Tuesday, July 04, 2017 Last Updated 9 Min 59 Sec ago English Edition
Todays E paper
Tuesday 04 Jul 2017 01.20 PM

ആ ഓര്‍മ്മകള്‍ ഇപ്പോഴുമെന്നെ വേട്ടയാടുന്നു.....

uploads/news/2017/07/124415/Weeklyaanmansu040717a.jpg

മനസും ശരീരവും ഒരുപോലെ വിറങ്ങലിച്ച അവസ്ഥ. തകര്‍ന്ന ബോട്ടിന്റെ അടിത്തട്ടില്‍നിന്ന് നാവികസേനക്കാര്‍ മുങ്ങിയെടുത്ത മൃതശരീരങ്ങള്‍ ഒരിക്കലും മായ്ക്കാനാവാത്ത ചിത്രങ്ങള്‍ പോലെ മനസില്‍ പതിഞ്ഞു.

നടുക്കിയ ആ ഓര്‍മ്മകള്‍ ഇന്നും എന്നെ വേട്ടയാടുകയാണ്. ഉറക്കത്തിലും ഉറങ്ങാത്ത ഓര്‍മ്മകള്‍. ആ മുഖങ്ങള്‍ മനസ്സില്‍ തെളിയുമ്പോള്‍ കൊടുംതണുപ്പിലും വിയര്‍ക്കേണ്ടി വരും. ഹൃദയമിടിപ്പിന് ശക്തി കൂടും. തല കറങ്ങുന്നതായി തോന്നും. ഭീതിയുടെ തടവറയിലേക്ക് ചുരുണ്ടുകൂടും.

2009 സെപ്റ്റംബര്‍ 30 ന് വൈകുന്നേരം കോവളത്ത് ഒരു ടൂറിസം യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. പോക്കറ്റിലെ മൊബൈല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നു. പലതവണ അടിച്ചിട്ടും ഞാന്‍ ഫോണ്‍ എടുത്തില്ല.

എന്തോ അപകടമണിയാണെന്ന ബോധത്താല്‍ പ്രസംഗം നിര്‍ത്തിയശേഷം ഫോണെടുത്തു. തേക്കടി ജലാശയത്തില്‍ കെ.ടി.ഡി.സിയുടെ ഒരു ബോട്ട് മുങ്ങിയെന്നാണ് മാനേജരുടെ അറിയിപ്പ്. ബോട്ടുകാരുമായുള്ള വയര്‍ലസ് ബന്ധവും മൊബൈല്‍ ബന്ധവും തകര്‍ന്നതിനാല്‍ മറ്റൊന്നുമറിയില്ല.

അന്നത്തെ മന്ത്രി കോടിയേരി ബാലകൃഷ്ണനെ വിളിച്ചപ്പോള്‍ അദ്ദേഹം വര്‍ക്കലയില്‍ ഒരു യോഗത്തിലാണ്. മൊബൈല്‍ ഫോണ്‍ ഓഫാണ്. ഡ്രൈവറുടെ ഫോണില്‍ വിളിച്ചു. ഇതിനിടയില്‍ ഞാനും എം.ഡി മോഹന്‍ലാലും തേക്കടിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഡി.ജി.പി ജേക്കബ് പുന്നൂസിനേയും അപകടവാര്‍ത്ത അറിയിച്ചു.

ഞാന്‍ തിരുവനന്തപുരത്ത് നിന്നും തേക്കടിയിലേക്ക് യാത്ര പുറപ്പെട്ടു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വര്‍ക്കലയില്‍നിന്ന് പുറപ്പെട്ടു. തേക്കടിയിലേക്ക് 120 കിലോമീറ്റര്‍ സ്പീഡില്‍ എന്റെ കാര്‍ ഓടിക്കൊണ്ടിരുന്നു.

ചാനലുകളില്‍ നിന്നും വിളിയോടു വിളി. ഞാന്‍ പറയുന്നതെല്ലാം ലൈവായി ചാനല്‍ കൊടുത്തുകൊണ്ടിരുന്ന വിവരം പിന്നീടാണ് മനസ്സിലാക്കിയത്. മൃതശരീരങ്ങളുടേയും അപകടം സംഭവിച്ച ബോട്ടിന്റേയും ചിത്രം കിട്ടുന്നതുവരെ എന്റെ യാത്രയാണ് ചാനലുകളില്‍ തെളിഞ്ഞുകൊണ്ടിരുന്നത്.

പതിനൊന്നു മണിയോടെ കുമളിയിലെത്തി. ആദ്യം കണ്ടെത്തിയ മൃതശരീരങ്ങള്‍ സ്‌ട്രെച്ചറുകളില്‍ കിടത്തിയിരിക്കുന്നു. എല്ലാവരും ഉത്തരേന്ത്യക്കാരായ ടൂറിസ്റ്റുകള്‍. ആ മൃതശരീരങ്ങള്‍ കണ്ടപ്പോള്‍ എന്റെ മനസ്സ് പിടഞ്ഞു. ഞാന്‍ ചെയര്‍മാനായ കെ.ടി.ഡി.സിയുടെ ബോട്ടാണ് മുങ്ങിയിരിക്കുന്നത്. അപകടകാരണം വ്യക്തമല്ല.

മന്ത്രിയോടൊപ്പം പ്രത്യേക ബോട്ടില്‍ ഞാനും എം.പിമാരായ പി.ടി. തോമസും ജോസ്.കെ.മാണിയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. മറിഞ്ഞ ബോട്ടിന്റെ സമീപമുള്ള കാട്ടില്‍ ഞങ്ങളിറങ്ങി. വെള്ളത്തില്‍ കാലുകുത്തിയപ്പോള്‍ തണുപ്പില്‍ ഷോക്കേറ്റ പോലെയായിരുന്നു. മനസ്സും ശരീരവും ഒരുപോലെ വിറങ്ങലിച്ച അവസ്ഥ.

തകര്‍ന്ന ബോട്ടിന്റെ അടിത്തട്ടില്‍ നിന്നും നാവികസേനക്കാര്‍ മുങ്ങിയെടുത്ത മൃതശരീരങ്ങള്‍ ഒരിക്കലും മായ്ക്കാനാവാത്ത ചിത്രങ്ങള്‍ പോലെ മനസ്സില്‍ പതിഞ്ഞു.പിന്നീടുള്ള ഉറങ്ങാത്ത രാത്രിയിലും പകലിലും മുഴുവന്‍ സമയവും മൃതശരീരങ്ങള്‍ക്ക് നടുവിലായിരുന്നു.

ചാനലുകള്‍ക്ക് തത്സമയം അഭിമുഖം കൊടുക്കാന്‍ മടിച്ചില്ല. കെ.ടി.ഡി.സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ചില ചാനലുകള്‍ ഫ്‌ളാഷ് ന്യൂസ് നിരത്തി. ജനങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ കുറ്റവാളിയായി മാറുകയായിരുന്നു.

ഞാന്‍ കുറ്റവാളിയാണോ? എന്റെ മനസ്സ് അന്തഃക്ഷോഭത്തിന് അടിമപ്പെട്ടു. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കെ.ടി.ഡി.സിയുടെ വീഴ്ച എന്ന തലക്കെട്ട് ചാനലുകള്‍ നല്‍കിയപ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഞാന്‍ പ്രഖ്യാപിച്ചു. രാജിക്കായി മനസ്സ് തയാറെടുത്തപ്പോള്‍ ഒരു കാരണവശാലും രാജിവയ്ക്കരുതെന്ന് കോടിയേരി സ്‌നേഹപൂര്‍വ്വം അഭ്യര്‍ഥിച്ചു.

45 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന് കാരണം 'ജലകന്യക' എന്ന ബോട്ടിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലുമുണ്ടായ തകരാറാണെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തി.

കെ.ടി.ഡി.സി ചെയര്‍മാനായ എന്നെ സാക്ഷിയായി പോലും കമ്മിഷന്‍ വിസ്തരിച്ചില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്നെപ്പറ്റി ഒരു പരാമര്‍ശവുമില്ല.

അപകടത്തില്‍പെട്ട ബോട്ട് വാങ്ങിയത് കെ.ടി.ഡി.സിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമായിരുന്നെങ്കില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പരോക്ഷമായ പങ്കുണ്ടെന്ന് വ്യാഖ്യാനിക്കാമായിരുന്നു.

കമ്മിഷന്‍ തീര്‍പ്പുകള്‍ പതിവുപോലെ ചവറ്റുകൊട്ടയില്‍ തന്നെ. കുറ്റം ആരുടേതായാലും 45 മനുഷ്യജീവനുകള്‍ എന്റെ മനസിലിന്നും ഉണങ്ങാത്ത മുറിവാണ്. കടുത്ത നൊമ്പരത്തില്‍ നിന്നും ഈ ജന്മത്തില്‍ എനിക്ക് വിമുക്തിയില്ല. ജീവിതത്തിന്റെ നിസ്സാരതയാണ് ഈ ഓര്‍മ്മകള്‍ എന്നെ വീണ്ടും വീണ്ടും പഠിപ്പിക്കുന്നത്.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
TRENDING NOW