Friday, March 23, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 03.26 PM

അഴകിനും ആരോഗ്യത്തിനും ശുചിത്വശീലങ്ങള്‍

uploads/news/2017/07/124433/helthbeutycare040717.jpg

ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി അനുവര്‍ത്തിക്കേണ്ട ശീലങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കാണ്

പരിസര ശുചിത്വത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ് വ്യക്തിശുചിത്വവും. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍. അശ്രദ്ധയുടെയും മടിയുടെയുമെല്ലാം പേരില്‍ നല്ല ആരോഗ്യശീലങ്ങളോട് കൗമാരം മുഖം തിരിഞ്ഞു നില്‍ക്കാറുണ്ട്.

അമിതമായ വിയര്‍പ്പ്, ശരീരദുര്‍ഗന്ധം, താരന്‍ എന്നിവയെല്ലാം ഈപ്രായത്തില്‍ സാധാരണമാണ്. എന്നാല്‍ ഇവയില്‍നിന്നെല്ലാം ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കുട്ടികള്‍ക്കു സാധിക്കും.

ആര്‍ത്തവകാലത്ത് ശുചിത്വകാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ച പലവിധ രോഗങ്ങളുടെയും കേന്ദ്രമാക്കി ശരീരത്തെ മാറ്റുന്നു. ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി അനുവര്‍ത്തിക്കേണ്ട ശീലങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കാണ്.

ദിവസം രണ്ടുനേരം കുളിക്കുക, നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, അടിവസ്ത്രങ്ങള്‍ ദിവസവും മാറുക, ടോയ്‌ലറ്റില്‍ പോയശേഷം കൈ വൃത്തിയായി കഴുകുക, മൂത്രമൊഴിച്ചശേഷം ഗുഹ്യഭാഗങ്ങള്‍ കഴുകുക എന്നിങ്ങനെ കേട്ടുപഴകിയ കാര്യങ്ങള്‍തന്നെയാണ് എപ്പോഴും വൃത്തിയുടെ അടിസ്ഥാനം. പക്ഷേ, നടപ്പില്‍വരുത്താനാണ് പലര്‍ക്കും വൈഷമ്യം.

വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുക


ഇറുകിയ വസ്ത്രങ്ങളാണ് പെണ്‍കുട്ടികള്‍ ഇന്ന് കൂടുതലും ധരിക്കുന്നത്. ഇത് ശരീരത്തില്‍ പലതരം പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. വിയര്‍പ്പുകണങ്ങള്‍ ശരീരത്തില്‍ തങ്ങിനിന്ന് ബാക്ടീരിയയും ഫംഗസും കയറിക്കൂടുന്നതിന് കാരണമാകും.

ത്വക്ക്‌രോഗങ്ങളായിരിക്കും ഫലം. കാലാവസ്ഥയ്ക്ക് അനുയോജ്യമായതും അധികം ഇറുക്കം ഇല്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ തെരഞ്ഞെടുക്കണം.

കുളി കഴിഞ്ഞതിനു ശേഷവും ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന ജലാംശം നന്നായി തുടച്ച് ഈര്‍പ്പരഹിതമാക്കണം. നനവുള്ള വസ്ത്രങ്ങള്‍ പ്രത്യേകിച്ച് ജലാംശം തങ്ങിനില്‍ക്കുന്ന അടിവസ്ത്രങ്ങള്‍ ധരിക്കരുത്.

കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഗുഹ്യഭാഗങ്ങളിലെ തൊലിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് മുറിവുകള്‍ ഉണ്ടാകുകയും ഇത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

കൗമാര പ്രായക്കാരില്‍ തുടയുടെ ഇരുവശങ്ങളിലും ചൊറിച്ചില്‍ സാധാരണമാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ശരീരത്തിന് ആവശ്യത്തിന് കാറ്റോ സൂര്യപ്രകാശമോ കിട്ടാതെ വരികയും ഉഷ്ണത്തിന്റെ തീവ്രത വര്‍ധിക്കുകയും ചെയ്യും. ഇത് ഫംഗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചൊറിച്ചിലിന്റെയും വരട്ടുചൊറിയുടെയും രൂപത്തില്‍ പ്രകടമാകുകയും ചെയ്യും.

ആര്‍ത്തവ നാളുകളില്‍


ആര്‍ത്തവം രോഗമല്ല. സാധാരണ ശാരീരിക ധര്‍മ്മങ്ങള്‍പോലെ മാസംതോറും നടക്കുന്ന ശാരീരിക പ്രതിഭാസം മാത്രമാണ്. ആര്‍ത്തവരക്തസ്രാവം ഇതിന്റെ ഭാഗവും. ആ രക്തസ്രാവത്തെ ഒപ്പിയെടുക്കാന്‍ പറ്റിയ പാഡുകള്‍ ധരിക്കേണ്ടത് ശുചിത്വ പരിപാലനത്തിന് ആവശ്യമാണ്.

ആര്‍ത്തവം അശുദ്ധിയുടെ നാളുകളായി കണക്കാക്കിയിരുന്നു പഴയകാലത്ത്. എന്നാല്‍ ഇന്ന് ആ സങ്കല്‍പങ്ങള്‍ക്കു മാറ്റംവന്നിട്ടുണ്ട്. തിരക്കുകളുടെ ലോകത്ത് അശുദ്ധിക്ക് സ്ഥാനമില്ലാതെയായി, ശുദ്ധിക്കായി പ്രാധാന്യം. ഉപയോഗിച്ചു മലിനമായ പാഡുകള്‍ പൊതു ഇടങ്ങളില്‍ തള്ളരുത്.

പാഡുകളുടെ ഉപയോഗം


ആര്‍ത്തവ ദിനങ്ങളില്‍ വൃത്തിയുള്ള പരുതിത്തുണികളാണ് മുമ്പ് മിക്കവരും ഉപയോഗിച്ചിരുന്നത്. വൃത്തിഹീനമായ തുണികള്‍ ഉപയോഗിക്കാതിരിക്കുക. തുണികള്‍ കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടുവേണം ഉപയോഗിക്കാന്‍. വൃത്തിയുള്ള കവറുകളില്‍ ഇവ സൂക്ഷിക്കുകയും വേണം. അണുമുക്തമായിരിക്കാന്‍ സൂക്ഷിക്കണം.

പാഡുകള്‍ വന്നെത്തിയതോടെ മിക്കവരും തുണി ഉപേക്ഷിച്ചു തുടങ്ങി, പാഡുകളും വൃത്തിയുള്ളതും അണുവിമുക്തമാകാനും ശ്രദ്ധിക്കണം. ഉപയോഗിക്കാനും കൊണ്ടുനടക്കാനും നശിപ്പിക്കാനും പാഡുകള്‍ സൗകര്യപ്രദമാണ്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള സാനിട്ടറി പാഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഗുണത്തില്‍ ഇവയെല്ലാം ഒരുപോലെയാണ്.

സിന്തറ്റിക് പാഡുകള്‍ ഒഴിവാക്കി കോട്ടണ്‍ പാഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അഴുക്കു കലര്‍ന്ന തുണികളും പാഡുകളും ജനനേന്ദ്രിയഭാഗത്ത് അണുബാധയ്ക്ക് കാരണമാകും. പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് സാധാരണയായി അമ്ലസ്വഭാവമാണുള്ളത്.

ആര്‍ത്തവസമയത്ത് രക്തസ്രാവംമൂലം യോഗീഭാഗത്തെ അമ്ലത കുറയും, ക്ഷാരസ്വഭാവം കൂടുകയും ചെയ്യും. ഇത് അണുബാധയുശട തോത് വര്‍ധിപ്പിക്കുന്നു. ആര്‍ത്തവരക്തത്തില്‍ അന്തര്‍ലീനമായ മറ്റു ചില ഘടകങ്ങളും അണുബാധയ്ക്ക് ഇടയാക്കാറുണ്ട്.

രണ്ടുനേരം കുളിക്കുന്നതിനൊപ്പം വൃത്തിയുടെ അടിവസ്ത്രങ്ങള്‍ ധരിക്കാനും അടിവസ്ത്രങ്ങള്‍ ഒറ്റദിവസം മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഉപയോഗിച്ചശേഷം കഴുകി വെയിലില്‍ ഉണങ്ങി വേണം ഇവ വീണ്ടും ഉപയോഗികാന്‍.

വൃത്തിയുടെ ഈ ആദ്യശീലങ്ങള്‍ ചെറുപ്പത്തിലേ സ്വായത്തമാക്കുവാന്‍ മടിക്കരുത്. ആര്‍ത്തവകാല ലൈംഗികതയിലും ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതാണ്. ശരീരത്തിലെ പ്രതിരോധശക്തിയില്‍ കുറവുള്ള സമയമായതിനാല്‍ ലൈംഗികവേഴ്ചമൂലം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


തുണിയായാലും പാഡാണെങ്കിലും 4-5 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റണം. അധിക സമയം ഇവ ഉപയോഗിക്കുന്തോറും ആര്‍ത്തവരക്തം ഗുഹ്യചര്‍മവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുന്നു.

ഇത് അസ്വസ്ഥതകള്‍ക്കും ചൊറിച്ചിലിനും കാരണമാകുന്നു. രക്തസ്രാവം കുറഞ്ഞ ദിവസങ്ങളില്‍ 6-7 മണിക്കൂര്‍വരെ പാഡ് ഉപയോഗിച്ചതുകൊണ്ടും കുഴപ്പമില്ല. എന്നാലും യഥാസമയം മാറ്റുന്നതാണ് ഉത്തമം.

പാഡുകളുടെ നിര്‍മാര്‍ജനവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എവിടെയെങ്കിലും വലിച്ചെറിഞ്ഞാല്‍ മതിയെന്ന ചിന്താഗതി ഉപേക്ഷിക്കുകയും പാഡുകള്‍ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുകയും വേണം. ഇവ പ്ലാസ്റ്റിക് കവറുകളിലിട്ട് ഒരുപാടുദിവസം കെട്ടിവയ്ക്കുന്നത് നന്നല്ല.

യഥാസമയം കത്തിച്ചുകളയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വൃത്തിയായി കവറുകളില്‍ കെട്ടിവയ്ക്കുകയും പിന്നീട് കത്തിച്ചുകളയുകയും ചെയ്യണം. തുണി ഉപയോഗിക്കുന്നവരും അനുവര്‍ത്തിക്കേണ്ടത് ഇതുതന്നെയാണ്.

പാഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ പുറംകവര്‍ തുറന്ന് പഞ്ഞി മാത്രം ടോയ്‌ലറ്റിലിട്ട് വെള്ളമൊഴിച്ച് കളയാവുന്നതാണ്. പുറം കവര്‍ ശരിയായരീതിയില്‍ നിര്‍മാര്‍ജനം ചെയ്യുകയും വേണം.

ആര്‍ത്തവദിവസങ്ങളില്‍ നാപ് കിന്‍ മാറ്റി യോനീഭാഗം നന്നായി കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടച്ച് നനവു മാറ്റിയശേഷം മാത്രം പുതിയ നാപ്കിന്‍ വയ്ക്കുക. ശരീരശുചിത്വം മുതല്‍ ആഹാരകാര്യത്തില്‍വരെ വൃത്തിയുടെ ശീലങ്ങള്‍ നടപ്പില്‍വരുത്തുകയും അതില്‍ കാലൂന്നി മുന്നോട്ടുപോകുകയും വേണം.

Ads by Google
Tuesday 04 Jul 2017 03.26 PM
YOU MAY BE INTERESTED
TRENDING NOW