Monday, July 03, 2017 Last Updated 1 Min 34 Sec ago English Edition
Todays E paper
Monday 03 Jul 2017 01.37 PM

സുന്ദരിയായ ഭാര്യ എന്റെ സന്തോഷം

uploads/news/2017/07/124080/Weeklyjasijeft.jpg

ഒറ്റഗാനംകൊണ്ട് വിസ്മയം സൃഷ്ടിച്ച ജാസിഗിഫ്റ്റിന്റെ മൗനത്തിന് പിന്നിലെന്ത്?

'ലജ്ജാവതിയെ നിന്റെ
കള്ളക്കടക്കണ്ണില്‍' എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടോ?

അത്രത്തോളം ജനപ്രീതി ലഭിച്ച ഗാനമായിരുന്നു അത്. 'ഫോര്‍ദി പീപ്പിള്‍' എന്ന ജയരാജ് ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും പിന്നണിഗാനരംഗത്തും ഒരേസമയം കൈവച്ച ജാസിഗിഫ്റ്റ്, പഠിക്കുന്നകാലത്ത് ഒരു മിണ്ടാപ്പൂച്ചയായിരുന്നു.

അദ്ധ്യാപകനാകണമെന്ന് കൊതിച്ച തന്റെ ജീവിതം സംഗീതത്തിലേക്ക് ഗതിമാറിയപ്പോഴും ദൈവഹിതം അതാകുമെന്ന് കരുതി ജാസി മൗനംപാലിച്ചു. ആദ്യഗാനത്തിന് ശേഷം പിന്നെയും കാതുകള്‍ക്ക് ഇമ്പമുള്ള മെലഡികളും ഫാസ്റ്റ് നമ്പറുകളും അദ്ദേഹം ശ്രോതാക്കള്‍ക്ക് നല്‍കി.

എന്നാല്‍ കുറച്ചുകാലമായി ജാസി മലയാളംവിട്ട് പൂര്‍ണ്ണമായും കന്നഡയിലേക്ക് ചേക്കേറിയിരിക്കുന്നു. സത്യത്തില്‍ എന്താണ് ജാസി ഗിഫ്റ്റിന് സംഭവിച്ചത്? ഒരുപക്ഷെ അവസരങ്ങള്‍ ആരെങ്കിലും നഷ്ടപ്പെടുത്തിയതുകൊണ്ടാകുമോ മറ്റൊരുഭാഷയെ ആശ്രയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ബംഗളൂരുവില്‍ ഇരുന്നുകൊണ്ട് പറയുകയാണ് ജാസി ഗിഫ്റ്റ്.

പിന്നണിഗാനരംഗത്ത് സജീവമായി നിന്നയാള്‍ പെട്ടെന്ന് അപ്രത്യക്ഷനാകാന്‍ കാരണം?


പലരും എന്നോട് ചോദിച്ചു, മലയാളത്തിന് ഒരു ബ്രേക്ക് കൊടുത്തോയെന്ന്. ഞാന്‍ മലയാളത്തില്‍ നിന്ന് അപ്രത്യക്ഷനായിട്ടില്ല, ഇവിടെത്തന്നെയുണ്ട് (ചിരിക്കുന്നു). ജന്മനാട്ടില്‍ നിന്ന് പെട്ടെന്നങ്ങ് പോകാന്‍ പറ്റുമോ?

ഒരുപാട് പ്രോജക്ടുകള്‍ മലയാളത്തില്‍ നിന്ന് വന്നിരുന്നു. പക്ഷേ അതൊന്നും സംഗീതത്തിന് പ്രാധാന്യമുള്ളതായിരുന്നില്ല. പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ ചെയ്തിട്ടല്ലേ എനിക്ക് പ്രയോജനമുള്ളൂ. അതിനായി കാത്തിരിക്കുന്നു. അതേസമയം കന്നഡയില്‍ നിന്നും ക്ഷണം ലഭിച്ചപ്പോള്‍ പോയി.ഇപ്പോള്‍ 25-ാമത്തെ കന്നഡ ചിത്രത്തിന് സംഗീതം നല്‍കുന്നു.

അവര്‍ വിളിച്ച സമയത്ത് ഒറ്റക്കാര്യമേ എന്നോട് പറഞ്ഞുള്ളൂ. 'ഈ സിനിമയിലെ മ്യൂസിക്കെല്ലാം ചെയ്ത് തീരാന്‍ ദിവസങ്ങളോ മാസങ്ങളോ എടുത്തോളൂ. പക്ഷേ ഇതിനിടയില്‍ മറ്റൊരു ഭാഷയിലേക്കും പോകരുത്.'

ആ സമയത്ത് മലയാളത്തില്‍ നിന്ന് വിളിച്ചിട്ടും പോകാന്‍ സാധിച്ചില്ല. ഭാഷ എന്നതിലുപരി എന്റെ ജോലിയാണ് പ്രധാനം. അതുകൊണ്ട് കന്നഡക്കാര്‍ പറയുന്നത് എനിക്ക് അനുസരിക്കേണ്ടി വന്നു.

ആദ്യ കടന്നു വരവില്‍ സംഗീത സംവിധാനവും പിന്നണിഗാനവും ഏറ്റെടുത്തപ്പോള്‍ എന്തുതോന്നി?


സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ. കാരണം പിന്നണി ഗായകനാവാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ആഗ്രഹം ഉള്ളിലൊതുക്കി. ജയരാജ്‌സാറിന്റെ ഒരു ഹിന്ദിചിത്രത്തിന്റെ റെക്കോര്‍ഡിംഗ് സമയത്ത് അതില്‍ ഞാന്‍ പാടിയ പാട്ടുകളെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

അങ്ങനെയിരിക്കുമ്പോഴാണ് 'ഫോര്‍ ദി പീപ്പിള്‍' എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത്. 'ലജ്ജാവതിയെ' എന്ന ഗാനത്തിന്റെ മുന്‍പിലുള്ള ആദ്യ 4 വരികള്‍ വെസ്‌റ്റേണ്‍ ശൈലിയിലുള്ളതാണല്ലോ, അത് ഞാന്‍ സ്വയമിട്ടതാണെങ്കിലും പാട്ടില്‍ ചേര്‍ക്കണമോ, വേണ്ടയോ എന്നൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ജയരാജ്‌സാറാണ് ആ 4 വരികള്‍ പാട്ടിന് മുന്നില്‍ ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞത്. അതായിരുന്നു കറക്ട്.

ഒറ്റഗാനം കൊണ്ട് ശ്രദ്ധേയനായി.


സത്യം. (ചിരിക്കുന്നു). പാട്ട് വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. തുടക്കത്തില്‍ ഈ സിനിമയുടെ ഓഡിയോ ഏറ്റെടുക്കാന്‍ ഒരു കമ്പനിയും തയ്യാറായില്ല. അന്നൊക്കെ ജനശ്രദ്ധയുള്ള ഗായകര്‍ പാടുന്ന പാട്ടുകള്‍ മാത്രമേ കമ്പനികള്‍ ഏറ്റെടുത്തിരുന്നുള്ളൂ.

ഈ സിനിമയില്‍ ജയരാജ്‌സാറും, കൈതപ്രവുമൊഴിച്ച് എല്ലാവരും പുതുമുഖങ്ങളായിരുന്നു. ഞാന്‍ പാടിയ പാട്ടുകളുമായി സി.ഡി. ഇറക്കിയാല്‍ മതിയെന്നും അല്ലെങ്കില്‍ വേണ്ടെന്നുമുള്ള വാശിയില്‍ ജയരാജ്‌സാര്‍ ഉറച്ചുനിന്നു. അങ്ങനെ കുറെനാള്‍ ഈ പാട്ടുകള്‍ ആരുമെടുക്കാതെ തട്ടിന്‍പുറത്തിരുന്നു.

അതുകൊണ്ട് തന്നെ ഇതിന് പ്രത്യേകിച്ച് ഓഡിയോ റിലീസ് ഉണ്ടായിരുന്നില്ല. ചാനലുകളിലൂടെയാണ് ഈ പാട്ടുകള്‍ കേട്ടു തുടങ്ങിയത്.

അതിനുശേഷം സി.ഡി. കടകളിലും മറ്റും ഈ സിനിമയുടെ ഓഡിയോ സി.ഡി.ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ നിരവധിയായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സന്തോഷം സഹിക്കവയ്യ.

ഇനിയൊരിക്കലും ഇത്തരം രംഗങ്ങള്‍ കാണാന്‍ പറ്റില്ല. കാരണം സി.ഡി.കളുടെ കാലം കഴിഞ്ഞുപോയല്ലോ. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌റ്റേജ് ഷോ അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്നും ലജ്ജാവതിയെ എന്ന ഗാനം പാടണമെന്നാവശ്യപ്പെട്ടു.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ പാട്ട് ആരും മറന്നില്ലല്ലോ എന്നതില്‍ അഭിമാനം തോന്നി. മാത്രമല്ല, ഫിലിം ഫെയര്‍പോലുള്ള അവാര്‍ഡ് ഷോകളില്‍പ്പോലും ഫ്യൂഷന്‍ ചെയ്യുന്നവര്‍ ഈ സിനിമയിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

തമിഴിലും, തെലുങ്കിലും ഈ പാട്ടുകള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അവിടെയും ഹിറ്റാണ്.

യേശുദാസിനെ കൊണ്ട് പാടിക്കാനും ഭാഗ്യമുണ്ടായി?


ദാസേട്ടന്റെ പാട്ടുകള്‍ കേട്ട് വളര്‍ന്നവനാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു.

ഡിസംബര്‍ എന്ന സിനിമയിലൂടെ അത് സാധിച്ചു. അതില്‍ ഞാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച 'സ്‌നേഹത്തുമ്പീ ഞാനില്ലേ കൂടെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ദാസേട്ടനായിരുന്നു.

റിക്കോര്‍ഡിംഗ് തീര്‍ന്ന് സ്റ്റുഡിയോയ്ക്ക് പുറത്തുവന്ന അദ്ദേഹം എന്റരികില്‍ വന്നിരുന്നിട്ട് പറഞ്ഞു ' എനിക്കിഷ്ടപ്പെട്ടു ജാസീ ഈ പാട്ട്. നല്ല താളം, നല്ല ഈണം' അത് കേട്ടപ്പോള്‍ ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരാളുടെ മനസ്സായിരുന്നു. അദ്ദേഹം എന്റെ അരികില്‍ വന്നിരുന്നതുതന്നെ എനിക്ക് കിട്ടിയ അംഗീകാരമാണ്.

അദ്ധ്യാപകനാകണമെന്നാഗ്രഹിച്ച് ഒടുവില്‍ സംഗീതലോകത്ത് എത്തിച്ചേര്‍ന്നു?


സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ഞാന്‍. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ തിരുമുറ്റത്ത് കാലുകുത്തിയതോടെ എന്നില്‍ ഞാന്‍ പോലുമറിയാതെ മാറ്റങ്ങള്‍ സംഭവിച്ചു. ധാരാളം നല്ല സുഹൃത്തുക്കളെ കിട്ടി.

പിന്നീട് എം.ഫില്‍ ചെയ്യുന്ന സമയത്ത് എഡ്‌വിന്‍ എന്ന അങ്കിളാണ് ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങുന്നതിനെക്കുറിച്ച് പറയുന്നത്.അധികം താമസിയാതെ ബാന്‍ഡ് തുടങ്ങിയെങ്കിലും ഞാന്‍ കീബോര്‍ഡ് വായിക്കുന്നതിലേക്ക് ചുരുങ്ങി, ബാന്‍ഡില്ലാത്ത സമയത്ത് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ പാടാന്‍ പോകുമായിരുന്നു.

ഒരുമണിക്കൂര്‍ പാടുന്നതിന് ചെറിയൊരു തുക കിട്ടും. കുറച്ച് കഴിഞ്ഞപ്പോള്‍ പാടിയാലെന്താണെന്ന് എനിക്കും തോന്നിത്തുടങ്ങി. അങ്ങനെ ഒരാല്‍ബത്തില്‍ പാടി. ആല്‍ബം പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ പാടുമെന്ന് മാതാപിതാക്കള്‍ പോലും മനസ്സിലാക്കിയത് (ചിരിക്കുന്നു).

'ഫോര്‍ ദി പീപ്പിള്‍' ഇറങ്ങിയപ്പോള്‍ അവര്‍ രണ്ടുപേരും വീണ്ടും ഞെട്ടി. പിന്നീട് അവസരങ്ങള്‍ വന്നതോടെ അദ്ധ്യാപനം ഉപേക്ഷിച്ചു.

വൈകിവന്ന വസന്തമായിരുന്നു അതുല്യ എന്ന ജീവിതസഖി?


(ചിരിക്കുന്നു). ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ വൈകിപ്പോയോ എന്ന്. അതിനുള്ള ഉത്തരം കൂടിയാണ് പറയുന്നത്. കറക്ട് സമയത്ത് തന്നെയാണ് ഞാന്‍ വിവാഹിതനായത്.

പ്രായത്തില്‍ പക്വത വന്നിട്ട് വിവാഹം കഴിക്കുന്നതാണുത്തമം. ഏത് പ്രശ്‌നങ്ങള്‍ വന്നാലും തരണം ചെയ്യാന്‍ പക്വത ആവശ്യമാണ്. അതി
ല്ലാതെ ചെറുപ്രായത്തില്‍ വിവാഹം ചെയ്യുമ്പോഴാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നത്.

അമിതമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ എനിക്കിഷ്ടമല്ല. നല്ല വിദ്യാഭ്യാസം ഉണ്ടാകണം, എന്നെ മനസ്സിലാക്കുന്ന ഒരാളാവണം. ദൈവാനുഗ്രഹത്തിന് ഈ പറഞ്ഞ ഗുണങ്ങളെല്ലാം അതുല്യയ്ക്കുണ്ട്. അവള്‍ അധികം സംസാരിക്കാറില്ല.

സംഗീതവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും ചെന്നൈയിലും ഒക്കെ പോകേണ്ടിവരും. ചിലപ്പോള്‍ വീട്ടിലേക്ക് വരാന്‍ സാധിക്കില്ല. ആ സാഹചര്യങ്ങളിലെല്ലാം കണ്ടറിഞ്ഞ് അവള്‍ വീട്ടുകാര്യങ്ങള്‍ മാനേജ് ചെയ്യുന്നു.

എനിക്ക് സാധിക്കാതെപോയ മേഖലയില്‍ ജോലിചെയ്യുന്നു. ബി.ടെക് അദ്ധ്യാപികയാണ് അവള്‍. അധ്യാപകനാകണമെന്നാഗ്രഹിച്ചിട്ടും സംഗീതത്തില്‍ എത്തിപ്പെടാനായിരുന്നു എന്റെ നിയോഗം.

എല്ലാത്തിലുമുപരി സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ആ ഭാര്യയുടെ ഫോട്ടോ കാണാന്‍ വായനക്കാര്‍ക്ക് കൗതുകമുണ്ടാവും?
ഭാര്യയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് കാണാന്‍ എനിക്ക് താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെയിരിക്കട്ടെ.

- ദേവിന റെജി

Ads by Google
TRENDING NOW