Wednesday, July 05, 2017 Last Updated 25 Min 38 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.29 AM

ജി.എസ്‌.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള

uploads/news/2017/07/124665/k1.jpg

തിരുവനന്തപുരം: ചരക്ക്‌ സേവന നികുതി(ജി.എസ്‌.ടി)യുടെ മറവില്‍ ഉപഭോക്‌താക്കളെ പിഴിഞ്ഞുടുത്ത്‌ വ്യാപാരമേഖല. ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്‌ഥാപനങ്ങള്‍പോലും അധികനികുതി ഈടാക്കുന്നു. ജി.എസ്‌.ടി. പ്രകാരം നികുതിയില്ലാത്ത ഉത്‌പന്നങ്ങള്‍ക്കും മാളുകളില്‍ അധികനിരക്ക്‌ ഈടാക്കുന്നതായി പരാതി. വിമാനത്താവളങ്ങളില്‍ ജി.എസ്‌.ടിക്കു പുറമേ വാറ്റും സേവനനികുതിയും ഈടാക്കി ജനത്തെ കൊള്ളയടിക്കുന്നു. എം.ആര്‍.പിയെക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്‌ഥാനത്തില്‍ അളവുതൂക്കവകുപ്പ്‌ ഇന്നലെ സംസ്‌ഥാനത്തെ വിപണികളില്‍ വ്യാപകപരിശോധന നടത്തി.
17 ഇനം പരോക്ഷനികുതികള്‍ ഇല്ലാതാക്കിയാണു ജി.എസ്‌.ടി. നിലവില്‍വന്നത്‌. അതുകൊണ്ടുതന്നെ ജി.എസ്‌.ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28% ചുമത്തിയാല്‍പോലും മിക്ക ഉത്‌പന്നങ്ങള്‍ക്കും വിലകൂടേണ്ട കാര്യമില്ലെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികള്‍ അമിതലാഭം കൊയ്യാന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ ജി.എസ്‌.ടി. നിയമത്തില്‍ വ്യവസ്‌ഥയുണ്ടെങ്കിലും സംസ്‌ഥാനങ്ങള്‍ക്ക്‌ അതിനുള്ള അധികാരമില്ല. ഈ പഴുതു മുതലെടുത്താണു വ്യാപാരികള്‍ തോന്നിയ നിരക്കില്‍ നികുതി ചുമത്തി വില്‍പന നടത്തുന്നത്‌. ഹോട്ടലുകളാണു ചൂഷണത്തില്‍ മുന്നില്‍. 20 ലക്ഷം രൂപവരെ വിറ്റുവരവുള്ള ഹോട്ടലുകളില്‍ അഞ്ചു ശതമാനവും 75 ലക്ഷം വരെ വിറ്റുവരവുള്ളവയില്‍ 18 ശതമാനവും നികുതിയാണു നല്‍കേണ്ടത്‌. എ.സി. ഹോട്ടലുകളിലെ ഭക്ഷണത്തിനും 18 ശതമാനമാണു നികുതി. എന്നാല്‍, 20 ലക്ഷത്തില്‍ താഴെ വാര്‍ഷികവിറ്റുവരവുള്ളതും എ.സിയില്ലാത്തതുമായ ഹോട്ടലുകള്‍പോലും 18% നികുതി ഈടാക്കുന്നതായാണു പരാതി. ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ നടത്താത്ത ഹോട്ടലുകളും ഇത്തരത്തില്‍ നികുതി ഈടാക്കുന്നു.
തലസ്‌ഥാനത്തെ ഒരു പ്രമുഖ ഹോട്ടലില്‍ 290 രൂപയുടെ ബില്ലിനു 18% നിരക്കില്‍ 52 രൂപ നികുതിയും ചേര്‍ത്ത്‌ 342 രൂപയാണ്‌ ഈടാക്കിയത്‌. ബില്ലില്‍ ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ നമ്പരും ഉണ്ടായിരുന്നില്ല. പ്രമുഖ ബഹുരാഷ്‌ട്രക്കുത്തകയുടെ ഷോപ്പിങ്‌ മാളുകളിലും നികുതിത്തട്ടിപ്പ്‌ കണ്ടെത്തി. ജി.എസ്‌.ടി. പ്രകാരം പച്ചക്കറികള്‍ക്കു നികുതിയില്ലെങ്കിലും ഈ കമ്പനിയുടെ മാളുകളില്‍ അതു ബാധകമല്ല. കൊച്ചി വിമാനത്താവളത്തില്‍ ചായയ്‌ക്ക്‌ സി.ജി.എസ്‌.ടി. (കേന്ദ്രവിഹിതം), എസ്‌.ജി.എസ്‌.ടി. (സംസ്‌ഥാനവിഹിതം), വാറ്റ്‌ (മൂല്യവര്‍ധിതനികുതി), സേവനനികുതി എന്നിവയെല്ലാം ചേര്‍ത്തു ബില്‍ നല്‍കിയതായും പരാതി.
ജി.എസ്‌.ടി. പ്രകാരം ഹോട്ടല്‍ ഭക്ഷണത്തിനു ലഭിക്കുന്ന നികുതിയിളവിന്‌ അനുസൃതമായി കുറഞ്ഞവിലയാണ്‌ ഈടാക്കേണ്ടത്‌. അതിനുപകരം ഇപ്പോള്‍ നിശ്‌ചയിച്ചിട്ടുള്ള വിലയ്‌ക്കു മുകളില്‍ നികുതിയും ചുമത്തി കൊള്ളലാഭം കൊയ്യുകയാണു ഹോട്ടലുകള്‍. മിക്ക വ്യാപാരകേന്ദ്രങ്ങളിലും ജി.എസ്‌.ടി. ചുമത്തുന്നതു പരമാവധി വില്‍പനവില(എം.ആര്‍.പി)യ്‌ക്കു മേലാണ്‌. കഴിഞ്ഞ 30-നുശേഷം സ്‌റ്റോക്കുള്ള ഉത്‌പന്നങ്ങള്‍ക്കു ജി.എസ്‌.ടി. കൗണ്‍സില്‍ ചില നികുതിയിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. വാറ്റ്‌ രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്കേ ആ ഇളവുകള്‍ ലഭിക്കൂ. എന്നാല്‍, ഈ ആനുകൂല്യം ലഭിക്കുന്നവരും ഉത്‌പന്നങ്ങള്‍ പഴയ നികുതി നിരക്കില്‍തന്നെയാണു വില്‍ക്കുന്നത്‌. കാര്യങ്ങള്‍ മനസിലാക്കാതെയും മനഃപൂര്‍വമായും ഈ തട്ടിപ്പ്‌ അരങ്ങേറുന്നു. ഇതു തടയാന്‍ ജി.എസ്‌.ടി. നിയമപ്രകാരം സംസ്‌ഥാനങ്ങള്‍ക്കു പ്രത്യേകാധികാരമില്ല. കേന്ദ്രം നിയമിക്കുന്ന ആന്റി പ്രോഫിറ്ററി കൗണ്‍സിലിനാണു നികുതിവെട്ടിപ്പ്‌ തടയാനുള്ള അധികാരം.
പരാതികള്‍ ശക്‌തമായ സാഹചര്യത്തില്‍ ധനമന്ത്രി ഡോ: ടി.എം. തോമസ്‌ ഐസക്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംസ്‌ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ ഇന്നലെ അളവുതൂക്കവകുപ്പ്‌ പരിശോധന നടത്തി. എം.ആര്‍.പിക്കു മേല്‍ വില ഈടാക്കിയാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കി. ഇതിനെല്ലാം പുറമേ ജി.എസ്‌.ടി. സംബന്ധിച്ച ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നു. ഈ പശ്‌ചാത്തലത്തില്‍ ജി.എസ്‌.ടിക്കുശേഷമുള്ള സാമൂഹികാവസ്‌ഥ വിലയിരുത്താന്‍ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച്‌ ഏകദിനചര്‍ച്ച സംഘടിപ്പിക്കാന്‍ ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആലോചിക്കുന്നു.

ആര്‍. സുരേഷ്‌

Ads by Google
Wednesday 05 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW