Wednesday, September 20, 2017 Last Updated 23 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.08 AM

മികച്ച ആദായത്തിന്‌ 10 മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭ നഷ്‌ട സാധ്യതകള്‍ക്കു വിധേയമാണെങ്കിലും ദീര്‍ഘ കാലത്തേക്കു മികച്ച വരുമാനം നല്‍കുന്നവയാണ്‌. നാം തെരഞ്ഞെടുക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിച്ചിരിക്കും അതില്‍നിന്നുള്ള വരുമാനവും. ഓഹരി വിപണികളില്‍ നേരിട്ടുള്ള നിക്ഷേപിക്കുന്നതിലും സുരക്ഷിതമാണു മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം. 6-7 വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ തെരഞ്ഞെടുക്കാം.

ലാര്‍ജ്‌ ക്യാപ്‌ ഇക്വിറ്റി ഫണ്ടുകള്‍

1. എസ്‌.ബി.ഐ. ബ്ല്യൂചിപ്പ്‌ ഫണ്ട്‌: ഏകദേശം 14,000 കോടി രൂപയുടെ ആസ്‌തി. എസ്‌.ബി.ഐ. മ്യൂച്വല്‍ ഫണ്ടിന്റെ മുന്‍നിര ഫണ്ടാണ്‌. ഓഹരിവിപണിയില്‍ 75% വരെ ലാര്‍ജ്‌ ക്യാപ്‌ ഫണ്ടിലും മിഡ്‌-ക്യാപ്‌ ഫണ്ടുകളില്‍ 20% വരെയും നിക്ഷേപം നടത്താം. 2011 വരെ ഈ ഫണ്ട്‌ വളരെ മോശം പ്രകടനമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വലിയ മുന്നേറ്റമാണു നടത്തിയത്‌.

2. മിറ അസെറ്റ്‌ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ്‌ ഫണ്ട്‌: 2008 ഏപ്രിലില്‍ ആരംഭിച്ചത്‌. താരതമ്യത്തില്‍ ചെറു വലുപ്പത്തിലുള്ള ഫണ്ട്‌. 3,800 കോടി രൂപയാണ്‌ ആസ്‌തി. വലിയ ക്യാപ്‌ സ്‌റ്റോക്കുകളില്‍ 80% നിക്ഷേപത്തിന്‌ അവസരം നല്‍കുന്നു. തുടങ്ങിയതു മുതല്‍ 17 ശതമാനത്തിനു മുകളില്‍ വരുമാനം നല്‍കുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും സ്‌ഥിരതയുള്ള ഫണ്ടുകളിലൊന്നായി അറിയപ്പെടുന്നു.

മള്‍ട്ടി ക്യാപ്‌ ഇക്വിറ്റി ഫണ്ടുകള്‍

(വലിയ, മിഡ്‌, ചെറുകിട ക്യാപ്‌ സ്‌റ്റോക്കുകളില്‍ ഇഷ്‌ടാനുസരണം നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവ)

1. കൊട്ടക്ക്‌ സെലക്‌ട്‌ ഫോക്കസ്‌ ഫണ്ട്‌: വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന്‌ തുടക്കം മുതല്‍ അവസരം നല്‍കുന്നു. ഗണ്യമായ രീതിയില്‍ വരുമാനം നല്‍കുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫണ്ട്‌. ഇപ്പോള്‍ ഏകദേശം 11,000 കോടി രൂപയുടെ ആസ്‌തിയുണ്ട്‌.

2. മോട്ടിലാല്‍ ഓസ്വാള്‍ മോസ്‌ട്ട്‌ മള്‍ട്ടിക്യാപ്പ്‌ (35 ഫണ്ടിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതി): അസറ്റ്‌ മാനേജ്‌മെന്റ്‌ വ്യവസായത്തിലെ പുതുതലമുറ. എന്നാല്‍ ഇക്വിറ്റി ഗവേഷണത്തില്‍ വിദഗ്‌ധരാണ്‌. ദീര്‍ഘകാല നിക്ഷേപമാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന അജന്‍ഡ. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം നടത്തി. വിപണിയില്‍ 6,700 കോടിയുടെ ആസ്‌തി.

ബാലന്‍സ്‌ഡ്‌ ഫണ്ടുകള്‍

(65% ഓഹരികളിലും ബാക്കി കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവ)

1. ഐ.സി.ഐ.സി.ഐ. പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്‌ഡ്‌ ഫണ്ട്‌: ഈ വിഭാഗത്തിലെ ഏറ്റവും പഴക്കമുള്ള ഒന്ന്‌. ഏകദേശം 12,600 കോടി രൂപയുടെ വിപണി സ്വാധീനം. വിവിധ മേഖലകളിലെ വൈവിദ്ധ്യമുള്ള നിക്ഷേപത്തിന്‌ അവസരം. സ്‌ഥിരമായി മികച്ച പ്രകടനം നടത്തുന്നു.

2. എസ്‌.ബി.ഐ. മഗ്‌നം ബാലന്‍സ്‌ഡ്‌ ഫണ്ട്‌: 2011 വരെ അസ്‌ഥിരമായ പ്രകടനമായിരുന്നു. 2012 മുതല്‍ ഫണ്ട്‌ ശക്‌തമായ തിരിച്ചു വരവ്‌ നടത്തി. ഇക്വിറ്റികളിലും കടപ്പത്രങ്ങള്‍ക്കും തുല്യ പ്രധാന്യം നല്‍കുന്നു. ഈ അവസരമാണു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫണ്ട്‌ ഉയര്‍ത്താന്‍ സഹാകയകരമായത്‌.

മിഡ്‌ ക്യാപ്‌ ഇക്വിറ്റി ഫണ്ടുകള്‍

(പ്രധാനമായും മിഡ്‌ ക്യാപ്‌ സ്‌റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവ)

1. സുന്ദരം മിഡ്‌ ക്യാപ്പ്‌ ഫണ്ട്‌: 2002 ല്‍ ആരംഭിച്ചു. ദീര്‍ഘകാല വീക്ഷണങ്ങളില്‍ മികച്ച വരുമാനം ഉറപ്പു നല്‍കുന്നു. വിപണിയില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നു.

2. മിറ അസറ്റ്‌ എമേര്‍ജിങ്‌ ബ്ലൂചിപ്പ്‌ ഫണ്ട്‌: വിപണിയില്‍ പുതുതലമുറക്കാരനാണെങ്കിലും തുടക്കം മുതല്‍ ഈ വിഭാഗത്തില്‍ സ്‌ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. താരതമ്യേന വലിയ അളവിലുള്ള ഗുണനിലവാരമുള്ള സ്‌റ്റോക്കുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു.

സ്‌മോള്‍ ക്യാപ്‌ ഇക്വിറ്റി ഫണ്ടുകള്‍

(പ്രാഥമികമായി ചെറിയ സ്‌റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവ)

1. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ചെറുകിട കമ്പനികളുടെ ഫണ്ട്‌: 2006 ല്‍ ആരംഭിച്ചു. 5,600 കോടിയുടെ ആസ്‌തിയുണ്ട്‌. മാനേജ്‌മെന്റ നിലവാരത്തില്‍ ഗണ്യമായ വളര്‍ച്ചാ കൈവരിക്കുന്ന ഓഹരികള്‍ വാങ്ങുന്നതിനു അവസരം നല്‍കുന്നു. അടുത്തിടയായി മികച്ച പ്രകടനം നടത്തുന്നു.

2. ഡി.എസ്‌.പി. ബ്ലാക്ക്‌ റോക്ക്‌ മൈക്രോ ക്യാപ്‌ ഫണ്ട്‌: വിഭാഗത്തിലെ ഏറ്റവും പ്രിയങ്കരമായ ഫണ്ട്‌. തുടക്കം മുതല്‍ മികച്ച പ്രകടനം കാണിക്കുന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്‌. നിലവില്‍ 5,800 കോടി രൂപയുടെ ആസ്‌തി.

അടുത്തിടെയുള്ള ഫണ്ടുകളുടെ പ്രകടനത്തെ തുടര്‍ന്നുള്ള നിര്‍ദേശങ്ങളാണു മുകളില്‍ നല്‍കിയിരിക്കുന്നത്‌. ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‌ മുമ്പ്‌ ഉപദേശകന്റെ അഭിപ്രായം തേടുക.

ടി.എസ്‌. ശ്രീജിത്ത്‌

Ads by Google
Advertisement
Wednesday 05 Jul 2017 01.08 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW