Wednesday, July 05, 2017 Last Updated 13 Min 37 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.29 AM

നടിയെ ആക്രമിച്ച സംഭവം: അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്ക്‌

uploads/news/2017/07/124666/k2.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. ആക്രമണസമയത്തു നടി അഭിനയിച്ച സിനിമയുടെ സംവിധായകനില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ്‌ അന്വേഷണസംഘത്തിന്റെ നീക്കം.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഗോവയില്‍ പള്‍സര്‍ സുനി എത്തിയതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനാണ്‌ വിവരങ്ങള്‍ ആരായുന്നത്‌. ഷൂട്ടിങ്‌ സമയത്ത്‌ നടിയുമായി ആര്‍ക്കെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച്‌ അന്വേഷിക്കാനും തീരുമാനമുണ്ട്‌. കേസില്‍ ആരോപണവിധേയരായ നാദിര്‍ഷ, ദിലീപ്‌, മാനേജര്‍ അപ്പുണ്ണി, ദിലീപിന്റെ ഭാര്യ നടി കാവ്യാ മാധവന്‍ ഇവരുടെ അമ്മ ശ്യാമള മാധവന്‍ എന്നിവരെയും ചോദ്യം ചെയ്യാന്‍ തീരുമാനമുണ്ട്‌.
പള്‍സര്‍ സുനിക്കു സിനിമാ ലോകത്തെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്‌.
കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ആരോപണവിധേയരായവരേ വീണ്ടും ചോദ്യം ചെയ്യുന്നത്‌ സംബന്ധിച്ച്‌ അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗം ആലുവയില്‍ നടന്നു. ഇന്നലെ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയുമായി നടത്തിയ കൂടിക്കാഴ്‌ചകഴിഞ്ഞു കൊച്ചിയിലെത്തി ഐ.ജി. ദിനേന്ദ്ര കശ്യപ്‌ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്‌.
ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കി വ്യക്‌തത വരുത്തിയശേഷം മാത്രം മതി അറസ്‌റ്റ്‌ എന്നാണു ഡി.ജി.പിയുടെ നിര്‍ദേശം. ഇന്നലെ പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ കാര്യങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും ഐ.ജി. വിലയിരുത്തി. ജയിലില്‍നിന്നുള്ള സുനിയുടെ മൊഴി, സഹതടവുകാരുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍, കാവ്യയുടെ വസ്‌ത്ര വില്‍പന സ്‌ഥാപനത്തില്‍നിന്നു കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍, കാക്കനാട്‌ ജയിലില്‍ നിന്നും കണ്ടെത്തിയ സുനിയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ്‌ കേസില്‍ അടുത്ത ചുവടിലേക്ക്‌ അന്വേഷണ സംഘം നീങ്ങുന്നത്‌. ഇന്നലെ പകല്‍ കാക്കനാട്‌ ജയിലില്‍ നടത്തിയ പരിശോധനയില്‍ പള്‍സര്‍ സുനി ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. വൈകിട്ട്‌ ആലുവ പോലീസ്‌ ക്ലബിലെത്തിയ ഐ.ജി. ദിനേന്ദ്ര കശ്യപ്‌, എറണാകുളം റൂറല്‍ എസ്‌.പി. എ.വി. ജോര്‍ജ്‌, സി.ഐ. ബൈജു പൗലോസ്‌ എന്നിവരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു. രാത്രി 7.15ന്‌ തുടങ്ങിയ കൂടിക്കാഴ്‌ച രാത്രി വൈകിയാണ്‌ അവസാനിപ്പിച്ചത്‌.
ദിലീപിനെ ബന്ധപ്പെടുത്താന്‍ നേരിട്ടു തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സുനിയുമായി അപ്പുണ്ണിയും നാദിര്‍ഷയും ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്നതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയോ കസ്‌റ്റഡിയിലെടുക്കുകയോ ചെയ്‌തേക്കും. ഇതിനിടെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറുപേരുടെ റിമാന്‍ഡ്‌ കാലാവധി 18 വരെ നീട്ടി. നേരത്തെ ജാമ്യംലഭിച്ച പ്രതി ചാര്‍ളിയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡ്‌ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ്‌ ചൊവ്വാഴ്‌ച ഇവരെ അങ്കമാലി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. സുനിയെക്കൂടാതെ വിജീഷ്‌, മണികണ്‌ഠന്‍, ചാര്‍ളി, മാര്‍ട്ടിന്‍, വടിവാള്‍ സലിം, പ്രദീപ്‌ എന്നിവരെയും കോടതിയില്‍ എത്തിച്ചിരുന്നു.

മിഥുന്‍ പുല്ലുവഴി

Ads by Google
Wednesday 05 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW