Tuesday, July 04, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
ഷാലു മാത്യു
Tuesday 04 Jul 2017 07.55 AM

പൊതുമാപ്പില്‍ സൗദിയില്‍ നിന്ന് 23 വര്‍ഷം കഴിഞ്ഞ് എത്തിയ വൃദ്ധനെ ജയിലിലടച്ചു ; ഭാര്യയും മക്കളും നോക്കിനില്‍ക്കേ എയര്‍പോര്‍ട്ടില്‍ അറസ്റ്റ്

uploads/news/2017/07/124355/prison.jpg

കോട്ടയം: സൗദി അറേബ്യയില്‍നിന്നു പൊതുമാപ്പ് ലഭിച്ച്, 23 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെ മതിയായ രേഖയില്ലെന്ന കാരണത്താല്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കപ്പെട്ട വയോധികന്‍ 14 ദിവസത്തേക്കു റിമാന്‍ഡിലായി. തിരുവനന്തപുരം വക്കം പടിഞ്ഞാറേപ്പള്ളിക്കു സമീപം വിളയില്‍ ബഷീറാ(60)ണു വിദേശസര്‍ക്കാരിന്റെ കാരുണ്യത്താല്‍ നാട്ടിലെത്തിയെങ്കിലും വീടണയും മുമ്പേ തടവിലായത്.

മതിയായ രേഖകളില്ലാത്തവരെ നാലുമാസമായി സൗദി സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കി സ്വദേശത്തേക്കയയ്ക്കുകയാണ്. അതിന്റെ ഭാഗമായാണു ബഷീറിനും പൊതുമാപ്പ് ലഭിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ ഇന്ത്യന്‍ എംബസി അനുവദിച്ച എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബഷീറിനെ രേഖകള്‍ തെറ്റാണെന്നാരോപിച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ വലിയതുറ പോലീസിനു െകെമാറുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനുശേഷം നാട്ടിലെത്തിയ പ്രിയതമനെ സ്വീകരിക്കാന്‍ ഭാര്യയും രണ്ടുമക്കളും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കവേയായിരുന്നു അറസ്റ്റ്.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ബഷീറിന്റെ ദുരവസ്ഥയറിഞ്ഞ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെയും സൗദിയിലെ സാമൂഹികപ്രവര്‍ത്തകന്‍ വക്കം സ്വദേശി നാസറിന്റെയും ശ്രമഫലമായാണു ബഷീറിനു നാട്ടിലെത്താന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ മടങ്ങുന്നവരുടെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ സര്‍ക്കാരാണു നല്‍കുന്നതെന്നിരിക്കേയാണ് ബഷീര്‍ സ്വന്തം നാട്ടില്‍ തടവിലായത്.

Ads by Google
LATEST NEWS
TRENDING NOW