Tuesday, July 17, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 08 Jul 2017 01.09 PM

നടിയെ ആക്രമിച്ച കേസ്: പിണറായിയുടെ വാട്ടര്‍ലൂര്‍ ആകുമോ?

നടിയെ ആക്രമിച്ചകേസ് ഒരുകുറ്റകൃത്യം എന്നതില്‍ നിന്ന് ഇന്ന് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ചലച്ചിത്രതാരമല്ല, ഏതൊരു സ്ത്രീയെയായിരുന്നാലും ആക്രമിച്ചാല്‍ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതില്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതും അനിവാര്യമാണ്.
actress abduction

നാടിന്റെ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് ദൗത്യമെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം പോലീസ് എന്നും ഭരണസംവിധാനത്തിന് തലവേദനയാണ്. ചില ഭരണകൂടങ്ങളെങ്കിലും കേരളത്തില്‍ തകര്‍ന്നുവീഴുന്നതിനും ഭരിക്കുന്ന പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കുന്നതിനും ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ അതില്‍ നിന്നും രക്ഷപ്പെട്ടുനിന്നത് ഇടതുസര്‍ക്കാരുകള്‍ മാത്രമാണ്. കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലമെടുത്താല്‍ അതിന് മുമ്പ് ഇടതുസര്‍ക്കാരിന്റെ കാലത്ത് പോലീസിന് സ്വന്തം നിലയില്‍ ഇഷ്ടംപോലെ എന്തും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആരോപണങ്ങള്‍ നിരവധിയുണ്ടായിരുന്നെങ്കിലും അന്നൊക്കെ സി.പി.എമ്മിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു പോലീസ്. അതുകൊണ്ടുതന്നെ അവര്‍ക്ക് തോന്ന്യാസം കാണിക്കാനും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇന്ന് സ്ഥിതി മാറുകയാണ്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ തലവേദനയായി പോലീസ് മാറിയിരിക്കുകയാണ്. കഴിഞ്ഞഒരുവര്‍ഷം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ഗുരുതരമാകുന്നു. നടിയെ ആക്രമിച്ചകേസാണ് ഇപ്പോള്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയാകുന്നത്. ഡെമോക്ലീസിന്റെ വാളുപോലെ ഇത് പിണറായി സര്‍ക്കാരിന്റെ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുയാണ്. എപ്പോള്‍ വേണമെങ്കിലും അത് അറ്റുവീണ് ഈ സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കാമെന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്.
നടിയെ ആക്രമിച്ചകേസ് ഒരുകുറ്റകൃത്യം എന്നതില്‍ നിന്ന് ഇന്ന് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ചലച്ചിത്രതാരമല്ല, ഏതൊരു സ്ത്രീയെയായിരുന്നാലും ആക്രമിച്ചാല്‍ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതില്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇവിടെ സ്ഥിതി സമ്പൂര്‍ണ്ണമായി മാറിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിഷയം സങ്കീര്‍ണ്ണമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഈ പ്രശ്‌നം സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കാന്‍ പോലും കഴിയുന്നതരത്തില്‍ രൂപാന്തരപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയില്‍ അതിന്റെ അംശം ഒളിഞ്ഞുകിടപ്പുണ്ട്. തെളിവുകള്‍ കണ്ടെത്താതെ പ്രമുഖരായ വ്യക്തികളെ മണിക്കൂറുകണക്കിന് ചോദ്യം ചെയ്ത നടപടിയെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അതുതന്നെയാണ് കാര്യവും. നടി ആക്രമിക്കപ്പെട്ട ആ സമയത്ത് ഇതിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. അത് ആയുധമാക്കിയാണ് ഇപ്പോള്‍ സംഗതികള്‍ മുന്നോട്ടുനീങ്ങുന്നത്.

ഗൂഢാലോചന സംബന്ധിച്ച ആരോപണം ഉയര്‍ന്നശേഷം ചലച്ചിത്രമേഖലയെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അഴിച്ചുവിട്ട കാളകളെപ്പോലെ കാണുന്നിടത്തെല്ലാം കയറി മേയുന്ന സ്ഥിതിയിലാണ് പോലീസ്. സമൂഹ മാദ്ധ്യമങ്ങളില്‍ പരക്കുന്ന സന്ദേശം പോലെ പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും മിസ്‌കോളടിച്ചുപോലും ആരെയും ചോദ്യം ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്.

കണ്ണില്‍കാണുന്നവരെയെല്ലാം ചോദ്യം ചെയ്തശേഷം ഒന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് അന്വേഷണസംഘം. ദിനംപ്രതിവരുന്ന വാര്‍ത്തകളാണെങ്കില്‍ ആശയക്കുഴപ്പം ശക്തമാക്കുന്നതുമാണ്. ചോദ്യം ചെയ്യല്‍ യജ്ഞം ദിനംപ്രതി നടക്കുകയും ഒടുവില്‍ ഒന്നുമില്ലെന്ന് കൈമലര്‍ത്തി, എല്ലാം പള്‍സര്‍ സുനിയുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഉണ്ടാകാനിരിക്കുന്നത് വലിയ പൊട്ടിത്തെറിയാണ്.
ഈ വിഷയം ശക്തമായി ഉയര്‍ത്താനും ഇടതു ജനപ്രതിനിധികള്‍ കൂടിയായ മുകേഷ്, ഇന്നസെന്റ്, ഗണേഷ്‌കുമാര്‍ എന്നിവരെ ആയുധമാക്കിക്കൊണ്ട് തിരിച്ചടിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നിലെ രാഷ്ട്രീയലക്ഷ്യവും ഇതാണ്. ഇടതുമുന്നണിയിലെ ജനപ്രതിനിധികളും മുഖ്യമന്ത്രിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച് ചലച്ചിത്രതാരം ദിലീപ് അഭിമുഖം നല്‍കിയതോടെ മാധ്യമങ്ങളും പുതിയ തിരക്കഥ രചിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെ എന്തിനും ഏതിനും കടിച്ചുകീറാന്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഒരു വഴിയിലാക്കിയിട്ടുമുണ്ട്. അതിലും മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണ്.
കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനയില്ലെന്ന പിണറായിയുടെ പ്രസ്താവനയാണ് ഇവര്‍ ആയുധമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തെളിവില്ലെന്ന് വന്നാല്‍ അത് കേരളത്തില്‍ വലിയ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇനി യഥാര്‍ത്ഥത്തില്‍ പള്‍സര്‍സുനിയാണ് ഇതിന്റെ പിന്നിലെങ്കില്‍പ്പോലൂം ജനമനസില്‍ കുറ്റവാളികളായി നിര്‍ത്തിയിരിക്കുന്നവര്‍ക്കെതിരെ നീങ്ങിയില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകും. സംശയനിഴലില്‍ നില്‍ക്കുന്നവര്‍ക്കെതിരെ തെളിവില്ലെങ്കില്‍ മുന്നോട്ടുനീങ്ങാനുമാവില്ല. ഇത് ഒരു വല്ലാത്ത പ്രതിസന്ധിയിലാണ് സര്‍ക്കാരിനെയും പോലീസിനെയും എത്തിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറഞ്ഞപോലെ മുന്‍പിന്‍ ആലോചിക്കാതെ പോലീസ് നടത്തിയ എടുത്തുചാട്ടമാണ് ഈ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. അതിന്റെ അനന്തരഫലം എന്തിലും ഏതിലും കുലുങ്ങാത്ത പിണറായിയുടെ പതനവുമാകാം. ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് കരുതിയിരുന്ന നെപ്പോളിയന്‍ ബോണോപാര്‍ട്ടിന്റെ പതനത്തിന് വഴിവച്ചതാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന വാട്ടര്‍ലൂ യുദ്ധം. വമ്പന്‍മാരുടെ പതനത്തിന് ഒരു പര്യായമായി പിന്നീട് അത് മാറിയിട്ടുമുണ്ട്. ഇവിടെയും നടിയെ ആക്രമിച്ചത് പിണറായിയുടെ വാട്ടര്‍ലൂ ആകുമോയെന്ന ചോദ്യം പൊതുവേ മലയാള സമൂഹത്തില്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW