ആത്മീയ ഗുരു അയാള്‍ ഈശ്വര വിഷയത്തെപ്പറ്റി മാത്രം സംസാരിക്കുന്നു. ഈശ്വരനെ തേടുന്നു. മറ്റൊന്നിന്റെയും പിന്നാലെ പോകുകയില്ല.
യഥാര്‍ത്ഥ ഗുരുവിന് ഭൗതിക ജീവിതത്തില്‍ താല്പര്യമുണ്ടായിരിക്കയില്ല. അയാള്‍ ബ്രഹ്മനിഷ്ഠനും പരമസത്യത്തെ മുറുകെപ്പിടിച്ച് അതില്‍ മുഴുകിയിരിക്കുന്നവനുമായിരിക്കും.
'ത്രോതിയം ബ്രഹ്മനിഷ്ഠം' എന്നാണ് മുണ്ഡോപനിഷത്തില് പറഞ്ഞിട്ടുള്ളത്. ശരിയായ ഗുരു വേദങ്ങളില്‍ പരിചയവും വേദ വിജ്ഞാനവും ഉള്ളവനായിരിക്കും. അയാള്‍ എപ്പോഴും ബ്രഹ്മത്തെ ആശ്രയിച്ചു കഴിയുന്നുവെന്നര്‍ത്ഥം. ബ്രഹ്മം എന്നാല്‍ എന്ത് എന്ന് അയാള്‍ അറിയുന്നതോടൊപ്പം ബ്രഹ്മനിഷ്ഠനായിരിക്കുകയും വേണം.
യഥാര്‍ത്ഥ ഗുരുവിന്റെ ലക്ഷണങ്ങളെല്ലാം വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗുരു പറയുന്നതെല്ലാം വേദാനുസൃതമായിരിക്കും; പൂര്വ്വാചാര്യാനുസൃതവുമായിരിക്കും. ഈശ്വരന്റെ പ്രേമഭക്തനാകാന് എല്ലാവരോടും ഉപദേശിക്കുന്ന കൃത്യമാണ് ഗുരു ചെയ്യുന്നത്.
ക്രിസ്ത്യാനി, മുസ്ലീം, ഹിന്ദു എന്നതിലല്ല കാര്യം. മറിച്ച് ഈശ്വരന്റെ പ്രതിനിധിയായിട്ടാണോ അയാള്‍ സംസാരിക്കുന്നത്- എങ്കില്‍ അയാള്‍ ഗുരുവാണ്.
ഞാന്‍ ഈശ്വരനാണ്-നിങ്ങളേയും ഈശ്വരനാക്കാം എന്നൊന്നും പറയാതെ- ഞാന്‍ ഈശ്വരദാസനാണെന്നും നിങ്ങളേയും ഞാന്‍ ഈശ്വരദാസനാക്കാമെന്നുമേ പറയൂ.
യഥാര്‍ത്ഥ ഗുരുവിന് വസ്ത്രധാരണരീതിയും ഒരു പ്രശ്നമല്ല. ജനങ്ങളെ ഈശ്വര സേവകരാക്കുക, ഈശ്വര ഭക്തനാക്കാന്‍ പ്രേരിപ്പിക്കുക- അപ്പോഴാണ് ഗുരു ഈശ്വര തുല്യം ആദരണീയനാകുന്നത്.
ഗുരുവിന് എല്ലാ മാന്യതയും നല്‍കണം. അദ്ദേഹത്തിന്റെ ആജ്ഞകളെ എങ്ങനെ അനുസരിക്കണമെന്നറിയുകയും വേണം.
ഗുരുവിനെ അന്വേഷിച്ച് സമീപിക്കേണ്ടതെങ്ങനെയെന്ന് ഭഗവത് ഗീതയില്‍ (4-34) കൃഷ്ണന് പറയുന്നു.
''തത് വിദ്ധി പ്രണിപാതന
പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തിതേ ജ്ഞാനം
ജ്ഞാനി നസ്തത്ത്വ ദര്ശിനഃ''
ഗുരുവിനെ സമീപിച്ച് സത്യം അറിയുക. അദ്ദേഹത്തോട് വിനയപൂര്‍വ്വം അന്വേഷിക്കണം, അദ്ദേഹത്തെ സേവിക്കണം. അദ്ദേഹം സത്യദര്ശിയാകയാല് നിനക്ക് സത്യം പറഞ്ഞുതരുവാന്‍ കഴിവുള്ളവനാണ്.