Saturday, July 08, 2017 Last Updated 1 Min 14 Sec ago English Edition
Todays E paper
Saturday 08 Jul 2017 03.23 PM

ക്രിയേറ്റിവിറ്റി പ്രയോജനപ്പെടുത്തുന്നത് ബ്ലൗസുകളില്‍...

uploads/news/2017/07/125741/fashaionblouse.jpg

തലമുറകള്‍ക്കൊപ്പം സഞ്ചരിക്കുന്ന വേഷമാണ് സാരി. ഇന്ന് സാരിയിലെ പുതുമകളെക്കാളേറെ ക്രിയേറ്റിവിറ്റി പ്രയോജനപ്പെടുത്തുന്നത് ബ്ലൗസുകളിലാണ്...

ഇന്ത്യന്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ എന്നും പ്രഥമസ്ഥാനീയന്‍ സാരി തന്നെയാണ്. കാലമെത്ര കടന്നാലും എന്തൊക്കെ നൂതന ഫാഷന്‍ വന്നാലും സാരിയെന്ന വേഷത്തിനോടുള്ള ഇഷ്ടം ആരും മാറ്റി വയ്ക്കില്ല. പ്രത്യേക ചടങ്ങുകളിലും അതിഥി സല്‍ക്കാരങ്ങളിലും ഇഷ്ടവേഷമായി ഇന്നും സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് സാരി തന്നെയാണ്. എന്നാല്‍ സാരിയെപ്പോലെ തന്നെ പുതുമ നിലനിര്‍ത്തുന്ന ഒന്നാണ് ഡിസൈനര്‍ ബ്ലൗസുകള്‍. സാരിയല്‍പ്പം 'ഓള്‍ഡാ'ണെങ്കിലും ഒപ്പമൊരു 'ന്യൂജെന്‍' ബ്ലൗസു കൂടിയുണ്ടെങ്കില്‍ തിളങ്ങാന്‍ മറ്റൊന്നും വേണ്ട. വേഷത്തിന്റെ മോഡിക്കൊപ്പം ട്രെന്‍ഡി ബ്ലൗസുകളും ഇന്ന് ഫാഷന്‍ ലോകത്തെ താരമാണ്.

സ്ലീവുകളിലാണ് പുതുമ.


ബ്ലൗസിന്റെ സ്ലീവുകളിലാണ് ഏറ്റവുമധികം ക്രിയേറ്റിവിറ്റി കണ്ടു വരുന്നത്. കണ്ണിനാകര്‍ഷണം തരുന്ന ഡിസൈനുകളും, അലങ്കാരപ്പണികളുമൊക്കെ ബ്ലൗസിന്റെ സ്ലീവുകളിലാണ് കാണപ്പെടുന്നത്. എതിനിക്, ഇന്തോ-വെസ്‌റ്റേണ്‍, വെസ്‌റ്റേണ്‍ എന്നിങ്ങനെ ഏതു തരം വേഷത്തിനൊപ്പവും പുതുമ നിറഞ്ഞ ആര്‍ട്ടിസ്റ്റിക് ബ്ലൗസുകള്‍ ഫാഷനാണ്.

ഫുള്‍ സ്ലീവുംഎംബ്രോഡറിയും


സബ്‌സയാച്ചി ഡിസൈനര്‍ സാരിയുമായി തിളങ്ങിയ ഒരുപാട് സെലിബ്രിറ്റികളുണ്ട്. ഇതില്‍ ഫ്‌ളോറല്‍ ഡിസൈനും നെറ്റുമൊക്കെ ചെയ്യാറുണ്ട്, കരിഗരി വര്‍ക്കുകളും ചിലരെ ഇതിലേക്ക് ആകര്‍ഷിക്കാറുണ്ട്. തോളു മുതല്‍ കൈയറ്റം വരെയുള്ള സ്ലീവും ഹാഫ് സ്ലീവുമൊക്കെ ഇതിന്റെ ഹൈലൈറ്റാണ്. പ്ലെയിന്‍ വൈറ്റ് എംബ്രോഡറി വര്‍ക്കുകള്‍ തോള്‍ മുതല്‍ കൈയറ്റം വരെ നല്‍കി, അതിനൊപ്പം ഡാര്‍ക്ക് ഷെയ്ഡ് ഇന്നര്‍ പോര്‍ഷനും കൊടുക്കുമ്പോള്‍ ദിവാ ലുക്ക് കിട്ടും. നെറ്റ് സാരിയാണ് ഇതിനൊപ്പം കൂടുതല്‍ ഭംഗി. പാര്‍ട്ടികളിലും അവാര്‍ഡ് നിശകളിലും മാത്രമല്ല ദക്ഷിണേന്ത്യയിലെ വിവാഹ സാരി ബ്ലൗസില്‍ പോലും ഇത് ട്രെന്‍ഡായി കഴിഞ്ഞിരിക്കുന്നു.

ഹൈനെക്ക് ബ്ലൗസ്


സ്‌റ്റൈലിഷ് ഹൈനെക്ക് ബ്ലൗസ് ഫാഷന്‍ ലോകത്തെ പുതുപുത്തന്‍ ട്രെന്‍ഡാണ്. ഷീര്‍ ഫാബ്രിക്, പേള്‍ വര്‍ക്ക്, ത്രെഡ് വര്‍ക്ക്, ബീഡ്‌സ്, മിറര്‍, ലേസ് വര്‍ക്ക് എന്നിവയാണ് ഹൈനെക്ക് ബ്ലൗസിന്റെ പ്രത്യേകത. നീളമുള്ളവര്‍ക്കാണ് ഈ ഡിസൈന്‍ കൂടുതല്‍ ചേരുക. സാരിയില്‍ ഞൊറിവുകള്‍ ഇല്ലാതെയും നേര്‍ത്ത ഞൊറിവുകളെടുത്തും ഈ ഡിസൈനൊപ്പം സാരി ധരിക്കാം. ഇതിനൊപ്പം നെക്ക്‌ലൈസും മറ്റ് ചെയിനുകളും ഒഴിവാക്കുന്നതാണ് ഉത്തമം. വലിയ ജിമുക്കികളാണ് ഇതിനൊപ്പം ചേരുന്നത്.

മെറ്റാലിക് സ്ലീവ്


മുന്‍ ഭാഗം കഴുത്തിനോട് ചേര്‍ന്നു കിടക്കുന്ന ഷീന്‍ സ്ലീവ് ബ്ലൗസുകള്‍ പുതിയ താരമാണ്. അതില്‍ മെറ്റാലിക് വര്‍ക്കുകള്‍ കൂടിയുള്ളതാണ് പുത്തന്‍ തരംഗം. കൈപ്പത്തിയോട് ചേരുന്ന ഭാഗത്തും കഴുത്തിനു പിറകിലുമാണ് മെറ്റാലിക്ക് വര്‍ക്കുകള്‍ നല്‍കുന്നത്. മെറ്റാലിക് ബ്ലൗസിനൊപ്പം കോക്ക്‌ടെയില്‍ സാരിയാണ് ഭംഗി. ന്യൂട്രല്‍ ടോണിലുള്ള കമ്മലുകളും പേള്‍ ആഭരണങ്ങളുമാണ് ഇതിനൊപ്പം ഉത്തമം. നെക്ക് പീസും ബാംഗിള്‍സും മെറ്റാലിക് ഡിസൈനിലുള്ളതായാല്‍ എലഗന്റ് ലുക്കാകും. പിറകില്‍ ഇറക്കമുള്ള കഴുത്തുവട്ടം കൂടി നല്‍കുന്നതാണ് ഇതിന്റെ പുതിയ ഔട്ട്‌ലുക്ക്. പ്ലെയിന്‍ സാരിയ്‌ക്കൊപ്പവും ഹെവി വര്‍ക്കില്ലാത്ത സാരിക്കൊപ്പവുമാണ് മെറ്റല്‍ വര്‍ക്കുള്ള ബ്ലൗസുകള്‍ കൂടുതല്‍ ഭംഗിയാവുക.

ഓഫ് ഷോള്‍ഡര്‍ ബ്ലൗസ്


ഷോള്‍ഡറില്‍ നിന്ന് ഇറങ്ങി നില്‍ക്കുന്ന ബ്ലൗസുകളാണിത്. ഭംഗിയുള്ള ഷോള്‍ഡറുള്ളവര്‍ക്ക് ഈ ബ്ലൗസ് നന്നായി ഇണങ്ങും. നെറ്റ് സാരിക്കൊപ്പവും ലെഹംഗയ്‌ക്കൊപ്പവും ഓഫ് ഷോള്‍ഡര്‍ ബ്ലൗസ് അണിയാറുണ്ട്. തോള്‍ഭാഗം നഗ്നമായി കാണിക്കുന്ന ഈ ബ്ലൗസിന്റെ മുകള്‍ ഭാഗം ഇലാസ്റ്റിക്ക് ത്രെഡ് വര്‍ക്ക് ചെയ്യുന്നവരുമുണ്ട്. ഹെവി വര്‍ക്ക് സാരിക്കൊപ്പമാണ് ഇത് കൂടുതല്‍ അനുയോജ്യം.

ടാറ്റു ബ്ലൗസ്


പാര്‍ട്ടികളിലും കുടുംബാഘോഷങ്ങളിലും റാണിയായി മാറിയിരിക്കുകയായിരുന്നു ഫുള്‍ സ്ലീവ് ടാറ്റൂ ബ്ലൗസുകള്‍. വേനല്‍ക്കാലം വന്നപ്പോള്‍ ഒന്ന് വഴി മാറി പോയെങ്കിലും വീണ്ടുമിത് തിരിച്ചെത്തിയിരിക്കുന്നു. ഗോള്‍ഡ് ബോര്‍ഡറുള്ള പ്ലെയിന്‍ സാരിക്കൊപ്പം ഫുള്‍ സ്ലീവ് ടാറ്റൂ ബ്ലൗസ് വീണ്ടുമെത്തിയിരിക്കുന്നു. ഫോക്‌സ് ടാറ്റു ബ്ലൗസിന്റെ സ്ലീവിന്റെ പ്രത്യേകത അത് സുതാര്യമാണെന്നുള്ളതാണ്. സാരിയുടെ പ്ലീറ്റുകള്‍ വീതി കുറച്ച് ഞൊറിഞ്ഞെടുത്താല്‍ ടാറ്റു ബ്ലൗസിന്റെ ഭംഗി കൂടും. പിറകില്‍ ബീഡ്‌സുകളുള്ള വട്ട കഴുത്തോ, ഇറക്കമുള്ള കഴുത്തോ നല്‍കാം. കണ്ടാല്‍ ടാറ്റൂ ബ്ലൗസ് പോലെ തോന്നുന്ന ലെയ്‌സ് ബ്ലൗസുകളും ഇപ്പോള്‍ തരംഗമാണ്.

ബോട്ട് നെക്ക് ബ്ലൗസ്


ബോട്ട് നെക്ക് ആകൃതിയിലുള്ള ബ്ലൗസുകളാണിത്. ഏറ്റവും ട്രെന്‍ഡിയായ ഒരു ഡിസൈനാണിത്. സിമ്പിളാണെങ്കിലും സ്‌റ്റെലിഷാണെന്നുള്ളതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. പഴയ റെഗുലര്‍ ബ്ലൗസ് ഡിസൈനുകളുടെ ന്യൂ ജെന്‍ മേക്ക് ഓവറാണ് ബോട്ട് നെക്ക് ബ്ലൗസ്. കോളര്‍ ബോണിനു താഴെയായി വീതിയുള്ള നെക്ക്‌ലൈന്‍ ഇതിനുണ്ടാകും. സ്ലീവിലും ബാക്കിലും നൂതന ഡിസൈന്‍ കൊടുക്കുന്നതാണ് ഇതിന്റെ ഭംഗി.

ബെല്‍ സ്ലീവ്‌സ്


പഴയകാല സിനിമകളിലെ താരമായിരുന്നു ബെല്‍ ബോട്ടം പാന്റുകള്‍. ബ്ലൗസിലും ആ ട്രെന്‍ഡ് വന്നിരിക്കുകയാണ്. ബെല്‍ സ്ലീവുകള്‍ നീളത്തിലും ത്രീഫോര്‍ത്തായും നല്‍കാം. ധോത്തി സാരി, കോക്ക്‌ടെയില്‍ സാരി, പലാസോ സാരി, ലെഗ്ഗിംഗ്‌സ് എന്നിവയ്‌ക്കൊപ്പവും ബെല്‍ സ്ലീവ് ബ്ലൗസുകള്‍ അണിയാം. സിമ്പിള്‍ സ്ലീക്ക് ആന്‍ഡ് സൂപ്പര്‍ എന്ന കോമ്പിനേഷന്റെ ഉത്തമ ഉദാഹരണമാണ് ബെല്‍ സ്ലീവ് ബ്ലൗസുകള്‍.

പെപ്ലം ബ്ലൗസ്


പെപ്ലം ടോപ്പുകള്‍ വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റായി കണ്ടിരുന്ന കാലമൊക്കെ മാറി. സ്‌കിന്‍ എക്‌സ്‌പോഷര്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗ്ലാമര്‍ ലുക്ക് ഇഷ്ടപ്പെടുന്നവരുമൊക്കെ ഈ പാറ്റേണ്‍ സ്വീകരിച്ചു തുടങ്ങി. ഇടുപ്പിനു താഴെ വരെ ഇറക്കമുള്ള ഈ ബ്ലൗസിന് നെറ്റ് സ്ലീവാണ് ചേരുന്നത്. വളരെ ചെറിയ ഞൊറിവുകള്‍ സാരിക്കു നല്‍കിയാല്‍ മാത്രമേ ഈ ഡിസൈന്റെ ഭംഗി പൂര്‍ണ്ണമായി മനസ്സിലാകൂ.

പഫ്ഡ് സ്ലീവ്‌സ്


ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ പഫ് ബ്ലൗസുകള്‍ സുലഭമാണ്. ഇടയ്ക്ക് ട്രെന്‍ഡൊന്ന് മാറിയെങ്കിലും വീണ്ടുമത് വിപണി കീഴടക്കിയിരിക്കുന്നു. സാരിയില്‍ ചെറിയ ഞൊറിവുകളെടുത്താല്‍ മാത്രമേ പഫ് ബ്ലൗസിന്റെ ഭംഗി മനസ്സിലാകൂ. സാരി, ലെഹംഗ, ഗാഗ്രാ എന്നിവയ്‌ക്കൊപ്പവും പഫ്ഡ് ബ്ലൗസ് ധരിക്കാം. സാരിയ്‌ക്കൊപ്പമല്ലെങ്കില്‍ ബ്ലൗസിന്റെ മുന്‍ ഭാഗത്ത് കൂടുതല്‍ വര്‍ക്കുകള്‍ നല്‍കണം. പഴമയില്‍ പുതുമ മിക്‌സ് ചെയ്ത ഇത്തരം ബ്ലൗസുകള്‍ പരമ്പരാഗത ചടങ്ങുകളില്‍ പ്രത്യേക എടുപ്പു നല്‍കും.

കോള്‍ഡ് ഷോള്‍ഡര്‍ ബ്ലൗസ്


കോള്‍ഡ് ഷോള്‍ഡര്‍ ബ്ലൗസുകളാണ് ഫാഷന്‍ ലോകത്തെ പുത്തന്‍ താരം. ടോപ്പിലും അനാര്‍ക്കലിയിലും സാരിക്കൊപ്പവും ഈ ബ്ലൗസുകള്‍ തിളങ്ങുന്നു. എതിനിക് സ്‌കര്‍ട്ടിനൊപ്പവും ഇത് ധരിക്കാം. കഴുത്തിനോട് ചേര്‍ന്നു നില്‍ക്കുന്നവയും കഴുത്തില്‍ നിന്ന് അല്‍പ്പം ഇറങ്ങി നില്‍ക്കുന്നവയും കോള്‍ഡ് ഷോള്‍ഡറില്‍ പെടും. തോളില്‍ നിന്ന് കൈയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ബ്ലൗസ് യു കട്ടോ, വി കട്ടോ ചെയ്തിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡിസൈനര്‍ സാരിക്കൊപ്പവും പ്ലെയിന്‍ സാരിക്കൊപ്പവും ഇത് താരമാണ്.

മഹാറാണി നെക്ക് ബ്ലൗസ്


വിവിധ നിറങ്ങളിലുള്ള റോ സില്‍ക്കില്‍ എംബ്രോഡറി നെക്ക് ലൈനും സ്ലീവും, ഹൈനെക്കില്‍ ഐവറി, ഗോള്‍ഡ്, ബ്ലാക്ക് എന്നിവ നല്‍കിയാണ് മഹാറാണി നെക്ക് ബ്ലൗസ് വിപണി കീഴടക്കിയത്. ഗോള്‍ഡ് ഷിമ്മര്‍ ഹൈ നെക്കില്‍ കുന്ദന്‍ വര്‍ക്കുകളും, ബീഡ്‌സും, പേള്‍ വര്‍ക്കുമൊക്കെ ഇതിന് നല്‍കാറുണ്ട്. ടിയര്‍ ഡ്രോപ്പ് ഷേപ്പ്, കീ ഹോള്‍ കട്ട്, എന്നിവയാണ് ഇതിന്റെ പിന്‍കഴുത്തിന് നല്‍കുന്നത്.

എല്‍ബോ ലെഗ്ത് സ്ലീവ്


കൈമുട്ടു വരെ ഇറക്കമുള്ള ബ്ലൗസുകള്‍ സത്യത്തില്‍ പഴയ ഫാഷനാണ്. വീണ്ടുമത് തരംഗമായി മാറിയിരിക്കുന്നു. സ്ലീവ്‌ലെസ്സില്‍ നിന്ന് എല്‍ബോ ലെഗ്ത് സ്ലീവിലേക്കുള്ള ദൂരം വളരെ വേഗത്തിലാണ് ഫാഷന്‍ വിപണിയിലെത്തിയത്. വിവാഹദിനത്തിലും വിവാഹനിശ്ചയദിനത്തിലുമൊക്കെ പെണ്‍കുട്ടികള്‍ ഈ സ്‌റ്റൈല്‍ സ്വീകരിച്ചു കഴിഞ്ഞു. വര്‍ക്കുകളുള്ള സ്ലീവുകളും പ്ലെയിന്‍ സ്ലീവുകളുമൊക്കെ ഇതില്‍ പെടും. സ്ലീവില്‍ സാരിയുടെ ബോര്‍ഡര്‍ മുഴുവനായി വയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്. പട്ടുസാരിക്കൊപ്പമാണ് ഇത് കൂടുതല്‍ തരംഗമായിരിക്കുന്നത്.

നെറ്റ് ബ്ലൗസ്


നെറ്റ് ബ്ലൗസ് വളരെ പെട്ടെന്നാണ് ഫാഷന്‍ വിപണി കീഴടക്കിയത്. സാരിയുടെ ആകര്‍ഷണീയത കൂട്ടാന്‍ വരെ ഈ ബ്ലൗസിന് കഴിയാറുണ്ട്. സ്ലീവുകളിലും നെക്ക്‌ലൈനിനും പിറകിലുമൊക്കെ അവരവരുടെ ഇഷ്ടാനുസരണം നെറ്റ് വര്‍ക്ക് ചെയ്യാം. പരമ്പരാഗത സില്‍ക്ക് സാരികള്‍ക്ക് ഒരു മോഡേണ്‍ ലുക്ക് നല്‍കാന്‍ നെറ്റ് ബ്ലൗസുകള്‍ക്ക് കഴിയാറുണ്ട്.

കട്ട് വര്‍ക്ക് ബ്ലൗസ്


കട്ട് വര്‍ക്ക് ബ്ലൗസ് വളരെക്കാലമായി വിപണിയിലുണ്ട്. പല ഡിസൈനുകളും മാറിത്തിരിഞ്ഞ് വന്നിട്ടും ഇത് ഫാഷന്‍ ലോകത്ത് തുടരുന്നു എന്നതു തന്നെയാണ് ഇതിന്റെ മികവ്. കുന്ദന്‍, മാഗ്ഗം, സ്‌റ്റോണ്‍ വര്‍ക്കുകള്‍ സ്ലീവുകളില്‍ നല്‍കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. സ്ലീവുകളിലും പിന്‍ ഭാഗത്തുമാണ് ഈ വര്‍ക്കുകള്‍ കൂടുതലായി തിളങ്ങുന്നത്. സ്‌റ്റോണ്‍ വര്‍ക്ക്, കുന്ദന്‍ വര്‍ക്ക്, സര്‍ദോസി വര്‍ക്ക് എന്നിവ ബാക്ക് കട്ട് ഔട്ടില്‍ നല്‍കാം. പിറകില്‍ ടൈ ബാക്ക് ടാസ്സല്‍ കൂടി നല്‍കുമ്പോള്‍ ഭംഗി ഇരട്ടിയാകും. കട്ട് വര്‍ക്കുകള്‍ കൂടുതല്‍ തിളങ്ങുന്നത് പാര്‍ട്ടികളിലും കുടുംബത്തിനൊപ്പമുള്ള ചടങ്ങുകളിലുമൊക്കെയാണ്. പാര്‍ട്ടികളിലും മറ്റും ഈ ബ്ലൗസുകള്‍ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആര്‍ട്ടിസ്റ്റിക്ക് സ്ലീവ്‌സ്


സ്ലീവിന്റെ നീളവും സ്‌റ്റൈലുമാണ് ഒരു ബ്ലൗസിന്റെ പാറ്റേണ്‍ തന്നെ മാറ്റുന്നത്. വധുവിന് ഏറ്റവും ഇണങ്ങുന്ന ഒരു ഡിസൈനാണ് ആര്‍ട്ടിസ്റ്റിക്ക് സ്ലീവ്. അലങ്കാര വര്‍ക്കുള്ള ബ്ലൗസില്‍ ആര്‍ട്ടിസ്റ്റിക്ക് സ്ലീവുകള്‍ പല രീതിയിലും വയ്ക്കാം. മുട്ടിനു മുകളില്‍ നില്‍ക്കുന്ന സ്ലീവിലാണ് ഇതിന് കൂടുതല്‍ ഭംഗി. സ്ലീവിന്റെ അറ്റത്ത് പല ആര്‍ട്ടിസ്റ്റിക്ക് വര്‍ക്കുകളും നല്‍കാം.

ലക്ഷ്മി ബിനീഷ്

Ads by Google
TRENDING NOW