Wednesday, July 04, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 07 Jul 2017 07.34 PM

ജാഡയാന്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളീഗോപി കോമ്പിനേഷനില്‍ ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ മലയാളസിനിമയില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ജാഡപ്പടമാണ്. കൊളാട്രല്‍ ഡാമേജ് എന്നൊക്കെപ്പറയില്ലേ, അതാണ്. ഇത്രയും വലിയ ക്യാന്‍വാസും ബജറ്റും താരനിരയുമൊക്കെ ഉണ്ടായിട്ടു സംഭവിച്ചത്, കാശുകളഞ്ഞുകുളിച്ച സ്‌റ്റേജ് നാടകമാണ്.
Tiyan review, Second show

ട്രെയ്‌ലര്‍ കണ്ടപ്പോഴേ സംശയമുണ്ടായിരുന്നു, ടിയാന്‍ വെറും പടമാണെന്ന്. ഉറപ്പിച്ചു, മേല്‍പ്പടിയാന്‍ വെറും പടക്കമാണ്. നല്ല നട്ടപ്രാന്ത്!
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളീഗോപി കോമ്പിനേഷനില്‍ ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ മലയാളസിനിമയില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ജാഡപ്പടമാണ്. കൊളാട്രല്‍ ഡാമേജ് എന്നൊക്കെപ്പറയില്ലേ, അതാണ്. ഇത്രയും വലിയ ക്യാന്‍വാസും ബജറ്റും താരനിരയുമൊക്കെ ഉണ്ടായിട്ടു സംഭവിച്ചത്, കാശുകളഞ്ഞുകുളിച്ച സ്‌റ്റേജ് നാടകമാണ്.

നവസിനിമയുടെ തുടക്കക്കാരിലൊരാളായ മുരളീഗോപിയുടേതാണ് തിരക്കഥ. കാര്യം മുരളീ ഗോപി നല്ല അറിവുള്ള എഴുത്തുകാരനാണ്. ഗീത മുതല്‍ ഖുറാന്‍ വരെ, ഫാസിസം മുതല്‍ കമ്യുണിസം വരെ ആദിശങ്കരന്‍ മുതല്‍ നാരായണഗുരുവരെയുള്ളവരെപ്പറ്റി അരച്ചുകലക്കി കുടിച്ചിട്ടുണ്ട്.(ഉണ്ടായിരിക്കണം.) ഒരു സിനിമാറ്റിക് എന്‍സൈക്​ളോപീഡിയ. പക്ഷേ മുരളിയേട്ടനോട് ഒരഭ്യര്‍ഥനയുണ്ട്. 100 രൂപയ്ക്കു ടിക്കറ്റെടുത്ത് അതിനുമേല്‍ 28% ജി.എസ്.ടിയും കൊടുത്തുകയറുന്ന പാവങ്ങളെ ഇതൊന്നും പറഞ്ഞ് പേടിപ്പിക്കരുത്. കുറഞ്ഞപക്ഷം ഒറ്റയടിക്ക് ഈ അറിവെല്ലാം വിളമ്പി ശ്വാസം മുട്ടിക്കരുത്. ഓരോ സിനിമകളിലായി പറയു, എന്നാലല്ലേ ദഹിക്കു. തിയറ്ററില്‍ കയറുമ്പോള്‍ മതപ്രഭാഷണമാണോ, വേദപാഠ ക്ലാസാണോ എന്നു സംശയം തോന്നി അന്തംവിട്ടു കുന്തം വിഴുങ്ങി മൂന്നു മണിക്കൂര്‍ പ്ലിങ്ങി ഇരുന്നതുകൊണ്ടു പറഞ്ഞതാണ്. അതും പോരാഞ്ഞിട്ടാണ്, ഹിന്ദിയോടു ഹിന്ദിയാണ് സിനിമയില്‍. കാര്യം ഹമാരാ രാഷ്ട്രഭാഷയാണെങ്കിലും കടിച്ചാല്‍പൊട്ടാത്ത ഡയലോഗിന്റെ സബ്‌ടൈറ്റില്‍ വായിച്ചു കഴുത്തൊടിഞ്ഞു. ഹോ, പൊരിഞ്ഞപോരാട്ടമായിരുന്നു തിയറ്ററിനുള്ളില്‍.

ആദ്യപകുതി കാണുമ്പോള്‍ ഓര്‍ക്കും വലതുപക്ഷഹിന്ദുതീവ്രവാദത്തിനെതിരായ പ്രമേയമാണെന്ന്. പക്ഷേ പകുതികഴിയുമ്പോള്‍ മനസിലാകും, മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന്. ആദ്യമോര്‍ക്കും ആള്‍ദൈവങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനമാണെന്ന്, പിന്നീടാണു മനസിലാകുക അതിലും വലിയ അവതാരങ്ങള്‍ക്കുള്ള പരവതാനി വിരിക്കലാണെന്ന്. ആദിശങ്കരന്‍, സനാതന ധര്‍മം, എ.ഡി. ഒന്‍പതാം നൂറ്റാണ്ടിലെ യുദ്ധം, കുടിയൊഴിപ്പക്കല്‍, ആള്‍ദൈവങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, അവര്‍ക്കു പിന്നിലെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍, സംസ്‌കൃതത്തിന്റെ മഹത്വം എന്നുവേണ്ട പരസ്പരബന്ധമില്ലാതെ മാറിവരുന്ന വിഷയങ്ങളുകണ്ടാല്‍ ഏതോ താന്ത്രികസ്‌കൂളില്‍ കയറിയപോലുണ്ട്. വ്യാജമായ ആള്‍ദൈവങ്ങള്‍ക്കും ശരിക്കുള്ള ദിവ്യതയ്ക്കുമിടയിലുള്ള നൂല്‍പ്പാലത്തിലുടെയാണ് മുരളിയേട്ടന്റെ അതിസാഹസിക തിരക്കഥ. കാതും കണ്ണും കൂര്‍പ്പിച്ചിരിക്കണം, ഇല്ലെങ്കില്‍ എന്താണു സംഭവിച്ചതെന്നു പിടികിട്ടൂല്ല...

ഇത്തരത്തിലുള്ള അബ്‌സ്ട്രാക്ട് തലത്തിലുള്ള ഒരു സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ട് ഏറെക്കാലമായിക്കാണണം. അതുകൊണ്ടുതന്നെ ഈ വേഷംകെട്ടലൊന്നുമില്ലാതെ പറഞ്ഞാല്‍ ഒരുപക്ഷേ ടിയാന്‍ ശ്രദ്ധയാകര്‍ഷിക്കുമായിരുന്നു. ആള്‍ദൈവവിഷയം സിനിമയാക്കി മകന്റെ അച്ഛന്‍, കിന്നരിപ്പുഴയോരം, പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നിങ്ങനെയുള്ള ലളിതനര്‍മസിനിമകള്‍ മലയാളത്തില്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്. അതേവിഷയമാണ് ആദിശങ്കരന്റേയും സനാതന ധര്‍മത്തിന്റേയും ഭാരതീയ തത്വശാസ്ത്രത്തിന്റേയും പേരില്‍ എടുത്താല്‍പൊങ്ങാത്ത പരിവേഷവുമായി മുരളീഗോപിയും സംഘവും അവതരിപ്പിക്കുന്നത്.

Tiyan review, Second show

വടക്കേഇന്ത്യയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമമാണു പശ്ചാത്തലം. ബദ്‌രിനാഥിനടുത്തുള്ള ഗ്രാമത്തിലെ വേദപണ്ഡിതനാണ് പട്ടാഭിരാമ ഗിരി(ഇന്ദ്രജിത്ത് സുകുമാരന്‍) സംസ്‌കൃതം പഠിപ്പിച്ചു ഭാര്യയോടും മകളോടുമൊപ്പം ജീവിക്കുന്നു. ഇതിനിടയിലേക്ക് മഹാശായ് ഭഗവാന്‍(മുരളീ ഗോപി) എന്ന ആള്‍ദൈവം വരുന്നതോടെ ഗിരിയടങ്ങുന്ന കുടിയേറ്റസമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലാക്കുന്നു. ഇവരുടെ രക്ഷയ്ക്കായി അസ്‌ലന്‍ മുഹമ്മദ്(പൃഥ്വിരാജ് സുകുമാരന്‍) വരുന്നു. ഇതാണു സിനിമയുടെ ഏകദേശ പ്ലോട്ട്. മനസിലായിട്ടൊന്നുമല്ല, ഒരൂഹത്തിനൊക്കെ പറഞ്ഞെന്നേയുള്ളു. പാന്‍ ഇന്‍ഡ്യന്‍ സിനിമയാണ് മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും പറയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഈ പ്ലോട്ടിനു വേറെ പല അര്‍ഥതലങ്ങളും കാണും, അതൊന്നും പറയാന്‍ നമ്മളില്ലേ....

ഗോവധ നിരോധനം, മണ്ണിന്റെ മക്കള്‍ വാദം, മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനം, ജാതിസ്പര്‍ധ, ദക്ഷിണേന്ത്യക്കാരോടുള്ള വംശീയാരോപണം എന്നുവേണ്ട സിനിമയുടെ ആദ്യപകുതി സമകാലിന ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും കയറി കൈവയ്ക്കുന്നുണ്ട്. എന്നാല്‍ പലതും കവലപ്രസംഗങ്ങള്‍ പോലെയും വാര്‍ത്താചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ പോലെയുമുള്ള ഗീര്‍വാണങ്ങള്‍. വാചകമടിച്ചു പേടിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. അതിലേറെ അമച്വറാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍. സിനിമയുടെ പശ്ചാത്തലത്തിനുചേരാത്ത തരത്തിലുള്ള ആക്ഷന്‍ കൊറിയോഗ്രാഫിയാണ്, തെലുങ്കുപടങ്ങള്‍ മാതിരി സൃഷ്ടിച്ചിട്ടുള്ളത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരന്‍, മുരളീ ഗോപീ എന്നിവര്‍ക്കു പുറമേ അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, പത്മപ്രിയ, രാഹുല്‍ മാധവ് എന്നവരാണു മറ്റു പ്രധാനവേഷങ്ങളില്‍. എല്ലാവരുടേതും സ്‌റ്റേജ് നാടകങ്ങളിലെപ്പോലെയുള്ള അഭിനയം. പാവം അനന്യയോടു മാത്രം സ്‌റ്റേജ് നാടകംവേണമെന്നു പറയാന്‍ മറന്നുവെന്നു തോന്നുന്നു. പതിവുപോലെ തന്നെ അഭിനയിച്ചിട്ടുണ്ട്. മുരളീഗോപിയുടേതാണ് അസഹ്യമായ പ്രകടനം. കഥകളിയാണ്. പോരാത്തതിന് ചവിട്ടുനാടകവും. ടിയാന്റെ വക ഒരു പാട്ടും(അതും ഹിന്ദി) ഒരു നൃത്തവും ഉണ്ട്. ബ്യൂട്ടിഫൂൂള്‍.. ബാക്കിയെല്ലാവരും ശ്വാസമടക്കിയാണ് അഭിനയിക്കുന്നത്. പൃഥ്വിരാജിനെപ്പോലുള്ള കഴിവുതെളിയിച്ചവര്‍ കീ കൊടുത്ത റോബോട്ടിനെപ്പോലെയാണ് നടിക്കുന്നത്. എന്നാല്‍ പൃഥ്വിയുടെ വോയ്‌സ് മോഡുലേഷന്‍ ശ്രദ്ധേയം. നെടുങ്കന്‍ സംഭാഷണങ്ങള്‍ ഇന്ദ്രജിത്തിനെപ്പോലുള്ളവര്‍ പറയുന്നത്, അറ്റന്‍ഷനായി അതീവശ്രദ്ധയോടെയാണ്. കുറ്റംപറയാന്‍ പറ്റില്ല, അമ്മാതിരിയാണ് എഴുതിവച്ചവയുടെ വിശേഷം. എല്ലാം അറിവാണല്ലോ എന്നോര്‍ക്കുമ്പോഴാണ് മറ്റൊരാശ്വാസം. ഭാരതം ലോകത്തിന് സംഭവാന ചെയ്ത ഏകകാര്യമാണ് സംസ്‌കൃതം, സംസ്‌കൃതം കേള്‍ക്കാനുള്ളതല്ല,( എവിടെയോ ഒരു ഈയം ഉരുക്കിയൊഴിക്കല്‍ ന്യായീകരണം മണക്കുന്നുണ്ട്്) തുടങ്ങിയ മാരക അറിവൊക്കെ പങ്കുവയ്ക്കുന്നുണ്ട്. ടെലിവിഷനിലൊക്കെ വന്ന് സനാതനധര്‍മ വാചകമടിക്കുന്ന ആ ഡോ. ഗോപാലകൃഷ്ണനാണോ ഡയലോഗ് എഴുതിയതെന്ന സംശയം ഇല്ലാതില്ല.

Tiyan review, Second show

കാഞ്ചി എന്ന സിനിമയ്ക്കുശേഷമാണ് ജീയെന്‍ കൃഷ്ണകുമാര്‍ മുരളീ ഗോപിയുമായി ഒരുമിക്കുന്നത്. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്കുശേഷമാണ് മുരളിഗോപിയുടെ സ്‌ക്രിപ്‌ടൊരുങ്ങുന്നത്. പ്രമേയത്തോടും അവയുടെ അന്ധമായ രാഷ്ട്രീയ നിലപാടുകളോടും എതിര്‍പ്പുണ്ടെങ്കിലും അവയൊക്കെ സിനിമാറ്റിക് അനുഭവങ്ങളായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ടിയാന്‍ വെറും നാടകമാണ്. അതിലെ നാടകീയതയെ പരിപോഷിപ്പിക്കാന്‍ മാത്രമേ ജിയെന്‍ കൃഷ്ണകുമാര്‍ എന്ന സംവിധായകനായിട്ടുള്ളു. അണിയറയുടെയും മറ്റും സ്‌റ്റേജ് നാടകങ്ങള്‍ കാണുന്നതുപോലാണ് സിനിമയുടെ ആദ്യഅരണമണിക്കൂര്‍. ഒരു വീടിന്റെ ഉമ്മറവും മതിലും ഒരു കടയും ഏതാനും ആളുകളും വച്ചുള്ള ഒരു സ്‌റ്റേജ് ഡ്രാമ. അതിലേക്ക് ഭഗവാന്‍ എന്ന കഥാപാത്രം വരുമ്പോള്‍ പുണ്യപുരാതന ബാലെയാകും. പിന്നീട് സിനിമ നേരെ മുംബൈ അണ്ടര്‍വേള്‍ഡിലേക്ക് ഒറ്റക്കുതിപ്പാണ്. അവിടെ പൃഥ്വി പറന്നടിക്കുന്ന കാഴ്ചകളാണ്.

ജ്ഞാനസ്‌നാനപ്പെട്ട ഗുണ്ട എന്നുവേണമെങ്കിലും പൃഥ്വിയുടെ കഥാപാത്രത്തെ വിശേഷിപ്പിക്കാം. ആള്‍ എക്‌സ് അധോലോകമാണ്. അധോലോകത്തുനിന്നൊരു അവധൂതന്‍( ഹോ, അതുല്യമായ ഭാവന). അല്ലെങ്കിലും സമാനമായൊരു ഡയലോഗ് സിനിമയിലുണ്ട്, അസുരന്മാരിലെ ദേവന്‍. എന്താല്ലേ.. ഏതായാലും ഈ ജ്ഞാനോദയം കിട്ടിയ അസ്ലമിലൂടെ ഹിന്ദു-മുസ്ലിം വേര്‍തിരിവുകളുടെ പൊരുള്‍ തേടി എന്നാല്‍ യഥാര്‍ഥ തിന്മകളെ ഇല്ലാതാക്കാന്‍ ഈ അവധൂതന്‍ അലഞ്ഞുനടക്കുകയാണ് സൂര്‍ത്തക്കളേ.. ഇനിയേറെ പറയാനുണ്ട്. അത് മൂന്നുമണിക്കൂര്‍ ചെലവഴിക്കാന്‍ മറ്റൊരു മാര്‍ഗവും കിട്ടാത്തവര്‍ക്കായി നീക്കിവയ്ക്കുന്നു.

സിനിമയിലെ ഏറ്റവും പ്രധാനഘടകത്തെപ്പറ്റി പറയാന്‍ മറന്നു. അതു ഗോപീസുന്ദറിന്റെ സംഗീതമാണ്. തുടക്കംമുതല്‍ ഒടുക്കം വരെ ഗോപിസുന്ദറിന്റെ ഹൈപിച്ച് ജില്‍ ജില്‍ തായമ്പകയാണ്. സമ്മതിക്കണം, ഇറങ്ങുന്ന എല്ലാ റിലീസുകള്‍ക്കും ഇങ്ങനെ കാതടിപ്പിക്കുന്ന സംഗീതം കൊടുക്കുന്ന ആ മികവിനെ ! സ്‌റ്റേജ് നാടകങ്ങളെ ഓര്‍മിപ്പിക്കുന്നതാണു സിനിമയുടെ സെറ്റ്. പക്ഷേ ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. ഭ്രാന്തമായ തിരക്കഥയ്ക്കു താളം പിടിക്കുന്ന നിയന്ത്രണമില്ലാത്ത സംവിധാനത്തെ സതീഷ് കുറുപ്പിന്റെ ദൃശ്യങ്ങള്‍ സൗന്ദര്യബോധമുള്ളതാക്കുന്നുണ്ട്.

അവസാനവാക്ക്: 167 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. ഇടവേളയടക്കം ഏതാണ്ടു മൂന്നുമണിക്കൂര്‍. ഈ മതപ്രഭാഷണം കേള്‍ക്കാന്‍ കയറുംമുമ്പ് ഇതൊക്കെ ഓര്‍ത്താല്‍ നന്ന്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW