Thursday, July 13, 2017 Last Updated 4 Min 51 Sec ago English Edition
Todays E paper
Thursday 13 Jul 2017 02.28 PM

ഒഴിവാക്കാം കുട്ടികളിലെ പിടിവാശി

uploads/news/2017/07/127278/kidspersonality130717.jpg

നിര്‍ബന്ധം നേടാന്‍ വേണ്ടി ഉപവാസം നടത്തിയും, വീടുവിട്ട് പോയും, ആത്മഹത്യാ ഭീഷണി മുഴക്കിയും കാര്യം കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാതിരിക്കുക. അത് ചിലപ്പോള്‍ പലതരം ഗുരുതര പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കാം.

കുട്ടികളിലെ പിടിവാശി മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയാണ്. കളിചിരിയുടെ വേനലവധിക്കാലം കഴിഞ്ഞ് പഠനത്തികവുമായി സ്‌കൂളിലേക്കു പോകാന്‍ തുടങ്ങിയിരിക്കുന്നു കുട്ടികള്‍.

കൂട്ടുകാരുടേതുപോലുള്ള വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും എന്തിന് മൊബൈല്‍ഫോണിനും കംപ്യൂട്ടറിനും ബൈക്കിനും വരെ വാശിപിടിച്ച് ഗൃഹാന്തരീക്ഷം കലുഷിതമാക്കുന്ന കുട്ടിവീരന്‍മാരും കുറവല്ല.

ആവശ്യം നേടാന്‍ വേണ്ടി ഉപവാസം നടത്തിയും വീടുവിട്ട് പോയും ആത്മഹത്യാ ഭീഷണി മുഴക്കിയും കാര്യം കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാതിരിക്കുക.

അത് ചിലപ്പോള്‍ പലതരം ഗുരുതര പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കാം. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി മക്കളെ പഠിപ്പിച്ച് മിടുക്കന്‍മാരാക്കാന്‍ പ്രയത്‌നിക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ പിടിവാശി പലപ്പോഴും താങ്ങാനാവുന്നതിലും അപ്പുറമാണ്.

പിടിവാശി എന്തുകൊണ്ട്


'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നപോലെയാണ് പിടിവാശിയുടെ കാര്യവും. ഇത്തരം വാശിക്ക് വളംവച്ചു കൊടുത്താല്‍ പിന്നീട് മുന്നോട്ട് പോകുന്തോറും കുട്ടികള്‍ കൂടുതല്‍ വാശിക്കാരായി മാറിക്കൊണ്ടേയിരിക്കും.

'കുട്ടികള്‍ ഒരു ശൂന്യമായ സ്ലേറ്റാണെന്നാണ്' പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോണ്‍ ലോക്ക് പറയുന്നത്. ആ സ്ലേറ്റില്‍ നമുക്ക് എന്തും എഴുതാം. സ്‌നേഹത്തിന്റെയോ നൈര്‍മല്യങ്ങളുടെയോ, ക്രൂരതയുടെയോ വിത്തു വിതയ്ക്കാം.

അങ്ങനെ പല സ്വഭാവങ്ങള്‍പോലെ അമിത പിടിവാശി എന്ന പെരുമാറ്റ വൈകല്യവും കുട്ടികളിലെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കാം. കുട്ടി ജീവിക്കുന്ന സമൂഹവും ചുറ്റുപാടും, കുടുംബവും കൂട്ടുകാരും എല്ലാം അവന്റെ സ്വഭാവത്തെ സ്വാധീനിക്കും.

വളര്‍ത്തുദോഷം


കുട്ടികളുടെ ദുശാഠ്യത്തിനെല്ലാം വളംവച്ചു കൊടുത്ത് കുട്ടികള്‍ വഷളായിപ്പോയെന്ന് വളരെ വൈകിയാണ് മിക്ക മാതാപിതാക്കളും തിരിച്ചറിയുന്നത്് . ഈ വാശിയെ ചികിത്സിക്കാന്‍ ചിലര്‍ ചൂരല്‍കഷായം പ്രയോഗിക്കാറുണ്ട്.

ശാരീരിക ശിക്ഷാനടപടികള്‍ കൊണ്ട് കൊച്ചുകുട്ടികളെ മാത്രമേ ഒരുപരിധിവരെ അനുസരിപ്പിക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. മുതിര്‍ന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് അവരുടെ വാശിയും പ്രതികാരബുദ്ധിയും കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. കൂടാതെ അമിതലാളന കാണിക്കുന്നവരും കുട്ടിയുടെ മോശം പെരുമാറ്റത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓര്‍ക്കുക.

നല്ല മാതൃകകളാകണം


കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. ചില കുട്ടികള്‍ പറയാറുണ്ട് 'എന്റെ അച്ഛന്‍ അല്ലെങ്കില്‍ അമ്മയും സഹോദരങ്ങളുമാണ് തങ്ങളുടെ റോള്‍ മോഡല്‍' എന്ന്. കുഞ്ഞുങ്ങളുടെ വ്യക്തിത്വവും സ്വഭാവ രൂപീകരണവും വീട്ടില്‍നിന്നുതന്നെയാണ് രൂപപ്പെട്ടുതുടങ്ങുന്നത്.

വീടിനെക്കുറിച്ചും അവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് മനസില്‍ ഒരു ഊര്‍ജം തോന്നണം. അതിന് ആദ്യം വേണ്ടത് മാതാപിതാക്കളും കുട്ടികളും തമ്മില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാവുക എന്നതാണ്.

എല്ലാവരും തമ്മില്‍ തുറന്ന സംസാരവും ഏതുകാര്യങ്ങള്‍ വീട്ടില്‍ നടന്നാലും അതിനെക്കുറിച്ച് എല്ലാവരോടും സംസാരിക്കുകയും വേണം. എന്തു പ്രശ്‌നം വന്നാലും അത് തുറന്നു പറയാനും ആശ്വാസം കണ്ടെത്താനും കുട്ടികള്‍ക്ക് മാതാപിതാക്കളുടെ മുന്നില്‍ കഴിയണം. ആശയവിനിമയം പോലെ മറ്റൊന്ന് സ്‌നേഹമാണ്, മാതാപിതാക്കള്‍ പരസ്പരവും കുട്ടികളോടും

സ്‌നേഹം പ്രകടിപ്പിക്കുക


സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കാനുള്ളതല്ല. അത് പ്രകടിപ്പിക്കാനുള്ളതാണ്. 'താന്‍ കര്‍ക്കശക്കാരനാണെന്ന് കുട്ടികള്‍ കരുതണമെന്നും എപ്പോഴും തന്റെ മുഖം ഓര്‍ക്കുമ്പോള്‍ കുട്ടികള്‍ പേടിച്ചു വിറയ്ക്കണം' എന്ന് വിചാരിക്കുന്ന അച്ഛനമ്മമാരുണ്ട്.

ഇത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാതെ മൂടിവച്ചാല്‍ കുട്ടികളില്‍ അത് അരക്ഷിതത്വ ബോധം ഉണ്ടാക്കും. വീടിനെയും വീട്ടുകാരെയും ഓര്‍ക്കുമ്പോള്‍ വെറുപ്പു തോന്നുകയും ചെയ്യും.

മറ്റൊന്ന് മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ്. കുട്ടിക്കും വീട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യം നല്‍കുക. അതവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പണത്തിന്റെ മൂല്യം


കുട്ടികള്‍ക്ക് ഒരു കുറവും വരാതെനോക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്. കുട്ടികള്‍ അതുവേണം ഇതുവേണം എന്നുപറഞ്ഞു വാശിപിടിക്കുമ്പോള്‍ പണത്തിന്റെ മൂല്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

വീട്ടിലെ വരുമാനവും ബുദ്ധിമുട്ടും അറിഞ്ഞുവേണം കുട്ടികളെ വളര്‍ത്താന്‍. അപ്പോള്‍ അതനുസരിച്ച് ജീവിക്കാനും കുട്ടികള്‍ ചെറുപ്പം മുതലേ ശീലിക്കും.

അമിതശിക്ഷ വേണ്ട


എന്തിനും ഏതിനും കുട്ടികളെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കുട്ടികള്‍ക്ക് പേടിയും, അവജ്ഞയുമായിരിക്കും. അമിതമായ ശിക്ഷണം കുട്ടികളുടെ സുരക്ഷിതത്വബോധം ഇല്ലാതാക്കി വൈകാരികമായ പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുന്നു.

തല്ലി നന്നാക്കുന്നവര്‍ ഒന്നു മറക്കാതിരിക്കുക, ഒരു പ്രായം കഴിഞ്ഞ് തല്ലി ശിക്ഷിച്ചാല്‍ അത് കുട്ടികളില്‍ വാശിയും ദേഷ്യവും വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കുട്ടി ആവശ്യപ്പെട്ട കാര്യം വാങ്ങികൊടുക്കാന്‍ പണമില്ലെങ്കില്‍ പണമില്ലെന്നും അതിന്റെ കാരണവും കുട്ടിയെ പറഞ്ഞ് മനസിലാക്കുക.

അതല്ല കടം വാങ്ങിയാണെങ്കിലും ആവശ്യം സാധിച്ചുകൊടുത്താല്‍ പിന്നീട് അത് കുട്ടിക്ക് ഒരു ശീലമാകും. അതുപോലെ കുട്ടിക്ക് ശിക്ഷ കൊടുക്കുമ്പോള്‍തന്നെ തെറ്റ് മനസിലാക്കി അതാതു സമയത്ത് തന്നെ ശിക്ഷ കൊടുക്കുക.

അധികമായാല്‍ അമൃതും വിഷം അതുപോലെ അമിത ലാളനവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കും. അധികം ലാളിച്ചു വളര്‍ത്തിയാല്‍ പിന്നീട് എപ്പോഴെങ്കിലും മാതാപിതാക്കളുടെ ഭാഗത്തുനിന്നും ദേഷ്യപ്പെട്ട് ഒരുവാക്കുപോലും കേള്‍ക്കാനോ സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കാനോ സ്വന്തം കാര്യത്തില്‍ തനിയെ തീരുമാനമെടുക്കാനോ, യാഥാര്‍ഥ്യങ്ങളെ പോലും അവര്‍ക്ക് അഭിമുഖീകരിക്കാനോ കഴിയാതെവരുന്നു.

യാഥാര്‍ഥ്യബോധം വളര്‍ത്തുക


കുട്ടികളെ യാഥാര്‍ഥ്യ ബോധത്തോടുകൂടി വളര്‍ത്തുക. സമൂഹത്തെയും കുടുംബത്തെയും കുറിച്ച് നന്നായി മനസിലാക്കി വേണം കുട്ടികളെ വളര്‍ത്താന്‍. കുട്ടികളെ അവരവരുടെ കഴിവുകള്‍ അനുസരിച്ച് പ്രോത്സാഹിപ്പിക്കുക.

നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ല കുട്ടികളുടെ കഴിവുകള്‍ അനുസരിച്ചാണ് അവരുടെ ഭാവി തീരുമാനിക്കേണ്ടത്. കൂടാതെ അവരുടെ ചെറിയ വിജയങ്ങളില്‍ പോലും അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കുക. ഇതൊക്കെ കുട്ടികള്‍ അച്ഛനമ്മമാരെ അനുസരിച്ച് വളരാന്‍ സഹായിക്കും.

പ്രശ്‌നങ്ങള്‍ വീട്ടില്‍ തന്നെ പരിഹരിക്കാം


നിങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ സ്വന്തം വീട്ടില്‍ വച്ചുതന്നെ പരിഹരിക്കുക. അയല്‍പക്കക്കാരോടും ബന്ധുക്കളോടും പറഞ്ഞുകുട്ടികളെ നാണം കെടുത്താതിരിക്കുക. അത് കൂടുതല്‍ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉദാഹരണത്തിന് 'എന്റെ മകന് ഭയങ്കര പിടിവാശിയാണ്, ഞങ്ങള്‍ക്ക് സൈ്വര്യം തരുന്നില്ല' എന്ന് മറ്റുള്ളവരോട് പറഞ്ഞാല്‍ കുട്ടിക്ക് അപകര്‍ഷതാബോധവും ചിലപ്പോള്‍ ദേഷ്യവും പകയുമെല്ലാം തോന്നിയേക്കാം. സ്വന്തം വീട്ടിലെ ഒരു പ്രശ്‌നത്തിലേക്കും മറ്റുള്ളവരെ കൊണ്ടുവരാതിരിക്കുക.

ഉപദേശം ആവാം ശ്രദ്ധയോടെ


കാലം വളരെയധികം പുരോഗമിച്ചു. കുട്ടി എന്തെങ്കിലും വാങ്ങിത്തരാന്‍ പറയുമ്പോള്‍ എന്റെ കാലത്തൊന്നും ഇതൊന്നുമില്ലാതെയാ ഞാന്‍ വളര്‍ന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല.

എന്തും കൈയെത്തി പിടിക്കാനുള്ള ദൂരത്തിലാണിപ്പോള്‍ ലോകം, അത് മാതാപിതാക്കള്‍ മനസിലാക്കണം. അതുകൊണ്ട് എന്തുകൊണ്ടാണ് കുട്ടി ആവശ്യപ്പെട്ടത് നല്‍കാന്‍ കഴിയാത്തതെന്ന് ക്ഷമയോടെ പറഞ്ഞുകൊടുക്കുക. ഏതിന്റേയും നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത് കുട്ടിയെ ഉപദേശിക്കാം.

അധ്വാനത്തിന്റെ പ്രാധാന്യം


കുട്ടിയുടെ അധ്വാനത്തിന്റെ ഫലം ചെറുപ്പം മുതല്‍ അവനെ മനസിലാക്കി കൊടുക്കുക. ഒരു പെന്‍സില്‍ വേണമെന്നു പറയുമ്പോള്‍ ഇന്ന് മുറ്റത്തെ പുല്ല് വൃത്തിയാക്കിയാല്‍ നിനക്ക് ഒന്നല്ല രണ്ട് പെന്‍സില്‍ വാങ്ങിത്തരാമെന്ന് പറയുക.

അങ്ങനെ ആ വസ്തുവില്‍ കുട്ടിയുടെ അധ്വാനത്തിന്റെ ഫലം കൂടി ഉള്‍ക്കൊള്ളിക്കുക. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവന്‍ അധ്വാനിച്ച് സമ്പാദിച്ച വസ്തുവിനെ കൂടുതല്‍
സംരക്ഷിക്കാനും കുട്ടികള്‍ ശ്രമിക്കും.

കടപ്പാട്:
ഡോ. സുജിത് ബാബു
സൈക്കോളജിസ്റ്റ്, കോട്ടയം

Ads by Google
TRENDING NOW