Saturday, May 26, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Saturday 08 Jul 2017 08.40 PM

അന്തിചര്‍ച്ചക്കാര്‍ക്ക് പുതിയ 'ഇര'യെ ആവശ്യമുണ്ട്

Dileep, Actress abduction, Kavya Madhavan

അടുത്തനാളുകളില്‍ മാധ്യമങ്ങളുടെ റേറ്റിംഗും ട്രാഫിക്കും നിയന്ത്രിക്കുന്നത് ഏതെങ്കിലും 'ഇര'യെ വച്ചാണ്. ജനകീയ വിഷയങ്ങളോ നാടിന്റെ പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യേണ്ട വിലപ്പെട്ട സമയം കച്ചവട താല്‍പര്യത്തോടെ മാത്രം ഉപയോഗിക്കപ്പെടുന്നു. യുവ നടി ആക്രമിക്കപ്പെട്ടതും അതിനു പിന്നില്‍ പ്രമുഖ നടന്റെ പങ്കുണ്ടെന്ന മാധ്യമ വിചാരണയുമാണ് ഇപ്പോള്‍ ഏറ്റവും റേറ്റിംഗ് നല്‍കുന്നത്. എന്നാല്‍ അതിന്റെ കാലവും കഴിയാറായി. ഇനി ഏത് ഇരയെ പിടിക്കണമെന്നറിയാതെ വിഷമിക്കുകയാണ് അവതാരകര്‍. അന്വേഷണ സംഘമാകട്ടെ പുതിയ ട്വിസ്റ്റുകളൊന്നും നല്‍കാതെ കാത്തുകെട്ടി കിടക്കുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതിസന്ധിയിലുമാക്കുന്നു. എങ്കിലും വായ് കീറിയ ദൈവം ഏതെങ്കിലും ഇരയെ ഇട്ടുനല്‍കുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച സുഹൃത്തിനെ സ്മരിക്കുന്നു.

സെന്‍കുമാര്‍- സര്‍ക്കാര്‍ പോരാട്ടമായിരുന്നു കുറച്ചുനാള്‍ മാധ്യമങ്ങളെ ഓടിച്ചുകൊണ്ടുപോയത്. ഇതിനിടയില്‍ നടി പീഡിപ്പിക്കപ്പെട്ട വാര്‍ത്തയും വന്നു. എന്നാല്‍ പ്രമുഖ നടന്‍ നാട്ടിലില്ലാതെ പോയതിനാല്‍ അതില്‍ കയറിപിടിച്ച് ഏറെ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നടന്‍ തിരിച്ചുവന്നതോടെയാണ് പുതിയ വിവാദം. അതിനിടെ, ഒരു പാവം സ്വാമിയും പെട്ടുപോയി. പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജനനേന്ദ്രിയം ഛേദിച്ചുവെന്ന് പറഞ്ഞ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളുടെ മത്സരമായിരുന്നു. എന്നാല്‍ കഥ മാറിയതോടെ സ്വാമിയെയും പെണ്‍കുട്ടിയേയും ആരും മൈന്‍ഡ് ചെയ്യാതായി.

ഈ സമയത്താണ് വീണു കിട്ടിയ ഇരപോലെ നടന്റെ മടങ്ങിവരവ്. പിന്നീട് നടന്റെ പിന്നാലെയായി മാധ്യമങ്ങള്‍. നടന്‍ ഒരു ദിവസം ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ മാധ്യമങ്ങള്‍ക്കു മുന്നിലാണെന്നു തോന്നും റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍. ഒരേ സമയം പല ചാനലുകള്‍ പ്രത്യക്ഷപ്പെട്ട് ചര്‍ച്ചാ തൊഴിലാളികളും ക്ഷീണിതരായി. അസാധ്യ വെറുപ്പിക്കലുമായി ചാനല്‍ അവതാരകരും. എങ്കിലും ദിവസവും നടനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയെങ്കിലും നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

അതിനിടെ, മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുമായി പോലീസിന് ബന്ധമില്ലെന്നു കൂടി പറഞ്ഞത് ഏറെ ക്ഷീണമായെന്ന് പറയാതെ വയ്യ. നടന്റെയോ അയാളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലുമോ അറസ്റ്റ് കണ്ടിട്ടേ ഈ ആഴ്ച പള്ളിയില്‍ പോകൂ എന്ന് കരുതിയിരുന്നവരെയും നിരാശപ്പെടുത്തുന്നതായിരുന്നു അത്. അതോടെ ചര്‍ച്ചയുടെ രൂപം മാറി. വെള്ളിയാഴ്ച മൂന്ന് മുഖ്യധാര ചാനലുകളിലെ ചര്‍ച്ച ഒരേ വിഷയം. ഗൂഢാലോചന അന്വേഷണം അട്ടിമറിക്കപ്പെട്ടോ?

