Tuesday, September 19, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.29 AM

വൈദ്യുതി ബോര്‍ഡില്‍ കള്ളക്കളി

uploads/news/2017/07/128282/2.jpg

തിരുവനന്തപുരം: നിയമ നടപടികളില്‍പ്പെട്ടതിനാലാണു വൈദ്യുതിച്ചാര്‍ജ്‌ കുടിശിക പിരിച്ചെടുക്കാത്തതെന്നു ചൂണ്ടിക്കാട്ടി നിരക്കു വര്‍ധനയ്‌ക്കു മുറവിളി കൂട്ടിയ വൈദ്യുതി ബോര്‍ഡിന്റെ കള്ളക്കളി പുറത്ത്‌. വിവിധ കോടതികളിലായി 371 കോടി രൂപയുടെ കുടിശികക്കേസുകള്‍ മാത്രമാണുള്ളത്‌.എന്നാല്‍ കുടിശികയിനത്തില്‍ പിരിച്ചെടുക്കാനുള്ളതാകട്ടെ 2,210 കോടി രൂപയും. ഇക്കാര്യം മറച്ചുവച്ചാണു നഷ്‌ടത്തിലാണെന്നു ചൂണ്ടിക്കാട്ടി നിരക്കു വര്‍ധനയ്‌ക്കു ബോര്‍ഡ്‌ വാശിപിടിക്കുന്നത്‌.

2017 ജൂണ്‍ വരെ 2,210 കോടി രൂപയാണു വൈദ്യുതി ബോര്‍ഡിനു ലഭിക്കാനുള്ള കുടിശിക. 595 കോടി സ്വകാര്യ സ്‌ഥാപനങ്ങള്‍ നല്‍കാനുള്ളതാണ്‌. ബാക്കി സര്‍ക്കാരുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളാണ്‌. സ്വകാര്യമേഖലയില്‍ ചെറുകിട വ്യവസായ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ലോ ടെന്‍ഷന്‍ ഉപയോക്‌താക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍ കെട്ടിട സമുച്ചയങ്ങള്‍, ഫ്‌ളാറ്റുകള്‍, സ്വകാര്യ വ്യക്‌തികള്‍ തുടങ്ങി കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വിഭാഗത്തിലുള്ളവര്‍ വരുത്തിയിട്ടുള്ളത്‌ 486 കോടി രൂപയാണ്‌.

കുടിശിക പിരിച്ചെടുക്കാനുള്ള നടപടിക്കെതിരേ ഉപയോക്‌താക്കള്‍ കോടതിയെ സമീപിച്ചെന്നും അതിനാല്‍ തുക പിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നുമാണ്‌ ബോര്‍ഡിന്റെ വാദം. എന്നാല്‍ ഇതു തെറ്റാണെന്നു ബോര്‍ഡിന്റെ തന്നെ രേഖകള്‍ വ്യക്‌തമാക്കുന്നു. ഇതുവരെ സംസ്‌ഥാനത്തെ വിവിധ കോടതികളിലായി 371 കോടി രൂപയുടെ കേസുകള്‍ മാത്രമാണുള്ളത്‌. ഇതൊഴിവാക്കിയാല്‍ പോലും 1,839 കോടി രൂപ തടസമില്ലാതെ പിരിച്ചെടുക്കാം.

കുടിശിക പിരിച്ചെടുക്കല്‍ നടപടി തുടങ്ങിയാല്‍ കോടതിയെ സമീപിക്കുന്നത്‌ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍പ്പെട്ട വന്‍കിട ഗാര്‍ഹിക ഉപയോക്‌താക്കളോ സ്വകാര്യ വ്യവസായ സ്‌ഥാപനങ്ങളോ ആണ്‌. 486 കോടി രൂപയാണ്‌ ഈ വിഭാഗത്തിലുള്ളവര്‍ കുടിശിക വരുത്തിയിട്ടുള്ളത്‌. ഇതില്‍ കേസില്‍പ്പെട്ടവ ഒഴിവാക്കിയാല്‍പോലും 100 കോടിയിലധികം രൂപ തിരികെ പിടിക്കാം. വൈദ്യുതി ബോര്‍ഡില്‍നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന ലൈസന്‍സികള്‍ പോലും കുടിശിക വരുത്തിയിട്ടുണ്ട്‌. 15 കോടി രൂപയാണ്‌ ഇവര്‍ നല്‍കാനുള്ളത്‌.

സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്‌താക്കള്‍ ഉള്‍പ്പെടെ ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ളവരുടെ ആകെ കുടിശിക 110 കോടി മാത്രമാണ്‌. ലോ ടെന്‍ഷന്‍ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ വരുത്തിയ കുടിശികയാകട്ടെ 68 കോടി മാത്രവും. എന്നാല്‍ നഷ്‌ടം പറഞ്ഞ്‌ ഇത്തവണ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നിരക്ക്‌ വര്‍ധനയുണ്ടായതും ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കാണ്‌. മിക്കപ്പോഴും ബോര്‍ഡിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ വീഴ്‌ചയാണ്‌ തുക പിരിച്ചെടുക്കുന്ന നടപടി സ്‌റ്റേ ചെയ്യാന്‍ കാരണമാകുന്നത്‌. വന്‍കിട ഉപയോക്‌തക്കകള്‍ ഫയല്‍ ചെയ്യുന്ന കേസില്‍ ബോര്‍ഡ്‌ പരാജയപ്പെടുകയാണ്‌. ഇതില്‍ ഒത്തുകളിയുണ്ടെന്നും ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Monday 17 Jul 2017 12.29 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW