Wednesday, April 11, 2018 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 01.48 PM

ഫോം കണ്ടെത്താനാകാതെ വല്ലാതെ ഇഴയുന്നു; ഇന്ത്യന്‍ ടീമില്‍ മഹേന്ദ്രസിംഗ് ധോനിയുടെ കാലം കഴിഞ്ഞു...!

uploads/news/2017/07/124418/MSdhoni.jpg

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും പഞ്ഞമില്ലെന്ന് മാത്രമല്ല യുവാക്കള്‍ ഒട്ടേറെ പേര്‍ അവസരം കാത്തു ഇന്ത്യന്‍ ടീമിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയും ചെയ്യുന്നു. എങ്കില്‍ പിന്നെ ഇന്ത്യയുടെ മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനിയെ എന്തിന് ചുമക്കുന്നു എന്നാണ് ഇപ്പോള്‍ വിമര്‍ശകരുടെ ചോദ്യം. വെസ്റ്റിന്‍ഡീസിന് എതിരേ കഴിഞ്ഞ മത്സരത്തിലെ ഇഴച്ചില്‍ കൂടിയായപ്പോള്‍ ധോനിയുടെ കാര്യം ഏതാണ്ട് ഉറപ്പായെന്നും ഇവര്‍ പറയുന്നു.

ഒരു കാലത്ത് ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് പേര് കേള്‍പ്പിച്ച മുന്‍ നായകന്‍ ഇപ്പോള്‍ ടീമിന് ബാദ്ധ്യതയായി മാറുന്നെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സഞ്ജു സാംസണെപ്പോലെയുള്ള മികച്ച വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ നില്‍ക്കുമ്പോള്‍ ധോനി ടീമിന് വേണോ എന്നാണ് സംശയം. വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരം ജയിച്ചിരുന്നെങ്കില്‍ പരമ്പര നേരത്തേ തന്നെ ഉറപ്പാക്കാമായിരുന്നു. എന്നാല്‍ കുറഞ്ഞ സ്‌കോര്‍ ആയിരുന്നിട്ടും 11 റണ്‍സിന് തോറ്റതിന്റെ കലിപ്പ് ആരാധകര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. മത്സരം തോല്‍ക്കാനുള്ള കാരണം 114 പന്തില്‍ 54 റണ്‍സ് എടുത്ത ധോനിയുടെ മെല്ലെപ്പോക്കാരയിരുന്നെന്ന വിമര്‍ശനം ഇപ്പോഴേ ഉയരുന്നുണ്ട്.

ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ പോലും ധോനി ആക്രമണോത്സുകത കാട്ടിയില്ലെന്നതിന്റെ തെളിവാണ് ഇന്നിംഗ്‌സിലെ ഒരു ബൗണ്ടറി. മറുവശത്ത് ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 20 റണ്‍സും ജഡേജ 11 പന്തില്‍ 11 റണ്‍സും എടുത്തപ്പോഴാണ് മുന്‍ നായകന്‍ ഇഴഞ്ഞത്. ധോനിയില്‍ നിന്നും ഇനി കുടുതലായി ഒന്നുമുണ്ടാകാനില്ലെന്നും അദ്ദേഹത്തിലെ ഫിനിഷര്‍ അവസാനിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. മുമ്പ് എത്ര വിക്കറ്റ് പോയാലും ധോനിയുണ്ടെങ്കില്‍ വിജയപ്രതീക്ഷ അവസാനം വരെ നില്ക്കുമായിരുന്നു. എന്നാല്‍ ധോനി ബാറ്റിംഗില്‍ കൂടുതല്‍ ആത്മവിശ്വാസം കണ്ടെത്തേണ്ടതുണ്ട് എന്നും ഇവര്‍ പറയുന്നുണ്ട്. പാകിസ്താനോട് ഫൈനലില്‍ പൊട്ടിയ ഇന്ത്യയുടെ മത്സരവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൂറ്റന്‍ ലക്ഷ്യത്തിനായി രണ്ടു വിക്കറ്റുകള്‍ പെട്ടെന്ന് വീണപ്പോള്‍ മദ്ധ്യനിരയില്‍ നങ്കൂരമിട്ട് സ്‌കോര്‍ നീക്കേണ്ട ധോനി ഇഴയാന്‍ തുടങ്ങുകയും പെട്ടെന്ന് പുറത്താകുകയൂം ചെയ്തു.

ഐപിഎല്‍ ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ് താരമായ ധോനി മുംബൈ ഇന്ത്യന്‍സിന്റെ ചെറിയ സ്‌കോര്‍ ചേസ് ചെയ്യാന്‍ ശ്രമിച്ച് വീണുപോയി. ഇത് മൂന്നാം തവണയാണ് ധോനിയിലെ ഫിനിഷറുടെ ഗുണം ടീമിന് കിട്ടാതെ പോകുന്നത്. അവസാന പന്തുവരെ കളിയെ സജീവമാക്കി നിലനിര്‍ത്താന്‍ കഴിയുന്ന ധോനിയിലെ ഫിനിഷര്‍ ഇല്ലാതായെന്നും അദ്ദേഹത്തിന്റെ കളിയെ പ്രായം ബാധിച്ചെന്നുമാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ ആദ്യ കാലത്ത് കളിച്ചത് പോലെ തന്നെ എപ്പോഴും കളിക്കാനാകുമോ എന്ന് ധോനിയെ ന്യായീകരിക്കുന്നവരുമുണ്ട്.

ധോനിയുടെ ചുമലിലേക്ക് സമ്മര്‍ദ്ദം മുഴുവനും കൊണ്ടു വെയ്ക്കാതെ നാലാം നമ്പറിലും ആറാം നമ്പറിലും മികച്ച രീതിയില്‍ കളിക്കുന്ന രണ്ടു പേരെ ടീം കണ്ടെത്തുകയാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു. 2019 ലോകകപ്പ് വരെ ധോനി കളിക്കുന്നതില്‍ തെറ്റില്ലെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഋഷഭ് പന്തിനെ പോലെ അഞ്ചാം നമ്പറില്‍ മികച്ച താരമുള്ളപ്പോള്‍ ധോനിക്ക് രണ്ടു വര്‍ഷം കൂടി ടീമില്‍ സ്ഥാനം നിലനിര്‍ത്താനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Ads by Google
Ads by Google
TRENDING NOW