ഇതുകേട്ട് ഉണ്ടായ ചില സംശയങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഒരേ വിഷയം ഒരേ സമയം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തിയോ എന്നതാണ്് ഒരു കാര്യം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സ്ഥിരമായി എത്തുന്ന ചില തൊഴിലാളികള്‍ക്ക് 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന നിലപാടാണ്. ചര്‍ച്ച എന്താണെങ്കിലും പ്രമുഖ നടനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്‌തേ പറ്റൂ എന്നാണ് ഇവരുടെ ആവശ്യം. അറസ്റ്റിലായ ക്രിമിനലുകള്‍ പറയുന്ന മൊഴി എന്ന നിലയില്‍ പുറത്തുവരുന്നത് മാത്രമാണ് ഇവരുടെ വേദവാക്യം. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചില അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്ന പോയിന്റുകളില്‍ ഒന്നും ഇവര്‍ക്ക് ശ്രദ്ധയില്ല. പ്രമുഖ നടനെതിരെ ഇവര്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തോ എന്നും കാഴ്ചക്കാര്‍ക്ക് സംശയം തോന്നാം.

വെള്ളിയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു അഭിഭാഷകന്‍ ഈ കേസില്‍ മൂന്നു വിധത്തിലുള്ള ഗൂഢാലോചനയ്ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ തമ്മില്‍ മാത്രമുള്ള ഗൂഢാലോചനയാകാം, പുറമേനിന്ന് ആരുടെയെങ്കിലും സമ്മര്‍ദ്ദവും ഗൂഢാലോചനയുമുണ്ടാകാം. പണത്തിനു വേണ്ടി ഈ പ്രതികള്‍ നടനെ കുരുക്കാന്‍ നടത്തിയ നീക്കമാകാം എന്നിങ്ങനെ.

ഇവിടെ ഉയരുന്ന മറ്റു ചില സംശയം. ഒരേ സമയം നടനെയും നടിയേയും ഇരകളാക്കാമെന്ന് ഈ ക്രിമിനലുകള്‍ ചിന്തിച്ചിരിക്കില്ലേ? ആരോപണ വിധേയനെ എങ്ങനെയും തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ടെന്ന് സിനിമാ ലോകത്തെ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്തുകൊണ്ട് അവരെ സംശയിച്ചുകൂടാ? അവരെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകളും പുറത്തുവരുന്നു. മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരം നടനെയും പ്രതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതും ആയിക്കൂടേ? പല കോണുകളില്‍ നിന്നുള്ള ക്വട്ടേഷന്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നത് ഇതായി കൂടേ? നുണ പരിശോധന അടക്കം എന്തിനും തയ്യാറായി നടന്‍ മുന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട മറ്റാര്‍ക്കും ഇങ്ങനെ പറയാനുള്ള ചങ്കൂറ്റമില്ലെന്നതും ശ്രദ്ധിക്കണം. പലര്‍ക്കും ഇതൊക്കെ തുറന്നുചോദിക്കാന്‍ തോന്നുന്നുണ്ടെങ്കിലും എന്തിനും ഏതിനും കേസുകൊടുക്കാന്‍ തയ്യാറായി നടക്കുന്നവരെ പ്രകോപിപ്പിക്കേണ്ട എന്നു കരുതി പിന്‍മാറുകയാണ്.

ഇനി നടനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ഇതില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ എല്ലാം ശരിയല്ലെന്നും വ്യക്തിപരമായി നടത്തിയ ചില അന്വേഷണങ്ങളില്‍ ബോധ്യപ്പെട്ടു. കാക്കനാട്ടെ കടയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലെ ചിത്രങ്ങള്‍ കണ്ട് പോലീസ് ഞെട്ടി എന്നുവരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ കാര്‍ഡിന്റെ കോപ്പി മാര്‍ച്ചില്‍ തന്നെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതാണെന്ന കാര്യം അറിയാതെയുള്ള വാര്‍ത്തയായിരുന്നല്ലോ അത്. നടനെ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ മറ്റു ചില കേന്ദ്രങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശ്വാസം. ഒരുപക്ഷേ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് നടന്‍ ഏപ്രില്‍ 20ന് നല്‍കിയ പരാതിയില്‍ ശരിയായ ഒരു അന്വേഷണം നടന്നാല്‍ ചില സംശയങ്ങള്‍ കൂടി മാറിക്കിട്ടിയേക്കും. അത് പോലീസ് അന്വേഷിക്കുണ്ടെന്നാണ് വിശ്വാസം.

തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവന്‍ ആരായിരിക്കും? ചായം പൂശിയ മുഖങ്ങളില്‍ കാപട്യവുമുണ്ടോ? ഇവിടെ പ്രതികളും ഇരകളും മാത്രമല്ല, പല ഗൂഢാലോചനക്കാരും ഉണ്ടെന്നത് വ്യക്തമാണ്. അതാരായാലും ശിക്ഷിക്കപ്പെടട്ടേ.

ഇതിനിടയില്‍ വന്നുപോയ ജി.എസ്.ടിയും പനി മരണവും നഴ്‌സുമാരുടെ സമരവും മഴക്കെടുതിയും ചര്‍ച്ച ചെയ്യാന്‍ ഇവിടെ ആര്‍ക്ക് സമയം?

Ads by Google
Ads by Google
Loading...
TRENDING NOW