രതീഷ്‌ ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും. നേരത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരുമായി സഹകരിക്കണമെന്നാണ്‌ അഭിഭാഷകന്‌ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്‌.
ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കാനായി മാറ്റുകയായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ വ്യാഴാഴ്‌ച വരെ ഹൈക്കോടതി സമയം അനുവദിച്ചത്‌ അന്വേഷണ സംഘത്തിന്‌ അനുകൂലമായി. ഒളിവിലായ അഭിഭാഷകനെയും ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയെയും കസ്‌റ്റഡിയിലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ പോലീസ്‌.
ഇന്നലെ ജാമ്യാപേക്ഷ വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റിയതോടെ ദിലീപിന്റെ ജയില്‍വാസം വീണ്ടും നീണ്ടിരിക്കുകയാണ്‌. അതിനിടെ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റും തിങ്കളാഴ്‌ചയോടെ അപ്രത്യക്ഷമായി. ദിലീപ്‌ ഓണ്‍ലൈന്‍ എന്ന സൈറ്റാണ്‌ അപ്രത്യക്ഷമായത്‌. നേരത്തെ നടന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌ത്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ്‌ വെബ്‌-സൈറ്റ്‌ അപ്രത്യക്ഷമായത്‌.
അതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപും ബന്ധുക്കളായ വെങ്കിട്ട സുനില്‍, സുരാജ്‌ എന്നിവരും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. നടന്‍ ദിലീപിന്‌ ജാമ്യം നിഷേധിച്ചത്‌ സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി വിധിയും തിങ്കളാഴ്‌ച പുറത്തുവന്നു. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പുറത്തുവന്ന വിധിയില്‍ വിശദമാക്കുന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവ ലഘൂകരിച്ച്‌ കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണില്ലെന്ന്‌ എല്ലാവരും തിരിച്ചറിയണം.
ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ വിശദമാക്കുന്നു. കേസ്‌ തെളിയിക്കാന്‍ ദിലീപിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വെക്കാമെന്ന നിരീക്ഷണവും കോടതി നടത്തുന്നുണ്ട്‌. ശനിയാഴ്‌ചയാണ്‌ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്‌.

Ads by Google
Tuesday 18 Jul 2017 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW