Tuesday, July 17, 2018 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jul 2017 01.39 AM

'ദേ പെട്ടു' നായകനില്‍നിന്ന്‌ വില്ലനിലേക്ക്‌

uploads/news/2017/07/126418/bft1.jpg

കുപ്പായം മാറുന്ന ലാഘവത്തോടെയാണു ഗോപാലകൃഷ്‌ണന്‍ പദ്‌മനാഭ പിള്ള, ദിലീപ്‌ ആയത്‌. കലാഭവന്റെ മിമിക്രി വേദികളില്‍ വലിയ ഷര്‍ട്ടിനുള്ളിലെ ചെറിയ ശരീരവുമായെത്തിയ ഗോപാലകൃഷ്‌ണന്‍ സിനിമയിലെത്തിയതും അവിടെ സ്വന്തമായി ഇടമുണ്ടാക്കിയെടുത്തതും പക്ഷേ, ഇതേ ലാഘവത്തോടെയായിരുന്നില്ല. കഷ്‌ടപ്പാടുകളുടെ കാലത്ത്‌ പട്ടിണി കിടന്ന നാളുകള്‍ ഏറെയുണ്ട്‌ പറയാന്‍. അങ്ങനെ നടന്നു തീര്‍ത്ത വഴിയിലൂടെയാണ്‌ പഴയ ഗോപാലകൃഷ്‌ണന്‍ ആദ്യം ദിലീപ്‌ എന്ന നടനിലേക്കും പിന്നീട്‌ ജനപ്രിയ നായകന്‍ എന്ന താരപദവിയിലേക്കുമെത്തിച്ചത്‌.
കഥയും കാലവും മാറിയപ്പോള്‍ ഇമേജ്‌ നിലനിര്‍ത്താന്‍ സിനിമയിലെ കുടില തന്ത്രങ്ങളും എതിര്‍ത്തവരെ നിശ്‌ബദരാക്കുന്ന മാര്‍ഗങ്ങളിലൂടെയും ദിലീപ്‌ കടന്നുപോയോ? അറസ്‌റ്റ്‌ എന്ന വാക്കില്‍ ഈ ചോദ്യത്തെ തളച്ചിടാം. മിമിക്രി വേദികളില്‍ നിന്ന്‌ ദിലീപ്‌ ആദ്യമെത്തിയത്‌ മിനിസ്‌ക്രീനിലേക്കാണ്‌. കോമിക്കോള എന്ന കോമഡി ഷോയാണു ദിലീപിന്റെ മുഖം ജനങ്ങളിലേക്കെത്തിക്കുന്നത്‌.
ഇന്നസെന്റിനെയും ജയറാമിനെയും ഭംഗിയായി അനുകരിക്കുന്ന ഒരു പാവം പയ്യന്‍. ആദ്യം ദിലീപ്‌ സ്വന്തമാക്കിയ പ്രേക്ഷക മനസിലെ ഇമേജ്‌ അതായിരുന്നു. ഷോ വിജയമായതോടെ സിനിമയുടെ വാതായനങ്ങള്‍ ഗോപാലകൃഷ്‌ണനു മുമ്പില്‍ തുറന്നു. കമലിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം.
ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ സംവിധായകനായ ലാല്‍ ജോസ്‌ ഉള്‍പ്പടെയുള്ളവരായിരുന്നു അന്നു കൂട്ടിന്‌. സ്വപ്‌നങ്ങളിലും സംസാരത്തിലും സിനിമമാത്രം. ആ രാത്രികളെക്കുറിച്ച്‌ ദീലിപും ലാല്‍ ജോസും ഏറെ പറഞ്ഞിട്ടുമുണ്ട്‌. ലൊക്കേഷനില്‍നിന്ന്‌ ലൊക്കേഷനിലേക്കുള്ള യാത്രകള്‍ക്കിടയില്‍ ചില സിനിമകളില്‍ ചെറുവേഷങ്ങള്‍. 1994-ല്‍ "മാനത്തെ കൊട്ടാരം" എന്ന സിനിമയിലൂടെ ദിലീപിനെ കേരളക്കര അറിഞ്ഞു.
ഒരുപറ്റം ചെറുപ്പക്കാര്‍ക്ക്‌ ഇടയില്‍ മെലിഞ്ഞ ശരീരവും പുറകിലേക്ക്‌ വളര്‍ത്തി ചീകിവച്ച മുടിയുമൊക്കെയുള്ള പയ്യന്റെ ചിരിപടര്‍ത്തുന്ന അഭിനയം കണ്ട്‌ തിയറ്ററുകളില്‍ നിറഞ്ഞ കരഘോഷം. ഈ കാലയളവില്‍ തന്നെ "സൈന്യം", "സിന്ദൂരരേഖ", "സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍" എന്നീ സിനിമകളിലൊക്കെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍. 1996 ദിലീപിന്റെ തലവര മാറ്റി. "സല്ലാപം", "ഈ പുഴയും കടന്ന്‌" എന്നീ സിനിമകളിലെ പ്രകടനം ദിലീപിനെ ജനപ്രിയ നായകനാക്കി. ഈ രണ്ടു ചിത്രങ്ങളിലും തന്റെ നായികാപദം അലങ്കരിച്ച മഞ്‌ജു വാര്യരുമായുള്ള ദിലീപിന്റെ പ്രണയവും ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായി. 1998-ല്‍ എത്തിയ "പഞ്ചാബി ഹൗസും" "മീനത്തില്‍ താലികെട്ടും" ദിലീപ്‌ എന്ന താരത്തെ വളര്‍ത്തി. മലയാളത്തിന്റെ പ്രിയതാരം മഞ്‌ജുവാര്യരെ വിവാഹം കഴിച്ചതോടെ ഉയര്‍ന്നത്‌ ദിലിപിന്റെ മൈലേജ്‌ കൂടിയാണ്‌. ലാല്‍ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കാണ്‌ ദിലീപിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്‌. ഈ സിനിമയിലെ ദിലീപ്‌-കാവ്യ ജോഡികളുടെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പിന്നീട്‌ "തെങ്കാശിപ്പട്ടണം", "മീശമാധവന്‍", "ഡാര്‍ലിങ്‌ ഡാര്‍ലിങ്‌" തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരുടെയും ഗ്രാഫ്‌ ഉയര്‍ത്തി. കള്ളന്റെ കഥ പറഞ്ഞ ലാല്‍ ജോസിന്റെ "മീശ മാധവന്‍" ദിലീപിനു സൂപ്പര്‍താരപദം ചാര്‍ത്തിനല്‍കി.
"ചാന്തുപൊട്ട്‌", "തിളക്കം" പോലെ വ്യത്യസ്‌തമായ സിനിമകളിലും ദീലിപെത്തി. "റണ്‍വേ" പോലുള്ള ആക്ഷന്‍ സിനിമകള്‍ ദിലീപിന്റെ താരസിംഹാസനം ഉറപ്പിച്ചു. താരസംഘടനയായ "അമ്മ" യുടെ ധനസമാഹരണത്തിനായി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒത്തുചേര്‍ന്ന "ട്വന്റി ട്വന്റി" ദിലീപിനെ മലയാള സിനിമയുടെ അരങ്ങില്‍ മാത്രമല്ല അണിയറയിലും സജീവമാക്കി. കോടികള്‍ ലാഭം കൊയ്‌ത സിനിമയിലൂടെ ദിലീപ്‌ സിനിമാക്കാര്‍ക്കു ദിലീപേട്ടനായി.
പിന്നിട്‌ ദിലീപിന്റെ നിര്‍മാണത്തില്‍ "മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌" പോലുള്ള വിജയസിനിമകളും പിറന്നു. വൈകാതെ റിയല്‍ എസ്‌റ്റേറ്റ്‌, ഹോട്ടല്‍ മേഖലകളിലേക്കും ദിലീപിന്റെ വ്യവസായ സാമ്രാജ്യം വ്യാപിച്ചു. ഇതിനിടെ വിവാദങ്ങളും കൂട്ടിനെത്തി. തനിക്കു ബദലായി എത്തുമെന്ന യുവനടന്റെ സിനിമകള്‍ കൂവി തോല്‍പ്പിക്കാന്‍ തിയറ്ററുകളില്‍ ആളെ വിട്ടുവെന്ന ആരോപണങ്ങളും ഉയര്‍ന്നു. സ്വര്‍ണക്കടത്തുകാരന്‍ ഫയാസിന്റെ കാറുള്‍പ്പടെയുള്ളവ ഉപയോഗിച്ച "ശൃംഗാരവേലന്‍" എന്ന സിനിമയും വിവാദത്തിലായി.
ഇതിനു പിന്നാലെ മഞ്‌ജു വാര്യരുമായുള്ള വിവാഹമോചനം ദിലീപിന്‌ തിരിച്ചടിയായി. സ്‌ത്രീ പ്രേക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പരോക്ഷമായെങ്കിലും ദിലീപിനെതിരേ തിരിഞ്ഞു. അഭിനയിച്ച സിനിമകള്‍ പലതും ബോക്‌സ്‌ ഓഫീസില്‍ മൂക്കുകുത്തിവീണു.
ഡയറക്‌ടര്‍മാരുടെ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പടെ കൈകടത്തുന്നതായും പരാതികള്‍ ഉയര്‍ന്നു. ഇതിനിടെ ട്വിസ്‌റ്റ്‌ നിറഞ്ഞ സിനിമയുടെ ക്ലൈമാക്‌സ്‌ പോലെ കാവ്യാ മാധവനുമായുള്ള വിവാഹമെത്തി. പിന്നാലെയാണ്‌ യുവനടിയെ ആക്രമിക്കാന്‍ നല്‍കിയ ക്വട്ടേഷനു പിന്നില്‍ ദിലീപാണെന്ന വാദവുമെത്തുന്നത്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
Tuesday 11 Jul 2017 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW