ചെര്‍പ്പുളശേരി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിനെതിരായ കേസ് ഒത്തുതീര്ക്കാനെത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ഡി.വൈ.എഫ്.ഐ. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം.
ഒറ്റപ്പലം ലക്കിടി നെഹ്റു ലോ കോളജ് വിദ്യാര്‍ത്ഥിയും ചെര്‍പ്പുളശേരി സ്വദേശിയുമായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസ് ഒത്തുതീര്‍ക്കാനാണ് സുധാകരനും നെഹ്റു ഗ്രൂപ്പ് സി.ഇ.ഒയും കൃഷ്ണദാസിന്റെ സഹോദരനുമായ കൃഷ്ണകുമാറും എത്തിയതെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്ഐയുടെ പ്രതിഷേധം.
ഈ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കൃഷ്ണദാസിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ പോലീസാണ് കേസന്വേഷിക്കുന്നത്. കീഴാടയില്‍ ഷഹീറിന്റെ വീട്ടില്‍ ചര്‍ച്ച നടന്നതായും ഷഹീറിന്റെ കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നെന്നും ആരോപണമുണ്ട്. സുധാകരനും കൃഷ്ണകുമാറും ഉച്ചയോടെ സ്ഥലത്തെത്തിയതായാണ് വിവരം. രാത്രിയോടെ പോലീസെത്തി സുധാകരനെ മോചിപ്പിച്ചു. എന്നാല്‍ താന്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഷഹീര്‍ ഷൗക്കത്തലി അറിയിച്ചു.