Saturday, May 19, 2018 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 03 Jul 2017 01.00 AM

അമ്മ അറിയാന്‍... : കെ.ബി. ഗണേശ്‌ കുമാര്‍ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റിന്‌ അയച്ച കത്തിന്റെ പ്രസക്‌ത ഭാഗങ്ങള്‍

uploads/news/2017/07/123825/bft1.jpg

അങ്ങ്‌ നേതൃത്വം നല്‍കുന്ന, ഞാന്‍ കൂടി അംഗമായിട്ടുള്ള അമ്മ എന്ന സംഘടന രൂപീകൃതമായിട്ട്‌ 23 വര്‍ഷമാകുന്നു. അംഗങ്ങള്‍ക്കോ പൊതുസമൂഹത്തിനോ യാതൊരു ഗുണവുമില്ലാത്ത സ്വയം നാശത്തിലേക്ക്‌ ഈ സംഘടന നീങ്ങുന്നത്‌ കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. ഈ സംഘടന രൂപീകരിക്കാനുള്ള ആശയം ചര്‍ച്ച ചെയ്യപ്പെട്ട വേദി മുതല്‍ അതിനായുള്ള പരിശ്രമങ്ങള്‍ക്ക്‌ വേണു നാഗവള്ളി, എം.ജി. സോമന്‍, മണിയന്‍പിള്ള രാജു എന്നിവരോടൊപ്പം പ്രാരംഭകാലം മുതല്‍ പ്രയത്‌നിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്ക്‌ അതിനാകില്ല.
ഏത്‌ സാഹചര്യത്തിലാണ്‌ ഇങ്ങനെയൊരു സംഘടന വേണമെന്ന ആശയം ഉയര്‍ന്നത്‌?. എന്തായിരുന്നു അതിന്റെ പ്രവര്‍ത്തനലക്ഷ്യം?, എന്ത്‌ മാനദണ്ഡ പ്രകാരമാണ്‌ ഇത്‌ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്‌ തുടങ്ങി ഒരുപാട്‌ കാര്യങ്ങളെ മറന്ന്‌ പരിതാപകരമായ നിലയിലാണ്‌ "അമ്മ" സില്‍വര്‍ ജൂബിലിയിലേക്ക്‌ കടക്കുന്നത്‌.
തുടക്കത്തിലേക്കു മടങ്ങിവരാം. നടന്‍ സിദ്ദിഖിനെ അന്ന്‌ നിര്‍മാതാവായിരുന്ന ചങ്ങനാശേരി ബഷീര്‍ ആകമിച്ച സംഭവം നടീനടന്മാര്‍ക്കിടയില്‍ ഞെട്ടലും അരക്ഷിതത്വബോധവും സൃഷ്‌ടിച്ചു. പൊറുക്കാനാകാത്ത വേദനയുളവാക്കിയ ഒരു സംഭവമായിരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ കോഴിക്കോട്ടുവച്ച്‌ ഞങ്ങള്‍ വിരലിലെണ്ണാവുന്ന ചിലര്‍ ഒരു അനൗപചാരിക യോഗം ചേര്‍ന്നു. മമ്മുട്ടിയും അന്തരിച്ച നടന്‍ മുരളിയും ഞാനുമടക്കം മൂന്നോ നാലോ പേര്‍ മാത്രം കൂടിയിരുന്നാണ്‌ ആലോചന നടത്തിയത്‌. അന്ന്‌ അങ്ങ്‌ ഇതില്‍ അംഗമോ ഇതിന്റെ ഭാരവാഹിയോ അല്ല എന്നതിനാലാണ്‌ എനിക്കിത്‌ ഓര്‍മിപ്പിക്കേണ്ടിവരുന്നത്‌.
അക്കാലത്ത്‌ സംഘടനയുടെ പ്രാരംഭ ചെലവുകള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നയാളാണു സുരേഷ്‌ഗോപി. ആദ്യത്തെ മെമ്പര്‍ഷിപ്പ്‌ വേണമെന്നുമാത്രമാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. മെമ്പര്‍ഷിപ്പ്‌ രജിസ്‌റ്റര്‍ പരിശോധിച്ചാല്‍ ഇത്‌ അങ്ങേക്കു മനസിലാകും. അമ്മയിലെ ആദ്യ മെമ്പര്‍ സുരേഷ്‌ഗോപി, ആദ്യത്തെ അപേക്ഷകനായ ഗണേശ്‌ കുമാറാണ്‌ രണ്ടാമത്തെ അംഗം. മൂന്നാമത്തെ അംഗം മണിയന്‍പിള്ള രാജു. ഞാനും മണിയന്‍പിള്ള രാജുവും കൂടി അക്കാലത്ത്‌ ഏറെക്കുറെ എല്ലാ നടീനടന്മാരുടെയും വീടുകളില്‍ മെമ്പര്‍ഷിപ്പിന്റെ കടലാസുകളുമായി യാത്ര ചെയ്‌താണ്‌ അവരെ അംഗങ്ങളാക്കിയത്‌. അന്നുമുതലിന്നോളം ആരുടെയും ഔദാര്യത്തിലൂടെയോ വിട്ടുവീഴ്‌ചയിലൂടെയോ അല്ലാതെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അമ്മയുടെ ഭരണസമിതിയില്‍ അംഗമായിരിക്കാനും എനിക്ക്‌ ഭാഗ്യമുണ്ടായി.

എന്തായിരുന്നു അമ്മയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍?

ഇന്നത്തെ ഈ സംഘടനയുടെ മുഖം, പ്രസിഡന്റായ അങ്ങയെ പോലും ലജ്‌ജിപ്പിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്‌ട്‌ പ്രകാരമാണ്‌ "അമ്മ" രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്‌. അംഗങ്ങളുടെ ക്ഷേമം എന്നതിന്‌ ഉപരിയായി, സംഘടനയ്‌ക്കുണ്ടാകുന്ന സാമ്പത്തിക സ്രോതസിന്റെ നല്ല ഒരു പങ്ക്‌ നമുക്കു ചുറ്റുമുള്ള നിരാലംബരുടെ ക്ഷേമത്തിനുവേണ്ടിക്കുടി ഉപയുക്‌തമാക്കുക എന്നതാണു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധര്‍മ്മം.
പ്രിയപ്പെട്ട പ്രസിഡന്റ്‌, അങ്ങ്‌ നേതൃത്വം നല്‍കുന്ന ഈ സംഘടന എന്ത്‌ ചാരിറ്റിയാണു ചെയ്യുന്നത്‌? കോടിക്കണക്കിനു രൂപ ശേഖരിച്ചു ബാങ്കില്‍ നിക്ഷേപിച്ച്‌ അതിന്റെ ലാഭം അംഗങ്ങള്‍ക്ക്‌ വീതിച്ചുകൊടു ത്തുകൊണ്ടിരുന്നാല്‍ ചാരിറ്റിയാകുമോ? ലാഭവിഹിതമെടുത്ത്‌ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്കു കൈനീട്ടം നല്‍കുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ല.
ആദായനികുതിയിനത്തില്‍ വര്‍ഷംതോറും വന്‍തുക അടച്ചുകൊണ്ടിരിക്കുന്നവര്‍ക്കും "അമ്മ" കൈനീട്ടം നല്‍കുന്നുണ്ട്‌. ഒപ്പം, മരുന്നുവാങ്ങാനും ദൈനംദിന ജീവിതച്ചെലവുകള്‍ക്കും വകയില്ലാതെ ദുരിതമനുഭവിക്കുന്ന കുറെ അംഗങ്ങള്‍ക്കും സഹായം ലഭിക്കുന്നുണ്ട്‌. അംഗങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ സൗകര്യം ഏര്‍പ്പെടുത്തി ചികിത്സാ സഹായം ചെയ്യുന്നുണ്ട്‌. ഇതൊക്കെ നല്ലകാര്യങ്ങള്‍ തന്നെ.
എന്നാല്‍ ഇതുമാത്രമാണോ സംഘടനയുടെ ധര്‍മം? കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളിലെ ജനറല്‍ ബോഡി യോഗങ്ങള്‍ക്കുശേഷം തീരുമാനമായി പ്രതസമ്മേളനങ്ങളില്‍ പ്രഖ്യാപിച്ച യാതൊരു കാര്യങ്ങളും ഇന്നേവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നോര്‍ക്കണം.
2016 ജൂണ്‍ മാസത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ്‌ ഒരു നെടുങ്കന്‍ പ്രഖ്യാപനം നടത്തിയത്‌. മൂന്നരക്കോടിയിലധികം രൂപ ചെലവുവരുന്ന ഒരു ക്യാന്‍സര്‍ പരിശോധനാ വാഹനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നെന്നായിരുന്നു അത്‌. കൈയടി നേ ടാന്‍ മാത്രമേ ഈ പ്രഖ്യാപനം ഉപകരിക്കുകയുള്ളൂവെന്നും ഈ ആശയം പ്രായോഗികമല്ലെന്നും തലേദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ഞാനും ദിലീപും അഭിപ്രായപ്പെട്ടിരുന്നു.എന്റെ വാക്കുകള്‍ക്കു വിലകല്‍പിക്കാതെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുംകൂടി തീരുമാനമെടുത്ത്‌ പിറ്റേദിവസം പ്രഖ്യാപനം നടത്തി. ഒരു വര്‍ഷം പിന്നിടുമ്പോഴും അത്‌ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഭവനരഹിതരായവര്‍ക്ക്‌ 50 വീട്‌ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു. എവിടെയായി ആ പ്രഖ്യാപനവും തീരുമാനവും. വീട്ടില്‍നിന്നും ചുട്ടുകൊണ്ടുവന്ന അപ്പം പോലെ തീരുമാനങ്ങള്‍ ചുട്ടെടുത്തു കൊണ്ടുവന്നു വിളമ്പുകയാണു പതിവ്‌. എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കൊന്നും അവിടെ യാതൊരു പ്രസക്‌തിയുമില്ല. വളരെ തിരക്കുള്ള ജനറല്‍ സെക്രട്ടറിക്ക്‌ അതൊന്നും കേള്‍ക്കാനുള്ള സമയവുമില്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സംഘടനയ്‌ക്ക്‌ ലഭിക്കേണ്ട അംഗീകാരവും ആദരവും ചിലരുടെ തന്‍കാര്യ പ്രീതിക്കുവേണ്ടി ഇഷ്‌ടക്കാരായ ചില സ്‌ഥാപനങ്ങള്‍ക്കു പണയപ്പെടുത്തിക്കൊടുക്കുന്നത്‌ ലജ്‌ജാകരമാണ്‌.
നമ്മുടെ അംഗവും സഹപ്രവര്‍ത്തകയുമായ നടിക്ക്‌ ഏറ്റവും ക്രൂരമായ ആക്രമണ അനുഭവം ഉണ്ടായപ്പോള്‍ ഗൗരവപൂര്‍വം വിഷയത്തില്‍ ഇടപെടാനോ ശക്‌തമായ പ്രതിഷേധസ്വരം ഉയര്‍ത്താനോ അമ്മ തയാറായില്ല. തിരശീലയ്‌ക്ക്‌ പിന്നില്‍നിന്നു മുന്നോട്ടുവരാന്‍ അമ്മയുടെ നേതൃത്വം മടിച്ചപ്പോള്‍ പിച്ചിച്ചീന്തപ്പെട്ടത്‌ ഒരു സഹോദരിയുടെ ആത്മാഭിമാനവും സുരക്ഷിതത്വവുമാണ്‌. ആ സമയത്താണ്‌ ജോയി മാത്യു അടക്കമുള്ള ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്‌തമായി പ്രതികരിച്ചത്‌. നടീനടന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിക്കേണ്ട ഈ സംഘടനയില്‍നിന്നും നീതി ലഭിക്കില്ലെന്ന അനുഭവവും വിശ്വാസവുമാണ്‌ സ്‌ത്രീകളുടെ കൂട്ടായ്‌മ ഈ മേഖലയില്‍ ഉണ്ടാകാന്‍ ഇടയാക്കിയത്‌ എന്ന സത്യവും അമ്മയുടെ നേതൃത്വം മറക്കരുത്‌.
ഈ സംഭവത്തിന്റെ മറ്റൊരുവശം എന്ന നിലയില്‍ അമ്മയിലെ അംഗമായ ദിലീപിനെ ക്രൂശിക്കാനും അപവാദ പ്രചരണങ്ങള്‍ കൊണ്ട്‌ തകര്‍ക്കാനും ആസൂത്രിതമായ നീക്കമുണ്ടായി. സാമൂഹിക മാധ്യമങ്ങളും ചില ചാനലുകളും പ്രതമാധ്യമങ്ങളുമൊക്കെ ചേര്‍ന്നു ദിലീപിനെ വേട്ടയാടിയപ്പോള്‍ നിസംഗത സ്വീകരിച്ച ഈ സംഘടന നടീനടന്മാര്‍ക്കു നാണക്കേടായി.
അമ്മയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ ദിലീപിനെതിരായ തെറ്റായ നീക്കങ്ങളോട്‌ ശക്‌തമായി പ്രതികരിക്കണമെന്ന്‌ ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു.ജനറല്‍ സെക്രട്ടറി മമ്മുട്ടിയുടെ വീട്ടില്‍വച്ചു രഹസ്യയോഗം പോലെ ഒരു ഒത്തുചേരലും ഒരു തിരക്കഥാകൃത്തിനെക്കൊണ്ട്‌ എഴുതി തയാറാക്കിയ ഒരു നെടുങ്കന്‍ പ്രസ്‌താവന പുറത്തിറക്കലും കൊണ്ട്‌ ആ ജോലി തീര്‍ത്തു എന്ന്‌ അഭിമാനിക്കുന്നത്‌ ആര്‍ക്കും ഭൂഷണമല്ല.
ഈ സംഘടനയിലെ ഒരംഗം ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉരിയാടാന്‍ കരുത്തില്ലെങ്കില്‍, ഒരംഗം നിരപരാധിയായിട്ടും പരസ്യമായി അധിഷേപിക്കപ്പെടുമ്പോള്‍ സത്യത്തിനൊപ്പംനിന്ന്‌ ശബ്‌ദമുയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, എന്തിനാണ്‌ പ്രസിഡന്റ്‌, ഈ സംഘടന?
ഈ കപട "മാതൃത്വം" പിരിച്ചുവിട്ടിട്ട്‌ അവരവരുടെ കാര്യം അവരവര്‍ തന്നെ നോക്കി ജീവിച്ചോളാന്‍ മക്കളോട്‌ പറയുന്നതല്ലേ മാന്യത? ചില സഹോദര സംഘടനകള്‍ക്ക്‌ പടപൊരുതാനുള്ള ആയുധമായി ഈ സംഘടനയെ അധഃപതിപ്പിച്ചതിന്റെ ഫലമായിട്ടാണ്‌ അങ്ങക്കും ഇടവേള ബാബുവിനും കോംപ്‌റ്റീഷന്‍ കമ്മിഷനില്‍നിന്നും പണമടയ്‌ക്കാനുള്ള വിധിവന്നത്‌.
ഫെഫ്‌ക എന്ന ഒരു സഹോദര സംഘടനയ്‌ക്കായി മഹാനടനായ തിലകനെയും ക്യാപ്‌റ്റന്‍ രാജുവിനെയും പൃഥ്വിരാജിനെയുമെല്ലാം ശാസിക്കാനും അനുസരിപ്പിക്കാനും അകറ്റി നിര്‍ത്താനുമൊക്കെ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരില്‍ അങ്ങയും ഇടവേള ബാബുവും കോംപ്‌റ്റീഷന്‍ കമ്മിഷനില്‍നിന്നു ശിക്ഷ ഏറ്റുവാങ്ങാന്‍ ഇടയായത്‌, മറ്റു സംഘടനകള്‍ക്ക്‌ ഏറ്റുമുട്ടാനുള്ള ഒരായുധമായി അമ്മയെ അധഃപതിപ്പിച്ചതിന്റെ ഫലമാണെന്നു പറഞ്ഞാല്‍ നിഷേധിക്കുവാനാകുമോ?
അമ്മയുടെ ധനശേഖരണാര്‍ഥം നമ്മള്‍ സ്‌േറ്റജ്‌ ഷോ നടത്തിയിരുന്ന കാലത്ത്‌ ചാനലുകള്‍ക്കെല്ലാം അവ ടെലികാസ്‌റ്റ്‌ ചെയ്യാന്‍ വലിയ താല്‍പര്യമായിരുന്നു. ഇന്ന്‌ "അമ്മ" നടീനടന്മാരെ അണിനിരത്തി ഒരു ഷോ ചെയ്യുന്നെന്ന്‌ അറിയിച്ചാല്‍ ഒരു ചാനലിനും വലിയ താല്‍പര്യമില്ല. ഇതിനുകാരണം അമ്മയിലെ ചില പ്രധാനപ്പെട്ട വ്യക്‌തികള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ചില ചാനലുകളുമായി ചേര്‍ന്ന്‌ അവര്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ നൈറ്റുകളിലും പരിപാടികളിലും യഥേഷ്‌ടം നടീനടന്മാരെ പങ്കെടുപ്പിക്കുന്നതുകൊണ്ടാണ്‌.
അംഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അമ്മയുടെ നേതൃത്വം ഒരു തികഞ്ഞ പരാജയമാണെന്നു തെളിയിക്കുന്നതാണ്‌ അമ്മയുടെ സ്‌റ്റേജ്‌ ഷോകള്‍ക്ക്‌ ഇന്നുണ്ടായിരിക്കുന്ന വിലയിടിവ്‌.
ഇടവേള ബാബുവിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുന്ന നിലയിലാണു കാര്യങ്ങള്‍ പോകുന്നത്‌. ഇത്തരത്തില്‍ ഏകപക്ഷീയമായി തോന്നുംപടി ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ ഒരു മൂകസാക്ഷിയായി എക്‌സസിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഇരിക്കുന്നത്‌ നാണക്കേടാണ്‌. കഴിഞ്ഞ സമ്മേളന കാലയളവുമുതല്‍ ഈ സമ്മേളനം വരെയുള്ള കാലത്തിനിടയില്‍, കൈനീട്ടം നല്‍കിയതല്ലാതെ എന്ത്‌ നല്ല കാര്യം ചെയ്‌തതായി പറയാന്‍ കഴിയും ഈ സമിതിക്ക്‌?
ഇന്നത്തെ നിലവാരത്തില്‍ മുന്നോട്ടുപോകുന്നതിനെക്കാള്‍ ഭേദം ഇത്‌ പിരിച്ചുവിടുന്നതാണ്‌. എന്നിട്ട്‌ മുഴുവന്‍ സ്വത്തുക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുകയോ, റീജീയണല്‍ ക്യാന്‍സര്‍ സെന്ററിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്‌ഥിരം നിക്ഷേപമായി ആര്‍.സി.സിക്ക്‌ നല്‍കുകയോ ചെയ്‌താല്‍ ദൈവമെങ്കിലും നമ്മളോട്‌ പൊറുക്കുമെന്നു മാത്രമാണ്‌ പ്രിയപ്പെട്ട പ്രസിഡന്റിനോട്‌ എനിക്ക്‌ പറയുവാനുള്ളത്‌.
നമ്മുടെ വേദിയില്‍ തന്നെ ഈ വിഷയങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തോടെയാണ്‌ ഞാന്‍ ഈ കത്ത്‌ നല്‍കുന്നത്‌. പൊതുവേദികളിലേക്ക്‌ ഈ വിഷയങ്ങള്‍ വലിച്ചിഴക്കപ്പെടാതെ പരിഹാര നടപടികള്‍ ഉണ്ടാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. നന്മ മാത്രം നേര്‍ന്നുകൊണ്ട്‌.

സ്‌നേഹാദരപൂര്‍വം
ഗണേശ്‌ കുമാര്‍.

'കത്ത്‌ പുറത്തുവിട്ടത്‌ നെറികെട്ടവര്‍; പരാതികള്‍ പരിഹരിച്ചു'

തന്റെ കത്ത്‌ പുറത്തുവിട്ടത്‌ സംഘടനയില്‍ തന്നെയുള്ള നെറികെട്ട അംഗങ്ങളാണെന്ന്‌ ഗണേശ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കത്തില്‍ ഉന്നയിച്ച പരാതികള്‍ക്ക്‌ തൃപ്‌തികരമായ മറുപടി ഇന്നസെന്റില്‍നിന്നു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ അമ്മ നേതൃത്വം ഉദ്യോഗസ്‌ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല.
ആക്രമത്തിനിരയായ നടിക്ക്‌ നീതി കിട്ടിയില്ലെന്ന വാദം ശരിയല്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കാര്യങ്ങളൊന്നുമല്ല അമ്മയുടെ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്‌തതെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Monday 03 Jul 2017 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW