Wednesday, November 22, 2017 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.25 AM

നിരോധിച്ച നോട്ടുകള്‍ മാറാന്‍ വീണ്ടും അവസരം നല്‍കിക്കൂടേ? സുപ്രീം കോടതി

uploads/news/2017/07/124621/d4.jpg

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇനിയും അവസരം നല്‍കികൂടേയെന്നു സുപ്രീംകോടതി. ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്‌ ബാങ്കിന്റെയും നിലപാട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാറും ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ച്‌ ആരാഞ്ഞു.
രണ്ടാഴ്‌ചയ്‌ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ റിസര്‍വ്‌ ബാങ്കിന്റെ മേഖലാ കേന്ദ്രങ്ങളില്‍ പഴയനോട്ടുകള്‍ നിക്ഷേപിക്കാമെന്ന ഉത്തരവ്‌ കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ ശരത്‌ മിശ്രയാണ്‌ ഹര്‍ജി നല്‍കിയത്‌. ഇതേ വിഷയമുന്നയിച്ചുള്ള മറ്റു പൊതുതാല്‍പ്പര്യഹര്‍ജികളും കോടതി മുമ്പാകെയുണ്ട്‌.
പഴയനോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ അതിനുള്ള അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്‌തമാക്കി. ഒരു വ്യക്‌തി നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണം അയാള്‍ക്ക്‌ നേരത്തേ നല്‍കിയ സമയത്ത്‌ മാറിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന്‌ വീണ്ടും അവസരം നല്‍കാതിരിക്കുന്നത്‌ ക്രൂരമാണെന്നും ചീഫ്‌ജസ്‌റ്റിസ്‌ നിരീക്ഷിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ട്‌ സര്‍ക്കാര്‍ നിശ്‌ചയിച്ച സമയപരിധിയായ ഡിസംബര്‍ 31 നകം പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇനിയും അവസരം നല്‍കേണ്ടതാണെന്ന്‌ കോടതി വ്യക്‌തമാക്കി.
ജനങ്ങള്‍ കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച പണം അസാധുവാക്കാന്‍ സര്‍ക്കാരിന്‌ അവകാശമില്ലെന്ന്‌ കേന്ദ്രസര്‍ക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രജ്‌ഞിത്‌ കുമാറിനോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ കേഹാര്‍ വ്യക്‌തമാക്കി. നോട്ട്‌ നിരോധിച്ച ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി പിന്‍വലിച്ച നോട്ടുകള്‍ പെട്രോള്‍ പമ്പ്‌ പോലുള്ള സ്‌ഥലങ്ങളില്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയെന്ന്‌ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. ഇതു മുഖേന 610 കോടി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഒന്നോ രണ്ടോ വ്യക്‌തികള്‍ക്കു മാത്രമായി ഇക്കാര്യങ്ങളില്‍ ഇളവ്‌ അനുവദിക്കാന്‍ കഴിയില്ല. പൊതുവായി മാത്രമേ ചെയ്യാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണു നോട്ട്‌ വീണ്ടും മാറാന്‍ അവസരം നല്‍കാത്തതെന്നു നേരത്തേ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയതാണെന്ന്‌ രജ്‌ഞിത്‌ കുമാര്‍ മറുപടി നല്‍കി.
ഇനിയും അവസരം നല്‍കാന്‍ കഴിയുമോ എന്ന കാര്യം ബന്ധപ്പെട്ടവരുമായി ആലോചിക്കുന്നതിന്‌ സമയം വേണമെന്ന്‌ അദ്ദേഹം ബോധിപ്പിച്ചു. ഓരോരുത്തരുടെയും ആവശ്യം പ്രത്യേകം പരിശോധിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, മതിയായ കാരണമുള്ളവര്‍ക്കായി നോട്ട്‌ മാറാന്‍ അവസരം നല്‍കേണ്ടിയിരുന്നുവെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. പക്ഷേ, അത്‌ ചെയ്‌തില്ല. എന്തുകൊണ്ടാണ്‌ ഇത്‌ നിഷേധിക്കപ്പെട്ടതെന്ന്‌ കോടതിക്ക്‌ അറിയണം. അവരുടെ പണം എന്തുകൊണ്ടാണ്‌ ഇല്ലാതാക്കിയതെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 05 Jul 2017 01.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW