Saturday, May 19, 2018 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 15 Jul 2017 11.43 AM

സര്‍ക്കാര്‍ നയങ്ങളോ; ഉദ്യോഗസ്ഥപ്രാമാണിത്യമോ ജനാധിപത്യത്തിനാധാരം...

uploads/news/2017/07/127893/moonamkannujuly15.jpg

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജനങ്ങള്‍ ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ ജനകീയ സര്‍ക്കാരുകള്‍ക്കാണ് പ്രാധാന്യവും. നമ്മുടേത് കാബിനറ്റ് സംവിധാനത്തിലുള്ള ഒരു ഭരണക്രമമായതുകൊണ്ട് മന്ത്രിസഭയ്ക്കാണ് പരാമാധികാരം. എന്നാല്‍ അടുത്തകാലത്തായി ജനാധിപത്യസര്‍ക്കാരുകളല്ല ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

ഏകദേശം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളിലാണ് ജനാധിപത്യഭരണകൂടത്തെ ബ്യൂറോക്രസി കവച്ചുവയ്ക്കുന്ന ഒരു സംവിധാനത്തിലേക്ക് കാര്യങ്ങള്‍ ഉയര്‍ന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളും അതിന് ശരിയായി വഴികാട്ടുന്ന ഉദ്യോഗസ്ഥരും പരസ്പരപൂരകമായി പ്രവര്‍ത്തിക്കുമ്പോഴാണ് ചലനാത്മകമായ ഒരു ഭരണക്രമം ഉണ്ടാകുക. കഴിഞ്ഞകാലങ്ങളില്‍ കേരളത്തില്‍ ശക്തരായ സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്ന സമയത്തും കാര്യക്ഷമതയുള്ള ചില ഉദ്യോഗസ്ഥര്‍ ആ സര്‍ക്കാരുകളുടെ തെറ്റായനയങ്ങളെ തിരുത്തിയിട്ടുണ്ട്.

അതിന് പറയപ്പെടുന്ന ഏറ്റവും പ്രസക്തമായ ഒരു ഉദാഹരണമാണ് കെ. കരുണാകരന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പിന്നീട് ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷനായിരുന്ന വി. രാമചന്ദ്രന്‍ അദ്ദേഹത്തെ തിരുത്തിയത്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം എയ്ഡഡ് സ്‌കൂളുകള്‍ അംഗീകരിക്കുന്നതിന് എടുത്ത തീരുമാനമാണ് അദ്ദേഹം തിരുത്തിയത്.

ചീഫ് സെക്രട്ടറി എതിര്‍ത്തതുകൊണ്ട് അദ്ദേഹം ഡല്‍ഹിയില്‍ പോയിരുന്ന തക്കം നോക്കി ഈ ഫയല്‍ മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്ന് പാസ്സാക്കി. മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ 48 മണിക്കൂറിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം. എന്നാല്‍ ചീഫ് സെക്രട്ടറി അത് ചെയ്തില്ല. കുപിതനായ കരുണാകരന്‍ അദ്ദേഹത്തെ തന്റെ ചേമ്പറിലേക്ക് വിളിപ്പിച്ചു. ഉത്തരവിറക്കാത്ത കാര്യം ചോദിച്ചു. സാമ്പത്തികബാദ്ധ്യത ചീഫ് സെക്രട്ടറി വിശദീകരിച്ചു.

ഉത്തരവിറക്കാന്‍ കരുണാകരന്‍ അന്ത്യശാസനം നല്‍കി. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും അണുകിട മാറാന്‍ രാമചന്ദ്രനും തയാറായില്ല. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ താന്‍ ഒരു ബ്രാഹ്മണനാണെന്നും അഞ്ചുരൂപയുണ്ടെങ്കില്‍ ഒരു കിലോ അരിയും രണ്ടുരൂപയ്ക്ക് പച്ചക്കറിയും വാങ്ങി താന്‍ ജീവിച്ചുപോകുമെന്നും ആ ചീഫ് സെക്രട്ടറി പറഞ്ഞുവെന്നും കേട്ടിട്ടുണ്ട്. അതോടെ വിഷയം പഠിച്ച കരുണാകരന്‍ വസ്തുതമനസിലാക്കി നിലപാട് മാറ്റിയെന്നും തലസ്ഥാനത്ത് പഴമക്കാര്‍ പറയാറുണ്ട്.

ഇത് പറഞ്ഞത് ഉദ്യോഗസ്ഥരുടെ കഴിവും ഇചഛാശക്തിയും ചൂണ്ടിക്കാട്ടാനാണ്. അത്തരത്തിലൊരു ഉദ്യോഗസ്ഥന്‍ എവിടെയിരുന്നാലും ആയിരുന്നാലും അദ്ദേഹത്തിന്റെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകയെന്നതാണ് ഏത് ഉദ്യോഗസ്ഥന്റേയും ധര്‍മ്മവും കടമയും. എന്നാല്‍ ഇവിടെ നടക്കുന്ന പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പ്രചരണമാണ് നടക്കുന്നത്.

വലിയ സാമൂഹികപ്രതിബന്ധതയുടെ പേരില്‍ ചില മാധ്യമങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും അതിനൊത്ത് തുള്ളാന്‍ ദുര്‍ബലരായ ചില ഭരണാധികാരികള്‍ തയാറാകുകയും ചെയ്യുന്നതാണ് ഇന്ന് കേരളം നേരിടുന്ന ദുരവസ്ഥ. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രശ്‌നമാണ് മൂന്നാര്‍ ഒഴിപ്പിക്കല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തങ്ങളുടെ നില
നില്‍പ്പ് ഊട്ടിയുറപ്പിക്കാന്‍ ചിലര്‍ കണ്ടുപിടിച്ച ഗൂഢമാര്‍ഗ്ഗം.

പരസ്യപോരും മാന്യതചമയുമൊക്കെയായി കുറേ രാഷ്ട്രീയവിവാദങ്ങള്‍ ഇതിന്റെ പേരില്‍ നടക്കുകയും ചെയ്തു. ഇപ്പോള്‍ അത് എത്തിനില്‍ക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലാണ്. മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതുമുതലാണ് വിവാദത്തിന്റെ തുടക്കം. മൂന്നാറിലെ കൈയേറ്റങ്ങള്‍ കണ്ടുപിടിച്ചത് അദ്ദേഹമാണെന്നും അദ്ദേഹമില്ലെങ്കില്‍ ഈ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാവില്ലെന്നുമുള്ള പ്രചരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായതും മാധ്യമങ്ങള്‍ കൊഴുപ്പിച്ചതും.

അതിനുശേഷം അവിടെയുണ്ടായിരുന്ന നാലു ഉദ്യോഗസ്ഥരെ മാറ്റിയതും വിവാദവ്യവസായക്കാര്‍ക്ക് നല്ല വളമായി. ആഘോഷിച്ചു. മാധ്യമങ്ങളെ ഭയന്ന് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇ. ചന്ദ്രശേഖരന്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഈ നാലു ഉദ്യോഗസ്ഥരും അവര്‍ക്ക് നേതൃത്വം നല്‍കിയ ശ്രീറാം വെങ്കിട്ടരാമനും മികച്ചവരും സത്യസന്ധരുമായ ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും. അവര്‍ ആത്മാര്‍ത്ഥതയോടെ ജോലിയെടുക്കുകയും ചെയ്യുമായിരിക്കും. എന്നാല്‍ അവര്‍ ഇല്ലെങ്കില്‍ ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞുള്ള പ്രചരണമാണ് അംഗീകരിക്കാന്‍ കഴിയാത്തത്.

ജനാധിപത്യത്തില്‍ നടപ്പാകേണ്ടത് സര്‍ക്കാരിന്റെ നയങ്ങളാണ്. സര്‍ക്കാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ശക്തമായ ഒരു നയം രൂപീകരിച്ചില്ലെങ്കില്‍ ശ്രീറാം വെങ്കിട്ടരാമനെന്നല്ല, ഒരു ഉദ്യോഗസ്ഥനും അക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനാവില്ല. 2013ല്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥനായി എത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന വ്യക്തിയെ കേരളവും മാധ്യമങ്ങളും മറ്റും അറിഞ്ഞത് ഇപ്പോള്‍ ഈ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് മാത്രമാണ്.

സര്‍വീസില്‍ കയറി നാലുവര്‍ഷമായിട്ടും അറിയപ്പെടാതിരുന്ന വ്യക്തി പൊടുന്നനെ പ്രശസ്തനായത് സര്‍ക്കാര്‍ കൈക്കൊണ്ട ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ്. അത് അദ്ദേഹം അവിടെ നടപ്പാക്കി. ഇല്ലായിരുന്നെങ്കില്‍ അതിന് മുമ്പിലത്തെ നാലുവര്‍ഷത്തെപ്പോലെ ഏവിടെയെങ്കിലും ആരുമറിയാതെ ഒതുങ്ങിപോകുമായിരുന്നു അദ്ദേഹവും. അതുപോലെത്തന്നെ ഇപ്പോള്‍ സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരും.

മൂന്നാറിലെ സഥിതിഗതികള്‍ എല്ലാം അറിയാവുന്നവരെ പൊടുന്നനെ മാറ്റിയാല്‍ പുതുതായി വരുന്നവര്‍ക്ക് വസ്തുതകള്‍ പഠിച്ചെടുക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന വാദഗതി അംഗീകരീക്കാം. അത് പരിഹരിക്കാന്‍ സര്‍ക്കാരും തയാറാകണം. അല്ലാതെ ഒരു ഉദ്യോഗസ്ഥന്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചലമാകുമെന്നൊക്കെയുള്ള പ്രചരണം വെറും ഗൂഢലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

ജനാധിപത്യത്തില്‍ പ്രധാനമായും മൂന്ന് തൂണുകളാണുള്ളത്. ലെജിസ്‌ലേച്ചര്‍, എസ്‌കിക്യൂട്ടീവ്, ജുഡീഷ്യറി. ഇതിന് പുറമെയുള്ള ഒരു തൂണായാണ് മാധ്യമമേഖലയെ കാണുന്നത്. ജനാധിപത്യത്തെ നേര്‍വഴിക്ക് നയിക്കുന്നതിനാണ് ഈ പ്രാധാന്യം. അത് മുമ്പ് നടക്കുകയും ചെയ്തിരുന്നു. സ്വാര്‍ത്ഥതയില്ലാതെ സാമൂഹികനന്മനോക്കിയായിരുന്നു അന്ന് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

നിഷ്പക്ഷവും നീതിപൂര്‍വവുമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇന്ന് നില മാറി. മാധ്യമങ്ങള്‍ എന്നത് വെറും കച്ചവടത്തിന്റെ ഭാഗമായി മാറി. വന്‍കിട കുത്തകകള്‍ പ്രധാനമാധ്യമങ്ങള്‍ കൈയടക്കിയതോടെ നിഷ്പക്ഷതയല്ല, പക്ഷപാതപരമായി അവരുടെ നിലപാടുകള്‍. അവരുടെ കച്ചവടതാല്‍പര്യങ്ങളാണ് ഇന്ന് പലേടത്തും വാര്‍ത്തകളായി വരുന്നത്. അത്തരത്തില്‍ നിക്ഷിപ്തതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ മാത്രം ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണവുമല്ല.

സര്‍ക്കാരിന് ജനങ്ങളുമായി ബന്ധമുണ്ടാകണം. അവരുടെ താല്‍പര്യങ്ങള്‍ മനസിലാക്കാന്‍ കഴിയണം. അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. ഇല്ലാതെ പണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞതുപോലെ ബ്രേക്കിംഗ് ന്യൂസുകളാണ് നയപരമായ തീരുമാനത്തിന് ആധാരങ്ങളാകുന്നതെങ്കില്‍ അവിടെ ജനാധിപത്യം തോല്‍ക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അത്തരത്തില്‍ ഒരു ഇടതുസര്‍ക്കാര്‍ മാധ്യമങ്ങളുടെ ഇഷ്ടത്തിന്റെ പിന്നാലെ പോകുന്ന ചിത്രമാണ് കാണുന്നത്. അത് ഇടതുപക്ഷത്തെക്കുറിച്ചുള്ള ജനപക്ഷ ചിന്തയ്ക്ക് കോട്ടവും വരുത്തും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 15 Jul 2017 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW