Saturday, May 19, 2018 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jul 2017 03.08 PM

പശുവിന്‍ പാല്‍ കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല

കുട്ടികളുടെ ആരോഗ്യം
uploads/news/2017/07/126933/asdrkidscar120717.jpg

കണ്ണില്‍ മണ്ണ് വീണ് കാഴ്ചയ്ക്ക് തകരാര്‍

മിക്കവാറും രക്ഷിതാക്കള്‍ ഇതൊന്നും അത്രകാര്യമാക്കാറില്ല. ഇതിന്റെ ഫലമായി കുട്ടിക്ക് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സംഭവിക്കാം

എന്റെ മകന് 12 വയസ്. ഒരു വര്‍ഷം മുന്‍പ് കളിക്കുന്നതിനിടെ കണ്ണി ല്‍ മണ്ണ് വീണു. തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് ചെറിയ മങ്ങലേറ്റിരുന്നു. കാഴ്ചയുടെ മധ്യഭാഗം കറുപ്പുനിറത്തിലാണ് കാണുന്നത്. ചികിത്സിച്ചിട്ടും മാറ്റമില്ല. കാഴ്ചതകരാറുമൂലം പഠനവും മുടങ്ങിക്കിടക്കുകയാണ്. കാഴ്ച ശക്തി തിരിച്ചു കിട്ടുമോ?
-----ശ്രീകുമാര്‍ , കോതമംഗലം

കുഞ്ഞുങ്ങളുടെ കണ്ണിനും മറ്റും ഏല്‍ക്കുന്ന പരിക്കുകള്‍ മാതാപിതാക്കള്‍ നിസാരമായി കാണരുതെന്ന് ഓര്‍മപ്പെടുത്തുന്ന കത്താണിത്. ഇത്തരം സംഭവങ്ങളില്‍ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവച്ചിട്ടുണ്ടെങ്കില്‍ വിദഗ്ധ പരിശോധ നടത്തിയിരിക്കണം.

മിക്കവാറും രക്ഷിതാക്കള്‍ ഇതൊന്നും അത്രകാര്യമാക്കാറില്ല. ഇതിന്റെ ഫലമായി കുട്ടിക്ക് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സംഭവിക്കാം. കുഞ്ഞിന്റെ കണ്ണില്‍ മണ്ണ് വീണിട്ടും വിദഗ്ധ പരിശോധനകള്‍ നടത്താതിരുന്നതാണ് ഇവിടെ പ്രശ്‌നമായത്. ഇനിയും വൈകിയിട്ടില്ല. ഇപ്പോഴത്തെ ചികിത്സകൊണ്ട് ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലോ കാണിക്കുന്നതാണ് ഉത്തമം.

അപകടകരമായ സ്വഭാവം


എന്റെ മകള്‍ക്ക് മൂന്നുവയസ്. എന്തു കിട്ടിയാലും മൂക്കിലോ, ചെവിയിലോ, വായിലോ ഒക്കെ ഇടും. ഒരു ദിവസം ആരും കാണാതെ പഞ്ഞിയുടെ ഒരു ചെറിയ കഷണം മൂക്കില്‍വച്ചു. പിന്നീട് ഇത് പഴുത്ത് ഡോക്ടറുടെ അടുത്തുപോയി നീക്കം ചെയ്തു. എത്ര പറഞ്ഞിട്ടും ഈ സ്വഭാവത്തില്‍ മാറ്റമില്ല. അതിനാല്‍ കളിക്കാന്‍കൂടി പുറത്തുവിടാറില്ല. എന്തുകൊണ്ടാണ് മൂന്നു വയസായിട്ടും മകള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയാഞ്ഞത്?
---- റസീന , തൊടുപുഴ

കുട്ടികളിലെ ഈ ശീലം രോഗമോ രോഗത്തിന്റെ ഭാഗമോ അല്ല. സ്വഭാവത്തിലെ പ്രത്യേകതയാണ്. പലപ്പോഴും അപകടകരമായ ഈ ശീലമുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. എന്തു കിട്ടിയാലും വായിലാക്കാനോ, മൂക്കിലോ ചെവിയിലോ കയറ്റിവയ്ക്കാനോ ഇക്കൂട്ടര്‍ ശ്രമിച്ചെന്നിരിക്കും.

മാനസികമായി വേണം ഇവരെ ഈ ശീലങ്ങളില്‍ നിന്നും മുക്തരാക്കാന്‍. അതായത് ഇവരുടെ മനസ് മാറ്റിയെടുക്കണം. ഇതിനായി ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

അവരെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണം. ഈ സ്വഭാവം ഉള്ളതുകൊണ്ട് കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. കുട്ടിയുടെ ഈ സ്വഭാവം പൂര്‍ണമായും മാറ്റിയെടുക്കാവുന്നതേയുള്ളു.

അമിത വിശപ്പ് എന്തുകൊണ്ട്


8 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. എന്തു ഭക്ഷണം കൊടുത്താലും കഴിക്കും. വയറുനിറച്ച് ഭക്ഷണം കൊടുത്താലും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വിശന്ന് കരച്ചിലാണ്. സാധാരണ എട്ടുമാസം പ്രായമുള്ള കുട്ടി കഴിക്കുന്നതിലും കൂടുതല്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ചെറുപ്രായത്തിലെ ഭക്ഷണം ധാരാളം കൊടുക്കുന്നത് വലുതാകുമ്പോള്‍ അമിത വണ്ണത്തിന് കാരണമാവില്ലേ. കുഞ്ഞിന് ഭക്ഷണം കൂടുതല്‍ കൊടുക്കുന്നതില്‍ തെറ്റുണ്ടോ. ഇത് ഡോക്ടറെ കാണിക്കേണ്ട പ്രശ്‌നമാണോ?
---- നീരജ ഉണ്ണി , വെഞ്ഞാറമൂട്

8 മാസം പ്രയമുള്ള കുട്ടിയുടെ വിശപ്പ് ഗൗരവമായി തന്നെ കാണണം. ഇത് സാധാണമല്ല. ഈ പ്രായത്തിലുള്ള അമിത വിശപ്പ് ഏതെങ്കിലും രോഗലക്ഷണമാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധിച്ച് അമിത വിശപ്പിന് കാരണം കണ്ടെത്തണം.

കുഞ്ഞിനെ എന്‍ഡക്രനോളജിസ്റ്റിനെ കാണിക്കുന്നതാണ് ഉത്തമം. പല ടെസ്റ്റുകള്‍ നടത്തേണ്ടി വരും. ഇതിനായി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്‍ പോകുന്നത് നന്ന്. ഏതു പ്രായത്തിലും ആഹാരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍. ഇത് ചെറുപ്രായത്തില്‍ തന്നെ പൊണ്ണത്തടിക്ക് കാരണമാകും.

ദഹനക്കേട്


എന്റെ മകന് 2 വയസ്. അടിക്കടി ദഹനക്കേടു വരുന്നു. എല്ലാത്തരം ഭക്ഷണവും കുഞ്ഞിന് കൊടുക്കുന്നുണ്ട്. ഇറച്ചിയും മീനുമൊക്കെയാണ് കുട്ടിക്ക് ഏറെ ഇഷ്ടം. പശുവിന്‍പാലാണ് ഒരു മാസമായി കുഞ്ഞിന് കൊടുക്കുന്നത്. മുലപ്പാല്‍ കൊടുക്കുന്നത് പൂര്‍ണമായും നിര്‍ത്തി. പശുവിന്‍പാല്‍ കൊടുക്കുന്നതാണോ ദഹനക്കേടിനു കാരണം?
------ ഗീതു മനോജ് , ഇരിങ്ങാലക്കുട

രണ്ടു വയസുവരെ മുലപ്പാല്‍ കൊടുത്താല്‍ മതിയാവും. പശുവിന്‍ പാല്‍ കൊടുക്കുന്നത് ഏതായാലും കുഞ്ഞിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കുഞ്ഞുങ്ങള്‍ക്ക് പാലു തന്നെ കൊടുക്കണം എന്ന് നിര്‍ബദ്ധവുമില്ല. ഈ പ്രായത്തിലുള്ള കുഞ്ഞിന് എല്ലാത്തരം ആഹാരവും കൊടുക്കാം.

എന്നാല്‍ കുഞ്ഞിന് ഇഷ്ടമാണെന്ന് കരുതി മത്സ്യ മാംസാദികള്‍ അധികമായി കൊടുക്കുന്നത് നല്ലതല്ല. ഇതു നിര്‍ത്തണം. ഒരു പക്ഷേ കുഞ്ഞിന് ഇടയ്ക്കിടെയുണ്ടാകുന്ന ദഹനക്കേടിന് ഇത് കാരണമായേക്കാം.

ചില ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും. ഏതു ഭക്ഷണ പദാര്‍ഥമാണ് ദഹനപ്രശ്‌നമുണ്ടാക്കുന്നത് എന്ന് കണ്ടെത്തി അത് നല്‍കാതിരിക്കുകയാണ് ഏറ്റവും നല്ല പോംവഴി.

ഭക്ഷണം കഴിക്കാന്‍ മടി


4 വയസുള്ള കുഞ്ഞിന്റെ അമ്മയാണ്. കുഞ്ഞിന് ഇടക്കിടെ വയറുവേദനയ്ക്കുന്നതായി പറയുന്നു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വലിയ മടിയാണ്. വെളളം കുടി കുറയുന്നത് വൃക്ക തകരാറുകള്‍ക്ക് കാരണമാകില്ലേ. വയറുവേദന ഇതിന്റെ ലക്ഷണമാകുമോ. കുഞ്ഞിന് വിശദമായ പരിശോധനയുടെ ആവശ്യമുണ്ടോ?
------ സുനിത സാജു, തൃശൂര്‍

നിങ്ങളുടെ കുട്ടിക്ക് പറയത്തക്ക യാതൊരു പ്രശ്‌നവുമില്ല. കുട്ടിയുടെ വയറുവേദന കേട്ടിടത്തോളം 'അടവുനയ'മാകാനാണു സാധ്യത. ഭക്ഷണം കഴിക്കാനുള്ള മടികൊണ്ട് കുട്ടി കണ്ടു പിടിച്ച മാര്‍ഗമാവുമത്. ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മടിയാണ്.

വയറു വേദനയാണെന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയില്ലല്ലോ. വെള്ളം കുടി കുറയുന്നതു വൃക്കയെ മാത്രമല്ല ശരീരത്തിലെ പല ആന്തരികാവയവങ്ങളെയും ബാധിക്കും.

എന്നാല്‍ നാലു വയസുകാരന് വെള്ളം കുടി കുറഞ്ഞതുകൊണ്ട് വൃക്കതകരാര്‍ സംഭവിക്കില്ല. ഇവിടെ കുട്ടിയെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുക എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. അതിനാല്‍ കുട്ടിയെ അനുനയിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുക.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW