ഒറ്റഗാനംകൊണ്ട് വിസ്മയം സൃഷ്ടിച്ച ജാസിഗിഫ്റ്റിന്റെ മൗനത്തിന് പിന്നിലെന്ത്?
'ലജ്ജാവതിയെ നിന്റെ
കള്ളക്കടക്കണ്ണില്‍' എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടോ?
അത്രത്തോളം ജനപ്രീതി ലഭിച്ച ഗാനമായിരുന്നു അത്. 'ഫോര്‍ദി പീപ്പിള്‍' എന്ന ജയരാജ് ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും പിന്നണിഗാനരംഗത്തും ഒരേസമയം കൈവച്ച ജാസിഗിഫ്റ്റ്, പഠിക്കുന്നകാലത്ത് ഒരു മിണ്ടാപ്പൂച്ചയായിരുന്നു.
അദ്ധ്യാപകനാകണമെന്ന് കൊതിച്ച തന്റെ ജീവിതം സംഗീതത്തിലേക്ക് ഗതിമാറിയപ്പോഴും ദൈവഹിതം അതാകുമെന്ന് കരുതി ജാസി മൗനംപാലിച്ചു. ആദ്യഗാനത്തിന് ശേഷം പിന്നെയും കാതുകള്‍ക്ക് ഇമ്പമുള്ള മെലഡികളും ഫാസ്റ്റ് നമ്പറുകളും അദ്ദേഹം ശ്രോതാക്കള്‍ക്ക് നല്കി.
എന്നാല്‍ കുറച്ചുകാലമായി ജാസി മലയാളംവിട്ട് പൂര്‍ണ്ണമായും കന്നഡയിലേക്ക് ചേക്കേറിയിരിക്കുന്നു. സത്യത്തില്‍ എന്താണ് ജാസി ഗിഫ്റ്റിന് സംഭവിച്ചത്? ഒരുപക്ഷെ അവസരങ്ങള്‍ ആരെങ്കിലും നഷ്ടപ്പെടുത്തിയതുകൊണ്ടാകുമോ മറ്റൊരുഭാഷയെ ആശ്രയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ബംഗളൂരുവില്‍ ഇരുന്നുകൊണ്ട് പറയുകയാണ് ജാസി ഗിഫ്റ്റ്.
ഒരുപാട് പ്രോജക്ടുകള്‍ മലയാളത്തില്‍ നിന്ന് വന്നിരുന്നു. പക്ഷേ അതൊന്നും സംഗീതത്തിന് പ്രാധാന്യമുള്ളതായിരുന്നില്ല. പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ ചെയ്തിട്ടല്ലേ എനിക്ക് പ്രയോജനമുള്ളൂ. അതിനായി കാത്തിരിക്കുന്നു. അതേസമയം കന്നഡയില്‍ നിന്നും ക്ഷണം ലഭിച്ചപ്പോള്‍ പോയി.ഇപ്പോള്‍ 25-ാമത്തെ കന്നഡ ചിത്രത്തിന് സംഗീതം നല്കുന്നു.
ആ സമയത്ത് മലയാളത്തില്‍ നിന്ന് വിളിച്ചിട്ടും പോകാന്‍ സാധിച്ചില്ല. ഭാഷ എന്നതിലുപരി എന്റെ ജോലിയാണ് പ്രധാനം. അതുകൊണ്ട് കന്നഡക്കാര്‍ പറയുന്നത് എനിക്ക് അനുസരിക്കേണ്ടി വന്നു.
അങ്ങനെയിരിക്കുമ്പോഴാണ് 'ഫോര്‍ ദി പീപ്പിള്‍' എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത്. 'ലജ്ജാവതിയെ' എന്ന ഗാനത്തിന്റെ മുന്‍പിലുള്ള ആദ്യ 4 വരികള്‍ വെസ്റ്റേണ്‍ ശൈലിയിലുള്ളതാണല്ലോ, അത് ഞാന്‍ സ്വയമിട്ടതാണെങ്കിലും പാട്ടില്‍ ചേര്‍ക്കണമോ, വേണ്ടയോ എന്നൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ജയരാജ്സാറാണ് ആ 4 വരികള്‍ പാട്ടിന് മുന്നില്‍ ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞത്. അതായിരുന്നു കറക്ട്.