Saturday, May 19, 2018 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 04.34 PM

പനിക്കാലം കരുതിയിരിക്കുക

പനി കുറയുന്നതിന് സ്വയം മരുന്ന് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. രോഗലക്ഷണങ്ങളുടെ സ്വഭാവത്തില്‍ മരുന്നുപയോഗം വരുത്തുന്ന മാറ്റങ്ങള്‍ രോഗനിര്‍ണയത്തിന് തടസമുണ്ടാക്കും. പനിയുടെ സ്വഭാവം നോക്കി എതു പനിയാണെന്ന് നിര്‍ണയിക്കാന്‍ ഡോക്ടര്‍ക്കാവും.
uploads/news/2017/07/128434/fever170717.jpg

ഉത്സവങ്ങള്‍ പോലെയാണ് മലയാളിക്ക് ഇപ്പോള്‍ പനിയും. എല്ലാ വര്‍ഷവും പതിവുതെറ്റിക്കാതെ പൂര്‍വാധികം ഭംഗിയായി പനി എത്തും. ഒരു വ്യത്യാസം മാത്രം. ആഘോഷങ്ങള്‍ക്കായി നാം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പനിക്കാലം ഭീതിയോടെ ആണെന്നു മാത്രം.

പിന്നീടങ്ങോട്ട് ദുരിതത്തിന്റെ പെരുമഴക്കാലമാണ്. പഞ്ഞകര്‍ക്കിടകത്തിന്റെ വറുതിയിലേക്ക് അടുക്കുന്ന സാധാരണ കുടുംബങ്ങള്‍ക്ക് പകര്‍ച്ചപ്പനി ഇരുട്ടടിയാകും. ആശുപത്രിയും ചികിത്സയും മരുന്നുമൊക്കെയായി ആകെയുള്ളത് മുഴുവന്‍ പനി കൊണ്ടുപോകും.

ഇത്തിരി ഉപ്പൊഴിച്ച കഞ്ഞിവെള്ളമോ ചുക്കിട്ട കാപ്പിയോ കുടിക്കാന്‍ പോലും കഴിയാതെ ദാരിദ്ര്യവും പനിക്കൊപ്പം പിടിമുറുക്കും. ചികിത്സതേടി ആശുപത്രിയിലെത്തിയാല്‍ അവിടെ ഒരു പഞ്ചായത്ത് മുഴുവന്‍ ക്യൂവില്‍ പനിച്ചുവിറച്ചു നില്‍പ്പുണ്ടാകും.

ആശുപത്രി മുറികളും കിടക്കകളും വരാന്തയും നിറഞ്ഞ് കവിഞ്ഞ് രോഗികള്‍ കാര്‍ഷെഡിലും, മോട്ടോര്‍ പുരയിലും പായ വിരിക്കും. അല്ലാതെന്തു ചെയ്യാന്‍..

വെറുതേ വിടരുത് പകര്‍ച്ചപ്പനിയെ


പനിയെ അത്ര നിസാരക്കാരനായി കാണരുത്. ആട്ടിമൂട്ടി പുതച്ചൊരു കിടപ്പുകിടന്നാല്‍ പനി പണ്ടു പമ്പകടക്കുമായിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറി. പനിയുടെ രൂപവും ഭാവവും മാറി. പനിക്ക് പല പേരും പല സ്വഭാവവുമാണിന്ന്. അതില്‍ അപകടകാരികളും നിരുപദ്രവകാരികളുമുണ്ട്.

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പനിക്ക് പോലും വൈദ്യസഹായം തേടേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളത്. നീണ്ടു നില്‍ക്കുന്ന പനിക്കു നിര്‍ബന്ധമായും ചികിത്സ തേടണം. പനി കുറയുന്നതിന് സ്വയം മരുന്ന് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.

രോഗലക്ഷണങ്ങളുടെ സ്വഭാവത്തില്‍ മരുന്നുപയോഗം വരുത്തുന്ന മാറ്റങ്ങള്‍ രോഗനിര്‍ണയത്തിന് തടസമുണ്ടാക്കും. പനിയുടെ സ്വഭാവം നോക്കി ഏതു പനിയാണെന്ന് നിര്‍ണയിക്കാന്‍ ഡോക്ടര്‍ക്കാവും. എന്നാല്‍ സ്വയം ചികിത്സയിലൂടെ പനിയുടെ ഈ സ്വഭാവം മാറുകയും ഏതു പനിയെന്നു തിരിച്ചറിയാന്‍ കഴിയാതെ സങ്കീര്‍ണമാവുകയും ചെയ്യുന്നു.

പനികള്‍ പലതരം


പ്രധാനമായും നാലുതരത്തിലുള്ള പനികളാണ് ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നത്. ജലദോഷപനി, ഡങ്കിപനി, ചിക്കുന്‍ ഗുനിയ, എച്ച്1 എന്‍1. ഇതില്‍ ജലദോഷപനിയൊഴിച്ച് മറ്റ് മൂന്നും യഥാസമയം ചികിത്സ ലഭിക്കാതെ വന്നാല്‍ സങ്കീര്‍ണമാവുന്നതാണ്.

ജലദോഷപ്പനി


പനികളില്‍ വച്ച് ഏറ്റവും നിരുപദ്രപകാരിയാണ് ജലദോഷപ്പനി. വൈറസുകളാണ് പനിക്ക് കാരണം. മുതിര്‍ന്നവരില്‍ ഒരു വര്‍ഷം രണ്ടുമുതല്‍ മൂന്ന് തവണയും കുട്ടികളില്‍ ആറ് മുതല്‍ എട്ടു തവണയും ജലദോഷപനി പിടിപെടാം.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഒന്നു മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. മൂക്കടപ്പ്, ചുമ, തുമ്മല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, മൂക്കൊലിപ്പ്, തൊണ്ടയില്‍ കിരുകിരുപ്പ് തുടങ്ങിയവയാണ് ജലദോഷപ്പനിയുടെ ആദ്യ ലക്ഷണങ്ങള്‍. തലവേദനയും ക്ഷീണവും ഒപ്പം ഉണ്ടാകാം.

എച്ച്1 എന്‍1 പനി


ഇന്‍ഫ്‌ളുവന്‍സ ഇനത്തില്‍പ്പെട്ട എച്ച്1 എന്‍1 വൈറസാണ് രോഗകാരി. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വായുവിലൂടെ രോഗം പകരുന്നു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണികകള്‍ വഴിയാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. കൂടാതെ രോഗിയുടെ സ്രവങ്ങള്‍ കലര്‍ന്ന വസ്തുക്കളും വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിലൂടെയും രോഗം പകരാവുന്നതാണ്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനിയോടൊപ്പം ചുമ, തൊണ്ടവേദന, തലവേദന, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍, ക്ഷീണം, വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

പനിയുടെ സങ്കീര്‍ണതകളെത്തുടര്‍ന്ന് ഹൃദയത്തെ ബാധിക്കുന്ന മയോ കാര്‍ഡൈറ്റിസ്, ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന ഇന്‍സിഫിലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ശരീരത്തിന്റെ പ്രതിരോധ ശക്തി കുറഞ്ഞവരിലും കുട്ടികളിലും പ്രായമേറിയവരിലും ഗര്‍ഭിണികളിലുമാണ് പനി കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭം അലസുന്നതിനും മാസം തികയാതെ പ്രസവിക്കുന്നതിനും ഇടയുണ്ട്.

രക്തപരിശോധനയിലൂടെയും മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുടെ പരിശോധനയില്‍ നിന്നുമാണ് രോഗനിര്‍ണയം നടക്കുന്നത്. ഇതിന്റെ ചികിത്സ എന്നു പറയുന്നത് ആന്റിവൈറല്‍ മരുന്നുകള്‍ ആണ്.

ഓസല്‍ടാമിവിര്‍ എന്ന ആന്റി വൈറസ് മരുന്നാണ് എച്ച1 എന്‍1 പനിയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അഞ്ച് ദിവസം മുതല്‍ ഏഴു ദിവസം വരെ മരുന്ന് നല്‍കേണ്ടി വരും. രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് പ്രതിരോധ വാക്‌സിനും മരുന്നുകളും നല്‍കാവുന്നതാണ്.

പ്രതിരോധ നടപടികള്‍ രോഗികള്‍ എടുക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം. രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗിയുമായി ഇടപഴകുന്നവരും കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകണം.

പനിയുള്ളവര്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എച്ച്1 എന്‍1 പനിക്ക് എതിരായി ഇപ്പോള്‍ വാക്‌സിനും ലഭ്യമാണ്.

പ്രതിരോധം പ്രധാനം


മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ല ആശുപത്രികളിലും മെഡിക്കല്‍ വാക്‌സിന്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഒറ്റ വാക്‌സിന്‍ അഞ്ച് വര്‍ഷം വരെ പ്രതിരോധശേഷി ലഭിക്കും.

രോഗസാധ്യത കൂടുതലുള്ളവര്‍ക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗിയുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്‌സിനേഷന്‍ എടുക്കണം.

ഗര്‍ഭിണികള്‍ സൂക്ഷിക്കുക


രോഗത്തെത്തുടര്‍ന്ന് മരണസാധ്യത കൂടുതലായി കാണുന്നത് ഗര്‍ഭിണികള്‍ക്കാണ്. അതുകൊണ്ട് ഗര്‍ഭിണികള്‍ എച്ച്1 എന്‍1 പ്രതിരോധ വാക്‌സിന്‍ എടുക്കണം. ഗര്‍ഭിണികള്‍ക്ക് പനി വേഗത്തില്‍ പിടിപെടുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

രണ്ട് സാധ്യതകളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് മുന്നിലുള്ളത്. അതിലൊന്ന്, ഗര്‍ഭിണികളില്‍ പ്രതിരോധവ്യവസ്ഥ അമിതവും വികലവുമാണ്. ഇതിന്റെ ഭാഗമായി രോഗം ഗര്‍ഭിണികളില്‍ സങ്കീര്‍ണമാകാം.

വയര്‍ വീര്‍ക്കുന്നതിന്റെ ഭാഗമായി വയറിനെയും നെഞ്ചിനെയും തിരിക്കുന്ന ഭിത്തി മുകളിലേക്ക് തള്ളുന്നു. ഇതുമൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്.

ഡെങ്കിപ്പനി


കൊതുക് പരത്തുന്ന മാരകമായ പനികളിലൊന്നാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. ഏഴ് ദിവസങ്ങള്‍ക്കകം രോഗം മറ്റുള്ളവരിലേക്ക് പകരും.

ഡെങ്കി രോഗബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. കുട്ടികളില്‍ സാധാരണ പനിയും ചര്‍മ്മത്തില്‍ ചെറിയ പാടുകളും കാണുന്നു. പ്രായമായവരില്‍ ചര്‍മ്മത്തിലെ പാടുകള്‍ക്കൊപ്പം അസഹനീയമായ പേശിവേദനയും ഉണ്ടാകും.

ഡെങ്കിപ്പനി ഗുരുതരമാകുന്നത് പനിയോടൊപ്പമുണ്ടാകുന്ന ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോഴാണ്. രോഗിക്ക് പരിപൂര്‍ണവിശ്രമവും പോഷകാഹാരവും കുടിക്കുവാന്‍ വെള്ളവും നല്‍കണം. പനി കുറയ്ക്കുവാനായി ദേഹം തണുത്തവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് തുടച്ചു കൊടുക്കാം.

ചിക്കുന്‍ ഗുനിയ


കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പനി ഭീകരനാണ് ചിക്കുന്‍ ഗുനിയ. സാധാരണ വൈറല്‍ പനിയുമായി സാമ്യമുള്ളതാണ് ചിക്കുന്‍ ഗുനിയയുടെ പ്രാരംഭ ലക്ഷണം. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയാണ് ആദ്യ ലക്ഷണം.

ഒപ്പം ശക്തമായ സന്ധിവേദന, ചര്‍മ്മത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകും. ഇതോടൊപ്പം ഛര്‍ദി, വിറയല്‍ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കണ്ടുവരുന്നു. ബഹുഭൂരിപക്ഷവും മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു.

പനി കുറയുവാനുള്ള മരുന്നുകളും സന്ധികളുടെ വേദനയും നീര്‍ക്കെട്ടും കുറയുവാനായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന വേദന സംഹാരികളും രോഗിക്ക് നല്‍കണം. കൊതുകു നിര്‍മാര്‍ജനത്തിന് പ്രാധാന്യം നല്‍കണം.

പനി പടരുന്നത് തടയാം


1 ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നു പിടിക്കുന്ന മഴക്കാലത്ത് ഇവ ഒഴിവാക്കാന്‍ പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്.
2. വീടിനു ചുറ്റുപാടുമുള്ള കാടും പടര്‍പ്പും വെട്ടിമാറ്റി വൃത്തിയാക്കണം. കൊതുകുകള്‍ പെറ്റുപെരുകുന്നത് ഇതിലൂടെ തടയാം.

3. പ്ലാസ്റ്റിക് കടലാസുകളും സഞ്ചികളും നിരത്തില്‍ വലിച്ചെറിയരുത്. ഇത് കൊതുക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം ഒരുക്കും.
4. കൊതുകുകടി ഒഴിവാക്കാന്‍ കൊതുകുവലയോ കൊതുകിനെ അകറ്റി നിര്‍ത്തുന്ന മറ്റു വസ്തുക്കളോ ഉപയോഗിക്കുക.

5. കൊതുക് അധികമായുള്ള വൈകുന്നേരങ്ങളില്‍ വീടിന് പുറത്തിറങ്ങുന്നത് കുറയ്ക്കുക. അഥവാ ഇറങ്ങണമെങ്കില്‍ കൊതുകിനെ അകറ്റി നിര്‍ത്തുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
6. പറമ്പിലും വീടിന്റെ പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. പ്രത്യേകിച്ചു റബ്ബര്‍തോട്ടത്തിലെ ചിരട്ടകളില്‍.

7. പനിയുടെ അസ്വസ്ഥതകളും ശരീരവേദനയും കൂട്ടാന്‍ മദ്യപാനം കാരണമാകുന്നു.
8. ഫ്രിഡ്ജിന്റെ ട്രേയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകു മുട്ടയിട്ടു പെരുകാന്‍ കാരണമാകാം.

9. കൊതുകുവലകള്‍ ഉപയോഗിച്ച് വാതിലും ജനലും മൂടുകവഴി കൊതുക് വീടനകത്ത് കടക്കുന്നതൊഴിവാക്കാം.
10. കതകുകളും ജനലുകളും സന്ധ്യയ്ക്കു മുമ്പ് അടച്ചിടുക.

11. എലിപ്പനി നിയന്ത്രിക്കാന്‍ രോഗവാഹകരായ എലികളെ നിയന്ത്രിക്കുകയെന്നതാണ് പ്രധാനം.
12. കെട്ടികിടക്കുന്ന അഴുക്കുവെള്ളത്തില്‍ ഇറങ്ങാതിരിക്കാനും എപ്പോഴും ചെരുപ്പു ധരിക്കാനും ശ്രദ്ധിക്കണം. എലികളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ജലസ്രോതസില്‍ എത്തുകയും നമ്മുടെ ശരീരത്തിലുള്ള മുറിവുകളിലൂടെ ശരീരത്തു പ്രവേശിച്ച് രോഗമുണ്ടാക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. പനി കുറയുവാന്‍ പൂര്‍ണ വിശ്രമം വേണം.
2. നല്ല കാറ്റും വെളിച്ചവുമുള്ള മുറിയില്‍ വേണം വിശ്രമം.

3. പനിയുള്ളപ്പോള്‍ യാത്ര ഒഴിവാക്കുക.
4. ലളിതമായ ഭക്ഷണരീതി സ്വീകരിക്കുക.

5. ധാരാളം ശുദ്ധജലം കുടിക്കുക.
6. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത് -തയാറാക്കിയ പാനീയം കുടിക്കുക.

7. ധാരാളം പഴങ്ങളും ഇലക്കറികളും കഴിക്കണം.
8. പനിയുള്ളപ്പോള്‍ വൃത്തിയുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.

9. മറ്റുള്ളവര്‍ക്ക് പനിക്കായി വാങ്ങിയ മരുന്നുകള്‍ കഴിക്കാതിരിക്കുക.
10 . കൊതുകു വളരാനുള്ള സാഹചര്യം വീട്ടില്‍ ഇല്ലാതാക്കുക.

കടപ്പാട്:
ഡോ. ബി.പദ്മകുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW