Thursday, April 19, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.08 AM

കൊമ്പുമുളയ്‌ക്കുന്ന ബാങ്കുകള്‍?

uploads/news/2017/07/128236/2.jpg

ഇന്ത്യന്‍ ബാങ്കുകളുടെ സമൂലമായ പൊളിച്ചെഴുത്തിനാണു ബാങ്ക്‌ ലയന പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടൊപ്പം അവയെ സ്വകാര്യവല്‍ക്കരിക്കാനും, സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കാനുമാണു തുടര്‍നീക്കം. അതിനുള്ള നടപടികളാണു മിന്നല്‍ വേഗതയില്‍ ബാങ്കിങ്‌ മേഖലയില്‍ നടന്നുവരുന്നത്‌. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പരീക്ഷണമായിരുന്നു സ്‌േറ്ററ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ അഞ്ച്‌ അസോസിയേറ്റ്‌ ബാങ്കുകളെ ലയിപ്പിച്ച നടപടി. അങ്ങനെയാണു ലോകത്തിലെ 47-ാമത്തെ വലിയ ബാങ്കെന്ന സ്‌ഥാനം എസ്‌.ബി.ഐക്ക്‌ നേടാനായത്‌.
എന്നാല്‍ സാധാരണക്കാരായ ബാങ്കിടപാടുകാര്‍ക്ക്‌ ഇത്‌ അനുഭവഭേദ്യമായത്‌ മറ്റൊരു വിധത്തിലായിരുന്നു. 2017 ഏപ്രില്‍ ഒന്ന്‌ മുതലും ജൂണ്‍ ഒന്ന്‌ മുതലും നടപ്പായ സര്‍വീസ്‌ ചാര്‍ജ്‌ പ്രഹരം അസഹനീയം. പഴയ അസോസിയേറ്റ്‌ ബാങ്കു ശാഖകളില്‍, വായ്‌പാ വിതരണം തുടങ്ങി പ്രവര്‍ത്തന രീതികളൊന്നും ഇപ്പോഴും സുഗമമായിട്ടില്ല. വലിയ ബാങ്കായപ്പോള്‍ ചെറുകിട ഇടത്തരം ഇടപാടുകാരോടുള്ള അവഗണന വര്‍ധിക്കുകയും ചെയ്‌തു. 10,000 രൂപ വരെയുള്ള സ്വര്‍ണപ്പണയ വായ്‌പ സ്‌േറ്ററ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിര്‍ത്തലാക്കി. മാത്രമല്ല, സമ്പന്നരായ ഇടപാടൂകാര്‍ക്ക്‌ വിശിഷ്‌ട സേവനം ലഭ്യമാക്കുന്ന തിരക്കില്‍ സാധാരണ ഇടപാടുകാരെ പുറന്തള്ളുന്നതാണ്‌ ഇപ്പോഴത്തെ രീതി.
സ്‌േറ്ററ്റ്‌ ബാങ്ക്‌ ലയന മാതൃകയില്‍, 20 പൊതുമേഖലാ ബാങ്കുകളെ കൂട്ടിച്ചേര്‍ത്ത്‌ അഞ്ചു വലിയ ബാങ്കുകളാക്കാനാണ്‌ അടുത്ത നീക്കം. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കനറാ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയെ ലീഡര്‍ സ്‌ഥാനത്ത്‌ പ്രതിഷ്‌ഠിച്ച്‌ ഇതര ബാങ്കുകളെ ഇവയിലേതെങ്കിലുമൊന്നില്‍ ലയിപ്പിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്‌. നീതി ആയോഗിന്‌ അതിനനുസരണമായ വിധം നിര്‍ദേശവും നല്‍കി കഴിഞ്ഞു.
സമാനമായവിധം സ്വകാര്യ മേഖലയിലെ ബാങ്ക്‌ ലയന ഒരുക്കങ്ങളും തകൃതിയായി നടന്നുവരുന്നുണ്ട്‌. സ്വകാര്യ ബാങ്കുകള്‍ തമ്മില്‍ ലയിക്കാന്‍ നിബന്ധനകളും ചിട്ടവട്ടങ്ങളും താരതമ്യേന കുറവാണ്‌. സ്വകാര്യ ബാങ്കുകളുടെ ഡയറക്‌ടര്‍ ബോര്‍ഡുകള്‍ പരസ്‌പരം ലയിക്കാന്‍ താല്‍പര്യപ്പെട്ടാല്‍ അതിന്‌ അനുമതി നല്‍കുന്ന ചടങ്ങ്‌ മാത്രമേ റിസര്‍വ്‌ ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നിര്‍വഹിക്കാനുള്ളൂ.
ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളില്‍, മുന്തിയ സ്‌ഥാനമുള്ള എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ, കൊടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നിവയോടൊപ്പം ഇതര സ്വകാര്യ ബാങ്കുകളെ കൂട്ടിച്ചേര്‍ക്കാനാണു നീക്കം. സ്‌േറ്ററ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പൊതുമേഖലയിലെ വലിയ ബാങ്കായതിനു ബദലായി സ്വകാര്യ മേഖലയിലും കൂറ്റന്‍ ബാങ്കുണ്ടാക്കുക എന്നതാണു ലക്ഷ്യം. അതനുസരിച്ചു ചെറിയ സ്വകാര്യ ബാങ്കുകളില്‍ വലിയ ആന്തരിക മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. പ്രവര്‍ത്തന മികവിലും ലാഭത്തോതിലും ഇന്ത്യയില്‍ തന്നെ മികച്ച നിലയിലുള്ള സ്‌ഥാപനമാണു ഫെഡറല്‍ ബാങ്ക്‌. സ്വന്തമായി നിലനില്‍ക്കാനും തനത്‌ രീതിയില്‍ പ്രവര്‍ത്തിച്ചു മുന്നേറാനും യാതൊരു പ്രയാസവുമില്ല. പക്ഷേ, ഒരു നവസ്വകാര്യ ബാങ്കിന്റെ ഉള്ളടക്കത്തിലേക്ക്‌ ഈ ബാങ്ക്‌ അതിവേഗം നീങ്ങിക്കഴിഞ്ഞു.
ബാങ്കിങ്‌ സംവിധാനത്തില്‍ നിലനില്‍ക്കുന്ന വിവിധ തട്ടുകളിലുള്ള മാനേജര്‍ എന്ന തസ്‌തികയെ പുനര്‍നാമകരണം ചെയ്‌ത്‌, നവസ്വകാര്യ ബാങ്കിലേതുപോലെ വൈസ്‌ പ്രസിഡന്റ്‌ എന്നാക്കി മാറ്റി. ഇങ്ങനെ മുകള്‍തട്ടിലുള്ളവര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന വേതനത്തെ ചൂണ്ടിക്കാട്ടി, കീഴ്‌ജീവനക്കാരോടും പുതിയ വേതന സമ്പ്രദായത്തിലേക്കു കടന്നുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. പണം കൊടുത്ത്‌ ജീവനക്കാരെ മയക്കുകയും വളയ്‌ക്കുകയും ചെയ്യുന്ന രീതിയാണിത്‌. കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ 51% ഓഹരികള്‍ കനേഡിയന്‍ കമ്പനിക്കു നല്‍കാനുള്ള അനുമതിയും നടപടി ക്രമങ്ങളും പുരോഗമിക്കുന്നു. വിദേശികളുടെ ഇഷ്‌ടപ്രകാരമാണത്രേ നഷ്‌ടശാഖകള്‍ പൂട്ടിക്കൊണ്ടിരിക്കുന്നത്‌? ആ ബാങ്കിലെ ജീവനക്കാര്‍ ഇനി മേലാല്‍ ബാങ്കിനെക്കുറിച്ചോ, ഉന്നത ഉദ്യോഗസ്‌ഥരെ കുറിച്ചോ ഉള്ള യാതൊരു വിവരങ്ങളും ഫെയ്‌സ്‌ബുക്ക്‌, വാട്ട്‌സ്‌ആപ്പ്‌, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ മിണ്ടിപ്പോകരുതെന്ന്‌ ഉത്തരവിറക്കിയിരിക്കുന്നു.
കെടുകാര്യസ്‌ഥതയും നിക്ഷിപ്‌തതാല്‍പര്യവും മൂലം തകര്‍ന്നടിഞ്ഞു കിടക്കുകയാണ്‌ ധനലക്ഷ്‌മി ബാങ്ക്‌. ഈ ബാങ്കുകളെല്ലാം, അനുയോജ്യമായ ഒരു അവസരത്തില്‍ ഏതെങ്കിലും നവസ്വകാര്യ ബാങ്കില്‍ കടന്നുകൂടാനുള്ള തയാറെടുപ്പുകളാണ്‌ നടത്തിവരുന്നത്‌. നാടിന്റെ സമ്പദ്‌വ്യവസ്‌ഥയിലും ദൈനംദിന ജനജീവിതത്തിലും വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവവികാസമാണിത്‌.
കിട്ടാക്കടത്തിന്റെ പേരുപറഞ്ഞിട്ടാണു ബാങ്ക്‌ പരിഷ്‌കരണങ്ങള്‍ക്കുള്ള ന്യായവാദം നിരത്തുന്നത്‌. കിട്ടാക്കടങ്ങള്‍ ഉണ്ടാകുന്നത്‌, വായ്‌പാ വിതരണത്തിലെ സമ്പന്ന പക്ഷപാതിത്വം മൂലമാണ്‌. ചെറുകിട ഇടത്തരം വായ്‌പകള്‍ ഇല്ലാതാക്കി, വായ്‌പകള്‍ വമ്പന്‍ കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതാണു നവലിബറല്‍ കാലത്തെ നയം. ആ വിധത്തില്‍ വായ്‌പ ലഭിച്ച വിജയ്‌ മല്യയെപ്പോലുള്ളവര്‍ വായ്‌പകള്‍ മനഃപൂര്‍വം കുടിശികയാക്കുകയും അതു ബാങ്കുകളുടെ ലാഭത്തില്‍നിന്ന്‌ എഴുതിത്തള്ളുകയും ചെയ്യുമ്പോഴാണു നഷ്‌ടം സംഭവിക്കുന്നത്‌. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20 പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനലാഭം 98,828 കോടി രൂപയാണ്‌.
അഥവാ ഇന്ത്യയിലെ ബാങ്കുകളെല്ലാം നല്ല തോതിലുള്ള ബിസിനസ്‌ ലാഭം കൈവരിക്കുന്നുവെന്നര്‍ത്ഥം. എന്നാല്‍ ഈ ലാഭത്തുകയില്‍നിന്നു കിട്ടാക്കടം എഴുതിത്തള്ളുന്ന സമ്പ്രദായം വന്നപ്പോള്‍ മാത്രമാണു ബാങ്കുകള്‍ക്കാകെ 8,955 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചത്‌. സ്‌േറ്ററ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ചേര്‍ന്നുള്ള 2016-17 ലെ പ്രവര്‍ത്തനലാഭം 1,54,000 കോടി രൂപയാണ്‌.
എന്നാല്‍ കിട്ടാക്കടത്തിനായുള്ള തുക കുറവു ചെയ്‌തപ്പോള്‍ അറ്റലാഭം കേവലം 500 കോടിയായി ഇടിഞ്ഞു. ഈ വര്‍ഷം ഏറ്റവും വലിയ നഷ്‌ടം രേഖപ്പെടുത്തിയ ഐ.ഡി.ബി.ഐ. ബാങ്ക്‌ പോലും 4,710 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടുകയുണ്ടായി. കിട്ടാക്കടത്തുക മാറ്റിവച്ചപ്പോഴാണ്‌ ആ ബാങ്കിന്റെ നഷ്‌ടം 5,016 കോടി രൂപയായത്‌.
ബാങ്കുകളുടെ നഷ്‌ടക്കഥകളുടെ പിന്നാമ്പുറം മനസിലാകുമ്പോഴാണു വഴിപിഴച്ച വായ്‌പാ നയത്തിന്റെ പൊള്ളത്തരം തിരിച്ചറിയുക. റിസര്‍വ്‌ ബാങ്ക്‌ തന്നെ കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു കണക്ക്‌ പുറത്തുവിട്ടിട്ടുണ്ട്‌. 5,000 കോടി രൂപയില്‍ കൂടുതല്‍ വായ്‌പയെടുത്ത്‌ കുടിശിക വരുത്തിയ 12 കുത്തകകളുടെ കിട്ടാക്കട തുക 1,75,000 കോടി രൂപ വരുമത്രേ! ബാങ്കിങ്‌ വ്യവസായത്തിലെ ആകെ കിട്ടാക്കടത്തിന്റെ നാലിലൊന്നു വരും ഇത്‌.
ശാഖകള്‍ അടച്ചുപൂട്ടിയും ബാങ്കുകളെ ലയിപ്പിച്ചും ആശയക്കുഴപ്പം ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌ന നിവാരണത്തില്‍നിന്ന്‌ ഒളിച്ചോടുകയാണ്‌ ഭരണാധികാരികള്‍. ഭിന്ന സംസ്‌കാരങ്ങളും വ്യത്യസ്‌ത സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന ബാങ്കുകള്‍ തമ്മില്‍ നിര്‍ബന്ധിത ലയനങ്ങള്‍ക്കു സാഹചര്യം സൃഷ്‌ടിക്കുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനം ഇപ്പോഴത്തേതിനേക്കാള്‍ അവതാളത്തിലാകും.
ജനങ്ങളുടെ നിത്യജീവിതത്തിന്റെ അഭേദ്യഭാഗമായി ബാങ്കുകളെ മാറ്റിയെടുത്തശേഷം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുകയും സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കുകയും ചെയ്യുന്ന ഭരണകൂട പ്രവര്‍ത്തി, സാധാരണ ജനങ്ങളെ വേട്ടക്കാര്‍ക്ക്‌ എറിഞ്ഞു കൊടുക്കുന്നതിനു സമാനമാണ്‌.
രാഷ്‌ട്ര ഖജനാവിന്റെ സ്‌ഥാനമാണു ബാങ്കുകള്‍ക്കുള്ളത്‌. കോടിക്കണക്കിന്‌ വരുന്ന സാധാരണക്കാരുടേതായി 110 ലക്ഷം കോടി രൂപയുടെ ധനസഞ്ചയമാണ്‌ ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപമായി സമാഹരിച്ചിട്ടുള്ളത്‌. ഈ തുകയുടെ സുരക്ഷിതത്വം പോലും അപകടപ്പെടുംവിധമുള്ള, വായ്‌പാ എഴുതിത്തള്ളലും, സ്വകാര്യ വല്‍ക്കരണ - വിദേശ വല്‍ക്കരണ നടപടികളുമാണു രാജ്യത്തെ ബാങ്കുകളില്‍ സംജാതമായിട്ടുള്ളത്‌.

(ബി.ഇ.എഫ്‌.ഐ(കെ) പ്രസിഡന്റാണു ലേഖകന്‍) ഫോണ്‍: 9447268172

ടി. നരേന്ദ്രന്‍

Ads by Google
Monday 17 Jul 2017 12.08 AM
YOU MAY BE INTERESTED
TRENDING NOW