Friday, July 14, 2017 Last Updated 4 Min 54 Sec ago English Edition
Todays E paper
Friday 14 Jul 2017 03.34 PM

കൈപ്പുണ്യത്തില്‍ അന്നമ്മ ടച്ച്

uploads/news/2017/07/127608/fodsplannam140717.jpg

രുചികരമായ ഭക്ഷണം വച്ചുവിളമ്പാനുള്ള കഴിവ് ദൈവാനുഗ്രഹമാണ്. ആ കൈപ്പുണ്യം ആവോളം പകര്‍ന്നുകിട്ടിയ അമ്മിണിയമ്മ എന്ന അന്നമ്മയാന്റിയുടെ രുചിക്കൂട്ടുകളിലേക്ക്...

84 വര്‍ഷം മുന്‍പത്തെ കഥയാണ്. അന്നത്തെ കാലത്ത് കളത്തിപ്പടിക്കാരന്‍ പൈലോയ്ക്കും ശോശാമ്മയ്ക്കും ഹോട്ടലുണ്ടായിരുന്നു. നല്ല ഭക്ഷണം വച്ചുവിളമ്പാനറിയാവുന്ന ശോശാമ്മയെ കെട്ടിക്കൊണ്ടുവന്നത് പൈലോയ്ക്ക് ഒരു അനുഗ്രഹവുമായി.

ഹോട്ടലിലേക്ക് വേണ്ട ഭക്ഷണമെല്ലാം തയാറാക്കുന്നതും രുചികരമായ ചേരുവകള്‍ ചേര്‍ക്കുന്നതുമെല്ലാം ശോശാമ്മ തന്നെ. പൈലോ ശോശാമ്മ ദമ്പതികള്‍ക്ക് ഏഴ് മക്കളാണ്. അതില്‍ നാലാമത്തെ മകളായ അമ്മിണി ജനിച്ചുവീണതേ അടുക്കളയിലേക്കാണ്.

ഓര്‍മവച്ചപ്പോള്‍ മുതല്‍ അമ്മയുടെ പാചക കൈപ്പുണ്യം രുചിച്ചും, കൈവഴക്കം അറിഞ്ഞുമാണ് അമ്മിണി വളര്‍ന്നത്. അപ്പോള്‍പിന്നെ അവര്‍ പാചകക്കാരിയായില്ലെങ്കിലല്ലേ അതിശയമുള്ളൂ. താന്‍ പഠിക്കാനൊന്നും പോയില്ലെന്നും അടുക്കള തന്നെയായിരുന്നു ലോകമെന്നുമാണ് അമ്മിണി പറയുന്നത്.

അന്നമ്മ ഒരു ചമ്മന്തിയരച്ചാലും അതിനൊരു പ്രത്യേക രുചിയാണത്രേ. അമ്മിണിയെ വിവാഹം ചെയ്തുകൊണ്ടുപോയ ചാണ്ടിയും അമ്മിണിയുടെ ഭക്ഷണത്തിന്റെ ആരാധകനായി. അവര്‍ രണ്ടുപേരും ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചതും ഹോട്ടല്‍ ബിസിനസുതന്നെ.

പിന്നീട് അന്നമ്മയുടെ രുചിക്കൂട്ടുകള്‍ മണര്‍കാടുമുതല്‍ കോട്ടയത്തുള്ള എല്ലാ ആളുകള്‍ക്കും സുപരിചിതമായി. 20 വര്‍ഷത്തില്‍ കൂടുതല്‍ മണര്‍കാട് ആശുപത്രി ക്യാന്റീന്‍ നടത്തിയതും ഇപ്പോള്‍ മണര്‍കാട് സെന്റ് മേരീസ് കോളജ് ക്യാന്റീനും അവിടുത്തെ ഹോസ്റ്റലുകളില്‍ ഭക്ഷണം തയാറാക്കുന്നതും അമ്മിണി എന്ന അന്നമ്മയാന്റി തന്നെയാണ്. കോളജിലെ കുട്ടികളാണ് അമ്മിണിയെ അന്നമ്മായന്റിയെന്ന് വിളിച്ചുതുടങ്ങുന്നത്.

ഇപ്പോള്‍ മൂത്ത മകന്‍ സാലുവുമായി ചേര്‍ന്ന് 'ഫെബിന്‍ കേറ്ററിംഗ്സ് ' എന്ന സ്ഥാപനവും നടത്തിവരുന്നു. വിവാഹം, മാമോദീസ, തുടങ്ങി ചെറുതും വലുതുമായ എല്ലാ ചടങ്ങുകള്‍ക്കും മണര്‍കാട്ടുകാര്‍ ആദ്യം വിളിക്കുന്നത് അന്നമ്മയാന്റിയെയാണ്.

അന്നമ്മയാന്റിയുടെ രുചിക്കൂട്ടുകള്‍ തന്നെയാണ് വര്‍ഷങ്ങളായി അവരോടൊപ്പമുള്ള ജോലിക്കാര്‍ തയാറാക്കി വിളമ്പുന്നതും. തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുനല്‍കുന്നതില്‍ അമ്മിണിക്ക് യാതൊരു മടിയും ഇല്ല. അതുപോലെതന്നെ പ്രാര്‍ത്ഥനയില്‍ ജീവിതം അര്‍പ്പിച്ച് മുന്നോട്ട് പോകുന്നതാണ് തങ്ങളുടെ വിജയമെന്നും അമ്മിണി പറയുന്നു.

അന്നമ്മയാന്റിയുടെ സ്‌പെഷ്യലുകള്‍

മീന്‍ കറി


ആവശ്യമുള്ള സാധനങ്ങള്‍
ദശക്കട്ടിയുള്ള മീന്‍ - 1 കിലോ
വെളുത്തുള്ളി - 2 തുടം
ഇഞ്ചി - 50 ഗ്രാം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 50 ഗ്രാം
പിരിയന്‍ മുളകുപൊടി - 25 ഗ്രാം
കുടംപുളി - 6 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


അല്‍പ്പം വെള്ളമെടുത്ത് അതില്‍ ഉപ്പിട്ട ശേഷം പുളി തിരുമി കഴുകി അതിലേക്കിട്ടുവയ്ക്കുക. മീന്‍ കഷണങ്ങളാക്കി കഴുകി മൈദപ്പൊടിയും ഉപ്പും പുരട്ടി അല്‍പ്പസമയം വച്ച ശേഷം കഴുകി വെള്ളം വാലാന്‍ വയ്ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും കല്ലില്‍ വച്ച് ചതച്ചെടുക്കുക. മണ്‍ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും താളിച്ച് മുളകുപൊടി അതിലേക്കിട്ട് വരട്ടി കഷണം മൂടാന്‍ പാകത്തില്‍ നികക്കെ വെള്ളമൊഴിച്ച് മീന്‍ കഷണങ്ങളും ഉപ്പും പുളിയും ഇട്ട് തിളപ്പിക്കുക. തിളച്ച് വറ്റി കുറുകുമ്പോള്‍ വാങ്ങിവയ്ക്കാം...

ഇറച്ചിക്കറി


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 1 കിലോ
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
ഇഞ്ചി - 1 വലിയ കഷണം ചതച്ചത്
വെളുത്തുള്ളി - 2 തുടം (ചതച്ചത്)
വെളിച്ചെണ്ണ - പാകത്തിന്
സവാള - 3 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 4 എണ്ണം (നീളത്തില്‍ മുറിച്ചത്)
കുഞ്ഞുള്ളി - 10 എണ്ണം
തക്കാളി- 1

മസാല കൂട്ട് തയാറാക്കാന്‍
കറുവാപ്പട്ട - 1 ചെറിയ കഷണം
ഗ്രാമ്പൂ - 5 എണ്ണം
ഏലയ്ക്ക - 7 എണ്ണം
ജാതിപത്രി - 1 കഷണം തക്കോലം 1
ഇവയെല്ലാം ചൂടാക്കി പൊടിച്ചെടുക്കുക.
കടുക് - 1 ടീസ്പൂണ്‍
തേങ്ങാക്കൊത്ത്- അര കപ്പ്
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


അടി കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. അത് ചുവന്ന നിറമാകുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി, മഞ്ഞള്‍പൊടി , ഇറച്ചി മസാല കൂട്ട്, കായം എന്നിവ ചേര്‍ത്തു വഴറ്റുക. കോഴി കഷണങ്ങള്‍ ചേര്‍ക്കാം, രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു കടുകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം

പാവയ്ക്ക കറി


ആവശ്യമുള്ള സാധനങ്ങള്‍
പാവയ്ക്ക - 1 എണ്ണം (നീളത്തില്‍ ചെറുതായി മുറിച്ചത്)
പച്ചമുളക് - 2 എണ്ണം
തേങ്ങാക്കൊത്ത് - 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1/4 കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 3/4 ടീസ്പൂണ്‍
വാളന്‍പുളി - കുറച്ച്
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


പാവയ്ക്ക അല്‍പ്പസമയം വെള്ളത്തിലിട്ട ശേഷം നീളത്തില്‍ ചെറിയ കഷണങ്ങളായി അരിയുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണചൂടാക്കി പച്ചമുളകും തേങ്ങാക്കൊത്തും ചേര്‍ത്ത വഴറ്റി അതിലേക്ക് പാവയ്ക്കയും ചേര്‍ത്ത് വഴറ്റുക. തേങ്ങ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വറുത്തരച്ചെടുക്കുക. ഇത് പാവയ്ക്കയിലേക്ക് ചേര്‍ത്ത് പുളി പിഴിഞ്ഞതും ഒഴിച്ച് വറ്റിച്ചെടുക്കാം.

മാങ്ങാ അച്ചാര്‍


ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ - 1 കിലോ (ചെറിയ ചതുര കഷണങ്ങളായി അരിയുക.)
വെളുത്തുള്ളി - 2 തുടം (ചതച്ചത്)
ഇഞ്ചി - 1 വലിയ കഷണം (ചതച്ചത്)
കടുക് - 1 ടീസ്പൂണ്‍
നല്ലെണ്ണ - ആവശ്യത്തിന്
മുളകുപൊടി - 50 ഗ്രാം
വിനാഗിരി - 100 മില്ലി (മാങ്ങയുടെ പുളി അനുസരിച്ച്)

തയാറാക്കുന്ന വിധം


കടുക് താളിച്ച് അതിലേക്ക് മുളകുപൊടിയിട്ട് ഇളക്ക ശേഷം വിനാഗിരിയും പാകത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളയ്ക്കുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കുക. അരിഞ്ഞമാങ്ങയും ഉപ്പും ഇതിലേക്ക ചേര്‍ത്ത് ഇളക്കുക. മണര്‍കാട് സെന്റ്മേരീസ് കോളജിലെ ക്യാന്റീന്‍ നടത്തിപ്പുകാരിയായ അന്നമ്മയാന്റി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

വിദ്യാര്‍ഥികളുടെ ഇഷ്ടവിഭവങ്ങള്‍

പരിപ്പുവട


ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പരിപ്പ് - 1 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
വറ്റല്‍ മുളക് - 1
ഇഞ്ചി - 1 ചെറിയ കഷണം
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


പരിപ്പ് വെള്ളത്തിലിട്ട് നാല് മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ഇത് തരുതരിപ്പായി അരയ്ക്കുക. അതിലേക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിന് ഉപ്പ ്ചേര്‍ത്ത ശേഷം ചെറിയ ഉരുളകളാക്കി കൈയില്‍ വച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കാം.

ഉള്ളിവട


ആവശ്യമുള്ള സാധനങ്ങള്‍
സവാള - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
കടലമാവ് - 50 ഗ്രാം
മൈദാമാവ് - 50 ഗ്രാം
മുളകുപൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് - 1 എണ്ണം അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ പാകത്തിന്

തയാറാക്കുന്ന വിധം


സവാള, പച്ചമുളക്, കടലമാവ്, മൈദാമാവ്, മുളകുപൊടി, ഉപ്പ്. കറിവേപ്പില, എന്നിവ പാകത്തിന് വെള്ളംചേര്‍ത്ത് കുഴച്ചെടുക്കുക. കുറേശെ മാവ് കൈയില്‍ എടുത്ത് പരത്തി എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം.

വട്ടയപ്പം


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 1 ഗ്ലാസ്
ചോറ് - 3 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു മുറി
പഞ്ചസ്സാര - മധുരത്തിനനുസരിച്ച്
യീസ്റ്റ് - ഒരു നുള്ള്
ജീരകം - ഒരു നുള്ള്
ഏലയ്ക്ക - 8 എണ്ണം

തയാറാക്കുന്ന വിധം


അരി കുതിര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.(ഇഡ്ഡലി മാവിന്റെ അയവില്‍). അതിലേക്ക് തേങ്ങ ചിരകിയതും ജീരകവും ചോറും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് അരയ്ക്കുക. മാവിലേക്ക് പാകത്തിന് പഞ്ചസാരയും ചേര്‍ക്കാം. അരി അരച്ചതില്‍നിന്ന് തേങ്ങ ചേര്‍ക്കുന്നതിനുമുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ മാവ് മാറ്റി വച്ച് അത് അല്പം വെള്ളം ചേര്‍ത്ത് നന്നായി അയവു വരുത്തുക ഈ കൂട്ട് ചെറു തീയില്‍ വച്ച് കുറുക്കുക . ഇത് തണുക്കുമ്പോള്‍ മാവില്‍ ചേര്‍ക്കുക. ചെറു ചൂടുവെള്ളത്തില്‍ അല്പം പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് പൊങ്ങുമ്പോള്‍ അതും മാവില്‍ ചേര്‍ത്തിളക്കാം. മാവ് പൊങ്ങിയ ശേഷം പാത്രത്തിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.

സുഖിയന്‍


ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ വേവിച്ചത് 2 കപ്പ്
ശര്‍ക്കര 1 കപ്പ്
തേങ്ങ ചിരകിയത് 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് 1 ടീസ്പൂണ്‍
നെയ്യ്് 1 1/2 ടീസ്പൂണ്‍
അരിപ്പൊടി 1/2 കപ്പ്
മൈദ 1/2 കപ്പ്
വെള്ളം , ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം


ശര്‍ക്കര ഉരുക്കി പാനിയാക്കിയ ശേഷം തേങ്ങ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് വേവിച്ച പയര്‍, നെയ്യ്, ഏലയ്ക്കാപ്പൊടി, എന്നിവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ ഇളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേര്‍ത്ത് കലക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കിയ ശേഷം ഓരോ ചെറുപയര്‍ ഉരുളകളും അതില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക.

ഷെറിങ്ങ് പവിത്രന്‍

Ads by Google
TRENDING NOW