ആലുവ: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിന് ഇന്ന് നിര്‍ണായക ദിവസം. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ നടന് ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്യലില്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
ജയിലില്‍ നിന്നുള്ള സുനിയുടെ ഫോണ്‍വിളിയെക്കുറിച്ചും, പുറത്തുവന്ന കത്തിനെക്കുറിച്ചും, സുനിയെക്കുറിച്ച് ചോദ്യം ചെയ്യലില്‍ ഇരുവരും നല്കിയ മൊഴികളിലും വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ അന്വേഷരണ സംഘം തീരുമാനിച്ചത്.
പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ തനിക്ക് നേരത്തെ അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നത്. തന്റെ ലൊക്കേഷനുകളില്‍ ഒന്നും സുനി എത്തിയിട്ടിരുന്നില്ല എന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ജോര്‍ജേ്ജട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രധാന നടന്റെ ലൊക്കേഷനില്‍ ഇയാള്‍ എത്തിയതുകൊണ്ടു മാത്രം നടനെ കുറ്റക്കാരനാക്കാന്‍ പറ്റില്ല എന്ന വസ്തുത നിലനില്‍ക്കെ മറ്റു സൂചനകള്‍ പോലീസിന് കൂടുതല്‍ ലഭിച്ചിട്ടുണ്ടോ എന്നും സംശയം ഉയരുന്നു.
പള്‍സര്‍ സുനിയുടെ ഫോണ്‍ വന്ന വിവരം താന്‍ ദിലിപിനോട് വളരെ വൈകിയാണ് പറഞ്ഞതെന്നാണ് നാദിര്‍ഷ മൊഴഇ നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും ഇടയില്‍ നിര്‍ണായകമായ കാര്യം പറയാന്‍ വൈകുമോയെന്നത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എന്ന് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.