Tuesday, November 21, 2017 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.05 AM

രാമപുരം നാലമ്പലദര്‍ശനത്തിന്‌ നാളെ തുടക്കമാകും

uploads/news/2017/07/127961/re5.jpg

രാമപുരം: നാളെ കര്‍ക്കിടകം ഒന്ന്‌. ഇനി നാടും നഗരവും രാമമന്ത്രങ്ങളാല്‍ മുഖരിതമാകും. രാമായണമാസത്തില്‍ നാലമ്പല ദര്‍ശനത്തിന്‌ ഭക്‌തജനങ്ങള്‍ വളരെയേറെ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ നാളെ മുതല്‍ രാമപുരത്തെ നാലമ്പലങ്ങളിലേക്ക്‌ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഭക്‌തജന പ്രവാഹമുണ്ടാകും. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം ഇവയാണ്‌ നാലമ്പലങ്ങള്‍.
രാമപുരം പഞ്ചായത്തില്‍തന്നെയാണ്‌ നാലു ക്ഷേത്രങ്ങളും സ്‌ഥിതി ചെയ്യുന്നത്‌. ക്ഷേത്രങ്ങള്‍ തമ്മില്‍ മൂന്നു കി.മീ. ദൂരം മാത്രമാണുള്ളത്‌. നാളെ വെളുപ്പിന്‌ നാലിന്‌ നിര്‍മാല്യദര്‍ശനത്തോടെ ഈ വര്‍ഷത്തെ നാലമ്പലദര്‍ശനം ആരംഭിക്കും. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്നതോടെയാണ്‌ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകുന്നത്‌. ദൂരം വളരെ കുറവായതിനാല്‍ ഉച്ചപൂജയ്‌ക്ക് ദര്‍ശനം പൂര്‍ത്തിയാക്കുവാന്‍ ഇവിടെ സാധിക്കും. ഏകദേശം രണ്ടു മണിക്കൂര്‍ സമയം മതി ദര്‍ശനം പൂര്‍ത്തിയാക്കാന്‍.
കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്‌ ഇവിടത്തെ പ്രധാന വഴിപാടുകള്‍. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അമ്പും വില്ലും സമര്‍പ്പണം, ലക്ഷ്‌മണ സ്വാമി ക്ഷേത്രത്തില്‍ ചതുര്‍ബാഹു സമര്‍പ്പണം, ഭരതസ്വാമി ക്ഷേത്രത്തില്‍ ശംഖ്‌ സമര്‍പ്പണം, ശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ ചക്രസമര്‍പ്പണം ഇവയാണ്‌. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തിന്‌ ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ എത്തിച്ചേരുമെന്നുള്ളതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ നാലു ക്ഷേത്രങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തീര്‍ഥാടനകാലത്ത്‌ രാവിലെ അഞ്ചു മണി മുതല്‍ 12 മണി വരെയും വൈകിട്ട്‌ അഞ്ചു മുതല്‍ 7.30 വരെയുമാണ്‌ ദര്‍ശന സമയം.
ശനി, ഞായര്‍ ദിവസങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി. നാലമ്പല സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തും. തെക്കന്‍ ജില്ലകളില്‍നിന്നെത്തുന്നവര്‍ക്ക്‌ കോട്ടയം പാലാ വഴി രാമപുരത്ത്‌ എത്താം.
വടക്കന്‍ ജില്ലകളില്‍നിന്നുമുള്ളവര്‍ക്ക്‌ മൂവാറ്റുപുഴ, കൂത്താട്ടുകുളം വഴിയും എറണാകുളം ഭാഗത്തുനിന്നുള്ളവര്‍ക്ക്‌ പിറവം, കൂത്താട്ടുകുളം വഴിയും ഇടുക്കി ഭാഗത്തുനിന്നുള്ളവര്‍ക്ക്‌ തൊടുപുഴ, കുറിഞ്ഞി വഴിയും രാമപുരത്തേക്ക്‌ എത്താം.

Ads by Google
Sunday 16 Jul 2017 01.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW