Saturday, June 16, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 01.26 AM

സ്വാഗതമോതി ഇസ്രയേല്‍

uploads/news/2017/07/124261/bft1.jpg

"നമസ്‌തേ മോഡിജി, ഇസ്രയേല്‍ മേം ആപ്‌ കാ സ്വാഗത്‌ ഹേ" (ഇസ്രയേലിലേക്ക്‌ അങ്ങേയ്‌ക്കു സ്വാഗതം). ജറുസലേമിലും ടെല്‍ അവീവിലും നിരന്നിരിക്കുന്ന പ്രചാരണ ബോര്‍ഡുകളാണിത്‌. ഇതേ രീതിയിലുള്ള വീഡിയോ ക്ലിപ്പിങ്ങുകള്‍ യൂട്യൂബിലും മറ്റും പരക്കെ പ്രചരിക്കുന്നു. ഇസ്രയേലികളാണ്‌ ഹിന്ദിഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യുന്നത്‌. "അടുത്തയാഴ്‌ച ഇന്ത്യന്‍ പ്രധാനമന്ത്രി, എന്റെ സുഹൃത്ത്‌ നരേന്ദ്ര മോഡി, ഇസ്രയേലിലെത്തും. ഇതൊരു ചരിത്രപരമായ സന്ദര്‍ശനമാകും" എന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ട്വീറ്റ്‌ ചെയ്‌തു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി എന്നാണ്‌ അദ്ദേഹം മോഡിയെ വിശേഷിപ്പിച്ചത്‌. എല്ലാ പരിപാടികളിലും മോഡിയെ അനുഗമിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരിക്കുന്നു.
ഇസ്രയേല്‍ ഭരണകൂടം അക്ഷരാര്‍ഥത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ്‌. ഇന്നോളം ഒരു രാജ്യത്തലവനെയും സ്വീകരിച്ചിട്ടില്ലാത്ത വിധത്തില്‍ അവര്‍ മോഡിക്കു സ്വീകരണം ഒരുക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ്‌ അവിടെയെത്തുന്നത്‌. എന്നാല്‍ നരേന്ദ്ര മോഡിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനമാണ്‌ ഇത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ അദ്ദേഹം 2006-ല്‍ അവിടെയെത്തിയിരുന്നു. ഇസ്രയേല്‍ എന്ന രാജ്യത്തിന്‌ 70 വയസായി എന്നതോര്‍ക്കുമ്പോഴാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഏറുന്നത്‌.

കഴിഞ്ഞ നാലു ദശാബ്‌ദത്തിനിടയില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ഈ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായെന്നതാണ്‌ മനസില്‍ ഉയര്‍ന്നുവരുന്നത്‌. 1977-ല്‍ ഡല്‍ഹിയില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇസ്രയേലിനുണ്ടായിരുന്നു. അന്നത്തെ ഇസ്രയേലി വിദേശകാര്യമന്ത്രി മോഷെ ദയാന്‍ വേഷപ്രച്‌ഛന്നനായാണ്‌ ഡല്‍ഹിയിലെത്തിയത്‌. ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ചയ്‌ക്കായി വന്നതാണ്‌ അദ്ദേഹം. തലയില്‍ മുണ്ടിട്ടാണ്‌ ഇസ്രയേലി വിദേശകാര്യമന്ത്രി വന്നത്‌ എന്നൊക്കെ അന്ന്‌ തമാശയായി പറയാറുണ്ടായിരുന്നു. നേരിട്ടുവന്നാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ പോലും ജനതാ പാര്‍ട്ടിയോ അതിന്റെ സര്‍ക്കാരോ തയാറയല്ലായിരുന്നു എന്നതല്ലേ മനസിലാക്കേണ്ടത്‌. ജനസംഘക്കാരനായ എ.ബി. വാജ്‌പേയി അന്ന്‌ വിദേശകാര്യ മന്ത്രിയായിരുന്നു, കോണ്‍ഗ്രസ്‌ വിരുദ്ധ സര്‍ക്കാര്‍ ആദ്യമായി നിലവില്‍ വന്നു എന്നതൊക്കെയായിരുന്നു ഇസ്രയേലിന്റെ പ്രതീക്ഷയ്‌ക്കു കാരണം.
നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്‌ എന്നും ഇസ്രയേലിനെതിരായ നിലപാടാണു സ്വീകരിച്ചിരുന്നത്‌. പലസ്‌തീന്‍ നിലപാടിനൊപ്പം നില്‍ക്കുക എന്നത്‌ അവരുടെ നയമായിരുന്നു. ഇന്ത്യന്‍ മുസ്ലിം മനസുകളെ സുഖിപ്പിക്കാന്‍ അത്‌ സഹായകരമാകുമെന്നതായിരുന്നു അതിനുപിന്നിലെ രാഷ്‌്രടീയം. പലസ്‌തീന്‍ പ്രശ്‌നത്തിനൊപ്പം ഇസ്രയേലിന്റെ നിലപാടുകളും കാണണമെന്നത്‌ അവര്‍ക്കൊരിക്കലും ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഭാരതീയ ജനസംഘമാവട്ടെ എന്നും ഇസ്രയേല്‍ അനുകൂല നിലപാടാണു സ്വീകരിച്ചുപോന്നിരുന്നത്‌. പലസ്‌തീന്‌ എതിരായിരുന്നതുകൊണ്ടല്ല ജനസംഘം ആ നിലപാടെടുത്തത്‌. ദേശീയതയോടുള്ള ജൂതന്മാരുടെ പ്രതിബദ്ധതയും അവരുടെ ദേശസ്‌നേഹവുമാണ്‌ മറ്റെന്തിനേക്കാളേറെ ജനസംഘത്തെ ആകര്‍ഷിച്ചതും തുറന്നു പിന്തുണയ്‌ക്കാന്‍ പ്രേരിപ്പിച്ചതും. സ്വന്തം നാടിനുവേണ്ടി എത്രവേണമെങ്കിലും പടപൊരുതാനുള്ള അവരുടെ ദൃഢനിശ്‌ചയം രാജ്യസ്‌നേഹത്തിന്റെ പവിത്രതയെയാണു കാണിക്കുന്നത്‌ എന്നതാണ്‌ ജനസംഘക്കാര്‍ പറയാറുണ്ടായിരുന്നത്‌. ജനസംഘത്തിന്റെ പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. എന്നാല്‍ ജനസംഘമായിരുന്നില്ലല്ലോ ജനതാ പാര്‍ട്ടി; അതൊരുതരത്തില്‍ മറ്റൊരു കോണ്‍ഗ്രസ്‌ ആയിരുന്നുവെന്നത്‌ ചരിത്രം കാണിക്കുന്നുണ്ടല്ലോ. അതുകൊണ്ടാണ്‌ മോഷെ ദയാന്റെ അന്നത്തെ ഉദ്യമം വിജയിക്കാതിരുന്നത്‌.

ഇസ്രയേലില്‍ പോയാല്‍ മുസ്ലിം വോട്ട്‌ നഷ്‌ടമാകുമെന്ന ആശങ്ക പല രാഷ്‌്രടീയക്കാരെയും പിന്തുടര്‍ന്നിരുന്നു എന്നതോര്‍ക്കുക. കേരളത്തിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്‌ എം.പി. ഒരിക്കല്‍ ജറുസലേമില്‍ പോയത്‌ വിവാദമായതും പുലിവാലായതും ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഞാന്‍ പറഞ്ഞുവന്നത്‌, 40 വര്‍ഷം മുന്‍പ്‌ ഇസ്രയേലി വിദേശകാര്യമന്ത്രിയെ ഔദ്യോഗികമായി കാണാന്‍ പോലും തയാറാകാതിരുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്നിപ്പോള്‍ മൂന്നു നാള്‍ അവര്‍ക്കൊപ്പം ചെലവിടാന്‍ പോകുന്നു എന്നതാണ്‌.

ഇവിടെ നാം കാണാതെ പോകരുതാത്ത മറ്റൊരു കാര്യം, ഇതേ കോണ്‍ഗ്രസാണ്‌ ഇസ്രയേലിന്‌ നയതന്ത്രതലത്തില്‍ അംഗീകാരം നല്‍കിയത്‌ എന്നതാണ്‌; 1992-ല്‍ നരസിംഹ റാവു സര്‍ക്കാരാണ്‌ അതിനു മുന്‍കൈയെടുത്തത്‌. പിന്നീട്‌ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്‌ ഇസ്രയേലുമായി ചില പ്രതിരോധ/ആയുധ ഇടപാടുകള്‍ നടന്നിരുന്നു. മറ്റു ചില സുഹൃദ്‌ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കു നല്‍കാന്‍ മടിച്ചിരുന്ന ഡ്രോണുകളും മറ്റും ലഭിച്ചത്‌ അവിടെനിന്നാണ്‌. ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയും വിദേശകാര്യമന്ത്രി ജസ്വന്ത്‌ സിങ്ങും അക്കാലത്ത്‌ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ചെയ്‌തു. മോഡി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, 2015 ഒക്‌ടോബറില്‍, രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയും പിന്നീട്‌ സുഷമ സ്വരാജും ഇസ്രയേലിലെത്തി.

നയതന്ത്ര തലത്തില്‍ മോഡിയുടെ ഈ സന്ദര്‍ശനത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ലോകരാഷ്‌്രടങ്ങള്‍, പ്രത്യേകിച്ചും ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയും മറ്റും ഈ ദിവസങ്ങളില്‍ കാതും കണ്ണും അവിടേക്ക്‌ തിരിച്ചുവയ്‌ക്കുമെന്നതില്‍ സംശയമില്ല. ഇസ്രയേലുമായി മോഡി ഭരണകൂടത്തിന്‌ നല്ല ബന്ധമാണുള്ളതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. അതിനര്‍ഥം ഇന്ത്യ ഇസ്രയേലിനെതിരേ നില്‍ക്കുന്നവര്‍ക്ക്‌ എതിരാണെന്നതല്ല. മോഡിയുടെ നയതന്ത്രം പരിശോധിച്ചാല്‍ അതു വ്യക്‌തമാകും.യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, തുര്‍ക്കി, ബഹ്‌റൈന്‍, ഈജിപ്‌ത്‌, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്‌ തുടങ്ങി പ്രമുഖ ഇസ്ലാമിക രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക്‌ ഇന്നുള്ളത്‌ മികച്ച ബന്ധമാണ്‌. മോഡി അവിടെയൊക്കെ പോകുകയുംചെയ്‌തിരുന്നു. നമ്മുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ കഴിഞ്ഞ വര്‍ഷം പലസ്‌തീനില്‍ പോയി. പലസ്‌തീന്‍ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസ്‌ ഇക്കഴിഞ്ഞ മേയില്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇവിടെ കാണേണ്ട ഒരു വ്യത്യാസം, മുന്‍കാലങ്ങളില്‍ പലസ്‌തീന്‌ അല്ലെങ്കില്‍ ചില ഇസ്ലാമിക രാജ്യങ്ങള്‍ക്കു മാത്രം അനുകൂലമായ സമീപനം ഇന്ത്യ കൈക്കൊണ്ടിരുന്നു; എന്നാലിന്ന്‌ അതിനൊക്കെയൊപ്പം ഇസ്രയേലിനെയും നല്ല സുഹൃത്തായി കാണാന്‍ ഇന്ത്യ തയാറാകുകയാണ്‌. അതാകും ഇത്തവണ മോഡി ഉയര്‍ത്തിക്കാട്ടുക എന്നതില്‍ സംശയമില്ല. ഇന്ത്യയുടെ വിദേശനയത്തില്‍ അതൊരു വലിയ മാറ്റമാണെന്നു വേണമെങ്കില്‍ പറയാം. ഇസ്രയേല്‍ ബന്ധം ഉയര്‍ത്തിക്കാട്ടി മുസ്ലിംപ്രീണനം നടത്തുന്ന തന്ത്രം പണ്ടൊക്കെ നടന്നിരുന്നു. ഇന്നിപ്പോള്‍ പലസ്‌തീനിലേക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങളാണ്‌ പല ഇസ്ലാമിക രാജ്യങ്ങളിലുള്ളതെന്നത്‌ എല്ലാവര്‍ക്കുമറിയാം.
തീവ്രവാദം, ചൈനയും പാകിസ്‌താനും ചേര്‍ന്നു നടത്തുന്ന ചില നീക്കങ്ങള്‍ തുടങ്ങിയവ ഇന്ത്യക്ക്‌ ഇന്നിപ്പോള്‍ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്‌. ഭീകരവാദത്തെയും മറ്റും എതിര്‍ത്തുനില്‍ക്കുന്ന അവര്‍ക്ക്‌ വിദഗ്‌ധോപദേശം നല്‍കാനും ഇന്ത്യയെ സഹായിക്കാനുമാകും. അവിടെ സഹായഹസ്‌തവുമായി എത്താന്‍ കഴിയുന്നവരെ കൂടെനിര്‍ത്തുക എന്നത്‌ ഇന്ത്യന്‍ വിദേശനയത്തിന്റെ ഭാഗമാണല്ലോ. രണ്ടാം നിര രാജ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്‌ തുടങ്ങിയവരുമായി അടുത്ത സഹകരണം ഉറപ്പാക്കാന്‍ നാം ശ്രമിച്ചത്‌ അത്തരമൊരു പദ്ധതിയുടെ ഭാഗം തന്നെയാണ്‌. ജപ്പാന്റെ സഹകരണവും ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്‌. അതിനൊക്കെയൊപ്പമാണ്‌ ഇസ്രയേലിനെയും കാണുന്നത്‌, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്നത്‌.

അമേരിക്കയും ബ്രിട്ടനും മറ്റുമായി നല്ല ബന്ധം നിലനിര്‍ത്തുമ്പോള്‍ത്തന്നെ ഇത്തരത്തിലൊരു കൂട്ടായ്‌മ വേണമെന്ന്‌ ഡല്‍ഹി കരുതുന്നു. നിലവില്‍ ഇന്ത്യാ-ഇസ്രയേല്‍ ബന്ധം സുദൃഢമാണ്‌. പരസ്‌പരവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല. ആ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മോഡിക്കും നെതന്യാഹുവിനും കഴിയണം. അതിനപ്പുറം വലിയ എന്തെങ്കിലും നേട്ടങ്ങള്‍ അല്ലെങ്കില്‍ അസാധാരണമായ നേട്ടങ്ങള്‍ ഈ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നൊന്നും ആരെങ്കിലും കരുതുന്നുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വിളിച്ചാല്‍ വിളിപ്പുറത്തു വിളികേള്‍ക്കുന്ന സുഹൃത്തുക്കളായി മാറാനുള്ള മനസ്‌ രണ്ടു രാജ്യങ്ങള്‍ക്കുമുണ്ട്‌. ഇപ്പോള്‍ ഇന്ത്യ ഇസ്രയേലിനെ ആശ്രയിക്കുന്നത്‌ പ്രതിരോധ കാര്യങ്ങളിലാണെന്നത്‌ സൂചിപ്പിച്ചല്ലോ. കാര്‍ഷിക രംഗത്തും ചില സഹകരണങ്ങള്‍ കാണാം.
ഭൈരോണ്‍ സിങ്‌ ശെഖാവത്ത്‌ മുഖ്യമന്ത്രിയായിരിക്കെ രാജസ്‌ഥാനിലെ മരുഭൂമിയില്‍ കൃഷിചെയ്യാനായി അവര്‍ ചില പദ്ധതികള്‍ നിര്‍ദേശിച്ചിരുന്നു.
കേരളത്തില്‍ ഈ ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ കാര്‍ഷികരംഗത്ത്‌ വിദഗ്‌ധോപദേശത്തിന്‌ ഇസ്രയേലികളെ കൊണ്ടുവന്നതു വിവാദമായതല്ലേ. ഇതിനൊക്കെയപ്പുറത്തേക്ക്‌ സഹകരണം കൊണ്ടുപോകാന്‍ രണ്ടു രാജ്യങ്ങള്‍ക്കും ആഗ്രഹമുണ്ട്‌ എന്നതാണു കാണുന്നത്‌. ഇപ്പോള്‍ത്തന്നെ നമ്മുടെ ഒരു ഉയര്‍ന്ന സൈനിക വിദഗ്‌ധസംഘം ടെല്‍ അവീവിലുണ്ട്‌, പ്രതിരോധ മേഖലയിലെ സഹകരണം തന്നെയാണ്‌ അജന്‍ഡ. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ വിലയിരുത്തപ്പെടുമെന്നതു തീര്‍ച്ചയാണ്‌. അതില്‍, നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രതിരോധ മേഖലയ്‌ക്കാകും ഊന്നല്‍ ലഭിക്കുക.

ഇസ്രയേലിലും വലിയൊരു സമ്മേളനത്തെ മോഡി അഭിസംബോധന ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ ജനിച്ച ഏകദേശം 85,000 ജൂതന്മാര്‍ അവിടെയുണ്ട്‌. ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ജൂതകുടുംബങ്ങളില്‍ പെട്ടവരാണ്‌ അവര്‍. അവരില്‍ ഏതാണ്ട്‌ 4500 പേര്‍ മോഡിയുടെ ഈ പരിപാടിയിലെത്തും. ഏകദേശം പതിനായിരം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. അവരില്‍ നല്ലൊരു ശതമാനവും പ്രധാനമന്ത്രിയെ കാണാനെത്തും. മുമ്പ്‌ അമേരിക്കയിലും ലണ്ടനിലുമൊക്കെ നടന്നതുപോലുള്ള വലിയ സമ്മേളനത്തിനാണ്‌ ടെല്‍ അവീവ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ആതിഥ്യമരുളുക. ഇന്ത്യയുടെ സ്‌മരണകളും വികാരവും മനസിലേറ്റുന്ന ഒരു ജനതയ്‌ക്കിടയിലേക്കാണ്‌ അവിടെ മോഡി ഇറങ്ങിച്ചെല്ലുക എന്നര്‍ഥം.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Tuesday 04 Jul 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW