Wednesday, September 06, 2017 Last Updated 8 Min 25 Sec ago English Edition
Todays E paper
Thursday 13 Jul 2017 04.12 PM

ഋഷീശ്വരന്മാരാല്‍ രചിക്കപ്പെട്ട വിഷ്ണു സഹസ്രനാമ സ്‌തോത്രം

uploads/news/2017/07/127289/jyothi130717a.jpg

സഹസ്രനാമ സ്‌തോത്രങ്ങളില്‍ വിഷ്ണുസഹസ്രനാമ സ്‌തോത്രമാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. ഈ സഹസ്രനാമ സ്‌തോത്രത്തില്‍ക്കൂടി ഭഗവാനെ വേണ്ടവിധം ധ്യാനിക്കുമ്പോള്‍ സര്‍വ്വ വ്യാപിയായ മഹാവിഷ്ണുവില്‍ ഉള്ള വിശ്വാസം വികസിച്ച് ദൃഢീകരിക്കുന്നതാണ്.

വിഷ്ണുസഹസ്രനാമ സ്‌തോത്രത്തിലെ ഓരോ നാമവും സാധാരണ ഭക്തനും, തത്ത്വചിന്തകനും ഒരുപോലെ ഭഗവാനോടുള്ള ഭക്തിക്ക് ആഴം കൂട്ടുന്നതാണ്.

ഋഷീശ്വരന്മാരാല്‍ രചിക്കപ്പെട്ട ഈ സ്‌തോത്രത്തിലെ ആയിരം ദിവ്യനാമങ്ങള്‍ കവിയും ഋഷിവര്യനുമായ വേദവ്യാസമഹര്‍ഷി മഹാഭാരതത്തില്‍ എഴുതിച്ചേര്‍ത്തു.

ഒരേ നാമത്തിന്റെ ആവര്‍ത്തനം ഈ സ്‌തോത്രത്തില്‍ കാണുന്നുണ്ടെങ്കിലും, ഭഗവാന്റെ മഹിമകളെ കീര്‍ത്തിക്കുന്ന മഹാ സ്‌തോത്രമായതിനാല്‍ നാമങ്ങളുടെ പുനരാവര്‍ത്തനം ഒരു ദോഷമായിക്കരുതുവാന്‍ പാടില്ല.

സ്‌തോത്രങ്ങളുടെ പുനഃരാവര്‍ത്തനം ഒരു ശൈലിയാണ്. മഹാഭാരതത്തില്‍ കാണപ്പെടുന്ന സഹസ്രനാമ സ്‌തോത്രം ഭീഷ്മര്‍ യുധിഷ്ഠിരന് പറഞ്ഞുകൊടുക്കുന്ന സന്ദര്‍ഭം മഹാഭാരത കഥയിലുണ്ട്.

കുരുവംശ പിതാമഹനായ ഭീഷ്മര്‍ ഭാരതയുദ്ധം കഴിഞ്ഞ് ശരശയ്യയില്‍ മരണം കാത്ത് കിടക്കുന്ന സന്ദര്‍ഭത്തില്‍ യുധിഷ്ഠിരന്‍ ഭീഷ്മരോട് ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഭീഷ്മര്‍ മറുപടി പറയുന്നുണ്ട്.

കര്‍മ്മയോഗിയും യോഗീശ്വരനുമായ ശ്രീകൃഷ്ണ ഭഗവാന്റെ ഉത്തമഭക്തനായ ഭീഷ്മര്‍ അദ്ധ്യാത്മിക ചിന്താ തല്‍പ്പരനായ ഒരു സാധാരണ മനുഷ്യന് മനസ്സിലാവുന്ന വിധമാണ് യുധിഷ്ഠിരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

സര്‍വ്വേശ്വരനായ മഹാവിഷ്ണുവാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭജിക്കപ്പെടുന്ന ഈശ്വരന്‍. സകലര്‍ക്കും ആശ്രയമായ മഹാവിഷ്ണു എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെയുള്ള ദേവദേവനായ മഹാവിഷ്ണുവിനെ സഹസ്രനാമ സ്‌തോത്രത്താല്‍ ഭജിച്ചാല്‍ ശാന്തി ലഭിക്കും.

പ്രഭാതത്തില്‍ ഉണര്‍ന്ന് ശുദ്ധമായി മഹാവിഷ്ണുവിനെ ഭജിക്കുന്നവന്‍ പരമമായ മംഗളത്തെ പ്രാപിക്കുന്നു. സര്‍വ്വലോകങ്ങളിലും മഹാപ്രഭുവായ മഹാവിഷ്ണുതന്നെയാണ് പരമമായ ധര്‍മ്മം.

സഹസ്രനാമ സ്‌തോത്രം ചൊല്ലി മഹാവിഷ്ണുവിനെ സംപ്രീതനാക്കിയാല്‍ സകലസൃഷ്ടികളും സംസാര ബന്ധനത്തില്‍നിന്ന് മുക്തരാകുന്നു. ഇങ്ങനെ യുധിഷ്ഠിരനെ ഭീഷ്മര്‍ ഉപദേശിച്ചശേഷം വിഷ്ണു സഹസ്രനാമ സ്‌തോത്രവും ചൊല്ലിക്കൊടുത്തു.

മഹാവിഷ്ണുവിന്റെ ഈ സഹസ്രനാമ സ്‌തോത്രം വേദവ്യാസമഹര്‍ഷി, ഭഗവാന്റെ കണ്ഠത്തില്‍ അണിയാനുള്ള 'സഹസ്രനാമ പുഷ്പഹാരമാക്കി.' വിഷ്ണു സഹസ്രനാമ സ്‌തോത്രം ആര്, എവിടെയിരുന്ന് ചൊല്ലിയാലും കേള്‍ക്കുവാന്‍ ശ്രീകൃഷ്ണപരമാത്മാവ് അവിടെ സാന്നിധ്യം ചെയ്യുമെന്നുള്ളത് പരമസത്യമാണ്.

ഉഷാവര്‍മ്മ, പാലക്കാട്

Ads by Google
Thursday 13 Jul 2017 04.12 PM
YOU MAY BE INTERESTED
TRENDING NOW