Thursday, May 24, 2018 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.26 AM

പ്രാഞ്ചിയേട്ടന്‍ പാടും, നല്ല നാടന്‍പാട്ട്‌- 'അടി... തമരടിക്കണ കാലമായെടി തീയാമ്മേ...'

uploads/news/2017/07/127982/sun3.jpg

പ്രേക്ഷകരുടെ നെഞ്ചിനുള്ളില്‍ ചേക്കേറിയ നല്ലനാടന്‍ ചൂരുള്ള പാട്ടുകളായിരുന്നു ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത, തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ച അങ്കമാലി ഡയറീസിലേത്‌. അങ്കമാലിയിലെ കട്ട ലോക്കല്‍ ജീവിതം അതേ ഭാവപകര്‍ച്ചയോടെ അവതരിപ്പിച്ച ഈ സിനിമയിലെ പാട്ടും റിയലിസ്‌റ്റിക്ക്‌ സ്വഭാവത്തോട്‌ അത്രമേല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.
അങ്കമാലിക്കാര്‍ ഒരുപാടുകാലമായി കേട്ടുവരുന്ന, ഇപ്പോള്‍ മലയാളികള്‍ മൊത്തം താളംപിടിച്ചു കേട്ട ഈ പാട്ടുകള്‍ക്ക്‌ ഉടമ അങ്കമാലി പ്രാഞ്ചിയെന്ന തനിനാടന്‍ മനുഷ്യനാണ്‌ . സിനിമയില്‍ പാടുകയെന്നത്‌ പ്രാഞ്ചിക്ക്‌ സ്വപ്‌നത്തിനും അപ്പുറത്തുള്ള കാര്യമായിരുന്നു.
നാടിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പാട്ടുംപാടി അങ്കമാലിയുടെ മുക്കിലും മൂലയിലും തന്റെ ഔദ്യോഗിക വാഹനമായ സൈക്കിളില്‍ ചുറ്റിനടക്കുമ്പോള്‍ ഇതെല്ലാം കോടികണക്കിനു സംഗീത ആസ്വാദകര്‍ ഭാവിയില്‍ ഏറ്റെടുക്കുമെന്നൊന്നും ഇദ്ദേഹം കരുതിയിരുന്നില്ല. പക്കാ പ്രാദേശികഭാഷ സംസാരിക്കുന്ന ഈ സിനിമയില്‍ നാട്ടുഭാഷയുടെ ഇമ്പവും താളവും കരുത്തും ചേര്‍ന്ന ആലാപനശൈലി കണ്ടെത്താന്‍ അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദും, സംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരിയും നടത്തിയ അന്വേഷണമാണ്‌ പ്രാഞ്ചിയേട്ടനില്‍ ചെന്ന്‌ അവസാനിച്ചത്‌. പാട്ടുകള്‍ ഹിറ്റായതോടെ ഇന്ന്‌ നാട്ടിലെ താരമാണ്‌ നമ്മുടെ പ്രാഞ്ചിയേട്ടന്‍.
അങ്കമാലി
ഡയറീസിലേക്കുള്ള വഴി

നാട്ടിലെ പേരുകേട്ട പരിചമുട്ട്‌ കളിക്കാരനും, ആശാനുമാണ്‌ ഇദ്ദേഹം. പരിചമുട്ട്‌ കളിക്കാരനായിരുന്നു ചാത്തന്‍ മാഷില്‍ നിന്നുമാണ്‌ ചെറുപ്പത്തില്‍ പരിചമുട്ടിന്റെ താളമേളങ്ങള്‍ പഠിച്ചത്‌. ചാത്തന്‍ മാഷ്‌ നിമിഷനേരം കൊണ്ട്‌ നാടന്‍ പാട്ടുകള്‍ സൃഷ്‌ടിക്കാന്‍ മിടുക്കനായിരുന്നു. ചാത്തന്‍ മാഷ്‌ പരിചമുട്ട്‌ ആശാനായി നടക്കുന്നതിനൊപ്പം പാറമടയില്‍ പണിക്കും പോകുമായിരുന്നു. അവിടെ ചാത്തന്‍മാഷിന്‌ ഒരു ഇഷ്‌ടക്കാരിയുണ്ടായിരുന്നു. അവളുടെ പേരായിരുന്നു തീയാമ്മ. അവളെ കാണുമ്പോള്‍ മാഷ്‌ പാടും.
'' അടി... തമരടിക്കണ കാലമായെടീ തീയാമ്മേ,
കാശിന്റെ ക്ഷാമം തീര്‍ന്നടീ തീയാമ്മേ...''
ആ പാട്ട്‌ ആശാന്‍ പാടുമ്പോള്‍ അതെല്ലാം കുഞ്ഞുപ്രാഞ്ചിയുടെ ഹൃദയത്തിലാണ്‌ പതിച്ചത്‌. അങ്ങനെ ആശാന്‍പാടി കൂട്ടിയ പാട്ടുകളെല്ലാം പ്രാഞ്ചിയും പാടി നടന്നു. ചാത്തന്‍ ആശാന്‌ കുറേ ശിഷ്യന്മാരുണ്ടായെങ്കിലും പക്ഷേ അവരൊന്നും ഈ പാട്ടുകളെ അത്രയ്‌ക്ക് സ്‌നേഹിക്കുകയോ ഹൃദ്യസ്‌ഥമാക്കുകയോ പാടി നടക്കുകയോ ചെയ്‌തില്ല. പരിചമുട്ട്‌ കളിയെല്ലാം പിന്നെ കാലത്തിന്റെ യവനികയ്‌ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ചാത്തന്‍മാഷിന്റെ ശിഷ്യന്‍മാരും പലവഴി പിരിഞ്ഞു. വാര്‍ദ്ധക്യം പലരുടെയും ജീവനെടുത്തു. പ്രാഞ്ചിയേട്ടന്‍ അപ്പോഴും നാടന്‍പാട്ടോ, പരിചമുട്ട്‌ കളിയോ മറന്നില്ല. അദ്ദേഹത്തിന്‌ അത്‌ ജീവവായുവായിരുന്നു. അങ്കമാലിക്ക്‌ അടുത്തുള്ള പരിസരപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഇദ്ദേഹം പരിചമുട്ട്‌ പഠിപ്പിക്കാന്‍ പോകുമായിരുന്നു. കിടങ്ങൂര്‍ സെന്റ്‌ ജോസഫ്‌ സ്‌കൂളിലെ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ചെമ്പന്‍ വിനോദ്‌ ജോസ്‌. ചെമ്പന്‍ വിനോദ്‌ സിനിമയില്‍ എത്തുകയും പേരുകേട്ട നടനാവുകയും ചെയ്‌തതില്‍ പ്രാഞ്ചിയേട്ടനും അഭിമാനമായിരുന്നു. ചെമ്പന്‍ വിനോദ്‌ ആദ്യമായി തിരക്കഥ എഴുതിയപ്പോള്‍ നാടിന്റെ പ്രാദേശികത തുളുമ്പുന്നപാട്ട്‌ വേണമെന്ന ആഗ്രഹവും നിര്‍ബന്ധബുദ്ധിയുമാണ്‌ സിനിമയില്‍ പാടാന്‍ പ്രാഞ്ചിയേട്ടന്‌ അവസരമൊരുക്കിയത്‌. ഒരു ശിഷ്യന്റെ ഗുരുദക്ഷിണ.
ഫ്രാന്‍സിസ്‌ ചേട്ടന്‍
പ്രാഞ്ചിയായ കഥ

അങ്കമാലിയിലെ പരിസര പ്രദേശങ്ങളിലെ ഏകദേശം അഞ്ഞൂറോളം വേദികളില്‍ അങ്കമാലി ഡയറിയിലെ സൂപ്പര്‍ഹിറ്റായ ഈ പാട്ടുകള്‍ ഇദ്ദേഹം പാടിയിട്ടുണ്ടാകും.
'' എട്ടുനാടും കീര്‍ത്തി കേട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസെ''
എന്ന പാട്ടെല്ലാം ഈ നാട്ടുകാര്‍ക്ക്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ സുപരിചിതമാണ്‌. ആളുകളെ രസിപ്പിക്കല്‍ മാത്രമായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ലക്ഷ്യം. കേരളോത്സവ മത്സരവേദികള്‍, കുടുംബയൂണിറ്റ്‌ വാര്‍ഷികങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ആഘോഷങ്ങള്‍, ഓണാഘോഷ വേദികള്‍ എന്നിവിടങ്ങളിലെ ഒരു തരംഗമായിരുന്നു പ്രാഞ്ചിയേട്ടന്റെ പരിചമുട്ട്‌ കളിയും, നാടന്‍ പാട്ടും. തന്റെ ശബ്‌ദം കേരളക്കരയാകെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഇന്ന്‌ പ്രാഞ്ചിയേട്ടന്‍.
'' ഒരു ദിവസം ചെമ്പന്‍വിനോദിന്റെ അപ്പനും അനിയനുമാണ്‌ എന്നെ കാണാന്‍ വന്നത്‌. വിനോദ്‌ ഒരു സിനിമയ്‌ക്ക് തിരക്കഥ എഴുതുന്നുണ്ടെന്നും സിനിമയ്‌ക്ക് കുറച്ച്‌ നാടന്‍ പാട്ടുകള്‍ വേണമെന്നും പറഞ്ഞു. ഞാന്‍ പാടിയ പാട്ടുകള്‍ അവര്‍ മൊബൈലില്‍ പകര്‍ത്തികൊണ്ടുപോയി. ഒരു ദിവസം ലിജോ സാറും വിനോദും കൂടി അങ്കമാലി ഫൊറോന പള്ളിക്ക്‌ അടുത്ത കോംപ്ലക്‌സിലേക്ക്‌ വിളിപ്പിച്ചു. പേടിയോടെയാണ്‌ ഞാന്‍ ചെന്നത്‌. അവരും എന്നെകൊണ്ട്‌ പാടിപ്പിച്ചു.
അവര്‍ക്കത്‌ ഇഷ്‌ടമാവുകയും അഭിനന്ദിക്കുകയും ചെയ്‌തു. പിന്നീട്‌ ചാലക്കുടിയിലെ സ്‌റ്റുഡിയോയിലേക്ക്‌ റെക്കോര്‍ഡിങിന്‌ വിളിപ്പിച്ചു. റെക്കോര്‍ഡിങ്‌ എന്നെല്ലാം കേട്ടപ്പോള്‍ ഞാന്‍ പേടിച്ച്‌ വിറച്ചു. പോകേണ്ടെന്നും മുങ്ങിനടക്കാമെന്നുമാണ്‌ കരുതിയത്‌. പിന്നെ പലരും ആത്മവിശ്വാസം നല്‍കിയപ്പോള്‍ ഏതോ ധൈര്യത്തില്‍ പോവുകയായിരുന്നു. സ്‌റ്റുഡിയോയില്‍ ചെന്ന്‌ ഞാന്‍ പാട്ടു തുടങ്ങിയപ്പോള്‍ പേടിമാറി. മണിക്കൂറുകള്‍ക്കുള്ളില്‍ 14 പാട്ടുകള്‍ പാടി. എന്നാല്‍ സിനിമയ്‌ക്ക് അത്ര പാട്ടുകള്‍ വേണ്ടായിരുന്നു. അങ്ങനെ എന്നെയും സിനിമയിലെടുത്തു. പാട്ട്‌ ഇഷ്‌ടമായ ലിജോ ചോദിച്ചു, എന്ത്‌ പേരാണ്‌ സിനിമയില്‍ വയ്‌ക്കേണ്ടത്‌?. അങ്കമാലി പ്രാഞ്ചിയെന്ന്‌ ആക്കിയാലോ?. എനിക്ക്‌ എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ ഫ്രാന്‍സിസെന്ന ഞാന്‍ പ്രാഞ്ചിയായി. ഇപ്പോള്‍ എല്ലാവരും എന്നെ അങ്കമാലി പ്രാഞ്ചിയെന്നാണ്‌ വിളിക്കുന്നത്‌. പിന്നെയത്‌ പ്രാഞ്ചിയേട്ടനായി.''.
അങ്കമാലിയുടെ ജീവിതതാളത്തെ
അടയാളപ്പെടുത്തിയ പാട്ടുകള്‍

പ്രാഞ്ചിയേട്ടന്‍ പാടിയ മൂന്നുപാട്ടുകളും യൂ ട്യൂബില്‍ ലക്ഷകണക്കിന്‌ ആസ്വാദകര്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ഈ വര്‍ഷമിറങ്ങിയ സിനിമാപാട്ടുകളില്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ സൂപ്പര്‍ഹിറ്റായതും ഈ പാട്ടുകള്‍ തന്നെ. പ്രാഞ്ചിയേട്ടന്‍ പാടിയ 'തീയാമ്മ'യും 'അങ്കമാലി'യും' താനാ ധിന'യും അങ്കമാലിയുടെ ജീവിതതാളത്തെയാണ്‌ വരച്ചിട്ടത്‌. ഈ മൂന്നു പാട്ടുകള്‍ക്കും വ്യത്യസ്‌ഥമായ മൂന്ന്‌ ആലപാന ശൈലികളാണ്‌ ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌. ഒരു പാട്ടുകാരന്‍ എന്ന നിലയില്‍ വേണ്ട ഏറ്റവും വലിയ പ്രത്യേകതയും അതാണ്‌.
പള്ളിപെരുന്നാളുകളില്‍ കേട്ടുവന്ന താളങ്ങള്‍ക്കു സമാനമായ സംഗീതമായിരുന്നു 'അങ്കമാലി' എന്ന പാട്ടിന്‌. സിനിമ തുടങ്ങുന്നതു തന്നെ പാട്ടിലൂടെയാണ്‌. 'താനധിന'യും 'തീയാമ്മ'യും മണ്ണിന്റെ താളമുള്ള ഗാനങ്ങളാണ്‌. അങ്കമാലിയിലെ ചായക്കടകളിലും കവലകളിലും കല്യാണവീടുകളിലും മറ്റ്‌ ആഘോഷങ്ങളിലുമൊക്കെ ഇഴചേര്‍ന്നു കിടക്കുന്ന താളങ്ങളെല്ലാം ഈ മൂന്നു പാട്ടിലും സംഗീത സംവിധായകനായ പ്രശാന്ത്‌ പിള്ള ലയിപ്പിക്കുകയായിരുന്നു. പടവും, പാട്ടും സൂപ്പര്‍ഹിറ്റായതോടെ ഗായകനെതേടി ലോകത്തെ മലയാളികളുള്ളയിടങ്ങളില്‍ നിന്നെല്ലാം അന്വേഷണമെത്തി. കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഈ 'പാവം' മനുഷ്യന്‍ അപ്പോഴും ഇതൊന്നുമറിയാതെ അന്നന്നത്തെ അപ്പത്തിനുള്ള നെട്ടോട്ടത്തിലായിരുന്നു. നമ്മുടെ ഫ്രാന്‍സിസേട്ടനാണ്‌ ഈ പ്രാഞ്ചിയെന്ന കാര്യം അങ്കമാലിക്കാര്‍പോലും അപ്പോഴാണ്‌ അറിയുന്നത്‌. അിടപൊളി പാട്ടാണെന്ന്‌ കണ്ടവര്‍, കണ്ടവര്‍ പിന്നെ അഭിനന്ദനം കൊണ്ട്‌ മൂടി. എല്ലാം ലിജോ ജോസിന്റെയും ചെമ്പന്‍ വിനോദിന്റെയും അനുഗ്രഹമെന്നാണ്‌ പ്രാഞ്ചിയേട്ടന്‍ പറയുന്നത്‌. ലിജോയെ കുറിച്ച്‌ പറയാന്‍ പ്രഞ്ചിയേട്ടന്‌ നൂറുനാവാണ്‌.
'' ഞാന്‍ ഷൂട്ടിങ്‌ കാണാന്‍ മിക്കദിവസവും പോകുമായിരുന്നു. ലിജോ സാറിന്റെ ആ സംവിധാന പാടവം ഒന്നുകാണേണ്ടത്‌ തന്നെയാണ്‌. എത്ര മുഷിപ്പ്‌ തോന്നിയാലും അതൊന്നും പുറത്ത്‌ കാട്ടില്ല. ആരോടും ദേഷ്യമില്ല. ചിരിച്ച്‌ പ്രോത്സാഹം നല്‍കി നമ്മുടെ കൂടെ നില്‍ക്കും''. പുതിയതായി ഇറങ്ങാന്‍ പോകുന്ന ക്യൂബന്‍ കോളനിയില്‍ ഒരു അവസരം പ്രാഞ്ചിയേട്ടന്‌ കിട്ടിയിട്ടുണ്ട്‌. അങ്കമാലി ഡയറീസ്‌ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയുടെ കാര്യവും ചര്‍ച്ചകളിലുണ്ട്‌. അനേകം നാടന്‍ പാട്ടുകള്‍ ഇനിയും പ്രാഞ്ചിയേട്ടന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്‌. ഏത്‌ പ്രേക്ഷകനെയും ആകര്‍ഷിപ്പിക്കാന്‍ പോരുന്ന നല്ല നാടന്‍ പാട്ടുകള്‍. യുവഗായകന്റെ ചുറുചുറുക്കുള്ള ശബ്‌ദഗാംഭീര്യത്തോടെ പുതിയ അവസരങ്ങള്‍ക്കായി പ്രാഞ്ചിയേട്ടനെന്ന അറുപത്തിയേഴുകാരന്‍ കാത്തിരിക്കുകയാണ്‌.

എം.എ ബൈജു

Ads by Google
Sunday 16 Jul 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW